23 June 2024, Sunday

ജവഹർലാൽ നെഹ്രു മതേതര ഇന്ത്യയുടെ മാർഗദർശി

ടി എം ജോര്‍ജ്
May 27, 2024 4:00 am

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ 60-ാമത് ചരമദിനമാണിന്ന്. മേക്കേഴ്സ് ഓഫ് മോഡേൺ ഇന്ത്യ എന്ന ഗ്രന്ഥത്തിൽ പ്രമുഖ ചരിത്രകാരൻ രാമചന്ദ്രഗുഹ നെഹ്രുവിനെ പറ്റി ഇങ്ങനെ എഴുതി; “വിൻസ്റ്റൺ ചർച്ചിൽ അടക്കമുള്ള ആധുനിക ഭരണതന്ത്രജ്ഞർ ആരും നെഹ്രുവിനോളം ചിന്തകരായ രാഷ്ട്രീയ പ്രവർത്തകരായിരുന്നില്ല. ചർച്ചിലിൽ നിന്നും വ്യത്യസ്തമായി നെഹ്രുവിന് രാഷ്ട്രീയ ആശയങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും താല്പര്യമുണ്ടായിരുന്നു.” വിശ്വമാനവികതയുടെ കൊടിക്കൂറ ഉയർത്തുന്നതാണ് നെഹ്രുവിന്റെ ദർശനങ്ങൾ. മാനവികതയ്ക്ക് അതിരുകളില്ല. ഉണ്ടാവാൻ പാടില്ലായെന്ന് നെഹ്രു വിശ്വസിച്ചു. അദ്ദേഹത്തിന്റെ ശക്തമായ മതനിരപേക്ഷ നിലപാടാണ് ഇന്ത്യയെ ഈ രൂപത്തിൽ നിലനിർത്തുവാൻ സഹായിച്ചത്. ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തില്‍ മതേതരത്വം കരുപ്പിടിപ്പിക്കുവാൻ കഴിയുകയെന്നത് ക്ലേശകരമായ കാര്യമാണ്. വർഗീയതയെ നേരിടേണ്ടത് മതേതരത്വത്തിലൂടെയായിരിക്കണമെന്ന് നെഹ്രു പഠിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും പ്രയാസമേറിയ കാര്യം എന്തെന്ന് ഫ്രഞ്ച് എഴുത്തുകാരനായിരുന്ന ആൻഡമാൻ റോ ഒരിക്കൽ ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് “ഒരു മതാധിഷ്ഠിത സമൂഹത്തില്‍ മതനിരപേക്ഷ സർക്കാരിന്റെ രൂപീകരണവും നടത്തിപ്പുമാണ് “എന്നായിരുന്നു .

