2 January 2025, Thursday
KSFE Galaxy Chits Banner 2

ജനകീയമായി ആരോഗ്യ കേന്ദ്രങ്ങൾ

വീണാ ജോര്‍ജ്
ആരോഗ്യ വകുപ്പ് മന്ത്രി 
May 20, 2023 4:15 am

സ്വാതന്ത്ര്യാനന്തര കേരളം ആരോഗ്യ പരിപാലന രംഗത്ത് നേടിയ പുരോഗതി സമാനതകളില്ലാത്തതാണ്. ഒരു ദേശത്തിന്റെ പുരോഗതിയുടെ സൂചകം ആരോഗ്യമുള്ള ജനതയാണ് എന്ന ലക്ഷ്യത്തോടുകൂടി സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം പോലെ എല്ലാ വിഭാഗം ജനങ്ങൾക്കും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് നടപടികൾ കൈക്കൊണ്ടിട്ടുള്ളത്. ലോകമെങ്ങും മരണം വിതച്ച കോവിഡ് മഹാമാരിയിലും കേരളം പതറാതെ പിടിച്ചു നിന്നത് ആരോഗ്യമേഖലയിൽ നടപ്പാക്കിയ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ടാണ്. അങ്ങനെയാണ് പൊതുജനാരോഗ്യ രംഗത്തെ ‘കേരള മോഡൽ’ വീണ്ടും ചർച്ചയായത്.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വലിയ കുതിപ്പാണ് ആരോഗ്യ മേഖലയിൽ പ്രകടമായത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനും രോഗീ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ആരംഭിച്ച ‘ആർദ്രം’ പദ്ധതി ആരോഗ്യകേന്ദ്രങ്ങൾക്ക് പുതിയ മുഖം നൽകി. പദ്ധതിയിലൂടെ വിവിധ ഘട്ടങ്ങളിലായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി ഒപി സമയം നീട്ടി. ലാബ്, ഫാർമസി സൗകര്യം ഉറപ്പാക്കി. മെഡിക്കൽ കോളജുകൾ, ജനറൽ ആശുപത്രികൾ, അമ്മയും കുഞ്ഞും ആശുപത്രികൾ എന്നിവിടങ്ങളിൽ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. സാമൂഹികമോ സാമ്പത്തികമോ വേർതിരിവുകൾ ഇല്ലാതെ ജനങ്ങൾക്ക് സേവനങ്ങളും നൽകി വരുന്നു.


