22 May 2024, Wednesday

ആസന്നമായ ജലപ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണം

ഡോ. ഗ്യാന്‍ പഥക്
February 26, 2023 4:22 am

സാധാരണമായ ഉഷ്ണതരംഗമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. താപനില പലയിടങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുന്നു. 2023ലെ വേനല്‍ക്കാലത്ത് സംജാതമാകുവാന്‍ പോകുന്ന കടുത്ത ജലപ്രതിസന്ധിയെയാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു ഇത്തരമൊരു സാഹചര്യമുണ്ടായതെങ്കില്‍ ഇത്തവണ ഒരുമാസം നേരത്തെ എത്തിയിരിക്കുന്നു. സാങ്കേതികമായി ശൈത്യകാലത്തിന്റെ അവസാന മാസത്തിലാണ് ഉഷ്ണതരംഗം ഉണ്ടായിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും മാത്രമല്ല വന്യജീവികള്‍ക്കുപോലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള അടിയന്തര കര്‍മ്മപദ്ധതിക്ക് രൂപം നല്കേണ്ടതുണ്ട്. വരണ്ടുപോകുന്ന നദികളിലും ജലാശയങ്ങളിലും ജലലഭ്യത ഉറപ്പുവരുത്തുന്നതിലൂടെ വന്യജീവികള്‍ കുടിവെള്ളം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതും മനുഷ്യരെ ഉപദ്രവിക്കുന്നതും തടയാന്‍ സാധിക്കും.
ജലപ്രതിസന്ധി ഇന്ത്യയെ സംബന്ധിച്ച് പുതിയതല്ല, വര്‍ഷങ്ങളായി തുടരുന്ന പ്രവണതയാണ്. ഉപരിതല, ഭൂഗര്‍ഭ ജലസ്രോതസുകള്‍ വറ്റുകയോ വല്ലാതെ കുറയുകയോ ചെയ്യുന്നു. ഓരോ വര്‍ഷവും ഭൂഗര്‍ഭ ജലനിരപ്പ് താഴുകയും ചെയ്യുന്നു. ഇത് വേനല്‍ക്കാലങ്ങളില്‍ വളരെയധികം കഷ്ടപ്പാടുകളാണ് സൃഷ്ടിക്കുന്നത്. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ കുടിവെള്ള നിര്‍വഹണ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ ഫലപ്രാപ്തിയിലെത്തുന്നുള്ളൂ. വര്‍ഷകാലം ആരംഭിക്കുന്നതോടെ എല്ലാം മറക്കുകയും ചെയ്യുന്നു. ജീവന്‍, ഉപജീവന മാര്‍ഗം, ഭക്ഷ്യ സുരക്ഷ, സുസ്ഥിര വികസനം എന്നിവയുടെ അടിസ്ഥാനമാണ് ജലമെന്നിരിക്കെയാണ് ഈ നിലപാട്. രാജ്യത്ത് കൃഷിയുടെയും കുടിവെള്ളത്തിന്റെയും നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് ഭൂഗര്‍ഭ ജലസ്രോതസുകളാണ്. എന്നിരുന്നാലും ആവശ്യമായ കനാലുകളോ ജലസംഭരണികളോ ഇല്ലാത്തതിനാല്‍ മതിയായ അളവില്‍ വെള്ളമെത്തിക്കുന്നതിന് സാധിക്കാതെ പോകുകയാണ്. സര്‍ക്കാരുകളുടെ എല്ലാ വാഗ്ദാനങ്ങളും നിലവിലിരിക്കെത്തന്നെ രാജ്യത്ത് എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള പൈപ്പുകള്‍ ലഭ്യമായിട്ടില്ല. പൈപ്പുകള്‍ ഉള്ളിടത്താണെങ്കില്‍ ആവശ്യത്തിന് ജലലഭ്യതയുമില്ല. വിതരണം ചെയ്യുന്ന വെള്ളമാകട്ടെ ഗുണനിലവാരമില്ലാത്തതാണെന്ന് പല തവണയായി കണ്ടെത്തിയിട്ടുള്ളതുമാണ്. മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമായി നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരം പുലര്‍ത്തുന്നതിലും പരാജയമാണ്.

