22 November 2024, Friday
KSFE Galaxy Chits Banner 2

ജിഡിപി വളര്‍ച്ചാനിരക്കു വര്‍ധന ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി

പ്രൊഫ. കെ അരവിന്ദാക്ഷൻ
September 22, 2022 5:30 am

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഓരോ മൂന്നുമാസക്കാലവും ഇടവിട്ട് അതിന്റെ പ്രവര്‍ത്തനം എത്രമാത്രം ഫലപ്രാപ്തിയിലെത്തിയെന്ന് കണക്കുകളിലൂടെ വെളിവാക്കപ്പെടുന്ന ഒരു ചടങ്ങ് ഔദ്യോഗികമായി നടന്നുവരാറുണ്ട്. പരിശോധനാവിധേയമാക്കപ്പെടുന്ന കാലയളവില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദന(ജിഡിപി)ത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നതാണെന്നതായിരിക്കും കണക്കുകള്‍ നിരത്തി റിപ്പോര്‍ട്ടില്‍ക്കൂടി പുറത്തുവരുക. ഈ കണക്കുകള്‍ മുഴുവന്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടുപോകണമെന്നില്ല. അങ്ങനെയെങ്കില്‍ ഇന്ത്യയെപ്പോലുള്ളൊരു വികസ്വര രാജ്യം, ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ അതിവേഗ വളര്‍ച്ച നേടുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്ന മോഡി സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദം പൊള്ളയാണെന്ന് വ്യക്തം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ‘മന്‍ കി ബാത്ത്’ എന്ന റേഡിയോ, ടി വി പരിപാടി അര്‍ത്ഥശൂന്യമായ അഭ്യാസമാവുമാകും. കേന്ദ്ര സര്‍ക്കാരിന് അനുകൂലമാണ് വിദേശമാധ്യമങ്ങളുടെ പ്രതികരണമെങ്കില്‍ അതിനെ പ്രശംസിക്കും, പ്രോത്സാഹിപ്പിക്കും. വിമര്‍ശനാത്മകമാണെങ്കില്‍ മാധ്യമങ്ങളെ തള്ളിപ്പറയുക മാത്രമല്ല, രാജ്യദ്രോഹക്കുറ്റം വരെ ചുമത്തി അവയെ നിശബ്ദമാക്കുകയും ചെയ്യും. മലയാളം ചാനലായ ‘മീഡിയവണ്‍’ ഏതാനും ആഴ്ചകള്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായതും ഇംഗ്ലീഷ് ചാനലായ എന്‍ഡിടിവി‌ക്ക് സമാനമായൊരു ദുര്‍ഗതിയുണ്ടായതും ഉദാഹരണമാണ്. സിദ്ദിഖ് കാപ്പനു‍ സംഭവിച്ചതും അതുതന്നെ.
സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ത്ഥ വളര്‍ച്ചയെ സംബന്ധിക്കുന്ന സത്യസന്ധമായൊരു ചിത്രം കിട്ടാന്‍ ഓരോ ഇന്ത്യന്‍ പൗരനും അവകാശമുണ്ട്. ഒരു ശരാശരി ഇന്ത്യന്‍ പൗരനെ സംബന്ധിച്ചിടത്തോളം സമ്പദ്‌വ്യവസ്ഥയുടെ ഗതിവിഗതികള്‍ ശ്രദ്ധേയമാവുക ആ വ്യക്തിക്കും കുടുംബത്തിനും എത്ര വരുമാനം കിട്ടും എന്നതിനെ ആശ്രയിച്ചായിരിക്കും. ഇതിലേക്കായി‍ നിരവധി വര്‍ഷങ്ങളായി ആവര്‍ത്തിച്ച് ഉന്നയിച്ചു വരുന്നൊരു ഡിമാന്‍ഡ് ഒരു തൊഴിലവസരമാണ്. കഴിയുന്നത്ര ഉയര്‍ന്ന വരുമാനം കിട്ടാന്‍ സാധ്യതയുള്ളൊരു ജോലി. വരുമാനത്തോടൊപ്പം തൊഴിലിന് സമൂഹത്തില്‍ മോശമല്ലാത്ത മാന്യതയും തൊഴില്‍ സുരക്ഷിതത്വവും തൊഴില്‍ ചെയ്യുന്നതിന് ഇണങ്ങുന്ന പരിസ്ഥിതി സൗകര്യങ്ങളും പശ്ചാത്തലവും ഉണ്ടായിരിക്കുകയും വേണം. ജിഡിപി നിരക്കുവര്‍ധന ഇതിനൊന്നും ഇടമില്ലാത്തവിധമാണ് നടക്കുകയെങ്കില്‍ ഒരു സാധാരണ ഇന്ത്യക്കാരന് അതില്‍ താല്പര്യമുണ്ടായിരിക്കുകയുമില്ല.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 1980–1990 കാലയളവിലെ സ്ഥിതിവിശേഷം കണക്കിലെടുത്ത് പൊതുമേഖലയിലെയും സംഘടിത സ്വകാര്യ മേഖലയിലെയും തൊഴില്‍ സംബന്ധമായ കണക്കുകള്‍ ഉള്‍ക്കൊള്ളുന്നൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ജിഡിപി വളര്‍ച്ചാനിരക്ക് ഒരു ശതമാനമാണെങ്കില്‍, ഔപചാരിക മേഖലയില്‍ രണ്ട് ലക്ഷം നിരക്കില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്നാണ് പ്രധാന ഉള്ളടക്കം. ഇതിന്റെ അര്‍ത്ഥം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച പ്രതിവര്‍ഷം 14 ശതമാനമാണെങ്കില്‍ മൊത്തം 28 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ്. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് സ്ഥിതി ഇതായിരുന്നില്ല. 1990–2000 കാലയളവില്‍ പുതിയ തൊഴിലവസരങ്ങള്‍ നേര്‍പകുതി, ഒരു ലക്ഷം കോടിയായി കുത്തനെ കുറഞ്ഞു. തൊട്ടടുത്ത ദശകത്തില്‍ (2000–2010 കാലയളവ്)‍ ഇത് വീണ്ടും കുറഞ്ഞ് 52,000 പുതിയ തൊഴിലവസരങ്ങളായി. തുടര്‍ന്നിങ്ങോട്ടുള്ള സ്ഥിതിയെപ്പറ്റി വ്യക്തതയില്ല. അത്ര ‘സുഖകരവും സൗകര്യപ്രദവും’ അല്ലാത്ത ഒന്നായിതോന്നിയതിനാലായിരിക്കണം, ജിഡിപിയും തൊഴില്‍സംബന്ധിയുമായ വിവരശേഖരണവും റിപ്പോര്‍ട്ട് പ്രസിദ്ധീകരണവും ആര്‍ബിഐ നിര്‍ത്തിവച്ചത്. 2011–12നുശേഷം ഇതുസംബന്ധിച്ച യാതൊരു വിവരങ്ങളും ആര്‍ബിഐ പുറത്തുവിട്ടില്ല. അതുകൊണ്ടുതന്നെ 2010–2020 കാലയളവിലെ കണക്കുകള്‍ വെറും ‘പ്രോക്സി’ കണക്കുകള്‍ മാത്രമാണെന്നേ കരുതാനാവു.

