10 January 2025, Friday
KSFE Galaxy Chits Banner 2

പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ കേരള മാതൃക

എ എന്‍ ഷംസീര്‍
നിയമസഭാ സ്പീക്കർ
June 5, 2023 4:30 am

ഇന്ന്, പരിസ്ഥിതി ദിനം ലോകവ്യാപകമായി ആചരിക്കപ്പെടുമ്പോൾ കേരളത്തിന് മുന്നോട്ടുവയ്ക്കാനുള്ളത് കുട്ടികളുടെയും യുവതയുടെയും പാരിസ്ഥിതിക കൂട്ടായ്മയാണ്. തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം വിദ്യാർത്ഥികളും യുവാക്കളും ഇന്ന് സംസ്ഥാന നിയമസഭയിൽ കാലാവസ്ഥാ അസംബ്ലിക്കായി ഒത്തുചേരും. നിയമസഭയും യുനിസെഫും ചേർന്ന് ഇത് രണ്ടാം തവണയാണ് “നാമ്പ്” എന്ന പേരിൽ കാലാവസ്ഥാ അസംബ്ലി നടത്തുന്നത്. പാരിസ്ഥിതിക ബോധ്യമുള്ള ജനത നാടിന് മുതൽക്കൂട്ടാണ്. യുവാക്കളും കുട്ടികളും സജീവമായി ഭാഗഭാക്കാകുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങൾ ഈ രംഗത്ത് സംസ്ഥാനത്തെ മുന്നിലെത്തിക്കും. ലോകത്തുടനീളമെന്നതുപോലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കേരളവും അനുഭവിക്കുന്നുണ്ട്. അത് ലഘൂകരിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് കാലാവസ്ഥാ അസംബ്ലിയുടെ കാതൽ. ചർച്ചകളുടെയും നയരൂപീകരണത്തിന്റെയും ഉന്നതവേദിയായ നിയമസഭയിൽ ജനപ്രതിനിധികൾ, ഈ രംഗത്തെ വിദഗ്ധർ എന്നിവരുമായി കുട്ടികളും യുവാക്കളും നടത്തുന്ന ചർച്ചകൾ നവകേരള യുവതയുടെ പാരിസ്ഥിതിക ബോധ്യത്തിന് അടിത്തറയാകും. ഈ രംഗത്തുള്ളവർക്ക് പരിസ്ഥിതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള വേദിയായി കൂടിയാണ് കാലാവസ്ഥാ അസംബ്ലി വിഭാവനം ചെയ്തിരിക്കുന്നത്.
കുട്ടികളും യുവാക്കളും പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങുന്ന കാഴ്ച ലോകത്തിന്റെ വിവിധയിടങ്ങളിൽ കാണാം. കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, പ്ലാസ്റ്റിക് ഉപയോഗം, ഫലപ്രദമായ മാലിന്യ നിർമ്മാർജനം, ജലസ്രോതസുകളുടെ ശുദ്ധീകരണവും സംരക്ഷണവും എന്നീ മേഖലകളിൽ ഇങ്ങനെ കൂട്ടായി പ്രവർത്തിക്കുന്നുണ്ട്. ലഭിക്കുന്ന വേദികളിലും സമൂഹ മാധ്യമങ്ങളിലും പരിസ്ഥിതി സംബന്ധിച്ച ആശയങ്ങൾ അവര്‍ മുന്നോട്ടുവയ്ക്കുന്നു. വിവേചനങ്ങളോ മുൻവിധികളോ ഇല്ലാത്ത ഇത്തരം പ്രവർത്തനങ്ങളോട് ചേർന്നുപോകുന്നതാണ് കുട്ടികളുടെയും യുവാക്കളുടെയും കാലാവസ്ഥാ അസംബ്ലി. ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ആശയം ‘പ്ലാസ്റ്റിക് മാലിന്യത്തെ വെല്ലുക’ എന്നതാണ്. ഈ ആഗോള ആശയത്തിന്റെ വിവിധതലങ്ങൾ അസംബ്ലി ചർച്ച ചെയ്യും.
ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നുന്ന പല പ്രവർത്തനങ്ങളും പാരിസ്ഥിതിക രംഗത്ത് വലിയ ഫലങ്ങളാണ് കൊണ്ടുവരുന്നത്. സൈക്കിൾ ഉപയോഗത്തിലൂടെ കുറയ്ക്കാനാകുന്നത് കാർബൺ പുറന്തള്ളലാണ്. രാജ്യത്തെ പല കാമ്പസുകളിലും വിദ്യാർത്ഥികളും അധ്യാപരും യാത്ര ചെയ്യുന്നത് സൈക്കിളിലാണ്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതും ഹരിതകർമ്മസേന അടക്കമുള്ള സർക്കാർ സംവിധാനങ്ങളോട് സഹകരിക്കുന്നതും നാടിനെ മാലിന്യമുക്തമാക്കും. അനാവശ്യമായി തെളിഞ്ഞ് കിടക്കുന്ന ലൈറ്റ് ഓഫാക്കുന്നതും വെള്ളം പാഴാക്കാതെ ടാപ്പ് അടയ്ക്കുന്നതും അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുന്നതുമൊക്കെ ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങളാണ്. കാലാവസ്ഥാ അസംബ്ലി ഇത്തരം ചിന്തകൾ രൂപപ്പെടുത്താനും വളർത്താനുമുള്ള വേദി കൂടിയാകും.

