ചിരപുരാതന കാലം മുതൽ ഭാരതത്തിൽ ശില്പകലയും ചിത്രകലയും പ്രചാരത്തിലുണ്ടായിരുന്നു. നവീന ശിലായുഗത്തിലെ മനുഷ്യർ വരച്ച എടയ്ക്കൽ ഗുഹാ ചിത്രങ്ങൾ ഇന്നും തെളിവായവശേഷിക്കുന്നുണ്ട്. ശിലകൾക്കൊണ്ട് ആയുധമുണ്ടാക്കിയ ശിലായുഗ മനുഷ്യർക്ക് സർഗാത്മകതയും പ്രപഞ്ച വീക്ഷണവുമുണ്ടായപ്പോൾ അവർ മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങൾ കൊത്തിയുണ്ടാക്കാനും വരച്ചുവയ്ക്കാനും തുടങ്ങി. അതിനിടയിലാണ് പ്രകൃതി ശക്തികളെയും സങ്കല്പ ദൈവങ്ങളെയും ആരാധിക്കാൻ തുടങ്ങിയത്. ആകാശങ്ങളിലിരിക്കുന്ന അരൂപിയായ ദൈവത്തിന് പകരം കണ്ണുകൊണ്ട് കാണാൻ കഴിയുന്നതും കൈകൊണ്ട് തൊടാൻ കഴിയുന്നതുമായ പ്രതീകാത്മക ബിംബങ്ങളും ചിത്രങ്ങളും കല്ലിൽകൊത്തിയും ചായങ്ങളാൽ വരച്ചും ആരാധിക്കാൻ തുടങ്ങി.
“അഗ്ന്യർ ദേവോ ദ്വിജാദീ നാം
മുനീനാം ഹൃദി ദൈവതം
പ്രതിമാപ്രബോധീനം
സർവത്രസമദർശിനാം” എന്ന ശ്ലോകത്തിൽ തന്നെ അപ്രബോധികളായ സാധാരണക്കാർക്ക് പ്രതിമയിലാണ് ദൈവം എന്ന് സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് ദൈവ വിശ്വാസത്തിന്റെ പ്രചാരം വർധിപ്പിക്കുന്നതിന് വിഗ്രഹ ശില്പങ്ങൾ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഹിന്ദുമതം മാത്രമല്ല ബുദ്ധ ജൈനമത വിഭാഗങ്ങളും ഹീനയാനക്കാരും മഹായാനക്കാരും ദിഗംബരന്മാരും വിഗ്രഹങ്ങളുടെ പ്രയോക്താക്കളും പ്രചാരകരുമായി. അജന്ത, എല്ലോറ ഗുഹകളിലും മഹാബലിപുരത്തും നിർമ്മിച്ച ശില്പങ്ങളും വരച്ച ചിത്രങ്ങളും ഭാരതത്തിന്റെ ലോകപ്രശസ്തമായ ഈടുവയ്പുകളായി മാറി. സപ്താത്ഭുതങ്ങളിലൊന്നായി മാറിയ നമ്മുടെ അഭിമാനമായ താജ്മഹൽ പോലും വെണ്ണക്കല്ലിൽ തീർത്ത ഒരു സുന്ദര ശില്പമാണല്ലോ. ശില്പങ്ങളും വിഗ്രഹങ്ങളും പ്രതീകാത്മകമായി നിർമ്മിക്കുന്നതും ആരാധിക്കുന്നതും ഭാരത പൈതൃകത്തിന്റെ ഭാഗമായി ജനമനസുകളിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിരുന്നു.