 


ഇതുകൂടി വായിക്കു; അരിവിലക്കയറ്റം തടയുവാന്‍ കേന്ദ്ര നടപടി വേണം | Janayugom Editorial


ഊഹോപോഹങ്ങള്‍ വഴി കിട്ടുന്നതനുസരിച്ച് നോക്കിയാല്‍ 2010നുശേഷം ഇതുവരെ തൊഴിലവസരങ്ങളില്‍ തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിക്കാണുന്നത്. ജിഡിപി നിരക്കില്‍ വര്‍ധനവ് ഏതെങ്കിലുമൊരു വര്‍ഷം ഉണ്ടായിട്ടുണ്ടെങ്കില്‍ത്തന്നെയും തൊഴിലവസര സൃഷ്ടി 1980കള്‍ക്കു ശേഷം നടന്നതായി അനുഭവപ്പെട്ടിട്ടുമില്ല. ജിഡിപി വളര്‍ച്ചാനിരക്കും ഔപചാരിക മേഖലയിലെ തൊഴിലവസര സൃഷ്ടിയും തമ്മില്‍ നേരത്തെ നിലവിലിരുന്ന ബന്ധം ക്രമേണ ഗണ്യമായി ഇടിയുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് ഇതില്‍ നിന്നും ഉരുത്തിരിയുന്ന വസ്തുത. കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ലഭ്യമല്ലാത്ത വികസനം എന്തിനുവേണ്ടിയാണെന്ന പ്രശ്നവും പ്രസക്തമാണ്. നാല് ദശകങ്ങള്‍ക്കു മുമ്പ് ഒരു ശരാശരി ഇന്ത്യന്‍ പൗരനുണ്ടായിരുന്ന നേട്ടത്തിന്റെ ചെറിയൊരു അംശംപോലും അവനിപ്പോള്‍ സാമ്പത്തിക വികസനം വഴി ലഭ്യമല്ല. ഭരണവര്‍ഗത്തെ സംബന്ധിച്ചിടത്തോളം അതു വലിയൊരു നേട്ടമായിരിക്കാം. ജിഡിപി വളര്‍ച്ചാനിരക്ക് അതിവേഗം രണ്ടക്കത്തിലെത്തുമെന്നും അത് തങ്ങളുടെ ഭരണനേട്ടമാണെന്നും ഉയര്‍ത്തിക്കാട്ടി വീണ്ടും അധികാരത്തിലെത്താനും അവര്‍ക്കത് സഹായകവുമാകാം. ഈ മാറ്റം ഫലത്തില്‍ ഗുണഫലം ചെയ്യുന്നത് ന്യൂനപക്ഷം വരുന്ന അതിസമ്പന്നവര്‍ഗത്തിനാണ്.

