18 November 2024, Monday
KSFE Galaxy Chits Banner 2

മണിപ്പൂർ നല്‍കുന്ന വലിയ പാഠം

അബ്ദുൾ ഗഫൂർ
May 7, 2023 4:00 am

സംഗീത ബറുവ ദ വയറിലെഴുതിയ ലേഖനത്തിൽ പറയുന്നത്: എല്ലായ്പോഴുമെന്നതുപോലെ തെറ്റായ കാരണത്താൽ മണിപ്പൂർ വീണ്ടും ദേശീയ ശ്രദ്ധ നേടിയിരിക്കുന്നു എന്നാണ്.
സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് സൈന്യവും കേന്ദ്ര സർക്കാരും അവകാശപ്പെടുന്നുവെങ്കിലും വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂർ ഇപ്പോഴും പൂർണ സമാധാനത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ദേശീയ ബോധവും ദേശാഭിമാനവും മതവികാരങ്ങളും ഇക്കിളിപ്പെടുത്തി മാത്രമല്ല വിഘടന വാദത്തെയും സാമുദായിക വിഭജനത്തെയും ദുരുപയോഗിച്ചും സാമൂഹ്യമായ വിടവുകളിൽ നുഴഞ്ഞുകയറിയും ബിജെപി അധികാരം പിടിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിന്റെ മനോഹരമായ ഉദാഹരണമാണ് മണിപ്പൂർ. അവര്‍ സൃഷ്ടിച്ച മുറിപ്പാടുകളിലാണിപ്പോള്‍ ചോരപൊടിയുന്നത്.
ഗുജറാത്തിലെ വിഭജന — വിദ്വേഷ- കലാപ രാഷ്ട്രീയ കുതന്ത്രങ്ങളുടെ അനുഭവജ്ഞാനവുമായി അതേ കലാപരിപാടികൾ ദേശീയതലത്തിൽ അവതരിപ്പിച്ച് 2014ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരത്തിലെത്തി. ഗുജറാത്തിലെ പരീക്ഷണശാലകളിൽ വിജയം കണ്ട രാഷ്ട്രീയ കുതന്ത്രങ്ങൾ മറ്റ് പല സംസ്ഥാനങ്ങളിലും രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കി. അതിൽ പ്രധാനപ്പെട്ടതായിരുന്നു വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേകത അവ ഇന്ത്യയുടെ ഭാഗവും വിവിധ സംസ്ഥാനങ്ങളുമായി നിലനില്‍ക്കുമ്പോഴും ഒട്ടനവധി വേറിട്ടു നില്‍ക്കലുകൾ ഉണ്ടായിരുന്നു എന്നതാണ്.


ഇത് കൂടി വായിക്കൂ ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


മണിപ്പൂരിന്റെ കാര്യം മാത്രമെടുക്കുക. മലയോരവും താഴ്‌വാരവുമായി രണ്ട് ഭൂപ്രദേശങ്ങളുടെ സംയോജനം മാത്രമായിരുന്നില്ല പ്രസ്തുത സംസ്ഥാനം. പരസ്പരം അനവധി വൈരുധ്യങ്ങൾ നിലവിലുള്ള സമുദായങ്ങളുടെ സംയോജനം കൂടിയായിരുന്നു. അതിന്റെ സംഘർഷങ്ങൾ പലതവണ ഉണ്ടാവുകയും ചെയ്തു. മലപ്രദേശങ്ങളിൽ അധിവസിക്കുന്ന ഗോത്ര വിഭാഗമായ കുക്കികളുടെ പേരിൽ തീവ്ര സംഘടനകൾവരെ രൂപപ്പെട്ടു.
2014ൽ കേന്ദ്രത്തിൽ അധികാരലബ്ധിയുണ്ടായതോടെ മണിപ്പൂരിന്റെ സങ്കീർണമായ രാഷ്ട്രീയ — സാമൂഹ്യ സാഹചര്യങ്ങളെ നന്നായി പഠിച്ച ബിജെപിയുടെ അക്കാദമിക വിദഗ്ധർ അവിടെയുള്ള വിടവുകളിലേക്ക് നുഴഞ്ഞുകയറുന്നതിനുള്ള കുതന്ത്രങ്ങൾ മെനഞ്ഞു. ഗോത്ര വിഭാഗമായ കുക്കി — സോമികളെക്കാൾ ഹിന്ദു വിശ്വാസങ്ങൾ പിന്തുടരുന്ന മെയ്തികൾ അവർക്ക് പ്രിയപ്പെട്ടവരായി. അതേസമയം കുക്കികൾക്കെതിരെയോ മെയ്തികൾക്കനുകൂലമായോ പരസ്യമായ നിലപാടെടുക്കുകയും ചെയ്തില്ല. അത്തരത്തിൽ ഒരു കുറുക്കൻ തന്ത്രമാണ് മണിപ്പൂരിൽ വേരാഴ്ത്തിപ്പടരാൻ ബിജെപി സ്വീകരിച്ചത്. ആ പരീക്ഷണം വളരെ പെട്ടെന്ന് ഫലം കണ്ടു.
2012ൽ ഒരു സീറ്റുപോലുമുണ്ടാകാതിരുന്ന ബിജെപി 2017ലെ തെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ നേടിയത് 21 സീറ്റുകൾ. ഇതിൽ 16 എണ്ണവും മെയ്തി വിഭാഗത്തിന് മേൽക്കോയ്മയുള്ള പ്രദേശങ്ങളിൽ നിന്നായിരുന്നു. ബിജെപി ഒരു സീറ്റു പോലും ജയിക്കാതിരുന്ന തെരഞ്ഞെടുപ്പ് നടന്ന 2012 മുതലാണ് പട്ടികവർഗ പദവി വേണമെന്നാവശ്യപ്പെട്ടുള്ള മെയ്തി വിഭാഗത്തിന്റെ രംഗപ്രവേശമെന്നതും ഇതിനോട് ചേർത്തു വായിക്കണം. ഈ ആവശ്യമുന്നയിച്ച് മെയ്തി വിഭാഗം ഹൈക്കോടതിയെ സമീപിക്കുന്നത് 2013ലായിരുന്നു.