ഇത് കൂടി വായിക്കൂ: കൊറോണ പ്രേരിപ്പിക്കുന്ന ദേശസാത്കരണം


എങ്കിലും ആരോഗ്യ മേഖല ഇന്ന് നേരിടുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. വർധിച്ചു വരുന്ന രോഗാതുരത, ജീവിതശൈലീ രോഗങ്ങൾ, ലഹരിയുടെ ഉപയോഗം, മഹാമാരികളും പകർച്ചവ്യാധികളും, പ്രകൃതി ദുരന്തങ്ങളും നേരിടാൻ നമ്മുടെ ആരോഗ്യ മേഖല ശാക്തീകരിക്കേണ്ടത് ഒരു അനിവാര്യതയാണ്. ഇതിനായി പ്രാഥമിക ആരോഗ്യ സംവിധാനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായാണ് ആർദ്രം മിഷൻ നിലവിൽ വന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രാഥമിക ആരോഗ്യ മേഖലയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചു. സമൂഹത്തിലെ രോഗാതുരത കുറയ്ക്കാന്‍ ഉപകേന്ദ്രങ്ങളെ കൂടി ശാക്തീകരിക്കേണ്ടതുണ്ട്. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യത്തോടെ ജീവിക്കാൻ സഹായകമായ ആരോഗ്യദായക പ്രവർത്തനങ്ങൾ നടത്തി രോഗാതുരത കുറയ്ക്കുക എന്നതാണ് നമ്മുടെ നയസമീപനം. ആരോഗ്യവർധക സേവനങ്ങൾ, രോഗ പ്രതിരോധം, രോഗ നിരീക്ഷണം, രോഗനിയന്ത്രണം, മാതൃ-ശിശു ആരോഗ്യം മുതലായ മേഖലകളിലെ ഇടപെടലുകളുടെ ഒരു കേന്ദ്രബിന്ദുവായി ആരോഗ്യ ഉപകേന്ദ്രങ്ങളെ മാറ്റുന്നതിനും നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും ആരോഗ്യത്തോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, വ്യായാമം മുതലായ ശീലങ്ങൾ അനുവർത്തിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിലൂടെ മാത്രമേ രോഗാതുരത കുറയ്ക്കാൻ സാധിക്കുകയുള്ളൂ. പൊതുജനാരോഗ്യ മേഖലയിൽ ജനപങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ഉപകേന്ദ്രങ്ങളെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആയി ഉയർത്തിയത് ഈ സാഹചര്യത്തിലാണ്.
പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ ആശുപത്രികൾ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനായി 1996ൽ ഇടതുമുന്നണി സർക്കാർ കേരളത്തിൽ നടപ്പാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം ആരോഗ്യമേഖലയ്ക്ക് കരുത്ത് പകർന്നു. ഗുരുതരമല്ലാത്ത രോഗങ്ങളുള്ളവർക്ക് അവരുടെ പ്രദേശത്ത് തന്നെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ചെന്ന് ചികിത്സ നേടാൻ സാധിച്ചു. ഇത് സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് വലിയ ആശ്വാസമായി. സൗജന്യമായി മികച്ച ചികിത്സയും മരുന്നും ലാബ് സൗകര്യവും ഡയാലിസിസ് സൗകര്യങ്ങളും ലഭ്യമായപ്പോൾ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ എത്തിച്ചേരുന്നവരുടെ എണ്ണവും കൂടിവന്നു. കയ്യിൽ പണമുള്ളവർക്ക് മാത്രം ചികിത്സ ലഭ്യമായിരുന്ന അവസ്ഥ മാറി. ആരോഗ്യകേന്ദ്രങ്ങളിൽ നടപ്പാക്കിയ ഇത്തരം സൗകര്യങ്ങളിലൂടെ കോവിഡിനെ പോലും തദ്ദേശമായി പിടിച്ചു കെട്ടാൻ കേരളത്തിന് സാധിച്ചു.


