ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷ പിന്തുണയ്ക്കുള്ള മുന്നുപാധികളിലൊന്നായിരുന്നു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയെന്നത്. ഇതോടൊപ്പം മുന്നോട്ടുവച്ച മറ്റൊന്നായിരുന്നു വിവരാവകാശനിയമം. അവ രണ്ടും നടപ്പിലാക്കപ്പെട്ടതിന്റെ പ്രതിഫലനം പിന്നീടുള്ള ഇന്ത്യയിൽ ദൃശ്യമായതുമാണ്. 2005ൽ മഹാത്മാഗാന്ധിയുടെ പേരിൽ ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഒരുപരിധിവരെ കാരണമായി. പാവപ്പെട്ടവരുടെ ദാരിദ്ര്യനിവാരണത്തിനും സാമ്പത്തിക ഉന്നമനത്തിനും വഴിയൊരുക്കുകയും ചെയ്തു. ഗ്രാമങ്ങളിലെ ഏറ്റവും പ്രധാന തൊഴിൽ സൃഷ്ടി നടന്നിരുന്ന കാർഷിക മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള ഉപാധിയായും തൊഴിലുറപ്പ് പദ്ധതി മാറി. ഭരണതലത്തിൽ സുതാര്യത സൃഷ്ടിക്കുന്നതിനും കുറച്ചൊക്കെ അഴിമതി ഇല്ലാതാക്കുന്നതിനും ഇടയാക്കിയതായിരുന്നു വിവരാവകാശ നിയമം. 2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇവ രണ്ടും വലിയ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുകയാണ്. തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്തുന്നതിന് തുടക്കം മുതൽ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പ്രതിവർഷം നൂറു തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ഇത്രയും തൊഴിൽ ലഭിക്കുന്നവരുടെ എണ്ണം വർഷം തോറും പിറകോട്ട് പോകുന്നതായാണ് കണക്ക്. പ്രധാനമായും 2018 മുതലാണ് ഈ പ്രവണത കാണാനായത്.
നടപ്പുവർഷം നാലുമാസത്തോളം മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കേ 15 കോടി സജീവാംഗങ്ങളുള്ള പദ്ധതിയിൽ ഇതുവരെ നൂറു ദിനം തൊഴിൽ ലഭിച്ചവരുടെ എണ്ണം 77,000 മാത്രമാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് ദേശീയ തലത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 59.2 ലക്ഷം പേർക്കാണ് നൂറുദിന തൊഴിൽ ലഭ്യമായത്. 2020–21ൽ ഇത് 71.9 ലക്ഷമായിരുന്നുവെങ്കിൽ 2019–20ൽ 40.5 ലക്ഷവും 2018–19ൽ 52.6 ലക്ഷവുമായിരുന്നു നൂറുദിന തൊഴിൽ ലഭിച്ചവരുടെ എണ്ണം. നടപ്പു സാമ്പത്തിക വർഷം കൂലിയായി നല്കുന്നതിനുള്ള തുകയിൽ ഇതിനകം തന്നെ 5,879 കോടി രൂപ കുടിശികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻവർഷത്തെ കുടിശിക സർക്കാർ കണക്കനുസരിച്ച് 8,794 കോടി രൂപയായിരുന്നുവെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ-പ്രത്യേകിച്ച് ബിജെപി ഇതര-കണക്കനുസരിച്ച് ഇത് പതിനായിരക്കണക്കിന് കോടിയാണ്. 7,000 കോടിയിലധികം രൂപ കുടിശികയുണ്ടെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്. ബിഹാറിലെ കുടിശിക ആയിരത്തോളം കോടി രൂപയുണ്ടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനമന്ത്രി പറഞ്ഞതായും വാർത്ത വന്നിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഗുജറാത്തിലെ പ്രധാന പ്രചാരണവിഷയം മറ്റ് പലതിനുമൊപ്പം തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുന്നുവെന്നതു കൂടിയാണ്. ഇവിടെ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് 110 കോടി രൂപ വേതനം കുടിശികയാണ്. വേതന കുടിശിക ഭീമമാകുന്നുവെന്നതിനാൽ തൊഴിൽ കാർഡുള്ളവർക്ക് മതിയായ തൊഴിലവസരങ്ങൾ നല്കുന്നതിന് പദ്ധതി നടത്തിപ്പുകാരായ ഗ്രാമ പഞ്ചായത്തുകൾക്ക് സാധിക്കാത്തതാണ് തൊഴിൽദിനങ്ങളിൽ കുറവു വരുന്നതിന് പ്രധാനകാരണം.
നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയതു മുതൽ തൊഴിലുറപ്പ് പദ്ധതിക്കെതിരായ പ്രചരണവും ആരംഭിച്ചിരുന്നു. ദാരിദ്ര്യ നിർമ്മാർജനത്തിനായുള്ള പദ്ധതി ഫലപ്രദമല്ലെന്ന് സാമ്പത്തിക വിദഗ്ധരെക്കൊണ്ട് പറയിപ്പിക്കുകയും വിഹിതങ്ങൾ തടഞ്ഞുവയ്ക്കുകയും പല കാരണങ്ങൾ പറഞ്ഞ് ബിജെപി ഇതര സംസ്ഥാനങ്ങൾ ചെലവഴിച്ച തുക തിരിച്ചു പിടിക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. അധികാരത്തിലെത്തിയ ആദ്യവർഷം തന്നെ കോൺഗ്രസ് സർക്കാരിന്റെ പരാജയത്തിന്റെ കാരണങ്ങളിൽ ഒന്നാണ് തൊഴിലുറപ്പ് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസ്താവിക്കുകയുണ്ടായി. ഇത്രയും കാലം രാജ്യം ഭരിച്ച കോൺഗ്രസ് ദരിദ്രർക്ക് നല്കിയത് കുറച്ചു ദിവസം കുഴികുത്തുന്ന പണി മാത്രമാണെന്ന് മോഡി ലോക്‌സഭയിൽ പോലും പരിഹസിക്കുകയും ചെയ്തു. എന്നാൽ കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനു പകരം കുഴികുത്തൽ ജോലി പോലും തകർക്കുന്ന സമീപനങ്ങളാണ് മോഡി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഓരോ വർഷവും പദ്ധതിവിഹിതം ബജറ്റിൽ തന്നെ കുറയ്ക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്. നടപ്പുവർഷം 73,000 കോടി രൂപയായി തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ കുറവു വരുത്തി. 2020–21ൽ 1,11,169 കോടിയും കഴിഞ്ഞ വർഷം 98,000 കോടിയുമായിരുന്ന സ്ഥാനത്താണ് ഇത്രയും കുറച്ചത്. ബജറ്റ് പ്രഖ്യാപനം വരുന്ന ഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങൾക്കായി മുൻകാല തൊഴിലിനുള്ള വേതനം നല്കുന്നതിന് 18,380 കോടി രൂപ കുടിശിക നിലനില്ക്കുന്നുണ്ടായിരുന്നു എന്നാണ് പാർലമെന്റിൽ നല്കിയ മറുപടി.
ദരിദ്രർക്ക് വരുമാനമെത്തിക്കുന്നതിനെന്ന പേരിലുള്ള പദ്ധതി തീരെ കാര്യക്ഷമമല്ലാത്ത ഉപകരണമാണെന്ന് സാമ്പത്തിക പ്രമുഖരായ അരവിന്ദ് പനഗാരിയ, ജഗദീഷ് ഭഗവതി തുടങ്ങിയവരും അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ കോവിഡ് കാലത്ത് ഗ്രാമീണ മേഖലയിൽ സാമ്പത്തിക ദുരിതം പരിഹരിക്കുന്നതിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി സുപ്രധാനമായ പങ്കുവഹിച്ചുവെന്ന വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പരിസ്ഥിതി രംഗത്ത് കൂടുതൽ ശ്രദ്ധ പുലർത്തുന്ന ഡൗൺ ടു എർത്ത് എന്ന മാധ്യമ സ്ഥാപനം പദ്ധതി നടപ്പിലായതിന്റെ 15-ാം വർഷത്തിൽ (2021ൽ) രാജ്യവ്യാപകമായി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യത്യസ്തമായ മറ്റൊരു ചിത്രം കൂടി അവതരിപ്പിക്കുന്നുണ്ട്. അത് അടിസ്ഥാന സൗകര്യ മേഖലയിലുണ്ടാക്കിയ പുരോഗതിയെ കുറിച്ചാണ്. 14 മാധ്യമ പ്രവർത്തകർ 15 സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ 2006 മുതലുള്ള തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ജലസംരക്ഷണവുമായി ബന്ധപ്പെട്ട മൂന്നുകോടി സംവിധാനങ്ങൾ ഒരുക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. ഇതിലൂടെ ഏകദേശം 28,741 ദശലക്ഷം ക്യുബിക് മീറ്റർ ജലം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും 18.9 ദശലക്ഷം ഹെക്ടർ പ്രദേശത്ത് ജലസേചനം നടത്താനായെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ജലസംഭരണികളും ജലസേചന പദ്ധതികളും അടിസ്ഥാനമാക്കി കൃഷിയിറക്കുന്ന 64.7 ദശലക്ഷം ഹെക്ടർ സ്ഥലത്തിന് പുറമേയാണിത്.
