22 June 2024, Saturday

ധ്രുവ് റാഠിയുടേത് ഒറ്റയാൾ പോരാട്ടമല്ല

ടി ടി ജിസ് മോന്‍ 
(എഐവൈഎഫ് സംസ്ഥാന സെക്രട്ടറി) 
May 27, 2024 4:56 am

1933 ഒക്ടോബർ നാലിനായിരുന്നു സ്വേച്ഛാധിപത്യ സ്വഭാവമുള്ള ഭരണകൂടത്തെ പൗരാവകാശങ്ങൾക്ക് മീതെ പ്രതിഷ്ഠിക്കാനുള്ള പദ്ധതിയെന്ന നിലയിൽ ജർമ്മനിയിൽ പത്രാധിപർമാരെ നിയന്ത്രിക്കുന്നതിനായുള്ള നിയമം ഹിറ്റ്ലർ രൂപപ്പെടുത്തിയെടുത്തത്. പ്രസ്തുത നിയമത്തെ തുടർന്ന് ഭരണകൂടത്തിനെയോ ഭരണാധികാരിയെയോ വിമർശിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായ വാർത്തകൾ മാധ്യമങ്ങളിൽ നിന്ന് പൂർണമായും ഒഴിവാക്കപ്പെട്ടു. 1925ൽ എഴുതിയ തന്റെ ആത്മകഥയായ ‘Mein Kampf’ ൽ ഒന്നാം ലോക മഹായുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തിനുകാരണം ബ്രിട്ടീഷ് പ്രചരണങ്ങളാണെന്നാരോപിച്ച് തന്റെ അജണ്ടയിലുള്ള രാഷ്ട്രനിർമ്മിതിക്ക് ഉതകുന്ന വിധത്തിലുള്ള പ്രചരണത്തെ അവതരിപ്പിച്ചുകൊണ്ടുള്ള മൂന്ന് അധ്യായങ്ങൾ വായിക്കാൻ കഴിയുന്നുണ്ട്. ‘ഉദ്ദേശിക്കുന്ന തരത്തിലുള്ള ജനാഭിപ്രായ രൂപീകരണത്തിന് വേണ്ടി ഉപയോഗിക്കേണ്ട പ്രചരണങ്ങളുടെ വിശ്വാസ്യത പ്രശ്നമാക്കേണ്ടതില്ലെന്നും വിജയിയോട് അയാൾ പറഞ്ഞത് സത്യമാണോ എന്ന് ആരും ചോദിക്കുകയില്ലെ‘ന്നും തന്റെ പട്ടാള മേധാവികളോട് 1939 ഓഗസ്റ്റ് 22ന് ഹിറ്റ്ലർ പറഞ്ഞതായി ബ്രിട്ടീഷ് എഴുത്തുകാരനായ ബ്രാഡ്ലി ലൈറ്റ് ബോഡി തന്റെ ’ ദി സെക്കന്റ് വേള്‍ഡ് വാര്‍: അംബീഷന്‍സ് ടു നെമെസിസ്’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചതായി കാണാം. അപ്രകാരം അതിവൈകാരികതയിൽ പടുത്തുയർത്തപ്പെട്ട ഏകാധിപത്യ ഭരണകൂടം വിമർശനാത്മക മനോഭാവം വച്ചുപുലർത്തിയ വിദേശ മാധ്യമങ്ങളെ മുഴുവനും ഒരു വർഷത്തിനകം പൂർണമായി നിരോധിച്ചതിലൂടെ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കൃത്യമായി അടയാളപ്പെടുത്തുകയും പ്രകൃതിപരമായ സ്വഭാവത്തിലൂടെ അധികാരത്തെ നിലനിർത്താനുള്ള നിതാന്ത ജാഗ്രത സ്വീകരിച്ചു പോരുകയും ചെയ്തു. തൽഫലമായി വിദേശ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരായ ജൂത മാധ്യമപ്രവർത്തകരെ നിരന്തരം വേട്ടയാടുകയും കീസ്റ്റോൺ, വൈഡ് വേൾഡ് ഫോട്ടോസ് തുടങ്ങിയ ബ്രിട്ടീഷ്–അമേരിക്കൻ ഏജൻസികളുടെ ഓഫിസുകൾ പൂട്ടിക്കുകയും ഭരണപക്ഷ അനുകൂല വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ വിദേശ മാധ്യമങ്ങൾക്ക് പ്രവർത്തനാനുമതി നൽകുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. വിയോജിക്കുന്നവരെ മുഴുവൻ നിർമ്മൂലനം ചെയ്യുകയെന്ന മുസോളിനിയുടെ കായിക വിഭാഗമായ ‘ബ്ലാക്ക് ഷർട്ടേഴ്സ്’ രീതി തന്നെയായിരുന്നു ഹിറ്റ്ലറുടെ നാസി പാർട്ടിക്കും ഉണ്ടായിരുന്നത്. 

