23 November 2024, Saturday
KSFE Galaxy Chits Banner 2

തൊഴിലാളികളും ആധുനിക അടിമത്തവും

Janayugom Webdesk
May 28, 2023 4:49 am

ലോകത്ത് നിർബന്ധിത തൊഴിലാളികളുടെ ഏറ്റവും ഉയര്‍ന്നനിരക്ക് ഇന്ത്യയിലാണ്. വാക്ക് ഫ്രീ ഫൗണ്ടേഷൻ പുറത്തിറക്കിയ ഗ്ലോബൽ സ്ലേവറി ഇൻഡക്സ് 2023 പ്രകാരം രാജ്യത്ത് 11 ദശലക്ഷം പേർ നിർബന്ധിത തൊഴിലാളികളാണ്. 160 രാജ്യങ്ങളിലെ ആധുനിക അടിമത്തത്തിന്റെ വ്യാപ്തിയാണ് ആഗോള അടിമത്ത സൂചികയിലുള്ളത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളാണ് ഇന്ത്യയെ ആധുനിക അടിമത്തത്തിന്റെ മുന്‍നിരയിലേക്ക് നയിക്കുന്നത്. മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ നടപ്പിലാക്കിയാൽ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്ലാറ്റ്ഫോം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നിലവില്‍ തൊഴില്‍സ്വാതന്ത്ര്യത്തില്‍ രാജ്യം ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും താഴെയാണ്. ലോക തൊഴില്‍ സംഘടന (ഐഎല്‍ഒ), വാക്ക് ഫ്രീ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഎംഒ) എന്നിവ സഹകരിച്ചാണ് 2016 മുതൽ ആധുനിക അടിമത്തത്തിന്റെ ആഗോള കണക്കെടുപ്പ് നടത്തുന്നത്. ഇന്ത്യ (11 ദശലക്ഷം), ചൈന (5.8), ഉത്തര കൊറിയ (2.7), പാകിസ്ഥാൻ (2.3), റഷ്യ (1.9), ഇന്തോനേഷ്യ (1.8), നൈജീരിയ (1.6), തുർക്കിയ (1.3), ബംഗ്ലാദേശ് (1.2), അമേരിക്ക (1.1 ദശലക്ഷം) എന്നിങ്ങനെയാണ് ആധുനിക അടിമത്തം അനുഭവിക്കുന്ന തൊഴിലാളികളുടെ കണക്ക്. ഇതിൽ ആറെണ്ണം ജി20 രാജ്യങ്ങളാണ്-ഇന്ത്യ, ചൈന, റഷ്യ, ഇന്തോനേഷ്യ, തുർക്കിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നതും ശ്രദ്ധേയമാണ്.
ആധുനിക അടിമത്തം അനുഭവിച്ച് ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ ഒന്നാമത് ഇന്ത്യയാണെങ്കിലും ശതമാനക്കണക്കില്‍ ഉത്തര കൊറിയയാണ് മുന്നില്‍. അവിടെ ആയിരത്തില്‍ 104.6 പേരാണ് തൊഴില്‍ അടിമത്തം അനുഭവിക്കുന്നത്. എറിത്രിയ 90.3, മൗറിറ്റാനിയ 32, സൗദി അറേബ്യ 21.3, തുർക്കി 15.6, താജിക്കിസ്ഥാൻ 14, യുണൈറ്റഡ് അറബ് എമിറേറ്റ്സ്. 13.4, റഷ്യ 13, അഫ്ഗാനിസ്ഥാൻ 13, കുവൈറ്റ് 13 എന്നിങ്ങനെയാണിത്. ഇന്ത്യയിൽ ആധുനിക അടിമത്തത്തിന്റെ വ്യാപനം ആയിരത്തിന് എട്ട് ആണ്.

 