ബിജെപി ഭരിക്കുന്ന ഹരിയാനയിൽ ചില ഗ്രാമ പഞ്ചായത്തുകൾ പദ്ധതി വിജയിപ്പിച്ചതിന്റെ റിപ്പോർട്ടുകളും ഇതിനോടൊപ്പമുണ്ട്. ക്ഷീര വികസന മേഖലയിലെ നിർമ്മാണമുൾപ്പെടെ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തിയപ്പോൾ ഹരിയാനയിലെ ഒരു ബ്ലോക്കിൽ മാത്രം 200 കാലിത്തൊഴുത്തുകളാണ് പണിതത്. ഇത്തരം നടപടികളിലൂടെ കൂടുതൽ പേർ ക്ഷീര മേഖലയിലേയ്ക്ക് തിരിയുകയും പാലുല്പാദനം കൂട്ടുന്നതിന് സാധിക്കുകയും ചെയ്തു. പണം പാഴാക്കിയെന്ന പ്രചരണത്തിനുള്ള മറുപടിയായി ഇത്തരം പഠനങ്ങൾ കൂടി വായിക്കാവുന്നതാണ്. ഗ്രാമീണ ഇന്ത്യയിലെ കുറേ പേർക്ക് പാഴ്‍ത്തൊഴിലുകൾ നല്കുക മാത്രമല്ല ആസ്തി വർധനയ്ക്കുള്ള ഉപാധികൂടിയായി തൊഴിലുറപ്പു പദ്ധതി മാറിയെന്ന എത്രയോ വിജയഗാഥകൾ പല ഭാഗത്തുനിന്നും എത്തുന്നുണ്ട്. എന്നിട്ടും പദ്ധതി തളർത്തുന്നതിനുള്ള നീക്കങ്ങളാണ് ബിജെപി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. വിഹിതം വെട്ടിക്കുറച്ചും നല്കിയ തുക പാകപ്പിഴകൾ ആരോപിച്ച് തിരികെ ആവശ്യപ്പെട്ടും പദ്ധതിയെ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുന്നതിന്റെ അടുത്തഘട്ടമായാണ് പുനഃസംഘടിപ്പിക്കുന്നതിന് എന്ന പേരിൽ പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. പദ്ധതി ഫലപ്രദമല്ലെന്ന് അഭിപ്രായം പറയുന്നവരെ തന്നെ പുനഃസംഘടനാ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് നിയോഗിക്കുന്നതിലൂടെ എന്താണ് മോഡി സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തമാണ്.
