29 September 2024, Sunday
KSFE Galaxy Chits Banner 2

ഒരു കണ്ണി കൂടി അടർന്ന് വീഴുമ്പോൾ.…

ബിനോയ് വിശ്വം
April 17, 2023 4:54 am

സഖാവ് ഗോപാലൻകുട്ടി മേനോന്റെ മരണം ത്യാഗിയായ ഒരു മനുഷ്യന്റെ വേർപാട് മാത്രമല്ല രേഖപ്പെടുത്തുന്നത്. അർപ്പണബോധത്തിന്റെ സൗന്ദര്യം സൂക്ഷിച്ച് വച്ച ഒരു കാലഘട്ടം മാഞ്ഞുപോവുകയാണ്. എല്ലാ തരത്തിലും പ്രക്ഷുബ്ധമായിരുന്ന ആ കാലം നമുക്ക് തന്ന വലിയ മനുഷ്യർ ഓരോരുത്തരായി പോയിത്തീരുന്നു. നമ്മൾ ഇന്ന് ചവിട്ടിനിൽക്കുന്ന ഈ അടിത്തറ അവർ കെട്ടിപ്പൊക്കിയതാണ്. അവരുടെ ചോരയും വിയർപ്പും കണ്ണുനീരും ചേർത്താണ് ആ അടിത്തറയിലെ ഓരോ ശിലയും വാർത്തെടുത്തത്. ദേശീയ അംഗീകാരമോ അത് തരുന്ന സ്ഥാനമാനങ്ങളോ പദവികളോ ഒന്നും കണ്ടുകൊണ്ടല്ല അവർ നാടിന്റെ വിമോചന പോരാട്ട ഭൂമികയിലേക്ക് ചാടിയിറങ്ങിയത്. അവരുടെ ചിന്തകൾ അത്രയും നാടിനെയും നാട്ടുകാരെയും പറ്റിയായിരുന്നു. ‘ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി’ എന്നതായിരുന്നു അവരുടെ മതം. ആ മതം ചൂണ്ടിക്കാണിച്ച വഴിയിലൂടെയാണ് സഖാവ് ഗോപാലൻകുട്ടി മേനോൻ സഞ്ചരിച്ചത്. ഗോപാലൻകുട്ടി മേനോൻ ആദ്യം കോൺഗ്രസും തുടർന്ന് കമ്മ്യൂണിസ്റ്റുമായി 106 വയസുവരെ ജീവിച്ചു. അവസാനത്തെ കുറേവർഷങ്ങൾ ഒഴിച്ചാൽ അദ്ദേഹം എന്നും എന്തെങ്കിലും പ്രവൃത്തിയിൽ മുഴുകിയിരുന്നു. കൊയിലാണ്ടിക്കടുത്ത് അള്ളമ്പത്തൂർ എന്ന ഗ്രാമത്തിൽ ജീവിക്കാൻ വകയുണ്ടായിരുന്ന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചുട്ടേത്ത് തറവാട്ടിലെ കണാരൻ നായർ, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ സ്വാതന്ത്ര്യത്തിന്റെ വിളി ആ ബാലൻ കേട്ടു. കെ കേളപ്പന്റെ ശിക്ഷണത്തിലാണ് അന്ന് കൊയിലാണ്ടിയിലെ കോൺഗ്രസുകാർ രാഷ്ട്രീയത്തെയും സമൂഹത്തെയും പഠിച്ചത്. ഹരിജനോദ്ധാരണവും ഹിന്ദി പ്രചാരണവും ചർക്കയിൽ നൂൽനൂൽക്കലുമെല്ലാം ആവേശപൂർവം ഏറ്റെടുത്ത കോൺഗ്രസുകാരനായിരുന്നു അദേഹം.

 


ഇതുകൂടി വായിക്കു; സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ ഗോപാലൻകുട്ടി മേനോൻ അന്തരിച്ചു


