28 December 2024, Saturday
KSFE Galaxy Chits Banner 2

യോഗ്യനായ ഡയറക്ടറെ കിട്ടാത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഡോ. ഗ്യാൻ പഥക് ‍
May 9, 2023 4:30 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റി(ഇഡി)നെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് അതിന്റെ അഭൂതപൂർവമായ തലത്തിലെത്തിയിരിക്കുകയാണ്. സഞ്ജയ് കുമാർ മിശ്ര എന്ന ഡയറക്ടറുടെ മേധാവിത്വത്തിനു കീഴിലാണ് ഇഡിയുടെ ഇപ്പോഴത്തെ പ്രതിപക്ഷവേട്ട നടക്കുന്നതെന്നതിനാൽ അദ്ദേഹത്തിന്റെ സേവനം ദീർഘിപ്പിച്ചു നല്കുന്നത് സ്വാഭാവികമാണെങ്കിലും അധികാര ദുർവിനിയോഗവും പക്ഷപാതിത്വവുമാണെന്നതിനാൽ അതിനെതിരെ ശക്തമായ എതിർപ്പാണ് ഉയർന്നത്. എങ്കിലും സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിനല്‍കുക എന്നത് ഒരു പ്രഹേളിക പോലെ കേന്ദ്രസർക്കാർ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ഉന്നയിച്ച അയാൾ മാത്രമാണോ യോഗ്യനായുള്ളത് എന്ന ചോദ്യത്തിന്റെ പ്രസക്തിയേറുന്നത്. 1984 ബാച്ചിൽ ഇന്ത്യൻ റവന്യു സർവീസ് ഓഫർ ഓഫിസറായി സേവനമാരംഭിച്ച സഞ്ജയ് കുമാർ മിശ്രയെ 2018 നവംബർ 19നാണ് ഇഡി ഡയറക്ടറായി കേന്ദ്രസർക്കാർ രണ്ടുവർഷ കാലാവധിയിൽ നിയമിക്കുന്നത്. അതനുസരിച്ച് 2020 നവംബർ വരെയായിരുന്നു കാലാവധി. അദ്ദേഹത്തിന്റെ നിയമനം മുതൽ തന്നെ കേന്ദ്രസർക്കാർ രാഷ്ട്രീയ വിവാദങ്ങളിൽ കുടുങ്ങിയിരുന്നു. നിയമന ഉത്തരവിന്റെ അടിസ്ഥാനത്തിലും നിയമപരമായും വിരമിക്കൽ പ്രായം 60 വയസിൽ എത്തുമ്പോൾ അതായത് 2020 നവംബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കണം. എന്നാൽ ആദ്യം അത് മറികടക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ നിയമന ഉത്തരവിനു മുൻകാല പ്രാബല്യം നൽകിക്കൊണ്ട് രണ്ടുവർഷം എന്നത് മൂന്നുവർഷമായി കാലാവധി ഉയർത്തുകയാണ് ചെയ്തത്.

 