 


ഇതുകൂടി വായിക്കു; പരിസ്ഥിതി സംവേദക മേഖല; വന്‍ പ്രത്യാഘാതം


കാലാവസ്ഥാ മാറ്റങ്ങൾക്ക് പ്രാദേശികമായി വ്യത്യാസമുള്ളതിനാൽ, ആ സാഹചര്യങ്ങൾക്കനുസരിച്ച് വിശകലനം ചെയ്തുകൊണ്ടുള്ള നടപടികളാണ് ഫലപ്രദമാകുക എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഈ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. കാർബൺ ന്യൂട്രൽ മീനങ്ങാടിയും കാട്ടാക്കടയും ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും മണ്ഡലങ്ങളിലെ പാരിസ്ഥിതിക പ്രത്യേകതകൾക്കനുസരിച്ചുള്ള പദ്ധതികളും സ്വീകരിക്കേണ്ട മുൻ കരുതലുകളും അതത് എംഎൽഎമാരെ അറിയിക്കാനും ഈ അസംബ്ലിയിൽ പങ്കെടുക്കുന്നവർക്ക് സാധിക്കും. യുവാക്കളും കുട്ടികളും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ചേർന്ന് പ്രവർത്തിക്കുന്നത് സംസ്ഥാനത്തിന്റെ പാരിസ്ഥിതിക പ്രവർത്തനങ്ങളെ പുതിയ തലത്തിലേക്കെത്തിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികൾക്കായുള്ള അവകാശ ഉടമ്പടി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലൊന്നായ ‘പങ്കാളിത്തം’ പ്രാവർത്തികമാകുന്നതിനും ഇത് വഴിയൊരുക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള തലത്തിലുള്ള പഠനങ്ങളും പ്രവർത്തനങ്ങളും മനസിലാക്കുന്നതിനും അവ സംസ്ഥാന സാഹചര്യങ്ങൾക്കനുസരിച്ച് നടപ്പിലാക്കുന്നതിനും യുനിസെഫ് പിന്തുണ, ജനപ്രതിനിധികൾക്കും യുവാക്കൾക്കും കുട്ടികൾക്കും സഹായകമാകും. കാലാവസ്ഥാ അസംബ്ലിയും തുടർപ്രവർത്തനങ്ങളും ലോകം ശ്രദ്ധിച്ച പങ്കാളിത്ത വികസന പ്രവർത്തനങ്ങളായ സാക്ഷരതായജ്ഞവും ജനകീയാസൂത്രണവും പോലെ കേരളത്തിന്റെ വികസന സൂചികയെ കൂടുതൽ ഉയരങ്ങളിലെത്തിക്കും. ജനപങ്കാളിത്തം വർധിപ്പിച്ചുകൊണ്ടുള്ള ഇത്തരം പാരിസ്ഥിതിക പ്രവർത്തനങ്ങൾ ഈ രംഗത്ത് സുസ്ഥിര വികസന മാതൃക രചിക്കാൻ പര്യാപ്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.