സ്വാതന്ത്ര്യ സമരകാലത്ത് കോൺഗ്രസിലെ ഒരു വിഭാഗം നാസി ജർമ്മനിയുമായി അടുക്കുന്നതിനോട് താല്പര്യപ്പെട്ടിരുന്നു. എന്നാൽ നാസികളോടും ഫാസിസ്റ്റുകളോടും കടുത്ത എതിർപ്പുണ്ടായിരുന്ന നെഹ്രു ആ നീക്കത്തെ തടയുകയാണുണ്ടായത്. അക്കാര്യത്തിൽ സോഷ്യലിസ്റ്റ് നേതാവായിരുന്ന രാംമനോഹർ ലോഹ്യയുമായുണ്ടായിരുന്ന അടുപ്പം നാസികളെപ്പറ്റി മനസിലാക്കുവാൻ നെഹ്രുവിനെ സഹായിച്ചു. നാസികൾ ജർമ്മനിയിൽ അധികാരം കയ്യടക്കുന്ന നാളുകളിൽ ലോഹ്യ, ബർലിൻ സര്‍വകലാശാലയിൽ ഉപരിപഠനത്തിലായിരുന്നു. ലോഹ്യ അയച്ച എഴുത്തുകളിലൂടെ ഫാസിസ്റ്റ് ഭീകരതയെ കുറിച്ച് അറിയുവാൻ നെഹ്രുവിന് കഴിഞ്ഞിരുന്നു. നാസികളുടെ ചെയ്തികളെ‌ക്കുറിച്ച് മനസിലാക്കിയ നെഹ്രു അതിന്റെ ഇന്ത്യൻ രൂപമായ ആർഎസ്എസിന്റെ ചെയ്തികളെക്കുറിച്ചും തികഞ്ഞ ബോധവാനായിരുന്നു. 1947 ഡിസംബർ ഏഴിന് മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ നെഹ്രു അക്കാര്യം സൂചിപ്പിക്കുന്നു. “ചില പ്രവിശ്യകളിൽ ആർഎസ്എസ് വമ്പിച്ച പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ റിപ്പോർട്ടുകൾ കിട്ടിയിട്ടുണ്ട്. പലപ്പോഴും ഈ പ്രകടനങ്ങൾ നിരോധനാജ്ഞ ലംഘിച്ചാണ് നടത്തിയിട്ടുള്ളത്. ചില പ്രവിശ്യാ ഭരണാധികാരികൾ ഈ ആജ്ഞാലംഘനത്തെ അംഗീകരിച്ച മട്ടാണ്. ജർമ്മനിയിൽ നാസിപ്രസ്ഥാനം എങ്ങനെയാണ് വികാസം പ്രാപിച്ചത് എന്നത് സംബന്ധിച്ച് കുറച്ചൊക്കെ എനിക്കറിയാം. ഈ പ്രവണതകൾ പടരുവാനും വർധിപ്പിക്കുവാനും അനുവദിച്ചാൽ ഇന്ത്യക്ക് അവ വമ്പിച്ച നാശം വരുത്തിവയ്ക്കുമെന്ന് എനിക്കുറപ്പാണ്. തീർച്ചയായും ഇന്ത്യ അതിജീവിക്കും. പക്ഷേ അവൾക്ക് ഗുരുതരമായി പരിക്കേൽക്കും. ആ പരിക്ക് മാറാൻ ഏറെ കാലമെടുക്കും.”
വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയായിരുന്നു നെഹ്രുവിന്റെ മുന്നറിയിപ്പ്. രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചുകൊണ്ടാണ് അവർ ഹിന്ദു രാഷ്ട്ര പരീക്ഷണം ആരംഭിച്ചത്. “ഹിന്ദുരാഷ്ട്രത്തിനു വേണ്ടി വാദിക്കുന്നവർ ഹിന്ദുകളിൽ ഏറ്റവും മഹാനായ മനുഷ്യനെതന്നെ കൊന്നുകളഞ്ഞിരിക്കുന്നു.” മഹാത്മജിയുടെ കൊലപാതകത്തെ‌ക്കുറിച്ച് നെഹ്രു പറഞ്ഞ വാക്കുകളാണിത്.
ഹിന്ദുരാഷ്ട്ര നിർമ്മിതിയുടെ അടിത്തറ പാകപ്പെടുത്തുവാൻ വേണ്ടിയായിരുന്നു രാഷ്ട്രപിതാവിനെ അവർ വധിച്ചത്. ഇന്ത്യാ വിഭജനത്തിന്റെ പഴി ജിന്നയ്ക്കും മുസ്ലിം ലീഗിനുമായിരുന്നുവെങ്കിലും, മുഹമ്മദലി ജിന്നയ്ക്കും മുമ്പേ ദ്വിരാഷ്ട്ര വാദമുന്നയിക്കുന്നത് 1937ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ചേർന്ന ഹിന്ദു മഹാസമ്മേളനത്തിൽ വി ഡി സവർക്കറാണ്. അത് ബ്രിട്ടീഷുകാരുമായി ചേർന്നുള്ള ഒരു ഗൂഢാലോചനയായിരുന്നു. 1940ൽ ലാഹോർ സമ്മേളനത്തിലാണ് ജിന്ന പാകിസ്ഥാൻ രാഷ്ട്രവാദമുന്നയിക്കുന്നത്. 