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാർ ഗവണ്‍മെന്റ് ഭരണ കാലയളവിൽ ഹിറ്റ്‌ലേറിയൻ മാതൃകയെ മുൻനിർത്തിയുള്ള വാർത്ത തിരസ്കരണങ്ങൾക്കും വ്യാജ വാർത്ത നിർമ്മിതികൾക്കും പരസ്യമായി നേതൃത്വം കൊടുത്തുകൊണ്ട് മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ ശ്രമിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ബിജെപി 2014ൽ അധികാരത്തിൽ വരുമ്പോൾ ലോകത്തെ 180 രാജ്യങ്ങളുടെ പട്ടികയിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നുവെങ്കിൽ മോഡി ഭരണത്തിനുകീഴിൽ 2023ൽ 161-ാം സ്ഥാനത്തേക്കെത്തി. സമ്മർദത്തിൽ ജീവിക്കുന്ന മാധ്യമ പ്രവർത്തകർ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്’ (സിപിജെ) മുമ്പ് റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പ്രലോഭനങ്ങളിലൂടെയും അന്വേഷണ എജൻസികളെ ദുരുപയോഗം ചെയ്തുള്ള നിയമ നടപടികളിലൂടെയും സംഘ്പരിവാര്‍ അജണ്ടകൾക്കനുസൃതമായി രൂപാന്തരപ്പെടുത്താനും വിമർശനാത്മകമായതൊന്നും വെളിപ്പെടുത്താതെ ഭരണകൂടസമ്മർദങ്ങൾക്ക് വിധേയപ്പെടാനും സമരസപ്പെടാനുമുള്ള അടിമത്ത മനോഭാവം സൃഷ്ടിക്കുന്നതിനുമുള്ള ആസൂത്രിത നീക്കങ്ങൾ തകൃതിയായി നടപ്പാക്കുകയും ചെയ്യുന്നു. 

