12 April 2024, Friday

കേരളത്തിനെതിരെ ഭക്ഷ്യ ഉപരോധം

ബിനോയ് വിശ്വം
March 3, 2024 4:49 am

പുരോഗതിയുടെയും ജനക്ഷേമത്തിന്റെയും എല്ലാ സൂചികകള്‍ പ്രകാരവും രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനം കേരളമാണ്. എന്നാൽ ഈ നേട്ടങ്ങളുടെ പേരിൽ കേരളം ഇന്ന് ശിക്ഷിക്കപ്പെടുകയാണ്. കാരണം ഒന്നേയുള്ളൂ, രാജ്യത്തിന്റെ വലിയൊരു ഭാഗത്തും ആധിപത്യം ചെലുത്തുന്ന വിഭജനരാഷ്ട്രീയത്തിന് ഈ മണ്ണിൽ കാലുകുത്താൻ ഇടം കൊടുത്തില്ല. ഈ നാടിന്റെ സഹജസ്വഭാവമായ മൈത്രിയും സാഹോദര്യവും അടിയറവച്ചില്ല. ഒരു ശത്രുരാജ്യത്തോടെന്നപോലെ സംസ്ഥാനത്തോട് കേന്ദ്രസർക്കാർ തുടർന്നുവരുന്ന പ്രതികാരനടപടികളിൽ ഒടുവിലത്തേതാണ് ഒഎംഎസ്എസ് വിലക്ക്. പൊതുവിപണിയിൽ ഭക്ഷ്യധാന്യലഭ്യത ഉറപ്പുവരുത്താനും വിലക്കയറ്റം തടയാനും വേണ്ടിയാണ് കേന്ദ്രസർക്കാരിന്റെ സംഭരണസ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സൂക്ഷിപ്പിലുള്ള അരിയും ഗോതമ്പും നിശ്ചിത വിലയ്ക്ക് ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (ഒഎംഎസ്എസ്) വഴി ലേലത്തിന് വയ്ക്കുന്നത്. ഇപ്പോൾ ഈ ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് സംസ്ഥാനസർക്കാർ സ്ഥാപനങ്ങളെ വിലക്കിയിരിക്കുന്നു. സ്വകാര്യവ്യാപാരികൾക്ക് പങ്കെടുക്കാം. സർക്കാർ ഏജൻസിക്ക് പറ്റില്ല. 2023 ജൂലെെ 28ന് എഫ്‌സിഐ കേന്ദ്രകാര്യാലയത്തിൽ നിന്നും മേഖലാ ഓഫിസുകളിലേക്ക് അയച്ച കത്തിൽ ലേലത്തിൽ പങ്കെടുക്കുന്ന സ്വകാര്യ വ്യാപാരികൾ അരി വാങ്ങി സർക്കാർ ഏജൻസികൾക്ക് മറിച്ചുനൽകില്ലെന്ന് ഉറപ്പു നൽകണമെന്നുപോലും വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്ത് ന്യായമാണിത്?

 

 


