17 June 2024, Monday

ജനവിധിയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തങ്ങളും

ഡി രാജ
May 26, 2024 4:55 am

സ്വതന്ത്ര ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക്കായാണ് അതിന്റെ പ്രയാണമാരംഭിച്ചത്. വിശാലവും മതപരമായ വൈവിധ്യങ്ങളും കുറഞ്ഞ വരുമാനവുമുള്ള കൂടുതൽ ജനങ്ങളുമുള്ള ഈ രാജ്യത്ത് പ്രാതിനിധ്യ ജനാധിപത്യം നിലനിൽക്കില്ലെന്ന ആശങ്ക പലരും പ്രകടിപ്പിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ ഈ സംശയങ്ങൾ ഉന്നയിക്കുമ്പോൾതന്നെ, നമ്മുടെ രാജ്യത്തെ ചില സംഘങ്ങൾ പ്രാതിനിധ്യ പാർലമെന്ററി ജനാധിപത്യ സംവിധാനത്തെക്കുറിച്ച് സംശയിക്കുകയും ഭൂരിപക്ഷ മതം ഔദ്യോഗിക മതവും മറ്റെല്ലാ പൗരന്മാർക്കും രണ്ടാംതരക്കാരെന്ന പദവിയുമുള്ള ഒരു പൗരോഹിത്യ രാഷ്ട്രം ആഗ്രഹിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) നേതൃത്വത്തിലുള്ള ഈ വിഭാഗങ്ങൾ നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ആദ്യദിവസം മുതൽ അവഹേളിക്കുകയും ചെയ്തിരുന്നു. ഈ ശക്തികൾ അധികാരം പിടിച്ചെടുക്കുകയാണെങ്കിൽ, അവരുടെ ആദ്യ ലക്ഷ്യം ഭരണഘടനയും അതിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളും നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകവും ആയിരിക്കുമെന്നത് സ്പഷ്ടമായിരുന്നു. കഴിഞ്ഞ 10 വർഷത്തെ ആർഎസ്എസ്-ബിജെപി ദുർഭരണത്തിൽ, നമ്മുടെ ഭരണഘടനാ ചട്ടക്കൂട് അനിതരസാധാരണമായ സമ്മർദത്തിന് വിധേയമായതിലൂടെ അതാണ് വ്യക്തമാകുന്നത്. പൗരത്വ (ഭേദഗതി) നിയമത്തിലൂടെ നമ്മുടെ സ്വത്വബോധത്തെ ലക്ഷ്യം വയ്ക്കുകയും സമ്മിശ്ര ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്ത ശേഷം, ഭരണഘടനാപരമായവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പരമാധികാരത്തെ തകർക്കുന്നതിനാണ് ബിജെപി മുന്നോട്ടുപോകുന്നത്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്യത്തിൽ ഇത് ഏറ്റവും പ്രകടമായിരിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുനേരെയുള്ള ബിജെപിയുടെ കടന്നാക്രമണം രൂക്ഷമായിരിക്കുന്നു. അവയാകട്ടെ തെരഞ്ഞെടുപ്പിന്റെ സമഗ്രതയെ ഒരു പരിധിവരെ ദുർബലപ്പെടുത്താൻ ലക്ഷ്യം വച്ചുള്ളതുമാണ്. 

ഇപ്പോൾ ഭരണഘടനാ വിരുദ്ധമാക്കപ്പെട്ട ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ അഴിമതി നിയമവിധേയമാക്കിയതിലൂടെയും തെരഞ്ഞെടുപ്പ് രംഗത്തേക്ക് കള്ളപ്പണം ഒഴുക്കിക്കൊണ്ടും ബിജെപി രാഷ്ട്രീയ മണ്ഡലത്തെ ജീർണിപ്പിക്കാനാണ് ശ്രമിച്ചത്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർബന്ധിത ആശയം അടുത്തതായി അവർ കൊണ്ടുവന്നു. പിന്നീട്, പ്രധാനമന്ത്രിക്ക് ആധിപത്യവും ഉദ്യോഗസ്ഥർക്ക് നിയന്ത്രണവുമുള്ള സമിതിക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, മറ്റ് കമ്മിഷണർമാർ എന്നിവരെ നിയമിക്കാനുള്ള അധികാരം നൽകുന്ന 2023ലെ സിഇസി ആന്റ് തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പിന്റെ സമഗ്രതയ്ക്കെതിരായ ഏറ്റവും ശക്തമായ കടന്നാക്രമണമുണ്ടായത്. “തെരഞ്ഞെടുപ്പിന്റെ മേൽനോട്ടവും നിയന്ത്രണവും നടത്തിപ്പും ഒരു തെരഞ്ഞെടുപ്പ് കമ്മിഷനി (ഇസിഐ) ൽ നിക്ഷിപ്തമാക്കും” എന്നാണ് ഭരണഘടനയുടെ 324-ാം അനുച്ഛേദം പറയുന്നത്. അനുച്ഛേദം 324 വഴി, ഇന്ത്യൻ ഭരണഘടനയിൽ നിന്ന് നേരിട്ട് അധികാരം ലഭിക്കുന്ന, ശക്തവും സ്വതന്ത്രവും സുസ്ഥിരവുമായ ഒരു സംവിധാനമായാണ് ഇസിഐയെ വിഭാവനം ചെയ്തിരിക്കുന്നത് എന്നർത്ഥം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഇസിഐക്ക് വിപുലമായ ഉത്തരവാദിത്തങ്ങളും അധികാരങ്ങളും ഭരണഘടനാപരമായി നിക്ഷിപ്തമാണ് എന്നും ഇതിൽ നിന്ന് വ്യക്തമാണ്. 

