21 May 2024, Tuesday

Related news

May 21, 2024
May 21, 2024
May 21, 2024
May 21, 2024
May 21, 2024
May 20, 2024
May 19, 2024
May 19, 2024
May 19, 2024
May 19, 2024

പൊതുജനാരോഗ്യ രംഗത്തെ കേരള മോഡൽ

പ്രത്യേക ലേഖകന്‍
April 7, 2024 4:20 am

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) രൂപീകരിച്ചതിന്റെ 76-ാം വാർഷികത്തിലാണ് ഒരു ലോകാരോഗ്യ ദിനം കൂടി കടന്നുവരുന്നത്. എന്റെ ആരോഗ്യം എന്റെ അവകാശം കൂടിയാണ് എന്നതാണ് ഈ വർഷത്തെ സന്ദേശം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ശാരീരിക ആരോഗ്യം പ്രധാനമാണ്. ഇതിനൊപ്പം മാനസികവും സാമൂഹികവുമായ ആരോഗ്യം കൂടി സംരക്ഷിക്കപ്പെടണമെന്നാണ് ഒരോ ലോക ആരോഗ്യ ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇത് മൂന്നും ഒത്തുചേരുമ്പോൾ മാത്രമേ ഒരാൾ ആരോഗ്യവാനാണെന്ന് പറയാൻ കഴിയുകയുള്ളൂ. കഴിഞ്ഞ 76 വർഷമായി ഡബ്ല്യുഎച്ച്ഒ വിവിധ ലോക രാജ്യങ്ങളിലെ പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനും അതുവഴി ജീവിത നിലവാര സൂചിക ഉയർത്താനുംവേണ്ടി സ്വീകരിച്ച വിശാലമായ പ്രവർത്തനങ്ങള്‍ 76-ാം വാർഷിക ദിനത്തിൽ ഓർമ്മിക്കപ്പെടേണ്ടതാണ്. എന്നാൽ വികസിത രാജ്യങ്ങളും, വികസ്വര രാജ്യങ്ങളും ആരോഗ്യ രംഗത്ത് വലിയ അന്തരമാണ് നിലവിലുള്ളത്. മരുന്നുകളുടെ വിലവർധനവും, ക്ഷാമവും, വിദഗ്ധ ആശുപത്രികളുടെയും, മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാരുടെ അഭാവവും തുടങ്ങി മൂന്നാം ലോക രാജ്യങ്ങൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇന്ത്യയില്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മ സാധാരണ ജനങ്ങളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. ലോകത്ത് 30 ശതമാനം ജനങ്ങളും ശരിയായ ആരോഗ്യ ചികിത്സാ സംവിധാനങ്ങൾ ലഭിക്കാത്തവരാണെന്ന് ലോകാരോഗ്യ സംഘടന ഓർമ്മപ്പെടുത്തുന്നു. ഇന്ത്യയിൽ 17 ശതമാനം മരുന്നുകൾ ചെലവഴിക്കുന്ന കേരളത്തിലും മരുന്ന് വില വർധനവ് സൃഷ്ടിക്കുന്ന വെല്ലുവിളി ചർച്ചചെയ്യപ്പെടേണ്ടതാണ്. കേന്ദ്ര സർക്കാർ നയങ്ങൾ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. ആരോഗ്യ രംഗത്ത് എയിംസ് ഉൾപ്പെടെയുള്ള ആശുപത്രികൾ സംസ്ഥാനത്ത് അനുവദിക്കണമെന്ന ആവശ്യം നാളിതു വരെ പരിഗണിക്കപ്പെട്ടിട്ടില്ല. കേന്ദ്ര ബജറ്റുകളിൽ ആരോഗ്യ മേഖലയ്ക്ക് നീക്കിവയ്ക്കുന്ന വിഹിതത്തിൽ കഴിഞ്ഞ പത്ത് വർഷത്തെ കണക്ക് എടുക്കുമ്പോൾ വലിയ കുറവാണ് വന്നിട്ടുള്ളത്. രോഗ നിർണയത്തിനും, പ്രതിരോധത്തിനും, ഗവേഷണത്തിനുമുള്ള ഒരു പുതിയ സ്ഥാപനം പോലും കഴിഞ്ഞ പത്ത് വർഷമായി രാജ്യത്ത് സ്ഥാപിക്കപ്പെട്ടിട്ടില്ല. താഴെ തട്ടിലുള്ള പ്രാഥമിക ഹെൽത്ത് കെയർ സംവിധാനങ്ങൾ വിപുലീകരിച്ചാൽ മാത്രമെ രാജ്യത്ത് എല്ലാവർക്കും മികച്ച ആരോഗ്യ പരിചരണം ലഭ്യമാകൂ. 

ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായാണ് ലോകാരോഗ്യ സംഘടന 1948ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്യുന്നത്. നല്ല ആരോഗ്യത്തിന് നമ്മുടെ പരിസ്ഥിതിയും ഏറ്റവും പ്രധാന ഘടകമാണ്. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോൾ ശ്വാസകോശരോഗങ്ങൾ, കാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയവ വർധിക്കുമെന്നുള്ളത് പല പഠനങ്ങളിലൂടെയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. രണ്ട് വർഷം മുമ്പ് ബ്രഹ്മപുരത്ത് ഉണ്ടായ തീപിടിത്തം നമ്മെ ഈ ഭയാനകത ഓർമപ്പെടുത്തിയതുമാണ്. എന്റെ ആരോഗ്യം എന്റെ അവകാശം എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം. ലോകത്തിന് തന്നെ മാതൃകയായി അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് നമ്മുടെ കേരളം. മെച്ചപ്പെട്ട ആയുർദൈർഘ്യം, കുറഞ്ഞ ശിശു ‑മാതൃമരണ നിരക്കുകള്‍ എന്നിങ്ങനെ നാം ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എണ്ണമറ്റവയാണ്.
കേരളത്തിൽ ഇന്നു കാണുന്ന ജനകീയ ആരോഗ്യ നയത്തിന് അടിത്തറ പാകിയത് അച്യുതമേനോൻ സര്‍ക്കാരിന്റെ കാലത്താണ്. പഞ്ചായത്തുകൾ തോറും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്ന ആശയം മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെതായിരുന്നു. ആരോഗ്യ മേഖലയിൽ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള ലോകോത്തര പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത് അക്കാലത്തായിരുന്നു. തുടർന്ന് വിവിധ ഘട്ടങ്ങളിൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സര്‍ക്കാരുകൾ ആരോഗ്യ മേഖലയ്ക്ക് മുന്തിയ പരിഗണന നൽകി. ആ ഘട്ടത്തിലും കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി തുടര്‍ച്ചയായി ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഘട്ടത്തിലും കേരളത്തിന് ലോകാരോഗ്യ സംഘടനകളുടേത് ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. നിപ്പയും, അതിന് ശേഷം കോവിഡുമൊക്കെ വന്നപ്പോള്‍ മരണനിരക്ക് കുറച്ച് പ്രതിരോധിക്കാൻ സാധിച്ചതും കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ വലിയ നേട്ടമായി. കേരളത്തിലെ ആരോഗ്യ ഉപകേന്ദ്രങ്ങൾ മുതൽ ജില്ലാ താലൂക്ക് ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ വരെയുളള സുദൃഢമായ ആരോഗ്യ സംവിധാനം നമ്മുടെ പൊതുജനാരോഗ്യ രംഗത്ത് നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. ഇവയെല്ലാം തന്നെ വലിയ രീതിയിലുള്ള നവീകരണത്തിന്റെ പാതയിലാണ് ഇപ്പോൾ.