ഇത് കൂടി വായിക്കൂ: ‘പാക്കേജി’ലെ ‘ലീക്കേജു’കള്‍


ജീവിതശൈലീ രോഗങ്ങളെയും പകർച്ചാവ്യധികളെയും പ്രതിരോധിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ താഴെത്തട്ടിൽ എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ജനകീയാരോഗ്യ കേന്ദ്രം. ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി, നവീകരിച്ച് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ജനസൗഹൃദ സ്ഥാപനങ്ങളായി മാറ്റുകയും ചെയ്യുന്നു. ആർദ്രം മിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ വാർഷിക ആരോഗ്യ പരിശോധന, അർബുദ നിയന്ത്രണ പദ്ധതി, ഹെൽത്തി ലൈഫ് ക്യാമ്പയിൻ, വയോജന‑സാന്ത്വന പരിചരണ പരിപാടി, രോഗ നിർമ്മാർജന പ്രവർത്തനങ്ങൾ, ഏകാരോഗ്യം എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടപ്പിലാക്കേണ്ടത് ജനകീയാരോഗ്യ കേന്ദ്രങ്ങളാണ്.
ആഴ്ചയിൽ ആറു ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണിവരെ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളായി ഉപകേന്ദ്രങ്ങൾ മാറുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ ഫീൽഡ് തല ക്ലിനിക്കുകളും രണ്ടു മണി മുതൽ നാലു മണി വരെ സ്ഥാപനതല ക്ലിനിക്കുകളും പ്രവർത്തിക്കും. ജെഎച്ച്ഐ, ജെപിഎച്ച്എന്‍, ആശാ പ്രവർത്തകർ എന്നിവർക്ക് പുറമേ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ കൂടി വരുന്നതോടെ കൂടുതൽ സേവനങ്ങൾ ഉപകേന്ദ്രങ്ങൾ വഴി നൽകാൻ സാധിക്കും. എല്ലാ ജനകീയാആരോഗ്യ കേന്ദ്രങ്ങളിലും കമ്പ്യൂട്ടർ, പ്രിന്റർ, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കും. ഇതോടെ ടെലിമെഡിസിൻ പോലുള്ള ഓൺലൈൻ സേവനങ്ങളും നൽകാൻ സാധിക്കും. ഫീൽഡ് തല ക്ലിനിക്കുകൾ സേവനങ്ങൾ ജനങ്ങൾക്കരികിലേക്ക് എത്തിക്കും. ഒമ്പത് ലാബ് പരിശോധനകൾ, 36 മരുന്നുകൾ അടക്കമുള്ള സേവനങ്ങളും നൽകുന്നു. പ്രഥമ ശുശ്രുഷ, തുടർ പരിചരണം, ജീവിതശൈലീ രോഗ സാധ്യത കണ്ടെത്തൽ, രോഗനിർണയം, ശ്വാസകോശ രോഗ സാധ്യത കണ്ടെത്തൽ, ജീവിതശൈലീ രോഗ സങ്കീർണത സാധ്യത കണ്ടെത്തലും നിർണയവും, പല്ല്, ചെവി, കണ്ണ് രോഗങ്ങളുടെ വിലയിരുത്തലും പരിഹാര നിർദേശങ്ങളും, സമ്പൂർണ മാനസികാരോഗ്യം, സാന്ത്വന പരിചരണം, അർബുദ ചികിത്സ — തുടർചികിത്സ മാർഗനിർദേശങ്ങൾ, റഫറൽ സേവനങ്ങൾ എന്നി ക്ലിനിക്കൽ സേവനങ്ങൾ കൂടി നൽകുവാൻ സാധിക്കുന്നു. ജനകീയാആരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക വഴി ജനങ്ങൾക്ക് ആരോഗ്യ ആവശ്യങ്ങൾക്ക് വേണ്ടി സമീപിക്കാവുന്ന ആദ്യത്തെ ‘Point of Con­tact’ ആയി ജനകീയാആരോഗ്യ കേന്ദ്രങ്ങൾ മാറുന്നു. ഡോക്ടറുടെ സേവനം ആവശ്യമല്ലാത്ത മെഡിക്കൽ ആവശ്യങ്ങൾക്കായി ജനകീയാആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കുക വഴി കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനാകും.


ഇത് കൂടി വായിക്കൂ: പ്രവാസികളെ ചേർത്തു പിടിച്ച ഇടതുപക്ഷ സർക്കാർ


ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള മുഴുവൻ ജനങ്ങൾക്കും ആവശ്യമായ രോഗപ്രതിരോധ, ആരോഗ്യവർധക സേവനങ്ങൾ, പ്രാഥമിക ചികിത്സ, പുനരധിവാസ സേവനങ്ങൾ, സാന്ത്വന പരിചരണം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ ജനകീയ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തണം. ഒരു ജനകീയ ആരോഗ്യ കേന്ദ്രത്തിന് ഒരു ജനകീയ ആരോഗ്യ ക്ലബ്ബ് എന്ന രീതിയിലാണ് രൂപം നൽകുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടു കൂടി സംഘടിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.
പൊതുജനങ്ങളുടെ വ്യായാമശീലം കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ആഹാരശീലം ആരോഗ്യകരമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തും. ലഹരി ഉപയോഗത്തിന് എതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടപ്പിലാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശാസ്ത്രീയമായ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ ജനങ്ങളെ പഠിപ്പിക്കുകയും അതിനുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ജനകീയാആരോഗ്യ കേന്ദ്ര പരിധിയിലുള്ള സ്കൂളുകളുമായി ബന്ധപ്പെട്ട ആരോഗ്യ ക്ലബ്ബുകളും സജീവമാക്കും.

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.