ഇതുകൂടി വായിക്കു; പട്ടിണി കണക്കുകള്‍: സത്യവും മിഥ്യയും


ജപ്പാൻ കഴിഞ്ഞാല്‍ ആധുനിക അടിമത്തം ഏറ്റവും കുറവുള്ള രാജ്യങ്ങൾ വടക്ക്പടിഞ്ഞാറൻ യൂറോപ്പാണ്. സ്വിറ്റ്സർലൻഡ്, നോർവേ, ജർമ്മനി, നെതർലാൻഡ്സ്, സ്വീഡൻ, ഡെൻമാർക്ക്, ബെൽജിയം, അയർലൻഡ്, ഫിൻലാൻഡ് എന്നിവ. ഈ രാജ്യങ്ങളിൽ പോലും, ഉയർന്ന സാമ്പത്തിക വികസനം, ലിംഗസമത്വം, സാമൂഹിക ക്ഷേമം, രാഷ്ട്രീയ സ്ഥിരത, ശക്തമായ ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾ എന്നിവ ഉണ്ടായിരുന്നിട്ടും ആയിരക്കണക്കിനാളുകൾ ജോലി ചെയ്യാനോ വിവാഹത്തിനോ നിർബന്ധിതരാകുന്നു. 2021ല്‍ ഓരോ ദിവസവും 50 ദശലക്ഷം പേര്‍ ആധുനിക അടിമത്തത്തിന്റെ സാഹചര്യങ്ങളിൽ ജീവിക്കുന്നു. ഇവരിൽ ഏകദേശം 28 ദശലക്ഷം പേർ നിർബന്ധിത ജോലിയിലും 22 ദശലക്ഷം പേർ നിർബന്ധിത വിവാഹത്തിലും ഏർപ്പെട്ടവരാണ്. 12 ദശലക്ഷത്തിലധികം വരുന്ന ആധുനിക അടിമത്തം പേറുന്നവരില്‍ പകുതിയിലേറെയും കുട്ടികളും സ്ത്രീകളും പെൺകുട്ടികളുമാണ് (54 ശതമാനം). കുടിയേറ്റ തൊഴിലാളികൾ ഇതര തൊഴിലാളികളേക്കാൾ മൂന്നിരട്ടിയാണ് നിർബന്ധിത ജോലിയെടുക്കേണ്ടിവരാനുള്ള സാധ്യത. സാമ്പത്തിക ഭേദമില്ലാതെ എല്ലാ രാജ്യങ്ങളിലും ആധുനിക അടിമത്തം സംഭവിക്കുന്നുണ്ട്. നിർബന്ധിത തൊഴിലാളികളിൽ പകുതിയിലധികവും (52 ശതമാനം) നിർബന്ധിത വിവാഹങ്ങളുടെ നാലിലൊന്നും ഉയർന്ന ഇടത്തരം വരുമാനമോ ഉയർന്ന വരുമാനമോ ഉള്ള രാജ്യങ്ങളില്‍ കാണാം. 2016നെ അപേക്ഷിച്ച് സ്ഥിതി മോശമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വർധിച്ചുവരുന്ന സംഘർഷം, പാരിസ്ഥിതിക തകർച്ച, ആഗോള ജനാധിപത്യ തകർച്ച, സ്ത്രീകളുടെ അവകാശങ്ങളുടെ തിരിച്ചുവരവ്, കോവിഡ് മഹാമാരിയുടെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ, അതിനോടുള്ള പ്രതികരണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് സാഹചര്യം മോശമായത്. ഈ സങ്കീർണമായ പ്രതിസന്ധികൾ തൊഴിലിനും വിദ്യാഭ്യാസത്തിനും കാര്യമായ തടസം സൃഷ്ടിച്ചു. കടുത്ത ദാരിദ്ര്യത്തിന്റെ വർധനവ്, നിർബന്ധിതവും സുരക്ഷിതമല്ലാത്തതുമായ കുടിയേറ്റം എന്നിവ ആധുനിക അടിമത്തത്തിന്റെ അപകടസാധ്യത വർധിപ്പിക്കുന്നു. ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളായ ഇന്ത്യയും ചൈനയും ഉൾപ്പെടെ ലോക ജനസംഖ്യയുടെ 56 ശതമാനവും ഏഷ്യയിലും പസഫിക്കിലുമാണ്. അതുകൊണ്ട് തന്നെ നിർബന്ധിത തൊഴിലാളികളില്‍ 15 ദശലക്ഷം പേരും ഈ മേഖലയിലാണ്. കുടിയേറ്റക്കാർക്കിടയിലെ കടബാധ്യത, ദക്ഷിണേഷ്യയിലെ കരാര്‍ തൊഴിലാളികളുടെ ദുരവസ്ഥ, ചൈന, ഉത്തര കൊറിയ എന്നിവിടങ്ങളിൽ സർക്കാർ അടിച്ചേൽപ്പിക്കുന്ന നിർബന്ധിത തൊഴിൽ എന്നിവ ഇതിന്റെ ഭാഗമാണ്. നിർബന്ധിത വിവാഹത്തിന്റെ വ്യാപ്തി അറബ് രാജ്യങ്ങൾ കഴിഞ്ഞാല്‍ ഏഷ്യയിലും പസഫിക്കിലുമാണ്. പാകിസ്ഥാനിലും ഇന്ത്യയിലും, സാമ്പത്തിക അരക്ഷിതാവസ്ഥ, തൊഴിലാളികളെ അപകടകരമായ ജോലികള്‍ക്കോ തൊഴിലുടമകളിൽ നിന്ന് വായ്പകള്‍ക്കോ നിര്‍ബന്ധിക്കുന്നു. തൊഴിലുടമകൾ കടങ്ങൾ തിരിച്ചടയ്ക്കാൻ നിർബന്ധിത ജോലികള്‍ക്ക് നിർബന്ധിച്ച് ചൂഷണം ചെയ്യുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളും അഴിമതി ക്രിമിനൽ കുറ്റമാക്കിയിട്ടുണ്ടെങ്കിലും, തൊഴില്‍അടിമത്ത കേസുകളിലെ ഔദ്യോഗിക ഇടപെടല്‍ 19 രാജ്യങ്ങളിൽ ഉണ്ടായിട്ടില്ലെന്നും അതിൽ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ, നിയമസംരക്ഷണത്തിന് പകരം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും ആരോപിക്കപ്പെടുന്നു.
(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.