ദേശീയ മാധ്യമങ്ങളടക്കം ഫാസിസ്റ്റ് നയങ്ങളോട് നിലനില്പിന്റെ ഭാഗമായി അനുരഞ്ജനപ്പെട്ടു പോകാൻ സജ്ജരായിരിക്കുന്ന വർത്തമാന പശ്ചാത്തലത്തിൽ ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള നിർഭയ പോരാട്ടത്തിലൂടെ വ്യത്യസ്തനാവുകയാണ് ധ്രുവ് റാഠിയെന്ന 29കാരനായ യുവാവ്. ഹരിയാനയിലെ ജാട്ട് കുടുംബത്തിൽ ജനിച്ചുവളർന്ന ധ്രുവ് റാഠി പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജർമ്മനിയിൽ ഉന്നത വിദ്യാഭ്യാസം നേടുകയും 2014ൽ ട്രാവൽ വ്ലോഗറായി തുടക്കംകുറിച്ച് അനന്തരം ഇന്ത്യയിലെ സമകാലിക രാഷ്ട്രീയം ചർച്ച ചെയ്യുന്ന തരത്തിലേക്ക് തന്റെ ചാനലിനെ മാറ്റുകയുമായിരുന്നു. പത്ത് വർഷംകൊണ്ട് 18.7 ദശലക്ഷം കാഴ്ചക്കാരെ ധ്രുവ് സമ്പാദിച്ചു എന്നാണ് കണക്ക്. ഒരൊറ്റ ദിവസത്തിനുള്ളിൽ 11 ദശലക്ഷം പേര്‍ വരെ വീഡിയോ കാണുന്നു. ഫാസിസത്തിനും കോർപറേറ്റ്‌വല്‍ക്കരണത്തിന്നുമെതിരായ കേവല പ്രസ്താവനകളും പ്രസംഗങ്ങളുമല്ല ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധ ‌നിര രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ബ്രാഹ്മണാധിഷ്ഠിത പുരുഷാധിപത്യ ഹിന്ദു മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയിൽ നിർവചിക്കപ്പെട്ട ദേശീയതയെ മുഖമുദ്രയാക്കി പ്രയോഗവല്‍ക്കരിക്കാൻ ശ്രമിക്കുന്ന ബഹുമുഖ ആക്രമണോത്സുകതയ്ക്കെതിരെ നിശ്ചയദാർഢ്യത്തോടെയുള്ള ചെറുത്തുനില്പിന് തന്റെ രാഷ്ട്രീയ വീഡിയോകളിലൂടെ ഉറക്കെ ആഹ്വാനം ചെയ്യുകയാണ് ഈ പോരാളി.
വിദ്വേഷ പ്രചരണം ലക്ഷ്യമാക്കുന്ന ‘കേരള സ്റ്റോറി’യിലൂടെ സംഘ്പരിവാറും തല്പര കക്ഷികളും പ്രചരിപ്പിച്ച വ്യാജ പ്രചരണങ്ങൾ പൊളിച്ചടുക്കിയാണ് ധ്രുവ് റാഠിയെന്ന യൂട്യൂബർ മലയാളികൾക്ക് ഉൾപ്പെടെ കൂടുതൽ പരിചിതനാകുന്നത്. രണ്ടുകോടിയിലധികം പേരാണ് ഇതിനോടകം ആ വീഡിയോ കണ്ടത്. ഈ സിനിമ കേരളത്തെ അപമാനിക്കുവാനും അതിന്റെ സാംസ്കാരിക പൈതൃകത്തെ അപകീർത്തിപ്പെടുത്തുവാനുമുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളുടെ ഭാഗവും മതേതര സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പെന്ന പതിവ് സംഘ്പരിവാർ അജണ്ടയാണെന്നും അദ്ദേഹം സംശയരഹിതമാം വിധം പ്രഖ്യാപിക്കുന്നുണ്ട്. പ്രണയവും വിവാഹവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗവും പ്രസ്തുത സംവിധാനങ്ങളെ നിർവചിക്കുവാനും പ്രയോഗവല്‍ക്കരിക്കുവാനുമുള്ള സ്വാതന്ത്ര്യം അതാത് വ്യക്തികളിൽ നിക്ഷിപ്തവുമാണെന്നിരിക്കെ ഭരണഘടന വിഭാവന ചെയ്യുന്ന വ്യക്തി സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും കാണാതെ ബഹുസ്വര സമൂഹത്തിൽ സർവ സാധാരണമായ മിശ്രവിവാഹത്തെ അവമതിക്കുകയും അതൊരു മതത്തെ ഏകപക്ഷീയമായി ലക്ഷ്യം വച്ചുകൊണ്ടുള്ള ചിലരുടെ ഹിഡൻ അജണ്ടയാണെന്നൊക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നതിലെ ആശയ പാപ്പരത്തത്തെ കൃത്യമായി വീഡിയോയിൽ തുറന്നുകാട്ടുന്നുണ്ട്. 

