തൊഴിൽ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ഇന്റർനാഷണൽ ലേബർ കോൺക്ലേവ്. ഐഎൽഒ പ്രമാണങ്ങളനുസരിച്ച് ഇന്ത്യൻ ലേബർ കോൺഫറൻസുകൾ അംഗീകരിക്കുന്ന നിര്‍ദേശപ്രകാരം തൊഴിൽബന്ധങ്ങളിൽ ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കേരളത്തിലെ സർക്കാരുകൾ ശ്രമിച്ചിട്ടുണ്ട്. 1957ലെ ഒന്നാം സർക്കാർ മുതലുള്ള ഇടതുപക്ഷ സർക്കാരുകൾ തൊഴിലാളി ക്ഷേമത്തിന് എന്നും മുന്തിയ പരിഗണനയാണ് നൽകിയത്. ഒപ്പം സമാധാനപരമായ തൊഴിൽ അന്തരീക്ഷം നലനിർത്താനും ശ്രമിച്ചു. ഐഎൽഒ രൂപീകരിക്കപ്പെട്ട കാലം മുതൽ അംഗീകരിച്ച പ്രമാണങ്ങൾ മാനിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നു. 1957ലെ പതിനഞ്ചാം ഇന്ത്യൻ ലേബർ കോൺഫറൻസ് ശാസ്ത്രീയമായ മിനിമംവേതന തത്വം അംഗീകരിച്ചു. ഇത് ചരിത്രപരമായ ഒരു സംഭവമാണ്. പി ബി ഗജേന്ദ്ര ഗാഡ്കർ അധ്യക്ഷനായ ഒന്നാം ദേശീയ ലേബർ കമ്മിഷനും രവീന്ദ്ര വർമ്മ അധ്യക്ഷനായ രണ്ടാം ലേബർ കമ്മിഷനും ഒട്ടേറെ വിലപ്പെട്ട നിർദേശങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. ബാംഗ്ലൂർ വാട്ടർ സപ്ലൈ എന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ മിനിമം വേതനം സംബന്ധിച്ച കേസിൽ സുപ്രീം കോടതി നൽകിയ വിധി അക്കാലത്ത് തൊഴിലാളികൾക്ക് വലിയ ആശ്വാസം ലഭിച്ചതായിരുന്നു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരാണ് പ്രസ്തുത വിധി പ്രസ്താവിച്ചത്.
ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കാൻ ആരംഭിച്ചതു മുതൽ തൊഴിൽ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടായി. സ്ഥിരംജോലി കുറച്ച് കരാർ ജോലികൾ വ്യാപിപ്പിക്കൽ, ഔട്ട് സോഴ്സിങ്, പിരിച്ചുവിടൽ, അടച്ചു പൂട്ടൽ തുടങ്ങിയ ഒട്ടേറെ ഭീഷണികൾ ഉയർന്നു വന്നു. ഐഎൽഒ പ്രമാണങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി.
വ്യവസായ മേഖലയിൽ വളർച്ച മുരടിപ്പുണ്ടാകുന്നത് തൊഴിലാളി സംഘടനകളുടെ കുറ്റം കൊണ്ടല്ല. സമ്പദ്ഘടന പല കാരണങ്ങളാൽ പ്രതിസന്ധി നേരിടുമ്പോഴാണ് ഉല്പാദന മേഖലയുടെയും വളര്‍ച്ച മുരടിക്കുന്നത്. ജനങ്ങളുടെ വാങ്ങൽശേഷി കുറയുമ്പോഴും ഇത് സംഭവിക്കും. സസ്റ്റൈനബിൾ എന്റർപ്രൈസസ്, ഡീസന്റ് വർക്ക് എന്നീ രണ്ട് തത്വങ്ങൾ വേർപെടുത്താൻ ആവാത്തതാണ്.