സപ്ലൈകോ എന്ന പേരിൽ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ കേരള സിവിൽ സപ്ലൈസ് കോർപറേഷൻ എൽഡിഎഫിന്റെ രാഷ്ട്രീയനയം നടപ്പിലാക്കിക്കൊണ്ട് കഴിഞ്ഞ ഏഴര വർഷമായി വിലവർധനവില്ലാതെ നൽകി വന്നിരുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങളിൽ നാലിനം അരിയും ഉൾപ്പെടുന്നു. കിലോ ഗ്രാമിന് 23, 24, 25 രൂപ വിലയ്ക്കാണ് ഇവ നൽകി വന്നത്. വർഷങ്ങൾക്കുശേഷം ഇപ്പോൾ പരിഷ്കരിച്ച നിരക്കനുസരിച്ച് 26–30 രൂപയ്ക്കാണ് സപ്ലൈകോയിൽ അരി ലഭിക്കുക. കമ്പോളവിലയ്ക്ക് വാങ്ങി, വലിയ സബ്സിഡി നൽകി ജനങ്ങളെ സഹായിക്കുന്ന ഈ സ്ഥാപനത്തിന് ലേലത്തിൽ പങ്കെടുക്കാൻ അനുവാദമില്ല. അതേസമയം നാഫെഡ്, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നീ കേന്ദ്ര സ്ഥാപനങ്ങൾക്ക് 24 രൂപ അടിസ്ഥാന വിലയിൽ നിന്നും സബ്സിഡി സഹിതം 18.59 രൂപയ്ക്ക് ഒഎംഎസ്എസ് വഴി ലഭ്യമാക്കിയ രണ്ടര ലക്ഷം ടൺ അരിയാണ് ‘ഭാരത് അരി’ എന്ന പേരിൽ തെരഞ്ഞെടുപ്പ് സ്റ്റണ്ടായി 29 രൂപയ്ക്ക് ഇറക്കിയിരിക്കുന്നത്. കേന്ദ്ര ഏജൻസികൾക്ക് നൽകുന്ന വിലയിൽ ലഭ്യമാക്കിയിരുന്നെങ്കിൽ സപ്ലൈകോയ്ക്ക് 20 രൂപയ്ക്ക് ചുവടെ വിതരണം ചെയ്യാൻ കഴിയുമായിരുന്ന അരിയാണ് റേഷൻകാർഡ് പരിഗണിക്കാതെയും ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെ ഗുണഭോക്താക്കളെ തിരിച്ചറിയാതെയും വഴിവിട്ട് വിതരണം ചെയ്യുന്നത്.

 


ഇതുകൂടി വായിക്കൂ: ബിജെപി വിലയ്ക്ക് വാങ്ങുന്ന ജനാധിപത്യം


പകുതി മലയാളികള്‍ റേഷന് പുറത്തായതെങ്ങനെ?
ഭക്ഷ്യമേഖലയിൽ കേരളം നേരിടുന്ന അവഗണനയ്ക്ക് ഒരു ചരിത്രമുണ്ട്. ബിജെപി സർക്കാർ അത് ഏറ്റവും മോശപ്പെട്ട നിലയിലെത്തിച്ചുവെന്നേയുള്ളൂ. രണ്ടാം ലോകയുദ്ധകാലത്തും അതിന് ശേഷവുമെല്ലാം ഭക്ഷ്യക്ഷാമവും വറുതിയും നടമാടിയ പ്രദേശമായിരുന്നു കേരളം. അതിന് അറുതിവരുത്താൻ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളജനത ഒറ്റക്കെട്ടായി പൊരുതി നേടിയതാണ് വരുമാനപരിധി നോക്കാതെ 1965 ഒക്ടോബര്‍ മുതൽ ഏർപ്പെടുത്തിയ സാർവത്രികമായ സ്റ്റാറ്റ്യൂട്ടറി റേഷൻ. 1956ലെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയോടെ തിരുവിതാംകൂറിന്റെ നെല്ലറയായിരുന്ന നാഞ്ചിനാട് തമിഴ്‌നാടിന്റെ ഭാഗമായി. സുഗന്ധവ്യഞ്ജനങ്ങളടക്കമുള്ള നാണ്യവിളകളുടെ കൃഷിയിലേക്ക് കൂടുതലായി തിരിഞ്ഞതിനാൽ മലയാളികൾ പൊതുവെ ഭക്ഷ്യകൃഷിയിൽ നിന്ന് അകന്നുപോയി. രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരാൻ നാണ്യവിള കൃഷിക്ക് കഴിഞ്ഞെങ്കിലും ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനമായി കേരളം മാറി.
കൃഷിഭൂമിയുടെ ദൗർലഭ്യവും ഉയർന്ന ജനസാന്ദ്രതയും വിദ്യാഭ്യാസത്തിലുണ്ടായ പുരോഗതി മൂലം ഇതരതൊഴിൽ മേഖലകളിൽ ലഭിച്ച പ്രാവീണ്യവും പരമ്പരാഗത കാർഷികവൃത്തിയിൽ നിന്ന് അകന്നുപോകാൻ ഇടയാക്കിയതും ഭക്ഷ്യധാന്യങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതി സംജാതമാക്കി. ഈ സാഹചര്യത്തിൽ പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടഞ്ഞുനിർത്താൻ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടത് ആവശ്യമായിരുന്നു. ദരിദ്രർക്കു മാത്രമല്ല ഇടത്തരക്കാർക്കും റേഷൻ നൽകിക്കൊണ്ടാണ് ഉപഭോക്തൃസംസ്ഥാനമായ കേരളം ഭക്ഷ്യക്ഷാമത്തെ തടഞ്ഞുനിർത്തിയിരുന്നത്.