ഇത് കൂടി വായിക്കൂ യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം


സംസ്ഥാന ജനസംഖ്യയിലെ 55 ശതമാനത്തിലധികം (2021ലെ സെൻസസ് നടന്നിട്ടില്ലാത്തതിനാൽ യഥാർത്ഥ കണക്ക് ലഭ്യമായിട്ടില്ല. 60 ശതമാനമെന്നും പറയപ്പെടുന്നുണ്ട്. ) വരുന്നതാണ് സമതല പ്രദേശങ്ങളിൽ അധിവസിക്കുന്ന ഈ വിഭാഗം. മാത്രവുമല്ല നാളതുവരെ പട്ടികവർഗ പരിഗണന വേണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നതുമില്ല. സ്വാതന്ത്ര്യത്തിന്റെ 60 സംവത്സരങ്ങൾക്കു ശേഷമായിരുന്നു (ബിജെപി മണിപ്പൂരിൽ കണ്ണുവച്ചതിനുശേഷമായിരുന്നു) ഈ ആവശ്യമുന്നയിക്കപ്പെട്ടതെന്നത് യാദൃച്ഛികമാണെന്ന് കരുതുകയും വയ്യ.
2013ൽ തങ്ങളുടെ മുന്നിലെത്തിയ ഹർജി ഹൈക്കോടതി പരിഗണിച്ച് അഭിപ്രായം തേടി കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്കയച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തി. എന്നാൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ ഹൈക്കോടതിക്ക് മറുപടി നല്കിയില്ല. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി മണിപ്പൂരിലും അധികാരത്തിലെത്തി. അവരും മെയ്തികളുടെ ആവശ്യത്തോട് കോടതിക്ക് മറുപടി നല്കിയില്ല. അതേസമയം അവരുമായി രഹസ്യ ബാന്ധവം തുടരുകയും പ്രലോഭിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് 2022ലെത്തിയപ്പോൾ മെയ്തി മേഖലയിൽ നിന്ന് ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം 25 ആയി. ആകെ ലഭിച്ചത് 32 സീറ്റുകളായിരുന്നു.
ഏഴ് വർഷത്തെ ബിജെപി ഭരണത്തിനിടയിൽ മെയ്തികളുടെ അധിവാസ മേഖലകൾക്ക് കൂടുതൽ വികസന പദ്ധതികളും സർക്കാർ ധനസഹായവും ലഭിച്ചതും ബിരേണ്‍ സിങ് സർക്കാരിന്റെ പക്ഷപാതത്തിന്റെ തെളിവായാണ് കുക്കികൾ കണ്ടത്. കൂടാതെ കേന്ദ്ര‑സംസ്ഥാന ഭരണം നടത്തുന്ന ബിജെപി കേസിൽ തങ്ങൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കാതിരുന്നതും കുക്കികൾക്കിടയിലെ മെയ്തി ശത്രുത വർധിപ്പിച്ചു.
പ്രാദേശികമായ അസമത്വങ്ങളും ഇരുവിഭാഗങ്ങൾ തമ്മിലുള്ള അകൽച്ച കൂടുന്നതിന് കാരണമായി. ഔദ്യോഗികമായി 55 ശതമാനമുള്ള മെയ്തികൾ അധിവസിക്കുന്ന മേഖലയിൽ 40 നിയമസഭാംഗങ്ങളുള്ളപ്പോൾ അവശേഷിക്കുന്ന 45 ശതമാനം പേർ അധിവസിക്കുന്ന പത്തു ജില്ലകളിൽ നിന്നായുള്ളത് 20 അംഗങ്ങൾ മാത്രം. സംസ്ഥാന ഭൂപരിധിയുടെ 90 ശതമാനം ഉൾക്കൊള്ളുന്നതും ഈ ജില്ലകളാണെന്ന പ്രത്യേകതയുമുണ്ട്. പ്രത്യേക പദവികളും സംവിധാനങ്ങളും പങ്കുവയ്ക്കപ്പെടുമെന്നും ഭൂമി കയ്യേറപ്പെടുമെന്നും ആദിമ ഗോത്ര വിഭാഗങ്ങൾ ഭയക്കുന്നു. ഇതും കുക്കി — മെയ്തി വൈരുധ്യത്തിന് കാരണമായി.
ഹൈക്കോടതിയിൽ നിന്ന് ഏപ്രിൽ 18ന് മെയ്തി വിഭാഗത്തെ പട്ടിക വര്‍ഗമായി പരിഗണിക്കണമെന്ന നിർദേശമുണ്ടായപ്പോൾ അതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നല്കണമെന്ന ആവശ്യം മലയോര വികസന സമിതിയും വിവിധ സംഘടനകളും ഉന്നയിച്ചുവെങ്കിലും ബിജെപി സർക്കാർ അത് അവഗണിച്ചു. മാത്രമല്ല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലെന്ന പേരിൽ ക്രിസ്തീയ സ്ഥാപനങ്ങൾ തകർക്കുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഇത്തരത്തിൽ വിവിധ ജനവിഭാഗങ്ങൾക്കിടയിലെ സംഘർഷങ്ങൾ മുതലാക്കി അധികാരം പിടിക്കുന്നതിനുള്ള ബിജെപി കുതന്ത്രങ്ങളാണ് മണിപ്പൂരിലെ പ്രശ്നങ്ങൾ സങ്കീർണവും ഗുരുതരവുമാക്കിയത്.
വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രം ബ്രിട്ടീഷ് വാഴ്ചക്കാലത്ത് മണിപ്പൂർ ഭൂപ്രദേശങ്ങളിൽ നടപ്പിലായിരുന്നു. മെയ്തി രാജാക്കന്മാരെയും കുക്കി മൂപ്പന്മാരെയും ഭിന്നിപ്പിച്ചാണ് പ്രദേശത്തെ ബ്രിട്ടീഷുകാർ ചൂഷണം ചെയ്തത്. അതേ സമീപനം ഇപ്പോൾ ബിജെപിയും സ്വീകരിക്കുന്നു.


