4 May 2024, Saturday

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു പ്രതിരോധപ്രവർത്തനമാണ്

അഡ്വ. പി സന്തോഷ് കുമാർ എംപി 
April 21, 2024 4:20 am

ജനാധിപത്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ വർഷമാണ് 2024. ഇന്ത്യയും, അമേരിക്കയും, ബ്രിട്ടനും, ഇന്തോനേഷ്യയും, ദക്ഷിണാഫ്രിക്കയും അടക്കമുള്ള ലോകത്തിലെ 64 ശക്തമായ ജനായത്തരാഷ്ട്രങ്ങളിലെ ഏകദേശം 400 കോടിയോളം വോട്ടർമാരാണ് ഇക്കൊല്ലം തങ്ങളുടെ രാഷ്ട്രീയഭാവി തെരഞ്ഞെടുക്കാൻ പോളിങ്ബൂത്തുകളിൽ എത്തുന്നത്. ഇന്ത്യയുടെ സുദീർഘമായ പാർലമെന്ററി രാഷ്ട്രീയചരിത്രത്തിൽ ഉടനീളം ഇടതുപക്ഷത്തിന്റെ സജീവവും, അനന്യവും സമരോത്സുകവുമായ സാന്നിധ്യമുണ്ടായിരുന്നു. പാർലമെന്റിനെ പോരാട്ടവീര്യം കൊണ്ടും ആശയവ്യക്തതകൊണ്ടും സമ്പന്നമാക്കിയ എകെജി, എൻ ഇ ബാലറാം, സി കെ ചന്ദ്രപ്പന്‍, പികെവി അടക്കമുള്ള പ്രതിഭാധനരായ പാർലമെന്റേറിയന്മാരുടെ നീണ്ടനിരയെ കേരളത്തിലെ ഇടതുപക്ഷം മുന്‍കാലങ്ങളിൽ സംഭാവന ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പുകള്‍ അധികാരം കൈക്കലാക്കുന്നതിനുപരിയായി, പാർലമെന്ററി സംവിധാനത്തെ ജനകീയപങ്കാളിത്തത്തിന്റെയും സമത്വബോധത്തിന്റെയും തുറസാക്കി മാറ്റാനുള്ള ശക്തമായ ചുവടുവയ്പായിരുന്നു. അതുകൊണ്ടാണ് അംഗങ്ങളുടെ ബാഹുല്യം അവകാശപ്പെടാനില്ലെങ്കിലും, ഭൂമിക്കും മനുഷ്യാവകാശത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും അവസരസമത്വത്തിനും വേണ്ടി പാർലമെന്റിൽ ഏറ്റവുമധികം മുഴങ്ങിക്കേട്ട ശബ്ദം ഇടതുപക്ഷത്തിന്റേതാകുന്നത്. അതുകൊണ്ടാണ് മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള ഏറ്റവുമധികം സ്വകാര്യ ബില്ലുകളും, പ്രമേയങ്ങളും, ഇടപെടലുകളും ഒക്കെ ഇടതുപക്ഷ അംഗങ്ങളുടെ പേരിൽ രേഖപ്പെടുത്തപ്പെട്ടത്.

എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്. ഇതിനുത്തരം, ജാതി-മത‑ഭാഷാഭേദമന്യേ ദരിദ്രന്റെയും, തൊഴിലാളിയുടെയും, കർഷകന്റെയും സാധാരണ ജനങ്ങളുടെയും ശബ്ദമാകാനും, ന്യായമായ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനും, ഭരണഘടനാ ധാർമ്മികതയും, ഫെഡറൽ മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനും ഉള്ള ഇച്ഛാശക്തി മറ്റേത് പാർട്ടിയെക്കാളും പ്രകടമാക്കുന്നത് ഇടതുപക്ഷമാണ് എന്ന വസ്തുതയാണ്. വിവിധ ജാതി-മത‑ഭാഷാ സംസ്കൃതികളുടെ സമന്വയത്തിൽ അധിഷ്ഠിതമായ ഒന്നാണ് ഇന്ത്യ എന്ന ആശയം. ‘വി ദ പീപ്പിള്‍’ എന്നാണ് ഭരണഘടനയുടെ ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സമത്വം, നീതി, മതനിരപേക്ഷത, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയവ വെറും വാക്കുകളല്ല, മറിച്ച്, ഓരോ ഇന്ത്യക്കാരന്റെയും മനസിൽ അനുനിമിഷം തുടിക്കേണ്ട സചേതന സാന്നിധ്യമാണ്. ജനാധിപത്യം എന്ന സങ്കല്പം, വളർന്നു വികസിച്ച് ജനങ്ങളിലേക്ക് അധികാരത്തിന്റെ അവസാന കണികയും പകർന്നു നല്‍കണം എന്നാണ് ഇടതുപക്ഷം വിശ്വസിക്കുന്നത്. അതുകൊണ്ടാണ് പഞ്ചായത്തിരാജും, ജനകീയാസൂത്രണവും, ഗ്രാമസഭകളും കേരളത്തിൽ മാത്രം ലക്ഷ്യം നേടിയത്. ഗുണനിലവാരമുള്ള പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യവികസനത്തിനും പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ‑വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ ഫണ്ട് അനുവദിക്കുക വഴി എല്ലാവർക്കും പ്രാപ്യമായ ആരോഗ്യ‑വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കണമെന്നും ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തത മൂലം ഒരാള്‍ക്കും ജീവൻ നഷ്ടപ്പെടരുതെന്നും ഇടതുപക്ഷം വിശ്വസിക്കുന്നു.

 