ആരോഗ്യ മേഖലയിൽ കേരളം നേടിയിട്ടുള്ള ഈ നേട്ടങ്ങൾക്ക് പ്രധാന കാരണമായിട്ടുള്ള ഘടകങ്ങൾ മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, സാക്ഷരത, അധികാര വികേന്ദ്രീകരണം, മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായം, നമ്മുടെ രാഷ്ട്രീയ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയെടുത്ത പൊതു അവബോധം എന്നിവയെല്ലാമാണ്. വർഷങ്ങളുടെ പരിശ്രമഫലമായി പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ വലിയ ഉത്തരവാദിത്തമാണ്. നമ്മുടെ സംസ്ഥാനത്ത് വർധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങൾ, വിവിധ തരം കാൻസറുകൾ, നിർമ്മാർജനം ചെയ്ത പലരോഗങ്ങളുടെയും തിരിച്ചു വരവും പുതിയ രോഗങ്ങളുടെ ആവിർഭാവവും കേരള ജനതയുടെ മനസിൽ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. മലമ്പനിയും, മഞ്ഞപിത്തവും, ചിക്കൻ ഗുനിയയും, ഡെങ്കിപനിയും, ടൈഫോയിഡും ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങളും, അവ മൂലമുള്ള മരണങ്ങളും നമുക്ക് നേരിടേണ്ട വലിയ വെല്ലുവിളിയാണ്. അന്തരീക്ഷ മലിനീകരണവും, മാലിന്യങ്ങളും, ജല ദൗർലഭ്യവും, കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെ പ്രശ്നങ്ങൾ നമ്മുടെ ആരോഗ്യ ക്രമത്തിൽ സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറെയാണ്. പ്രധാനമായും സ്വയം സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ് ഇത്തരമൊരവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. കുടിവെള്ളത്തിന്റെ അപര്യാപ്തത, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ വലിയ തോതിലുള്ള വർധനവ്, അന്തരീക്ഷ മലിനീകരണം. കീടനാശിനികളുടെ അമിതോപയോഗം, പരിസ്ഥിതിയിലും കാലാവസ്ഥയിലും വന്ന മാറ്റങ്ങൾ, മാറുന്ന ജീവിത ശൈലികളും ഭക്ഷണ രീതികളും, ഫാസ്റ്റ് ഫുഡ് സംസ്കാരം, വ്യായാമമില്ലായ്മ എന്നിവയെല്ലാമാണ് രോഗാതുരത വർധിക്കുന്നതിനുള്ള പ്രധാന കാരണം. പ്രമേഹം, രക്ത സമ്മർദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളിൽ ഉണ്ടായ വർദനവ്, വയോ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ, വാഹനാപകടങ്ങളിൽ ഉണ്ടാകുന്ന മരണങ്ങളും ആരോഗ്യപ്രശ്നങ്ങളും, ഇടയ്ക്കിടെ ഉണ്ടാകുന്ന പകർച്ചവ്യാധികൾ എന്നിവയെല്ലാമാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് ഇപ്പോഴും പ്രധാന വെല്ലുവിളിയായി മാറികൊണ്ടിരിക്കുന്നത്
കോളറ, മലമ്പനി, മന്ത് മുതലായ നിയന്ത്രണ വിധേയമായ പലരോഗങ്ങളും വർധിക്കുന്ന പ്രവണതയുണ്ട്. ആധുനികവല്‍ക്കരണത്തിന്റെയും, നഗരവല്‍ക്കരണത്തിന്റെയും ഭാഗമായി കേരളത്തിൽ ജീവിത ശൈലിയിൽ വന്ന കാതലായ മാറ്റങ്ങൾ ജീവിത ശൈലിരോഗങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണമായി. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ബർഡൻ ഓഫ് സ്റ്റഡീസ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 60 ശതമാനം മരണകാരണങ്ങളും ജീവിത ശൈലിരോഗങ്ങൾ മൂലമാണെന്ന് പ്രതിപാദിക്കുന്നു. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസും, സംസ്ഥാന ആരോഗ്യ വകുപ്പും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മൂന്നിലൊരാൾക്ക് രക്താതിസമ്മർദവും, അഞ്ചിലൊരാൾക്ക് പ്രമേഹവും കണ്ടെത്തിയിട്ടുണ്ട്. പ്രതിവർഷം 55,000ത്തിലധികം പേർക്ക് പുതുതായി കാൻസർ രോഗ ബാധ റിപ്പോർട്ട് ചെയ്യപെടുന്നതും ഗൗരവതരമാണ്. പൊതുജനാരോഗ്യ മേഖലയിൽ കേരളം നേടിയ നേട്ടങ്ങൾ നിലനിർത്തുവാനും, ആരോഗ്യ പൂർണമായ പുതിയ തലമുറയെ സൃഷ്ടിക്കാനും നമ്മുടെ വികസനപരിപ്രേക്ഷ്യത്തിലും, രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ക്രമങ്ങളിലും ഭൂമിക്കും പരിസ്ഥിതിക്കും സൗഹൃദമായ പരിപാടികൾ ആസൂത്രണം ചെയ്യാനും, പുതിയ ഒരു ആരോഗ്യ സംസ്കാരവും, ജീവിത ക്രമവും വളർത്തിയെടുക്കാനുള്ള പരിശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. കേന്ദ്ര ഗവൺമെന്റ് പൊതുജനാരോഗ്യ മേഖല തകർക്കുന്ന നടപടികൾ അവസാനിപ്പിക്കുന്നതിനും, ഔഷധ വില നിയന്ത്രിക്കാനും, പുതിയ എയിംസ് ഉൾപ്പെടെ ആരോഗ്യ മേഖലയിൽ ഗവേഷണ, രോഗനിർണയ സ്ഥാപനങ്ങൾ ആരംഭിക്കുവാനും അടിയന്തര നടപടികളാണ് രാജ്യത്ത് ഉണ്ടാകേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.