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഇസിഐയുടെ അധികാരത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നതിന്റെ ഉദാഹരണമായിരുന്നു 2017ൽ തമിഴ്‌നാട്ടിലെ ആർകെ നഗർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി. 2017ൽ ആർകെ നഗർ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ പണാധിപത്യം തെരഞ്ഞെടുപ്പ് പ്രക്രിയയെ ഗുരുതരമായി ദുഷിപ്പിക്കുന്നു എന്ന് കണ്ട ഇസിഐ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും തങ്ങളുടെ അധികാരത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ ബിജെപിയുടെ നേതാക്കൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനങ്ങൾ നടത്തുന്നത് കണ്ടിട്ടും അതേ തെരഞ്ഞെടുപ്പ് കമ്മിഷൻ പതിവായി അവഗണിക്കുകയും പല്ല് കൊഴിഞ്ഞ സിംഹത്തെപ്പോലെ പെരുമാറുകയും ചെയ്യുന്നത് നിരാശാജനകമാണ്. ബിജെപിയും പ്രധാനമന്ത്രിയും രാമക്ഷേത്ര വിഷയം ആവർത്തിച്ച് ഉന്നയിച്ചാണ് പ്രചരണം ആരംഭിച്ചതെങ്കിലും ഇസിഐ അത് ഗൗനിച്ചില്ല. എങ്കിലും ജനങ്ങള്‍ തങ്ങളുടെ ഉപജീവനമാർഗമായ തൊഴിൽ, വിലക്കയറ്റം, 10 വർഷത്തെ ബിജെപി ദുർഭരണം തുടങ്ങിയ വിഷയങ്ങൾക്കാണ് മുൻഗണന നൽകിയത്. രാമക്ഷേത്ര വിഷയത്തിൽ അഭിരമിക്കാനുള്ള ജനങ്ങളുടെ വിസമ്മതം ബിജെപിയെയും മോഡിയെയും അങ്ങേയറ്റം നിരാശരാക്കുകയും അവർക്കറിയാവുന്ന ഒരേയൊരു കുതന്ത്രമായ ധ്രുവീകരണം അവലംബിക്കുകയും ചെയ്തു. ഒറ്റരാത്രികൊണ്ട് മോഡിയുടെ ഗ്യാരന്റികളും വികസിത് ഭാരത് വാചാടോപങ്ങളും ഉപേക്ഷിച്ച ബിജെപി വിദ്വേഷവും ഭിന്നിപ്പും വളർത്താൻ തുടങ്ങി. പ്രധാനമന്ത്രി ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ നടത്തുകയും പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാൽ മുസ്ലിങ്ങൾക്ക് സമ്പത്ത് വീതിച്ച് നൽകുമെന്ന് അടിസ്ഥാനരഹിതമായി പ്രസംഗിക്കുകയും ചെയ്തു. 

ഈ മാരകമായ പരാമർശങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയെ മലീമസമാക്കുകയും ചെയ്യുന്നു. വർഗീയ വികാരം ഇളക്കിവിടാൻ പ്രധാനമന്ത്രി തന്നെ ശ്രമിച്ചതിന് ശേഷം, 2024 ഏപ്രിൽ 23 ന് മാതൃകാ പെരുമാറ്റച്ചട്ട (എംസിസി) ലംഘനത്തിന് നരേന്ദ്രമോഡിക്കും ബിജെപിക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു. എന്നാൽ പ്രകോപനപരമായ പരാമർശം നടത്തിയ നരേന്ദ്രമോ‍ഡിക്കല്ല, മറിച്ച് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയ്ക്കാണ് ഇസിഐ നോട്ടീസ് അയച്ചത്. പ്രസംഗങ്ങളിൽ ഉന്നതമായ നിലവാരം പുലർത്തുവാനും മാതൃകാ പെരുമാറ്റച്ചട്ടം വാക്കിലും പ്രവർത്തിയിലും പിന്തുടരാനും എല്ലാ താരപ്രചാരകരോടും നിർദേശിക്കണമെന്നും ഇസിഐ കത്തിൽ ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ, ഇത്തരം നോട്ടീസുകളും താക്കീതുകളും പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്ക് നേരിട്ടാണ് നൽകിയിരുന്നത്. എന്നാൽ എംസിസി ലംഘിച്ചത് പ്രധാനമന്ത്രിയാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും മോഡിക്ക് നേരിട്ട് നോട്ടീസ് അയക്കുന്നതിൽ നിന്ന് ഇസിഐ ഒഴിഞ്ഞുമാറി. എന്റെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും പരാതികളിൽ പ്രധാനമന്ത്രി നടത്തിയ ചട്ടലംഘനങ്ങൾ വ്യക്തമായി സൂചിപ്പിച്ചിരുന്നതുമാണ്. 