നിലവിലുള്ള നടപടിക്രമങ്ങളും ഫണ്ട് വിനിയോഗവും വിലയിരുത്തി പുനഃക്രമീകരിക്കുന്നതിനുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് മുൻ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉപദേഷ്ടാവുമായ അമർജീത് സിൻഹ അധ്യക്ഷനായ സമിതിയിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ ഉൾപ്പെടെയുള്ളവരാണ് അംഗങ്ങള്‍. തൊഴിലുറപ്പ് പദ്ധതി ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് വിലയിരുത്തുന്ന സാമ്പത്തിക വിദഗ്ധന്മാരെ തന്നെ പുനവലോകനത്തിന് നിയോഗിച്ചിരിക്കുകയാണ്. ഭരണപരവും ഘടനാപരവുമായ പുനഃസംഘടന, ദാരിദ്ര്യനിർമ്മാർജനത്തിനുള്ള പദ്ധതിയെന്ന നിലയിൽ പരിഷ്കരണം, വിവിധ സംസ്ഥാനങ്ങളിലെ ചെലവ് പ്രവണത വിലയിരുത്തി നിലവിലുള്ള രീതിയുടെ മാറ്റം, ചെലവ് വ്യതിയാനത്തിന്റെ കാരണം തുടങ്ങിയവ പരിശോധിക്കുന്നതിനാണ് ഒക്ടോബർ 31 ന് പുറപ്പെടുവിച്ച കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഉത്തരവ് സമിതിയോട് നിർദ്ദേശിച്ചിരിക്കുന്നത്.
ദരിദ്രരുടെ എണ്ണക്കൂടുതലുള്ള ബിഹാർ, മധ്യപ്രദേശ്, ഒഡിഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പദ്ധതിച്ചെലവ് മെച്ചപ്പെട്ട ആളോഹരി വരുമാനമുളള തമിഴ്‌നാട്, കേരളം, രാജസ്ഥാൻ തുടങ്ങിയവയെക്കാൾ പിറകിലായത് പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതി ഫലപ്രദമായി നടത്തുന്നു എന്നതിനാലാണ് ചില സംസ്ഥാനങ്ങൾ ഫണ്ട് വിനിയോഗത്തിൽ മുന്നിൽ നില്ക്കുന്നത്. ജനസംഖ്യ കൂടുതലും കുറവുമുള്ള സംസ്ഥാനങ്ങൾ തമ്മിലുള്ള അന്തരം പദ്ധതിയുടെ പ്രശ്നമല്ല. അതാത് സംസ്ഥാനങ്ങളുടെ കാര്യപ്രാപ്തിയുടേതാണ്. കേരളം പോലുള്ള സംസ്ഥാനങ്ങൾ പദ്ധതിയുടെ ഗുണവശങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് സന്നദ്ധമാകുന്നു. എന്നാൽ ഗ്രാമീണ ദരിദ്രർ കൂടുതലുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പലതും തൊഴിലവസര സൃഷ്ടിയിലോ നീക്കിവയ്ക്കുന്ന തുക ഉപയോഗിക്കുന്നതിലോ താല്പര്യം കാട്ടുന്നില്ലെന്നതാണ് പ്രശ്നം. അത് പരിഹരിക്കുന്നതിനു പകരം തൊഴിലുറപ്പ് പദ്ധതിപോലുള്ളവയിൽ ആളോഹരി വരുമാനവും മറ്റും മാനദണ്ഡമാക്കിയതുകൊണ്ട് ആ സംസ്ഥാനങ്ങളിലെ ദാരിദ്ര്യലഘൂകരണം എളുപ്പമാകില്ല. ചരിത്രത്തിന്റെ ഒരു കോണിലും സ്ഥാനമില്ലാതെ പോയ ഏതെങ്കിലും ഹിന്ദുസഭാ നേതാവിന്റെ പേരിൽ പുതിയ പദ്ധതി ആവിഷ്കരിക്കുകയും നീക്കിവയ്ക്കുന്ന പദ്ധതി വിഹിതത്തിന്റെ ഭീമമായ ഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനുള്ള ഗൂഢാലോചന തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിലും ഏതോ അന്തഃപുരങ്ങളിൽ നടന്നു കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി 15.51 കോടി പേർ സജീവ അംഗങ്ങളായുള്ള ശ്രദ്ധേയമായ ഒരു പദ്ധതിയുടെ ചിറകരിയുന്നതിനാണ് പുതിയ സമിതി രൂപീകരണവും വിഹിതം വെട്ടിക്കുറച്ചതുൾപ്പെടെ ഇതുവരെ നടത്തിയ കുത്സിതനീക്കങ്ങളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.