1934 ൽ മഹാത്മാഗാന്ധി കൊയിലാണ്ടിയിൽ വന്നപ്പോൾ തീവണ്ടിയാപ്പീസിലെ വിശ്രമമുറിയിൽ ഗാന്ധിജിയെ പരിചരിക്കാൻ കെ കേളപ്പൻ നിയോഗിച്ച മൂന്ന് പേരടങ്ങുന്ന വിദ്യാർത്ഥി സംഘത്തിന്റെ നേതാവായിരുന്നു ഗോപാലൻകുട്ടി മേനോൻ. കൊയിലാണ്ടിയിൽ നിന്നും വണ്ടി കേറുമ്പോൾ ഗാന്ധിജി അവരോട് പറഞ്ഞത് സത്യസന്ധരായ് ജീവിക്കാനും ഹിന്ദി നല്ലവണ്ണം പഠിക്കാനുമായിരുന്നു. കോൺഗ്രസിൽ ആശയസമരം ശക്തിപ്രാപിക്കുകയായിരുന്നു. ഉത്പതിഷ്ണു ബോധമുള്ള ചെറുപ്പക്കാരെല്ലാം പി കൃഷ്ണപിള്ളയെന്ന അതുല്യപ്രഭാവമുളള നേതാവിലേക്ക് ആകൃഷ്ടരാവുകയായിരുന്നു. ആ ബന്ധം ഗോപാലൻകുട്ടി മേനോനെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കാരനും വൈകാതെ കമ്മ്യൂണിസ്റ്റ്കാരനുമാക്കി. പന്തയലായനി പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളുമായാണ് പാർട്ടി തീരുമാനപ്രകാരം അദ്ദേഹം ദേശാഭിമാനിയുടെ മാനേജരായി ചുമതലയേറ്റത്. കമ്മ്യൂണിസ്റ്റുകാരിൽ ആകെ നടുക്കമുളവാക്കിക്കൊണ്ട് പ്രസ്ഥാനം ഭിന്നിച്ചപ്പോൾ ദേശാഭിമാനി ഭിന്നിച്ച് പോയ സഖാക്കളുടെ വരുതിയിലെത്തി. സത്യസന്ധതയും ആശയദൃഢതയും മുഖമുദ്രയാക്കിയ ഗോപാലൻകുട്ടി മേനോന് സംശയമുണ്ടായില്ല. അദ്ദേഹം തന്റെ മാതൃപ്രസ്ഥാനമായ സിപിഐക്കൊപ്പം ഉറച്ച് നിൽക്കാനാണ് തീരുമാനിച്ചത്. ആൾക്കൂട്ടവും താരതമ്യേന വിഭവശേഷിയും അപ്പുറത്തായിരുന്നു. എന്നാൽ ഇപ്പുറത്തെ ദാരിദ്ര്യവും ആശയസമ്പുഷ്ടതയും ആണ് ഗോപാലൻകുട്ടി മേനോന് സ്വീകാര്യമായത്. അതിന്റെ ഫലമായി നവജീവനും ജനയുഗവും അടക്കമുള്ള കമ്മ്യൂണിസ്റ്റ് പത്രങ്ങളുടെ ചെറിയ ഓഫിസുകളിൽ അദ്ദേഹം സുഖവും അഭിമാനവും കണ്ടെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ച വർഷങ്ങളിൽ കോഴിക്കോട് സിപിഐ തുലോം ശുഷ്കമായിരുന്നു. പാർട്ടി സംഘാടനത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാനും അദ്ദേഹം മുമ്പിലുണ്ടായിരുന്നു. 1970 കളുടെ രണ്ടാം പകുതിയിൽ എഐഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കോഴിക്കോട്ടെ സിപിഐ നേതാക്കളുടെ നീണ്ടനിര കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. അവർ എല്ലാവരും പി കൃഷ്ണപിള്ളയുടെ സംഘാടക മികവിന്റെ സൃഷ്ടികളായിരുന്നു. കല്ലാട്ട് കൃഷ്ണൻ, പി ആർ നമ്പ്യാർ, എം കണാരൻ, ബാലേട്ടൻ എന്ന് മാത്രം വിളിക്കപ്പെട്ട പി കെ ബാലകൃഷ്ണൻ, നടുക്കണ്ടി മുഹമ്മദ് കോയ, കെ പി മുഹമ്മത് കോയ, മഞ്ചുനാഥ റാവു, കെ ടി ഗോപാലൻ മാഷ്, എം കുമാരൻ മാസ്റ്റർ, പി കോരുജി അങ്ങനെ നീണ്ടു പോകുന്നു ആ നിര. അവർക്കിടയിൽ അതേ തലപ്പൊക്കമുള്ള ശാന്തശീലനും മൃദുഭാഷിയുമായ ഗോപാലൻകുട്ടിമേനോനും ഉണ്ടായിരുന്നു. പിന്നീട് 1980 ൽ സഖാവ് സി രാജേശ്വര റാവുവിന്റെ പരിഭാഷകനായി വീണ്ടും കോഴിക്കോട് എത്തിയപ്പോഴാണ് അവരെ എല്ലാവരേയും ഒരുമിച്ച് വീണ്ടും കണ്ടത്.