ഇന്ത്യയെ പോലൊരു ജനാധിപത്യ വ്യവസ്ഥയില്‍ നയരൂപീകരണ വിദഗ്ധന്മാരുടെ തീരുമാനങ്ങള്‍ എല്ലായ്പോഴും സുതാര്യവും സത്യസന്ധ്യവുമാവണമെന്നില്ല. ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളായിരിക്കും. ഏതെങ്കിലും ഒരവസരത്തില്‍ ജിഡിപി അശാസ്ത്രീയവും അവിശ്വസനീയവുമായൊരു അളവുകോല്‍ ആണെന്ന ധാരണ ഒരു സാധാരണക്കാരന്റെ മനസില്‍ കടന്നുകൂടാന്‍ ഇടയായാല്‍, അതിലൂടെ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെയൊ, രാഷ്ട്രീയ സഖ്യത്തിന്റെയൊ, അത് നയിക്കുന്ന ഭരണകൂടത്തിന്റെയൊ നയപരിപാടികള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും വന്‍ തിരിച്ചടിയായിരിക്കും ഏല്ക്കേണ്ടിവരിക. ശ്രീലങ്കയുടെ ഉദാഹരണം തന്നെ നോക്കുക. ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് നിഷ്പക്ഷമായ പഠനം നടത്തിയിട്ടുള്ളവര്‍ ഇത്തരമൊരു തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് സാമ്പത്തിക മിസ്‌മാനേജ്മെന്റും ക്രോണിക്യാപ്പിറ്റലിസവും ആണെന്ന നിഗമനത്തിലാണുള്ളത്. ഒരു ശരാശരി ശ്രീലങ്കന്‍ പൗരന്റെ കാഴ്ചപ്പാടില്‍ ജിഡിപിയും മെച്ചപ്പെട്ട സാമ്പത്തിക സൗകര്യങ്ങളും തമ്മില്‍ യാതൊരുവിധ പൊരുത്തപ്പെടലുമില്ലെന്നു തന്നെയാണ്. ഒരു സാധാരണ ഇന്ത്യന്‍ പൗരനിലും സമാനചിന്താഗതി തന്നെയായിരിക്കും ഇപ്പോള്‍ ഉളവാക്കിയിട്ടുണ്ടാവുക. ഇവിടെ പ്രത്യയശാസ്ത്ര പരിഗണനയേക്കാള്‍, താല്ക്കാലിക ജീവിതാനുഭവങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രസക്തി.
സമീപകാല അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതിയും പതിവിലേറെ ഗുരുതരാവസ്ഥയിലാണ്. ചൈനയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതെല്ലാം ശരിവയ്ക്കുമ്പോള്‍ തന്നെ ഉരുത്തിരിയുന്നൊരു വസ്തുത നിരവധി ധനശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധന്മാരും പ്രത്യയശാസ്ത്ര വ്യാഖ്യാതാക്കളും ജിഡിപിയെ അത്ര എളുപ്പത്തില്‍ ഉപേക്ഷിക്കാന്‍ സന്നദ്ധവുമല്ല. അതേ അവസരത്തില്‍ ഈ വിഷയം സങ്കീര്‍ണവും അപരിഹാര്യവുമായൊരു പ്രശ്നമായി അനുഭവപ്പെടുന്നത് ഭരണ നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. വിശിഷ്യാ മുഖ്യധാരാ ദേശീയ പാര്‍ട്ടി നേതാക്കള്‍ക്ക്. കാരണം, ഭരണനിര്‍വഹണത്തില്‍ നിസാരമായ വീഴ്ചകള്‍പോലും കണ്ടുപിടിക്കപ്പെടുമെന്ന നിലയിലാണ് മാധ്യമങ്ങളുടെ കഴുകന്‍ കണ്ണുകള്‍ ഇക്കാലത്ത് വ്യാപകമായിരിക്കുന്നത്.