ഇത് കൂടി വായിക്കൂ ചരിത്രത്തിന് മുമ്പേ നടന്ന വ്യക്തിത്വം


വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം ഇതേ സാഹചര്യമാണ് നിലവിലുള്ളത്, ഇതേ നിലപാടുകളാണ് ബിജെപി സ്വീകരിച്ചിട്ടുള്ളതും. വിഘടന സംഘടനകളോട് മൃദു സമീപനങ്ങളെടുത്തും വിവിധ സമുദായങ്ങൾക്കിടയിലുള്ള വിടവുകളിൽ നുഴഞ്ഞു കയറിയുമാണ് അവർ അധികാരം പിടിച്ചെടുത്തിട്ടുള്ളത്. വംശവിദ്വേഷവും വംശീയമായ ഉന്മൂലനവും കുതന്ത്രങ്ങളായി ഇവിടെയെല്ലാം അവർ പരീക്ഷിക്കുന്നുണ്ട്. പരസ്യമായി അവർ നിഷ്പക്ഷരാകുകയും രഹസ്യമായി ചില വംശങ്ങളോട് പക്ഷം ചേരുകയും ചെയ്യുന്നു.
നാഗാലാൻഡിൽ നാഗാ വിഭാഗവും സിക്കിമിൽ ലെപ്ചാ വിഭാഗവും അസമിലും ത്രിപുരയിലും തദ്ദേശീയ ജനവിഭാഗങ്ങളും ഇതരരുമായി വൈരുധ്യങ്ങൾ നിലവിലുണ്ട്. ചിലപ്പോഴെല്ലാം സംഘർഷങ്ങളും സംഭവിച്ചു. വിഘടനവാദങ്ങളുമുയർന്നു. അതിനിടയിലേക്ക് കണ്ണുവച്ചെത്തിയാണ് ബിജെപി പലയിടങ്ങളിലും വേരാഴ്ത്തിയത്. അതുകൊണ്ടുതന്നെ മണിപ്പൂർ, മണിപ്പൂരിലവസാനിക്കണമെന്നില്ല. അത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചെന്നിരിക്കും. ഇത്തരമൊരന്തരീക്ഷത്തിൽ കരുതലോടെ ബിജെപിയെ ചെറുക്കുന്നില്ലെങ്കിൽ അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ത്യ വലിയ വില നല്കേണ്ടിവരുമെന്നതാണ് മണിപ്പൂർ നല്കുന്ന വലിയ പാഠം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.