 


ഇതുകൂടി വായിക്കു;  കെ വി രാമനാഥൻ – കൈരളിയെ പ്രണയിച്ച മഹാപ്രതിഭ


അന്ന് വിദ്യാർത്ഥിയായിരുന്ന എന്റെ മേൽ ആ കാരണവൻമാരെല്ലാം ചേർന്ന് കോരിച്ചൊരിഞ്ഞ സ്നേഹവാത്സല്യങ്ങൾ എക്കാലവും ഓർത്ത് വയ്ക്കാനുള്ള വിലപ്പെട്ട സമ്പാദ്യമാണ്. ഗോപാലൻകുട്ടി മേനോനുമായി ആഴത്തിൽ അടുക്കാൻ അവസരമുണ്ടായത് 1987 ൽ ജനയുഗം പത്രാധിപർ ആകാൻ വീണ്ടും കോഴിക്കോടെത്തിയപ്പോഴാണ്. ജോസഫ് റോഡിലെ പഴകി വീഴാറായ നീണ്ട കെട്ടിടമായിരുന്നു ജനയുഗം ഓഫിസ്. അവിടെ അച്ചുകൾ പെറുക്കി വയ്ക്കുന്ന കമ്പോസിങ്ങും കടകട ബഹളംവയ്ക്കുന്ന പഴയ പ്രസും നടുവിൽ പല തലമുറകളിൽപെട്ട ഞങ്ങൾ സഖാക്കളും. കാലത്ത് 10 മണിക്കെത്തിയാൽ ഒന്നാമത്തെ പത്രം ഇറക്കിയിട്ടേ ഞങ്ങൾ ഇറങ്ങിയിരുന്നുള്ളു. പ്രൂഫ് നോട്ടവും വാർത്തകൾ പരിഭാഷപ്പെടുത്തലും മുഖപ്രസംഗം എഴുത്തുമെല്ലാം ഞാൻ പരിശീലിച്ചത് ആ കളരിയിൽ നിന്നാണ്. അപ്പുറത്തെ മുറിയിൽ പിറ്റേന്നത്തെ പത്രമടിക്കാനുള്ള കടലാസ് വാങ്ങാനുള്ള കാശിനെക്കുറിച്ച് ആലോച്ചിച്ച് ഉഴറുന്ന മൂന്ന് പേരുണ്ടായിരുന്നു. കണാരേട്ടനും ഗോപാലൻകുട്ടി മേനോനും ഗംഗാധരേട്ടനുമായിരുന്നു ആ മൂന്ന് പേർ. അവരും എ കെ തങ്കപ്പേട്ടനും നടേരി ഗംഗാധരനും കെ സുരേഷും കെ പി മുഹമ്മത് കോയയും എല്ലാം ചേർന്നാണ് എന്നെ പത്രപ്രവർത്തനം പഠിപ്പിച്ചത്. അവരുടെ സ്കൂൾ ഏത് ജേർണലിസം കോളജിനേക്കാൾ കരുത്തുള്ളതാണന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എഴുപത് വയസ് കഴിഞ്ഞപ്പോഴായിരിക്കും ഗോപാലൻകുട്ടി മേനോൻ ജനയുഗം വിട്ടത്. ആ വിട്ടുപോകൽ പക്ഷെ വിശ്രമിക്കാൻ വേണ്ടിയായിരുന്നില്ല. കോഴിക്കോട് സിറ്റി കമ്മിറ്റി സെക്രട്ടറിയായിരുന്ന ഗോവിന്ദൻ നായർ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞു. ഭാരമേറിയ ആ ചുമതല ഏറ്റെടുക്കാൻ പാർട്ടി ഗോപാലൻകുട്ടി മേനോനോട് പറഞ്ഞു. പാർട്ടിയെ അനുസരിച്ച് മാത്രം ശീലിച്ച സഖാവ് യാതൊരു മടിയും പറയാതെ ആ ഭാരം തലയിലേറ്റി. ഗോപാലൻകുട്ടി മേനോൻ സെക്രട്ടറിയായിരുന്ന സിറ്റി കമ്മിറ്റിയിൽ ഉപരിഘടകത്തിലെ അംഗമെന്ന നിലയിൽ ഞാൻ പലവട്ടം പങ്കെടുത്തിട്ടുണ്ട്. ഗോപാലൻകുട്ടി മേനോൻ മഹാത്മാഗാന്ധിയേയും പി കൃഷ്ണപിള്ളയേയും കെ കേളപ്പനേയും കണ്ട നേതാവാണ്.