വ്യവസായ സംരക്ഷണത്തിന്റെ പേരിൽ തൊഴിലാളികളുടെ യഥാർത്ഥ താല്പര്യം ഹനിക്കാൻ പാടില്ല. അതേസമയം ഉല്പാദന ക്ഷമത വർധിപ്പിക്കൽ, നിക്ഷേപ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കൽ എന്നീ കാര്യങ്ങളിൽ തൊഴിലാളികളും തൊഴിലാളി സംഘടനകളും ക്രിയാത്മകമായ നിലപാട് കൈക്കൊള്ളണം. ഹയർ ആന്റ് ഫയർ, ഫിക്സഡ് ടേം എംപ്ലോയ്മെന്റ് തുടങ്ങിയ വ്യവസ്ഥകൾ തൊഴിലാളിതാല്പര്യത്തിന് ഹാനികരമാണ്. മൂലധനത്തിന്റെ ലാഭതാല്പര്യം മാത്രം മുൻനിർത്തിയുള്ള നയങ്ങൾക്ക് വ്യവസായ സമാധാനം ഉറപ്പാക്കാൻ കഴിയില്ല. തൊഴിൽ നിയമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഇരുകക്ഷികളുമായും ചർച്ച ചെയ്തു വേണം പ്രാബല്യത്തിൽ വരുത്താൻ. 144-ാം ഐഎൽഒ പ്രമാണം ഇത് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ഏകദേശം 54 കോടി വരും. ഇതിൽ 94 ശതമാനം പേരും അനൗപചാരിക മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. നിലവിലുള്ള തൊഴിൽ നിയമങ്ങളുടെ യാതൊരു പരിരക്ഷയും ഇവർക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിൽ തൊഴിലാളി സംരക്ഷണ നടപടികൾ സ്വീകരിക്കുന്നത്. തൊഴിൽ മേഖലയിലെ സഹകരണ സംഘങ്ങൾ ബീഡി, കയർ, കൈത്തറി, മത്സ്യം എന്നീ മേഖലകളിൽ മികച്ച മാതൃകകളാണ്. കേരള ദിനേശ് ബീഡി സഹകരണ സംഘം ഒരു കാലത്ത് 50,000ത്തോളം തൊഴിലാളികൾക്ക് ജോലി നൽകിയിരുന്നു.
മറ്റൊരു പ്രധാന ചുവടു വയ്പാണ് തൊഴിലാളി ക്ഷേമ പദ്ധതികൾ. സംസ്ഥാനത്ത് തൊഴിൽ വകുപ്പിന്റെ കീഴിൽ 16 ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 70 ലക്ഷം പേർ ഈ ബോർഡുകളിൽ അംഗങ്ങളാണ്. വാർധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളാണ് ക്ഷേമനിധി ബോർഡ് മുഖേന നൽകി വരുന്നത്. രാജ്യത്തിനാകെ മാതൃകയാണ് ഈ ക്ഷേമനിധി ബോർഡുകൾ.
തൊഴിൽ വൈദഗ്ധ്യവും ഉല്പാദനക്ഷമതയും വർധിപ്പിക്കാന്‍ കേരള സർക്കാരും വിവിധ ട്രേഡ് യൂണിയനുകളും നല്ല ധാരണയോടെ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ട്രേഡ് യൂണിയനുകളും ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുന്നവരാണ്. സമാധാനപരമായ തൊഴിൽ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നത് തുലോം കുറവാണ്. മിനിമം വേതനം, ഫെയർ വേജ് തുടങ്ങിയ തത്വങ്ങൾ വ്യത്യസ്ത മേഖലയിൽ നടപ്പാക്കുന്നു. അതിഥിത്തൊഴിലാളികളുടെയും സുരക്ഷിത കേന്ദ്രമാണ് സംസ്ഥാനം. തൊഴിലിടങ്ങളിൽ യാതൊരു വിവേചനവുമില്ല. അതിഥികൾ തികഞ്ഞ സുരക്ഷിതത്വ ബോധത്തോടെ തൊഴിൽ ചെയ്യുന്നു. തൊഴിലാളികൾക്ക് സുരക്ഷിതത്വവും ഉല്പാദനക്ഷമതയും വ്യവസായ സമാധാനവും നിലനിൽക്കുന്ന ഒരു നവകേരളമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ തൊഴിലെടുക്കുന്നവരുമായി പങ്കിടുന്ന സമ്പത്തിന്റെ പുനർവിതരണം എന്ന തത്വമാണ് സംസ്ഥാനത്തെ നയിക്കുന്നത്. ഈ ലേബർ കോൺക്ലേവ് ആഗോള, ദേശീയ പശ്ചാത്തലത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മനസിലാക്കുകയും ദൗർബല്യങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വ്യവസായ തൊഴിലാളി സംഘടനാ പ്രതിനിധികളും അക്കാദമിക വിദഗ്ധരും നൽകുന്ന നിർദേശങ്ങൾ ഞങ്ങളെ കർമ്മോത്സുകരാക്കുമെന്ന് തീർച്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.