ഇതുകൂടി വായിക്കു; ഭവനമെന്ന സ്വപ്ന സാക്ഷാത്ക്കാരം


അങ്ങനെ അനധികൃതമായെന്ന് പറയാവുന്ന വിധത്തിൽ 2020 നവംബറിൽ വിരമിക്കേണ്ടിയിരുന്ന ഇഡി ഡയറക്ടറുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകി, വിരമിക്കൽ കാലാവധി 2021 നവംബറിലേക്ക് മാറ്റി. ഇതേ തുടർന്ന് കോമൺ കോസ് എന്ന സംഘടന ഇഡി ഡയറക്ടറുടെ നിയമന കാലാവധി നീട്ടുന്നതിനെയും പുനർനിയമനം നൽകുന്നതിനെയും ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് അപൂർവവും അസാധാരണവുമായ കേസുകളിൽ ചുരുങ്ങിയ കാലയളവിലേക്ക് മാത്രമേ കാലാവധി നീട്ടി നൽകാവൂ എന്നും ഇനി ഒരിക്കൽ കൂടി നീട്ടൽ പാടില്ലെന്നും നിർദേശിച്ചു. പ്രസ്തുത ഉത്തരവ് മോഡി സർക്കാരിന് ഇഷ്ടപ്പെട്ടില്ല. ഭരണ സ്ഥാപനങ്ങളെ ദീർഘകാലം സേവിക്കുകയും അതേസമയം കൂടുതൽ ആശ്രിതനുമായ എസ് കെ മിശ്രയെക്കാൾ മികച്ച മറ്റൊരാളെ കണ്ടെത്തുക പ്രയാസമാണ് എന്നതിനാലും കാലപരിധി നീട്ടിനൽകുക എന്നത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായതുകൊണ്ടും എളുപ്പവഴി എന്ന നിലയിൽ കേന്ദ്രസർക്കാർ കണ്ടെത്തിയത് ഓർഡിനൻസിലൂടെ മറികടക്കുക എന്നുള്ളതായിരുന്നു. അങ്ങനെയാണ് 2021 നവംബറിൽ മിശ്ര വിരമിക്കേണ്ടതിനു തൊട്ടുമുമ്പ് രണ്ട് ഓർഡിനൻസുകൾ ഉണ്ടായത്. 1946ലെ ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടും 2003ലെ കേന്ദ്ര വിജിലൻസ് കമ്മിഷൻ ആക്ടും ഭേദഗതി ചെയ്തുകൊണ്ടായിരുന്നു ഓർഡിനൻസ് പുറപ്പെടുവിച്ചത്. പിന്നീട് പാർലമെന്റിൽ ബില്ലായി അവതരിപ്പിച്ച ഇവ രണ്ടും അവിടെയുള്ള ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പാസാക്കി എടുക്കുകയും ചെയ്തു. ബില്ലിലെ പുതിയ വ്യവസ്ഥകൾ പ്രകാരം സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി പ്രാരംഭ നിയമനം മുതൽ അഞ്ച് വർഷം പൂർത്തിയാകുന്നത് വരെയും അതിനുശേഷം ഒരു വർഷം കൂടി നീട്ടി നൽകാമെന്നുമാക്കി മാറ്റി. ഇതനുസരിച്ച് 2018 നവംബറിൽ ചുമതലയേറ്റ മിശ്രയുടെ നിയമന കാലാവധി 2022 നവംബറിൽ അവസാനിക്കേണ്ടതിനു പകരം ഈ വർഷം നവംബറിലേക്കുമായി മാറി.

 


ഇതുകൂടി വായിക്കു;  2030 ലെ തൊഴിലും തൊഴിൽ സംസ്കാരവും


 