‘എ ഡിക്റ്റേറ്റർ മെന്റാലിറ്റി’ എന്ന ധ്രുവ് റാഠിയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയ്ക്ക് പത്ത് മണിക്കൂറിൽ 40 ലക്ഷം കാഴ്ചക്കാരാണുണ്ടായത്. പ്രധാനമന്ത്രിയുടെ ഫാസിസ്റ്റ് സമീപനങ്ങളും രാഷ്ട്രീയ കൗശലങ്ങളും വിമർശന വിധേയമാക്കിയുള്ള പ്രസ്തുത വീഡിയോ മനഃശാസ്ത്രജ്ഞനായ ആശിഷ് നന്ദിയും മോഡിയും തമ്മിൽ 1996ൽ നടത്തിയ സംസാരത്തിന്റെ പശ്ചാത്തലത്തിലാണ് ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ അവസരവാദവും രാഷ്ട്രീയ നിലപാടുകളിലെ സ്ഥിരതയില്ലായ്മയും മോഡി ഭരണത്തെ സംബന്ധിച്ച വിമർശനാത്മക വീക്ഷണത്തോടെയുള്ള വസ്തുതാ പരിശോധനയും വീഡിയോയിൽ ദർശിക്കാം. ഇലക്ടറൽ ബോണ്ട്, ഇന്ത്യയിലെ ഔഷധ വ്യവസായവും സർക്കാരും തമ്മിലുള്ള ബന്ധം, കർഷക സമരം, രാമക്ഷേത്രം, മണിപ്പൂർ കലാപം, ഇസ്രയേൽ പലസ്തീൻ പ്രശ്നത്തിലെ കേന്ദ്രനിലപാട്, അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലും ധ്രുവ് പ്രകടിപ്പിച്ചത് മുതലാളിത്തവും സാമ്രാജ്യത്വവും സമന്വയിപ്പിച്ച ഫാസിസ്റ്റ് ഭരണത്തിനെതിരെയുള്ള സുസ്ഥിരമായ രാഷ്ട്രീയ പ്രചരണം തന്നെയായിരുന്നു. കോർപറേറ്റ് – രാഷ്ട്രീയ അവിശുദ്ധ ചങ്ങാത്തം സൃഷ്ടിച്ച ഘടനയിൽ മാധ്യമങ്ങളെ വിലയ്ക്കെടുത്ത് ഭരണകൂടം തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ വാർത്തകൾ എന്നത് കേവലം ഉല്പന്നങ്ങളായി ചുരുങ്ങുന്ന കാഴ്ചയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്. രാജ്യത്തിന്റെ ഭരണഘടന അടിത്തറയുള്ള ജനാധിപത്യ സംവിധാനത്തെ തന്നെ തകർക്കുന്ന ഫാസിസ്റ്റ് വാഴ്ചക്കെതിരിലുള്ള പോരാട്ടത്തിൽ രാഷ്ട്രീയ-വിഭാഗീയ-വാണിജ്യ താല്പര്യങ്ങൾക്ക് വശംവദരായി ദേശീയ മാധ്യമങ്ങളടക്കം കുറ്റകരമായ നിസംഗത പുലർത്തുന്ന വേളയിലാണ് ധ്രുവ് റാഠിയെ നാം വിലയിരുത്തേണ്ടത്. ഹിന്ദുത്വത്തെ അടിസ്ഥാനമാക്കിയുള്ള സങ്കീർണ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കാനുള്ള ഭരണകൂട നീക്കങ്ങൾയ്ക്കെതിരെയുള്ള നിരന്തര സമരം തന്നെയാണ് ധ്രുവ് റാഠിയുടേത്. ഈ സമരം അദ്ദേഹത്തിന്റെത് മാത്രമല്ല, മതേതര ജനാധിപത്യ ഇന്ത്യയുടേത് കൂടിയാണ്! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.