കമ്മിറ്റിയിൽ ഉള്ള ഇളമുറക്കാർ അനുഭവസമ്പത്തിൽ എത്രയോ നിസാരൻമാർ. അവരെല്ലാം പറയുന്ന നിർദേശങ്ങളും വിമർശനങ്ങളുമെല്ലാം അക്ഷോഭ്യനായി കേട്ടിരിക്കുന്ന സിറ്റി സെക്രട്ടറിയുടെ മുഖം ഓർമ്മയിലേക്ക് വരുന്നു. ഞാൻ ഗോപാലൻകുട്ടി മേനോന്റെ മകൻ ജയ ഗോപാലനോടൊപ്പം എഐഎസ്എഫിൽ പ്രവൃത്തിച്ച് വന്ന ആളാണ്. മകൾ ജയന്തിയും എനിക്ക് അടുപ്പമുള്ള സുഹൃത്താണ്. അങ്ങനെ നോക്കിയാൽ മക്കളുടെ കൂട്ടുകാരൻ. പക്ഷെ ആ വീട്ടിൽ ചെല്ലുമ്പോൾ രാഷ്ട്രീയം സംസാരിക്കുമ്പോൾ എല്ലാം ഒരു നേതാവിനായി മാറ്റി വയ്ക്കേണ്ട ആദരവുകളെല്ലാം അദ്ദേഹം എനിക്കായി മാറ്റി വച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഞാൻ ചെറുതായി പോയിട്ടുണ്ട്. ചിലപ്പോൾ അത് അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. പാർട്ടിയിൽ തന്റെ തലമുറ പഠിച്ച രാഷ്ട്രീയ അച്ചടക്കത്തിന്റെ ഭാഗമാണതെന്നും അത് മാറ്റാനാവില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. സഖാവിന്റെ ഭാര്യ ഭാനുമതി ടീച്ചർ ഭർത്താവിന്റെ നിഴലായി നിന്ന് രാഷ്ട്രീയം പഠിച്ച ആളാണ്. കോഴിക്കോട് കോർപറേഷനിലെ ജനങ്ങൾക്ക് പ്രിയങ്കരിയായ കൗൺസിലർ ആയിരുന്നു അവർ. ഒടുവിൽ കലശലായ മറവി രോഗത്തിന് അടിപ്പെടും വരെ അമ്മയുടെ സ്നേഹത്തോടെയാണ് അവർ പെരുമാറിയിട്ടുള്ളത്. ഇടക്കിടയ്ക്ക് വീട്ടിൽ വരണമെന്ന വാക്കുകളോടെയല്ലാതെ ഇന്നോളം ഗോപാലൻകുട്ടി മേനോൻ ആ വീട്ടിൽ നിന്ന് എന്നെ യാത്രയാക്കിയിട്ടില്ല. ശശാങ്കൻ മരണപ്പെട്ടതിന് ശേഷം ഒരിക്കൽ അവിടെ പോയപ്പോഴാണ് ഗോപാലൻകുട്ടി മേനോൻ വികാരഭരിതനാവുന്നത് ഞാൻ കണ്ടത്. അല്ലാത്തപ്പോഴെല്ലാം ധീരതയാർന്ന അക്ഷോഭ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഗാന്ധിജിയും കൃഷ്ണപിള്ളയുമായിരിക്കാം ആ പ്രത്യേക തരം ഗുണവിശേഷത്തിന്റെ കാരണക്കാർ. വെസ്റ്റ് ഹിൽ വഴി കടന്നുപോകുമ്പോഴെല്ലാം കണ്ണുകൾ ആ ഇടവഴിയിലേക്ക് പാളിപ്പോകാറുണ്ടായിരുന്നു. അത് സഖാവിന്റെ വീട്ടിലേക്കുള്ള വഴിയാണ്. ആ വഴിയിലൂടെ തന്റെ കാലൻ കുടയുമായി സഖാവ് ഗോപാലൻകുട്ടി മേനോൻ ഇനി നടന്നു വരില്ല. ഒരുപാട് സ്നേഹവും ഉപദേശങ്ങളും കൈമാറിയിട്ടുള്ള പ്രിയ സഖാവെ വിട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.