ഇന്ത്യയുടെ മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിൽ നെഹ്രു ഒരു വിട്ടുവീഴ്ചയും വരുത്തിയിരുന്നില്ല. 1949 ഡിസംബർ 22ന് ബാബറി മസ്ജിദിൽ രാമ, സീതാ വിഗ്രഹങ്ങൾ കൊണ്ടുവച്ച് സ്വയംഭുവാണെന്ന് പറഞ്ഞവരോട് ആ വിഗ്രഹങ്ങൾ സരയൂനദിയിലെറിയാനാണ് അദ്ദേഹം പറഞ്ഞത്. പുതുക്കിപ്പണിത സോമനാഥക്ഷേത്രം ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദായിരുന്നു. നെഹ്രുവിന്റെ വിലക്കിനെ മറികടന്നാണ് അദ്ദേഹം ആ കർമ്മം നിർവഹിച്ചത്. ഭക്ര അണക്കെട്ട് രാജ്യത്തിനു സമർപ്പിച്ചുകൊണ്ട് നെഹ്രു പറഞ്ഞത് “സ്വതന്ത്ര ഇന്ത്യയുടെ ക്ഷേത്രമാണിത്, എന്റെ ആരാധന ഇവിടെയാണ്” എന്നാണ്. നെഹ്രു പ്രധാനമന്ത്രിയായിരിക്കെ ഒരുകൂട്ടം ഹിന്ദു സന്യാസിമാർ ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് കൗപീനംപോലും ധരിക്കാതെ നഗ്നതാ പ്രദർശനം നടത്തിയതിനെ‌ക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചതിന് അദ്ദേഹം പറഞ്ഞത്, “സന്യാസിമാർ പ്രാചീന ഭാരതത്തിന്റെ സംസ്കുാരത്തെപ്പറ്റി പഠിക്കട്ടെ. പ്രാചീന കർമ്മകാണ്ഡം അനുസരിച്ച് ഗോമാംസം കഴിക്കാത്തവർ ഒരിക്കലും ഒരു നല്ല ഹിന്ദുവായിരിക്കുകയില്ല. അതുകൊണ്ട് ചില പ്രത്യേക അവസരങ്ങളിൽ കാളയെ ബലി നൽകി അതിന്റെ മാംസം തീർച്ചയായും ഭക്ഷിക്കണം. പ്രാചീന ഭാരതത്തില്‍ ഗോമാംസം കഴിക്കാത്ത ബ്രാഹ്മണരെ ബ്രാഹ്മണരായി കരുതുന്നില്ല.” 

നെഹ്രു ശിലയിട്ട മതേതര രാഷ്ട്ര നിർമ്മിതി കാലാനുസൃതമായി തുടരുവാനുള്ള ബാധ്യത അതേ ഗൗരവത്തോടെ പിൻഗാമികൾ നിറവേറ്റിയില്ലെന്നാണ് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ ബോധ്യപ്പെടുത്തുന്നത്. ത്യാഗംകൊണ്ട് സ്വാതന്ത്ര്യം നേടിയ നാട് സ്വാതന്ത്ര്യത്തിനായി ഒരു ത്യാഗവും സഹിക്കാത്തവരുടെ കരങ്ങളിലെത്തിയത് ദൗർഭാഗ്യകരമാണ്. ബ്രിട്ടീഷുകാരോട് സമരം ചെയ്ത് ജീവിതം നശിപ്പിക്കരുതെന്ന് യുവാക്കളോട് ആഹ്വാനം ചെയ്തവർ രാഷ്ട്രപിതാവിന്റെയും, രാഷ്ട്രശില്പിയുടെയും സ്ഥാനം നേടുവാൻ ശ്രമിക്കുന്നത് ചരിത്രസത്യങ്ങളെ കളങ്കപ്പെടുത്തുന്നതാണ്. അതിനവർ ഗാന്ധിജിയെ ഹിന്ദുവിരുദ്ധനായും, നെഹ്രുവിനെ ദേശദ്രോഹിയായും ചിത്രീകരിക്കുന്നു. നെഹ്രു ഇന്ത്യൻ ഭരണഘടനയുടെ ലക്ഷ്യപ്രമേയം അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു. “രാത്രി മാറി പകലാകുമ്പോൾ ഇരുൾ മേഘങ്ങളാൽ മൂടിയിരുന്നാലും അത് പകൽ തന്നെയാണ്. കുറേക്കഴിയുമ്പോൾ മേഘങ്ങൾ നീങ്ങി സൂര്യൻ പുറത്തു വരികതന്നെ ചെയ്യും.”

(കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.