ഇതുകൂടി വായിക്കൂ: പണപ്പെരുപ്പവും സാമ്പത്തിക വികസനവും: അനുഭവപാഠം


1990കളിൽ നരസിംഹറാവു സര്‍ക്കാര്‍ സബ്സിഡികളും ആനുകൂല്യങ്ങളും ഏറ്റവും ദരിദ്രർക്കും ദുർബലർക്കുമായി പരിമിതപ്പെടുത്തി. അങ്ങനെ നടപ്പിലാക്കിയ ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സംവിധാനം മുഖേന റേഷൻകാർഡുകളെ എപിഎൽ, ബിപിഎൽ എന്ന് തരംതിരിക്കുകയും തുടർന്ന് 2013ൽ രണ്ടാം യുപിഎ സർക്കാർ കൊണ്ടുവന്ന എൻഎഫ്എസ്എ നിയമം ഈ വേർതിരിവിന് നിയമപരമായ ചട്ടക്കൂട് നൽകിക്കൊണ്ട് അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), പിഎച്ച്എച്ച് (പിങ്ക് കാർഡ്) വിഭാഗക്കാർക്കായി റേഷൻ പരിമിതപ്പെടുത്തുകയും ചെയ്തു. കേരളത്തിൽ ഈ രണ്ടു വിഭാഗങ്ങളും ചേർന്നാൽ ജനസംഖ്യയുടെ 43 ശതമാനമേ വരൂ. അവശേഷിക്കുന്ന 57ശതമാനം മലയാളികൾ സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങിനു പുറത്തായി. കൂടാതെ കേരളത്തിന് അനുവദിക്കപ്പെട്ടിരുന്ന ഭക്ഷ്യധാന്യ വിഹിതത്തിൽ രണ്ട് ലക്ഷം മെട്രിക് ടൺ കുറവുവരുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലും കേരളസർക്കാർ ജനങ്ങളെ കൈവിടാതെ എൻഎഫ്എസ്എ നിയമം മൂലം റേഷൻ പരിധിക്ക് പുറത്തായ മുൻഗണനേതര വിഭാഗത്തെ എൻപിഎസ് (നീല കാർഡ്), എൻപിഎൻഎസ് (വെള്ള കാർഡ്) എന്നിങ്ങനെ തരംതിരിച്ച്, ലഭ്യമായ പരിമിതമായ ടൈഡ് ഓവർ വിഹിതത്തിൽ നിന്നും റേഷൻ നൽകിവരുന്നു.
കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതമായ 14.25 ലക്ഷം മെട്രിക് ടണ്ണിൽ 10.26 ലക്ഷം മെട്രിക് ടണ്ണും 43 ശതമാനം വരുന്ന മുൻഗണനാവിഭാഗത്തിന് മാത്രമായി അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. ബാക്കി വരുന്ന 3.99 ലക്ഷം മെട്രിക് ടൺ അരിയാണ് 8.30 രൂപ സംസ്ഥാന സർക്കാർ വിലകെട്ടി എഫ്‌സിഐയിൽ നിന്നെടുത്ത് നീല കാർഡുകാർക്ക് നാല് രൂപയ്ക്കും വെള്ള കാർഡുകാർക്ക് 10.90 രൂപയ്ക്കും റേഷൻകടകളിലൂടെ നൽകുന്നത്. കേരളത്തിലെ പൊതുവിപണിയിൽ അരിവില