കൂടാതെ, കാര്യങ്ങൾ സന്തുലിതമാണെന്ന് വരുത്തുന്നതിന്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കും സമാനമായ ഒരു നോട്ടീസ് നൽകി. പ്രധാനമന്ത്രി നടത്തിയ വളരെ വിവാദപരമായ പ്രസംഗം ടെലിവിഷനുകളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. ശക്തമായ നടപടി ആവശ്യമായ ഘട്ടത്തിൽ ഇസിഐ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തെ നഗ്നമായ നുണകളും അസത്യങ്ങളും വളച്ചൊടിക്കലുകളും പ്രചരിപ്പിച്ച് കൂടുതൽ വർഗീയവൽക്കരിക്കാനുള്ള അവസരമായി പ്രധാനമന്ത്രി മോഡിയും ബിജെപിയും ഉപയോഗിച്ചു.
സൂറത്തിൽ, എല്ലാ പ്രതിപക്ഷ സ്ഥാനാർത്ഥികളു‍ടെയും നാമനിർദേശ പത്രിക പിൻവലിക്കപ്പെടുകയും ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇൻഡോറിലും ഖജുരാഹോയിലും സമാനമായ ശ്രമങ്ങൾ നടന്നു. രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാർട്ടികളുടെയും സ്വതന്ത്രരുമായ സ്ഥാനാർത്ഥികൾ ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ സമീപനങ്ങളെക്കുറിച്ച് ആരോപണമുന്നയിച്ചെങ്കിലും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഇതെല്ലാം സ്ഥാപനപരമായ ജീർണതയുടെ ലക്ഷണങ്ങളാണ്. ജനങ്ങൾക്കുമേൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി, രാഷ്ട്രം കയ്യടക്കണമെന്ന ആർഎസ്എസിന്റെയും ബിജെപിയുടെയും ആഗ്രഹത്തിന്റെ പ്രതിഫലനവും ഇതിന് പിന്നിലുണ്ട്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ നമ്മുടെ ഭരണഘടനയോടും അതിന്റെ മൂല്യങ്ങളോടും പാർലമെന്ററി ജനാധിപത്യത്തോടുമുള്ള ആർഎസ്എസിന്റെ അവഹേളനം ഇപ്പോൾ പരസ്യമായിരിക്കുന്നു. ആർഎസ്എസ് പോലുള്ള ജനാധിപത്യ വിരുദ്ധ സംഘടനകളുടെ എല്ലാ ആശങ്കകളും വെല്ലുവിളികളും ഭീഷണികളും ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ ജനാധിപത്യം നിലനിന്നതും അഭിവൃദ്ധി പ്രാപിച്ചതും ജനപ്രാതിനിധ്യത്തിലും മതേതര ജനാധിപത്യത്തിലും നമ്മുടെ സ്ഥാപനങ്ങളുടെ പ്രതിബദ്ധതയിലും ജനങ്ങൾക്കുള്ള വിശ്വാസം കൊണ്ടാണ്. ഒരു ജനാധിപത്യ രാജ്യമായി നമുക്ക് നിലനിൽക്കണമെങ്കിൽ ഇവ രണ്ടും നിർണായകവുമാണ്. നമ്മുടെ ഭരണഘടന, ജനാധിപത്യം, സ്ഥാപനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ജനങ്ങൾ സ്വതന്ത്രമായ രീതിയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് അത്യന്താപേക്ഷിതവുമാണ്. 

പക്ഷേ ഇസിഐയുടെ വിട്ടുവീഴ്ചാ നിലപാട് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയയായ പൊതുതെരഞ്ഞെടുപ്പിനെ ബാധിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളാൽ നിർമ്മിച്ച നമ്മുടെ രാജ്യത്തിന്റെ ഘടന നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക സർക്കാരിന്റെ ബാധ്യതയാണ്. സമത്വം, മതേതരത്വം, ക്ഷേമപ്രവർത്തനം, ഫെഡറലിസം, സാമൂഹിക നീതി തുടങ്ങിയ പ്രധാന ആശയങ്ങൾ എല്ലാ ജനങ്ങളുടെയും പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ നിർണായക സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും അനിവാര്യമാണ്. സ്വതന്ത്രവും നീതിയുക്തവുമായ സമ്മതിദാനാവകാശ വിനിയോഗം നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയുമാണ്. ഭരണഘടന നൽകുന്ന പ്രസ്തുത അവകാശം ഉറപ്പാക്കാനുള്ള ഉപകരണമാണ് ഇസിഐ. നമുക്ക് ചുറ്റും സ്ഥാപനപരമായ അപചയം കാണുമ്പോൾ, തങ്ങളെ നിയമിക്കുന്ന സർക്കാരിന് വേണ്ടിയല്ല ഭരണഘടന നൽകുന്ന അധികാരമനുസരിച്ചാണ് ഇസിഐ ജനങ്ങളെ സേവിക്കേണ്ടതെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.