ഭാരതീയരുടെ ഈ മനഃശാസ്ത്രം ഫലപ്രദമായി ചൂഷണം ചെയ്യാൻ പരിശ്രമിക്കുകയും അതിൽ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തവരാണ് ഹിന്ദു വർഗീയ ശക്തികൾ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി ഇന്ത്യൻ രാഷ്ട്രീയത്തെ അയോധ്യയിലെ ഒരു ശ്രീരാമ പ്രതിമയിൽ തളച്ചിട്ട് വട്ടം കറക്കാൻ അവർക്ക് കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച ആദ്യ കാലത്ത് തന്നെ ബാബരി മസ്ജിത്തിനകത്ത് വിഗ്രഹം കൊണ്ടുവച്ച് പ്രതിമാരാഷ്ട്രീയവും വർഗീയതയും കുത്തിപ്പൊക്കാൻ പരിശ്രമിച്ചിരുന്നെങ്കിലും പരിണത പ്രജ്ഞനായ നെഹ്രുവിനെപ്പോലുള്ള ഒരു ഭരണാധികാരിയുള്ളതിനാൽ അത് വേണ്ടത്ര വിലപ്പോയില്ല. എന്നാൽ അതേ വിഗ്രഹത്തിൽ കേന്ദ്രീകരിച്ചാണ് അഡ്വാനിയുടെ രഥയാത്രയും തുടർന്ന് വാജ്പേയിയുടെ സർക്കാരും ഉണ്ടായത്. ഇപ്പോൾ അധികാരത്തിലിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇത് നന്നായി മനസിലായിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ചെറിയ പൈതൃകം പോലും അവകാശപ്പെടാനില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ആ കുറവ് നികത്താൻ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ നിന്ന് തന്ത്രപൂർവം ഒരാളെ അടർത്തിയെടുത്ത് സ്വന്തമാക്കാനുള്ള സൂത്രപ്പണിയായിട്ടാണ് ഗുജറാത്തിലെ സർദാർ വല്ലഭഭായ് പട്ടേലിന്റെ കൂറ്റൻ പ്രതിമ നിർമ്മിച്ചത്. പ്രതിമയുടെ ഉയരവും വലിപ്പവും നോക്കി സ്വാതന്ത്ര്യപ്പോരാളികളുടെ മഹത്വം വിലയിരുത്തുന്ന ചരിത്രബോധമില്ലാത്ത പുതിയ തലമുറയെ സൃഷ്ടിക്കുകയും അവരുടെ മുന്നിൽ ഗാന്ധി പ്രതിമയെക്കാൾ എത്രയോ വലുതാണ് പട്ടേൽ പ്രതിമ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന സൃഗാലബുദ്ധി അതിന് പിന്നിലുണ്ട്. വാരാണസിയിൽ ഔറംഗസീബ് നിർമ്മിച്ച പള്ളിക്കകത്ത് ശിവലിംഗമുണ്ടെന്ന വാദം കത്തിക്കാൻ ശ്രമിച്ചെങ്കിലും സുപ്രീം കോടതിയുടെ സമയോചിതമായ ഇടപെടൽകൊണ്ട് അത് ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ ദേശീയോദ്ഗ്രഥനത്തിന്റെ പേരിൽ രാജ്യത്താകമാനം ഹനുമാന്റെ കൂറ്റൻ പ്രതിമകൾ സ്ഥാപിക്കുകയാണ് പ്രധാനമന്ത്രി ഏറ്റെടുത്ത മറ്റൊരു മഹാദൗത്യം. അതിനുശേഷം പ്രധാനമന്ത്രി കൈവച്ചിരിക്കുന്നത് അശോകസ്തംഭം എന്ന ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമായ ശില്പത്തിലാണ്.