പിടിച്ചുനിർത്താൻ ഒരു പരിധിവരെ ഇത് സഹായകരമായിട്ടുണ്ട്. എന്നാൽ മറ്റെല്ലാ മേഖലകളിലും എന്നതുപോലെ സംസ്ഥാനത്തോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിലും കൈക്കൊണ്ടുവരുന്നത്. ഭക്ഷ്യധാന്യവിഹിതം വർധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം കേട്ടതായിപ്പോലും നടിച്ചിട്ടില്ല. ഉത്സവകാലങ്ങളിൽ വിലക്കയറ്റസാധ്യത പരിഗണിച്ചുകൊണ്ടോ പ്രകൃതിദുരന്തങ്ങളോ മഹാമാരിയോ ബാധിക്കുന്ന അവസരത്തിൽ പോലുമോ സംസ്ഥാനത്തിനുള്ള വാർഷിക അലോട്ട്മെന്റ് പരിധി കവിയാതെ തന്നെ പ്രതിമാസ വിഹിതം വർധിപ്പിച്ച് ക്രമീകരിക്കുന്നതിനുപോലും കേന്ദ്രത്തിന്റെ നിരോധനമുണ്ട്. ഓണം, വിഷു, ക്രിസ്‌മസ്, പെരുന്നാൾ മാസങ്ങളിൽ പ്രതിമാസ അലോട്ട്മെന്റിൽ അല്പം വർധിപ്പിച്ചു നൽകിയാൽ പോലും അതിന് പിഴയിടുന്നു. സംസ്ഥാനത്തെ നെൽക്കർഷകർക്ക് ലഭിക്കേണ്ട താങ്ങുവിലയിൽ കുടിശികയായ 1266.14 കോടി രൂപയിൽ 748.46 കോടിയും പൊതുവിതരണത്തിലെ അന്യായ നിബന്ധനകളുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ തട‍ഞ്ഞുവച്ചിട്ടുള്ളതാണ്.
റേഷൻ കേന്ദ്രത്തിന്റെ സൗജന്യമോ?
ഭക്ഷ്യഭദ്രതാനിയമം നിർവചിച്ചിട്ടുള്ള മുൻഗണനാവിഭാഗങ്ങൾക്ക് മാത്രമാണ് പിഎംജികെവൈ പ്രകാരം സൗജന്യ നിരക്കിൽ അരി നൽകുന്നത്. 2023 ജനുവരിക്കുമുമ്പ് കിലോഗ്രാമിന് മൂന്ന് രൂപ നിരക്കിൽ വില നൽകിയാണ് സംസ്ഥാനം അരി വാങ്ങിയിരുന്നത്. റേഷൻ വിതരണത്തിനാവശ്യമായ മറ്റനേകം ചെലവുകളിൽ തുച്ഛമായ ഒരു ഭാഗമേ കേന്ദ്രം വഹിക്കുന്നുള്ളൂ. മുൻഗണനാ വിഭാഗങ്ങളുടെ റേഷൻ വിതരണത്തിനാവശ്യമായ ചെലവിൽ സിംഹഭാഗവും, മുൻഗണനേതര വിഭാഗങ്ങളുടെ കാര്യത്തിൽ ഭക്ഷ്യധാന്യവില ഉൾപ്പെടെ പൂർണമായും സംസ്ഥാന സർക്കാരാണ് വഹിച്ചുപോരുന്നത്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പ്രതിവർഷം ചെലവഴിക്കുന്ന 912 കോടി രൂപയിൽ 86 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതം.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.