ഇതുകൂടി വായിക്കൂ: ഇവിഎം സുതാര്യത ഉറപ്പുവരുത്തണം


കഴിഞ്ഞ രണ്ടു ദശാബ്ദത്തിലധികമായുള്ള ആഗോളവൽക്കരണനയങ്ങൾ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തിക അസമത്വവും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവും വർധിപ്പിക്കാൻ ഇടയാക്കി. രാജ്യത്തിന്റെ വിഭവ സമാഹരണം വർധിപ്പിച്ചുകൊണ്ടും, അതിസമ്പന്നരുടെ ഉയർന്ന സമ്പത്തിന് മുകളിൽ നികുതി ചുമത്തിക്കൊണ്ടും, കോർപറേറ്റ് നികുതി വർധിപ്പിച്ചുകൊണ്ടും, ഈ വിടവ് ഇല്ലാതാക്കാനാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്. സമ്പത്തിന്റെ തുല്യമായ വിതരണത്തിലൂടെയും, ഭൂരഹിതർക്ക് ഭൂമി നല്‍കുന്നതിലൂടെയും, സാമൂഹ്യ നീതി ഉറപ്പ് വരുത്തുന്നതിലൂടെയും അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയുമെന്നും ഉറപ്പുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധി അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തിക്കൊണ്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും, സ്വകാര്യമേഖലയിൽ സംവരണം നടപ്പിലാക്കാനും ലക്ഷ്യമിടുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ചുരുങ്ങിയ വേതനം 700 രൂപയാക്കാനും, ഒരു വര്‍ഷം 200 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനും, നഗരങ്ങളിലെ തൊഴിൽ രഹിതർക്ക് വേണ്ടി ‘ഭഗത് സിങ് നഗര തൊഴിലുറപ്പ് പദ്ധതി അഥവാ ‘ബനേഗാ‘യും നടപ്പിലാക്കാന്‍ ശ്രമിക്കും.
എല്ലാ അസംഘടിത തൊഴിലാളികൾക്കും സാമൂഹ്യസുരക്ഷ ഉറപ്പ് വരുത്താനും, ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, തൊഴിൽരംഗത്തെ ചൂഷണം ഒഴിവാക്കാനും, 15-ാം ലേബർ കമ്മിഷന്‍ ശുപാർശ അനുസരിച്ചുള്ള കുറഞ്ഞകൂലി ഉറപ്പുവരുത്താനും, അഗ്നിപഥ് പോലുള്ള അപ്രായോഗികവും, ദേശസുരക്ഷയ്ക്ക് ഭീഷണിയുമായ പദ്ധതികൾ ഒഴിവാക്കാനും ഉള്ള നിയമനിർമ്മാണം നടത്താനും സമ്മര്‍ദം ചെലുത്താന്‍ ഇടതുപക്ഷത്തിനേ കഴിയൂ. കാർഷികരംഗത്ത് സ്വാമിനാഥൻ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാനും, താങ്ങുവില അടക്കമുള്ള കർഷകരുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാനും, വന്യജീവി ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനും ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. വനിതാസംവരണബില്ല് ഏറ്റവും അടുത്ത ഘട്ടത്തിൽ തന്നെ പ്രയോഗത്തിൽ വരുത്തുന്നതിനും മുതിർന്ന പൗരന്മാർക്ക് മാന്യമായി ജീവിക്കാനുള്ള അവകാശവും സൗകര്യങ്ങളും ഉറപ്പ് വരുത്തുകയും, യാത്രാ സൗജന്യം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനും മുന്‍കയ്യെടുക്കും. പഴയ പെൻഷൻ പദ്ധതി തിരികെക്കൊണ്ടുവരും എന്ന് സിപിഐ പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കുന്നുണ്ട്.
ദേശീയ വിഭവങ്ങൾ സംസ്ഥാനങ്ങൾക്കിടയിൽ തുല്യമായി പങ്കിടണം. അത് ഭരണഘടനാപരമായ ബാധ്യതയാണ്. ധനകാര്യക്കമ്മിഷന്റെ പ്രവർത്തനവും, ജിഎസ്ടി വിതരണവും നീതിയുക്തമാക്കണം. പൗരത്വത്തെ മതത്തിന്റെ പേരിൽ നിർണയിക്കുന്ന ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം, അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും എതിരുനിൽക്കുന്ന ജനാധിപത്യവിരുദ്ധ കരിനിയമങ്ങള്‍ എന്നിവ പിൻവലിക്കാനും പാര്‍ട്ടിയും ഇടതുപക്ഷവും മുന്നിലുണ്ടാകും. തെരഞ്ഞെടുപ്പ് രംഗത്തെ നീതിപൂർവകമാക്കാനും, പണാധിപത്യം അവസാനിപ്പിക്കാനും വേണ്ടിയുള്ള നിയമനിർമ്മാണവും തെരഞ്ഞെടുപ്പ് ഫണ്ടിങ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാക്കാനുമാണ് സിപിഐ വര്‍ഷങ്ങളായി ശ്രമിക്കുന്നത്.