പുതുതായി നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിന് മുകളിൽ ലോക്‌സഭയുടെയും രാജ്യസഭയുടെയും അധ്യക്ഷന്മാരെ മാറ്റിനിർത്തി പ്രധാനമന്ത്രി തന്നെ കമ്മിഷൻ ചെയ്ത അശോകസ്തംഭം സത്യത്തിൽ “മോഡിഫൈ” ചെയ്ത സ്തംഭമാണ്. ഹിന്ദുത്വത്തിന്റെ പേരിൽ അധികാരമേറിയവർക്ക് ബുദ്ധമത വിശ്വാസത്തിന്റെ ഈടുവയ്പായ ദേശീയചിഹ്നം സ്വകീയമാക്കാനുള്ള ത്വരയും ഇതിന് പിന്നിലുണ്ട്. യുദ്ധവും വിദ്വേഷവും ഉപേക്ഷിച്ച മൗര്യ ചക്രവർത്തിയായ അശോകൻ ബുദ്ധമതത്തിൽ ചേർന്നപ്പോൾ ബുദ്ധധർമ്മം നാല് ദിക്കുകളിലേക്കും പ്രചരിപ്പിക്കുന്നതിന്റെ പ്രതീകമായി ഇന്നത്തെ യുപിയിലെ സാരാനാഥിൽ സ്ഥാപിച്ചതാണ് നാല് സിംഹങ്ങൾ പരാങ്മുഖമായി നിൽക്കുന്ന സ്തംഭം. അതാണ് പിന്നീട് അശോകസ്തംഭം എന്ന് അറിയപ്പെട്ടത്. രജോഗുണസമ്പന്നനായ ക്ഷത്രിയ രാജാവ് കലിംഗ യുദ്ധത്തിലേർപ്പെടുകയും അത്യന്തം തമോഗുണ പ്രധാനമായ ഭീകര നരഹത്യ കണ്ട് മനസ് മടുക്കുകയും സത്വഗുണ പ്രധാനമായ ബുദ്ധമതത്തിൽ ശരണം പ്രാപിക്കുകയും ചെയ്തതിന് ശേഷമാണ് ഈ സ്തംഭങ്ങൾ അദ്ദേഹം രാജ്യത്ത് പലയിടത്തും നിർമ്മിച്ചത്. നാല് സിംഹങ്ങൾ പ്രതിനിധീകരിക്കുന്നത് മനുഷ്യന് ദൈവ വിശ്വാസത്തിന്റെ സഹായമില്ലാതെ തന്നെ ഉണർത്തിയെടുക്കാവുന്ന നാല് തനത് മാനവിക ഭാവങ്ങളെയാണ്. ശക്തി, ധൈര്യം, അഭിമാനം, ആത്മവിശ്വാസം. പരസ്പരം അഭിമുഖമായി പോരടിക്കുന്ന വിദ്വേഷത്തിന്റെ പ്രതീകമായ സിംഹങ്ങളല്ല, മറിച്ച് തമ്മിൽ പൊരുതാനും കുറ്റം കണ്ടെത്താനും ആക്ഷേപിക്കാനും നിൽക്കാതെ അഭിമാനത്തോടെ ശക്തി സംഭരിച്ച് ധൈര്യവും ആത്മവിശ്വാസവും കൈമുതലായി പ്രപഞ്ച ദിങ്മുഖങ്ങളിലേക്ക് “ആരൊരാളെൻ കുതിരയെ കെട്ടുവാൻ” എന്ന ആവേശത്തോടെ കുതികൊള്ളുന്ന മനുഷ്യന്റെ അപരിമേയമായ ശക്തിയുടെ പ്രതീകങ്ങളാണാ സിംഹങ്ങൾ. അതിന്റെ മുഖം ഭയാനകമായിരുന്നില്ല. സാത്വികമായിരുന്നു. കണ്ണുകൾ വീരരസം തുളുമ്പുന്നതായിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിതമായിരിക്കുന്ന സ്തംഭത്തിലെ സിംഹങ്ങളുടെ മുഖം ആക്രമിക്കാനടുക്കുന്ന ക്രൂരതയുടെ പ്രതീകമാണ്.