ഇതുകൂടി വായിക്കു;  തൊഴില്‍ മേഖലയില്‍ പടരുന്ന ദുരിതം | Janayugom Editorial


 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അദ്ദേഹം നയിക്കുന്ന ബിജെപി-എന്‍ഡിഎ സഖ്യ സര്‍ക്കാരിനെയും സംബന്ധിച്ചാണെങ്കില്‍ 2014 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കൈവരിക്കാനായ വികസന കുതിപ്പ് ബ്രിട്ടനെ പുറന്തള്ളി ഇന്ത്യയെ അഞ്ചാം സ്ഥാനത്തെത്തിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ഇന്ത്യന്‍ ജനത തയാറായില്ല. വീണ്ടും ഒരവസരത്തില്‍ വോട്ടിനായി ജനങ്ങളെ സമീപിക്കുമ്പോഴായിരിക്കും സമ്മതിദായകരെന്ന നിലയില്‍ അവരുടെ പ്രതികരണമുണ്ടാവുക. ഭരണവര്‍ഗത്തെ ആശങ്കപ്പെടുത്തുന്നതും ഈ സാധ്യതയാണ്. ലോക ബാങ്കും നാണയനിധിയും മറ്റും ജിഡിപി വളര്‍ച്ചനിരക്കുകളില്‍ മുന്നണിയിലെത്തുന്ന രാജ്യങ്ങള്‍ക്ക് മത്സരാടിസ്ഥാനത്തില്‍ തയാറാക്കി ഹാജരാക്കപ്പെടുന്ന കണക്കുകളും വിവരങ്ങളും പരിശോധനാവിധേയമാക്കിയതിനു ശേഷം അതിന്റെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തുവരുക പതിവാണ്. ഭരണാധികാരികള്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ വെറും മിഥ്യയാണെന്ന തിരിച്ചറിവുണ്ടാവുക അതിന്റെയെല്ലാം യഥാര്‍ത്ഥ ഗുണഭോക്താക്കളാകേണ്ടിയിരുന്ന സാധാരണ ജനങ്ങളുടെ കടുത്ത നിരാശയും വെളിവാക്കപ്പെടുക എന്നതും നാം തിരിച്ചറിയണം. ഈ നിരാശയും ഇഛാഭംഗവും അവര്‍ക്ക് പ്രകടമാക്കാനുള്ള അവസരങ്ങള്‍ ഒരുക്കപ്പെടുക അവര്‍ വോട്ടവകാശം രേഖപ്പെടുത്തുന്ന അവസരങ്ങളിലായിരിക്കുകയും ചെയ്യും.

ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ട ചുമതലകള്‍ പ്രധാനമാണ്. ഓരോ വര്‍ഷവും ഔദ്യോഗിക വൃത്തങ്ങള്‍ അപ്രിയ സത്യങ്ങള്‍ പരമാവധി മറച്ചുവച്ച് ജിഡിപി സംബന്ധമായ സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിടുന്നത് കാത്തിരുന്നു അവയെ വിമര്‍ശിക്കുന്നതിനു പകരം ഈ വിഷയത്തില്‍ പരമാവധി സത്യസന്ധവും സുതാര്യവുമായ വിവരങ്ങളും കണക്കുകളും ശേഖരിക്കുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന് അഭിവാദ്യമായ ബദല്‍ മാര്‍ഗമോ മാര്‍ഗങ്ങളോ കണ്ടെത്തി അവയ്ക്ക് പ്രചരണം നല്‍കുകയും വേണം. ഒരു സാധാരണ ഇന്ത്യക്കാരന് സമ്പദ് വ്യവസ്ഥയുടെ യഥാര്‍ത്ഥ സ്വഭാവമെന്തെന്ന് തിരിച്ചറിയാനും അതിനനുസരിച്ച് അവന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താനും അവസരമൊരുക്കണം. വികസനത്തിന്റെ പുകമറ സൃഷ്ടിക്കുന്ന ഇന്നത്തെ സംവിധാനം അവസാനിപ്പിക്കാതെ സാധ്യമല്ലതന്നെ. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനുതന്നെ ഇതില്‍ തുടക്കം കുറിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.