ഭൂപരിഷ്കരണം മുതൽ കേരളത്തിൽ ഇടതുപക്ഷ സർക്കാരുകൾ നടത്തിയ ധാരാളം ജനപ്രിയ പരിപാടികളുണ്ട്. കേരളമോഡലിന് ഭദ്രമായ അടിത്തറയിട്ട അച്യുതമേനോൻ സർക്കാർ മുതൽ ജനകീയാസൂത്രണവും, കുടുംബശ്രീയും അടക്കമുള്ള വിസ്മയകരമായ നിരവധി ജനക്ഷേമപരിപാടികൾക്ക് ഇടതുപക്ഷ സർക്കാരുകൾ തുടക്കമിട്ടിരുന്നു. കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ രംഗങ്ങളില്‍ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ വന്ന മാറ്റം ജനങ്ങൾ നേരിട്ട് മനസിലാക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും നന്നായി ഓൺലൈൻ ക്ലാസുകൾ നടത്താനും, ഹൈടെക് സ്കൂളുകൾ ഗ്രാമങ്ങളിൽ വരെ എത്തിക്കാനും, പൊതുവിതരണസംവിധാനം ഏറ്റവും കാര്യക്ഷമമായി ദുരന്തകാലത്ത് പോലും നടത്താനും, കൃഷിയിൽ സ്വയംപര്യാപ്തത നടപ്പിലാക്കാനും കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആരോഗ്യശൃംഖലയെ ആധുനികവൽക്കരിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഈ പൊതുജനാരോഗ്യ സംവിധാനം വലിയ പങ്കാണ് വഹിച്ചത്.
കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇപ്പോൾ ചെയ്യുന്നത് നിയോ-ലിബറൽ സാമ്പത്തികവ്യവസ്ഥയുടെ പരിമിതികളിൽ നിന്നുകൊണ്ട് തന്നെ സാധ്യമായ എല്ലാ രീതിയിലും ജനപക്ഷനയങ്ങൾ നടപ്പാക്കുകയും, പൊതുമേഖലയെ ശക്തിപ്പെടുത്തുകയും പാവപ്പെട്ട ജനങ്ങൾക്ക് കൈത്താങ്ങും കരുതലുമായി ഒപ്പം നിൽക്കുകയുമാണ്. മുഴുവൻ മനുഷ്യരെയും ഒരുപോലെ പരിഗണിക്കുന്നതും അതേസമയം വരുംതലമുറയുടെ അനന്തമായ ആഗ്രഹങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു മാതൃകയാണ് ഇവിടെ വികസിച്ചു വരുന്നത്. ഈ സമീപനത്തിന്റെ കരുത്ത് മലയാളികളുടെ ജനകീയശക്തിയും സാമൂഹികതയുമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി, ധ്രുവീകരണ-അപരവല്‍ക്കൃത നയങ്ങൾക്ക് കീഴടക്കാൻ കഴിയാത്തവിധം തലയുയർത്തി നിൽക്കുന്ന മതേതര‑നൈതിക ബോധത്തിന്റെ ഒരു തുരുത്തായി കേരളത്തെ മാറ്റാൻ ഇടതുപക്ഷസർക്കാരിനു കഴിഞ്ഞു.
ആഗോളതലത്തിലും ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളും നടത്തിയ പഠനങ്ങളില്‍ ഏറ്റവും മികവ് കാട്ടിയ സംസ്ഥാനങ്ങളിൽ ഒന്നായി കേരളം എഴുപതുകൾ മുതൽ ഒന്നാം സ്ഥാനം നിലനിർത്തുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരവ്യവസ്ഥ, ദരിദ്രർക്കുള്ള സാമൂഹ്യ‑സുരക്ഷ തുടങ്ങിയ മേഖലകളിലൊക്കെ കേരളത്തിന്റെ നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനു കിടപിടിക്കുന്നതായി. ചുരുക്കിപ്പറഞ്ഞാൽ, വളരെ കുറഞ്ഞ പ്രതിശീർഷ വരുമാനം നിലനിൽക്കുമ്പോഴും, സാമൂഹ്യ മേഖലയിൽ വളരെയധികം പുരോഗമനം കൈവരിച്ച അസാധാരണമായ ഒരു വികസന ചരിത്രം നമ്മൾ പിൻപറ്റുന്നു. എങ്കിലും കേരളം നേടിയ എല്ലാ പുരോഗതിയും നിഷ്പ്രഭമാക്കാൻ ശേഷിയുള്ള ഒരു പ്രതിലോമധാരകൂടി സമാന്തരമായി ഇവിടെ വളർന്നുവരുന്നുണ്ട്. അതുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ് കേവലം വോട്ടവകാശം വിനിയോഗിക്കൽ മാത്രമല്ലെന്നും നമുക്ക് സാധ്യമാകുന്ന ഏറ്റവും ശക്തമായ പ്രതിരോധപ്രവർത്തനം കൂടിയാണെന്നും ഓരോ മലയാളിയെയും ബോധ്യപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടുന്ന വിജയം നിർണയിക്കുന്നത് ഇതുവരെ ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിനുണ്ടായിരുന്ന സവിശേഷമായ ‘അനന്യത’ കൈവിട്ടുപോകില്ലെന്ന വലിയൊരു സന്ദേശം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.