ഗോവിന്ദപൻസാരയെയും നരേന്ദ്ര ദബോൽക്കറെയും ഗൗരീലങ്കേഷിനെയും കലബുർഗിയെയും വകവരുത്തിയവരുടെ അതേ ക്രൂരതയാണ് ആ സിംഹങ്ങളുടെ മുഖത്ത്. അശോകന്റെ സിംഹങ്ങളെക്കാൾ മസിൽപവറുണ്ട് മോഡി സ്തംഭത്തിലെ സിംഹങ്ങൾക്ക്. ശില്പനിർമ്മാണം വളരെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ കലയാണ്. അതിന് വളരെ കൃത്യമായ കണക്കുകളുണ്ട്. കഴഞ്ച്, പണത്തൂക്കം, യവം തുടങ്ങിയ കണിശമായ കണക്കുകൾ ശ്രദ്ധിച്ചാണ് ശില്പികൾ പണിയുന്നത്. അത് ഓരോ ആളുകളുടെ താല്പര്യം പോലെ മാറ്റിമറിക്കാവുന്നതല്ല. സിംഹ പ്രഭാവരായ മനുഷ്യരുടെ ആത്മശക്തിയുടെ പ്രതീകമാണ് അശോകസ്തംഭത്തിലെ സിംഹങ്ങൾ. അല്ലാതെ അത് ന്യൂനപക്ഷങ്ങളെയും ദളിതുകളെയും കടിച്ച് കുടയാനുഴറുന്ന വംശീയ വിദ്വേഷത്തിന്റെ വന്യമൃഗ പ്രതീകമല്ല. കുറച്ചുകാലമായി ഇവർ പ്രചരിപ്പിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങളിൽ പോലുമുണ്ട് ഈ കലിപ്പ് ഭാവം. കദളീവനത്തിൽ രാമ രാമ ജപിക്കുന്ന വൈയാകരണ പടുവായ ഹനുമാന് പകരം രാദ്രഭാവത്തിലുള്ള ഹനുമാൻ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു. ലക്ഷ്മണനെ തത്വശാസ്ത്രം ഉപദേശിച്ച് സാന്ത്വനിപ്പിക്കുന്ന ശ്രീരാമന്റെ സാത്വിക ചിത്രങ്ങൾക്ക് പകരം വില്ലും കുഴിയെ കുലച്ച് കത്തി ജ്വലിച്ച് നിൽക്കുന്ന രാമന്റെ ചിത്രങ്ങൾ മാത്രമാണ് പരിവാർ പ്രചരണ ബോർഡുകളിൽ കാണാൻ കഴിയുന്നത്.
ബുദ്ധധർമ്മങ്ങളും തത്വസംഹിതകളും അടിച്ചമർത്തപ്പെടുകയും തേജോവധം ചെയ്യപ്പെടുകയും ചെയ്തതിന് ശേഷമാണ് ഭാരത ജനത അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വിധി വിശ്വാസത്തിനും അടിമയാവുകയും മതപുരോഹിതന്മാരുടെയും നാടുവാഴികളുടെയും എല്ലാ വിധ അതിക്രമങ്ങൾക്കും വിധേയരാവുകയും ചെയ്തത്. ഏറെക്കാലം നമ്മുടെ നാട് ഇരുണ്ട യുഗത്തിലായിപ്പോയി. ആ അന്ധകാരത്തിന്റെ മറവിലാണ് വിദേശ അധിനിവേശ ശക്തികൾ നമ്മെ രാഷ്ട്രീയ അടിമത്തത്തിന്‍ കീഴിൽ വരിഞ്ഞുമുറുക്കിയത്. ഇന്ന് വിദ്വേഷത്തിന്റെ പ്രചാരകരായ നാടുവാഴികൾ പുതിയ അധികാര സോപാനത്തിന് മുകളിൽ കെട്ടിയുയർത്തിയ “മോഡിസ്തംഭ“ത്തിലെ സിംഹങ്ങളുടെ മുഖം ബീഭത്സമായ ക്രൂരതയുടെ പ്രതീകമായി വന്നത് യാദൃശ്ചികം മാത്രമാണോ?
യഥോ ബുദ്ധി; തഥോ ശില്പ:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.