 


ഇതുകൂടി വായിക്കു;  ജലം തേടിപ്പോയ വേരുകൾ


ഭൂഗര്‍ഭ ജലത്തെയാണ് ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നതെങ്കിലും പല പ്രദേശങ്ങളിലും അതിന്റെ അളവില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ഭൂഗര്‍ഭ ജലസ്രോതസുകളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് വിവേകപൂര്‍ണവും സമഗ്രവുമായ ജലവിഭവ മാനേജ്മെന്റിന്റെ ആവശ്യകതയാണ്, ഈ സാഹചര്യം വ്യക്തമാക്കുന്നത്. ജലനിരപ്പ്, ഗുണനിലവാര നിരീക്ഷണം, വിഭവ വിലയിരുത്തല്‍, ഉപയോഗം, വിശകലനം എന്നിവയില്‍ ഊന്നിയുള്ള ശാസ്ത്രീയ സമീപനമാണ് ഭൂഗര്‍ഭ ജലസ്രോതസുകളുടെ മാനേജ്മെന്റിന്റെ ഭാഗമായി ആദ്യമുണ്ടാകേണ്ടത്. പ്രതിസന്ധി പരിഹാരം, വികസന തന്ത്രങ്ങള്‍ എന്നിവയും മാനേജ്മെന്റിന്റെ ഭാഗമായി വികസിപ്പിക്കണം. ഇത്തരം കാര്യങ്ങള്‍ ഓരോ വര്‍ഷവും സര്‍ക്കാരുകളില്‍ നിന്ന് നാം കേള്‍ക്കാറുണ്ടെങ്കിലും ജലപ്രതിസന്ധി കൂടുതല്‍ മോശമായ സാഹചര്യങ്ങളിലേക്കാണ് നീങ്ങുന്നത്.
സംസ്ഥാനങ്ങളില്‍ നിലവിലുള്ള അവസ്ഥയെ കുറിച്ച് ഇന്ത്യയിലെ ഭൂഗര്‍ഭ ജലസ്രോതസുകളുടെ വിവരങ്ങള്‍ 2022 എന്ന പഠനമാണ് നമുക്ക് മുന്നിലുള്ളത്. കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ്, സംസ്ഥാനതല ഭൂഗര്‍ഭജല വകുപ്പുകള്‍ എന്നിവ സംസ്ഥാനതല സമിതികളുടെ മാര്‍ഗനിര്‍ദേശാനുസരണം നടത്തിയ സര്‍വേ പ്രകാരമാണ് ഇത് തയ്യാറാക്കിയത്. ഒറ്റനോട്ടത്തില്‍ വളരെ നിരാശാജനകമായ ചിത്രമാണ് ഭൂഗര്‍ഭ ജലലഭ്യതയെക്കുറിച്ച് നല്കുന്നത്. ഓരോ വര്‍ഷവും 437.6 ബിസിഎം ജലമാണ് ഭൂഗര്‍ഭ സംഭരണികളില്‍ നിറയുന്നതെങ്കില്‍ അതില്‍ വേര്‍തിരിച്ചെടുക്കാവുന്ന 398.08 ബിസിഎമ്മില്‍ 239.16 ബിസിഎം മാത്രമേ ഉപയോഗിക്കാനാവുന്നുള്ളൂ. അതായത് മൊത്തം അളവിന്റെ 60 ശതമാനം. ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നതില്‍ രാജ്യം എത്രത്തോളം അകലെയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