ഈ ഭേദഗതികളെ ചോദ്യം ചെയ്തുകൊണ്ട് രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും അടക്കം നൽകിയ എട്ട് പൊതുതാല്പര്യ ഹർജികൾ പരമോന്നത കോടതിയുടെ മുന്നിലെത്തി. നിയമഭേദഗതികൾ കേന്ദ്രസർക്കാരിന് അനിയന്ത്രിതമായ വിവേചനാധികാരം നൽകുന്നു എന്നാണ് ഹർജിക്കാർ വാദിച്ചത്. അതുപോലെതന്നെ സിബിഐ, ഇഡി ഡയറക്ടർമാരുടെ നിയമനവും കാലാവധിയും സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യുന്നത് ഈ അന്വേഷണസംഘടനകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. മോഡി സർക്കാർ ഈ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണവും ഹർജിക്കാർ ഉന്നയിച്ചു. നിയമഭേദഗതിയെ ചോദ്യം ചെയ്യുന്നതിന് ഹർജിക്കാരെ പ്രേരിപ്പിക്കുന്നത് വ്യക്തമായ രാഷ്ട്രീയ താല്പര്യങ്ങളാണെന്നായിരുന്നു ഇതിനുള്ള മറുപടിയിൽ കേന്ദ്രസർക്കാർ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചത്. ഇപ്പോൾ ഹർജി സമർപ്പിച്ചിട്ടുള്ള ചില രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് അന്വേഷണം നടക്കുന്നത് എന്ന കാര്യവും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇഡി അതിന്റെ ചുമതലകൾ നിർഭയമായി നിർവഹിക്കുന്നില്ലെന്ന് വരുത്തിത്തീർക്കാനാണ് ഇത്തരത്തിലുള്ള ഹർജികളുമായി ചില രാഷ്ട്രീയ പാർട്ടികൾ എത്തിയിരിക്കുന്നതെന്നും കേന്ദ്രസർക്കാർ ആരോപിച്ചു. അതിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ ശ്രദ്ധേയമായ ഒരു കാര്യം അമിക്കസ്‌ക്യൂരി കെ വി വിശ്വനാഥൻ സുപ്രീം കോടതിയെ ബോധിപ്പിച്ചതാണ്. കേന്ദ്ര വിജിലൻസ് കമ്മിഷൻ നിയമത്തിലെ ഭേദഗതി അനുസരിച്ച് കാലാവധി ഓരോ വർഷം നീട്ടി നൽകി ആകെ അഞ്ച് വർഷം വരെ ആക്കി കേന്ദ്രത്തിന് അനുമതി നൽകുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു അമിക്കസ്‌ക്യൂരി സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചത്.  മേയ് മൂന്നിന് കേസ് പരിഗണിച്ച് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രധാനമായ ചോദ്യങ്ങളാണ് ഉന്നയിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഈ ജോലി ചെയ്യാൻ കഴിയുന്ന മറ്റാരുമില്ലേ, ഒരാൾ തന്നെ എന്തുകൊണ്ടാണ് ഇത്ര അനിവാര്യമായി തീരുന്നത്, നിങ്ങളുടെ അഭിപ്രായത്തിൽ ഇഡിയിൽ യോഗ്യനായ മറ്റൊരാളും ഇല്ലേ, അങ്ങനെയാണെങ്കിൽ 2023ൽ അദ്ദേഹം വിരമിക്കുന്നതിനു ശേഷം ഏജൻസിക്ക് എന്താണ് സംഭവിക്കുക തുടങ്ങിയ ചോദ്യങ്ങളാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞത്.

ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച ആഗോള നിരീക്ഷകരായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സി (എഫ്‌എടിഎഫ്) ന്റെ ഇന്ത്യയെ സംബന്ധിച്ച അവലോകനയോഗം ഈ വർഷം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇഡിയെ പോലുള്ള സംഘടനയുടെ നേതൃത്വത്തിന്റെ തുടർച്ച ഉറപ്പുവരുത്തുന്നതിനാണ് ഇതെന്നായിരുന്നു തുഷാർ മേത്തയുടെ വാദം. എഫ്എടിഎഫിന്റെ അവലോകനം നടക്കുമ്പോൾ, കേവലം ഒരു വ്യക്തി എന്ന നിലയിലല്ല, വ്യത്യസ്ത തലത്തിൽ വൈദഗ്ധ്യവും അനുഭവ പരിചയവുമുള്ള ഒരാൾ നേതൃസ്ഥാനത്ത് ഉണ്ടാകണമെന്നതുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം അറിയിച്ചു. ഇത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയോടുള്ള സ്നേഹമല്ല, മറിച്ച് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന് അതിർത്തി കടന്നുള്ള പ്രത്യാഘാതങ്ങളുണ്ട് എന്നതുകൊണ്ടാണ്. പത്തു വർഷത്തിൽ ഒരിക്കൽ ആണ് എഫ്എടിഎഫ് അവലോകനം നടക്കുന്നത്. എഫ്എടിഎഫുമായി നിരന്തരമായി ആശയവിനിമയം നടത്തുകയും ഇടപഴകുകയും ചെയ്യുന്ന വ്യക്തിയാണ് ഇത്തരം ഘട്ടങ്ങളിൽ ഇതുപോലുള്ള സ്ഥാപനങ്ങളുടെ മേധാവിയായി ഏറ്റവും അനുയോജ്യമായത്. സാർവദേശീയ ബന്ധങ്ങളുമായി ബന്ധപ്പെടുന്നതിന് ചില ഘട്ടങ്ങളിൽ തുടർച്ച ഒരു സുപ്രധാനമായ ഘടകമാണ്. എഫ്എടിഎഫിന്റെ അവലോകന യോഗത്തിൽ നമ്മുടെ രാജ്യത്തിന്റെ പ്രകടനമാണ് പ്രധാനമായിട്ടുള്ളത്. മിശ്ര ഒഴിച്ചുകൂടാനാവാത്തതോ അല്ലയോ എന്നുള്ളതല്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കാലാവധി നീട്ടിനൽകാനുള്ള തീരുമാനം കേന്ദ്രസർക്കാരിന്റേതല്ലെന്ന് മേത്ത പറഞ്ഞത് എല്ലാവരെയും അത്ഭുതപ്പെടുത്തി. സ്വന്തം പ്രവർത്തനത്തിൽ ഏറ്റവുമധികം സ്വാതന്ത്ര്യം അനുഭവിക്കുന്ന സെൻട്രൽ വിജിലൻസ് കമ്മിഷന്റെതായിരുന്നു തീരുമാനമെന്നാണ് അദ്ദേഹം പറഞ്ഞത്. ചുരുക്കത്തിൽ പറഞ്ഞാൽ ഈ പ്രത്യേക വിഷയത്തിലെങ്കിലും സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി, മോഡി സർക്കാർ ആഗ്രഹിച്ചതെല്ലാം ചെയ്യുന്നു എന്നാണ് വ്യക്തമാകുന്നത്. ജുഡീഷ്യറിയുടെ അധികാരങ്ങൾ പോലും എക്സിക്യൂട്ടീവ് കയ്യടക്കുന്നു എന്നത് ഗൗരവപരമായ ഒരു വിഷയമാണെന്ന് ഇത് സൂചിപ്പിക്കുന്നു. മാത്രമല്ല നിരവധി ചോദ്യങ്ങൾ അവശേഷിക്കുകയുമാണ്. അവയിൽ ഒരു ചോദ്യം മാത്രമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. അത് മറ്റൊന്നുമല്ല, യോഗ്യനായ മറ്റൊരു ഉദ്യോഗസ്ഥനില്ലേ എന്ന ചോദ്യമാണത്. ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം സംബന്ധിച്ച് അന്താരാഷ്ട്ര സംഘടനയുടെ സാധാരണ അവലോകന യോഗത്തെ എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ഭയപ്പെടുന്നത്, മറ്റൊരു ഉദ്യോഗസ്ഥരും പ്രതിരോധിക്കാൻ സാധിക്കാത്ത എന്തെങ്കിലും ഇഡിയുടെ മേധാവികൾ ചെയ്തിട്ടുണ്ടോ, സിവിസിയാണ് കാലാവധി നീട്ടി നൽകിയതെന്ന് പറയുന്ന കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് കേന്ദ്രസർക്കാർ ഇത്രയും ശക്തമായി ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്, തങ്ങളുടെ തീരുമാനത്തെ പ്രതിരോധിക്കുവാൻ എന്തുകൊണ്ടാണ് സിവിസി രംഗത്ത് വരാത്തത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. എന്നുമാത്രമല്ല, ഇഡിയുടെയും സിബിഐയുടെയും അന്വേഷണങ്ങൾക്കും നടപടികൾക്കും പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ടെന്ന തോന്നൽ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
(ഇന്ത്യ പ്രസ് ഏജൻസി)

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.