ബ്ലോക്കുകള്‍, മണ്ഡലങ്ങള്‍, ഫര്‍ക്കകള്‍, താലൂക്കുകള്‍ തുടങ്ങിയ മൂല്യ നിര്‍ണയ യൂണിറ്റുകളുടെ വര്‍ഗീകരണത്തില്‍ 67 ശതമാനം മാത്രമാണ് സുരക്ഷിതമായിട്ടുള്ളത്. 12 ശതമാനം ഭാഗിക പ്രതിസന്ധി മേഖലയിലും നാലു ശതമാനം പ്രതിസന്ധി മേഖലയിലും ഉള്‍പ്പെടുന്നു. നാലുശതമാനം പ്രദേശങ്ങളില്‍ അമിത ജലചൂഷണം നടക്കുമ്പോള്‍ രണ്ടു ശതമാനം പ്രദേശങ്ങളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ജല പുനര്‍ലഭ്യതാ മേഖല കണക്കാക്കുമ്പോള്‍ 66 ശതമാനം സുരക്ഷിത മേഖലയും 12 ശതമാനം ഭാഗിക പ്രതിസന്ധി, മൂന്ന് ശതമാനം പ്രതിസന്ധി മേഖലകളുമാണ്. ഭൂഗര്‍ഭ സ്രോതസുകളില്‍ ജല പുനര്‍ലഭ്യത ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ലും 2021ലും കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഭൂഗര്‍ഭ ജലവിതാനം സംബന്ധിച്ച നിരീക്ഷണം നടത്താനായില്ല. എന്നിരുന്നാലും 2022ലെ മഴക്കാലപൂര്‍വ പരിശോധനയുടെ കണക്ക് പ്രകാരം രാജ്യത്തെ ഭൂഗര്‍ഭ ജലനിരപ്പ് അഞ്ചു മുതല്‍ പത്തുവരെ ദശലക്ഷം ബിസിഎല്‍ (ഭൂനിരപ്പില്‍ താഴെ) ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം, ആന്ധ്രാപ്രദേശ്, മേഘാലയ, കര്‍ണാടക, കേരളം, ഝാര്‍ഖണ്ഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഇത് രണ്ട് ബിസിഎല്ലില്‍ താഴെയാണ്. യുപിയുടെ വടക്കന്‍ മേഖല, ഒ‍ഡിഷയുടെ തീരങ്ങള്‍, ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരളം ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ടു മുതല്‍ അഞ്ചുവരെ ബിസിഎല്ലാണ് ഭൂഗര്‍ഭ ജലവിതാനം.

 


ഇതുകൂടി വായിക്കു; ഇന്ന് ലോക തണ്ണീര്‍ത്തടദിനം  


 

മഴവെളള സംഭരണം തന്നെയാണ് ഭൂഗര്‍ഭ സംഭരണിയില്‍ ജല പുനര്‍ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രധാന മാര്‍ഗം. 61 ശതമാനവും ഇതുവഴിയാണ് നടക്കുന്നത്. സ്ഥല വ്യതിയാനങ്ങളുണ്ടെങ്കിലും പ്രതിവര്‍ഷം ശരാശരി 119 സെന്റിമീറ്റര്‍ മഴ ലഭിക്കുന്ന രാജ്യമാണ് നമ്മുടേത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തെക്കു പടഞ്ഞാറന്‍ കാലവര്‍ഷത്തിലാണ് തമിഴ്‌നാട് ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും കനത്ത മഴ ലഭ്യമാകുന്നത്. തമിഴ്‌നാട്ടില്‍ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലെ വടക്കു കിഴക്കന്‍ വര്‍ഷത്തില്‍ കൂടുതല്‍ മഴ ലഭിക്കുന്നു. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി എല്ലാ കാലത്തും മഴ ലഭിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. ലഭ്യമാകുന്നതില്‍ 75 ശതമാനം മഴയും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് പെയ്യുന്നത്. 2020ലെ കണക്കനുസരിച്ച് ഭൂഗര്‍ഭജല വിതാനത്തില്‍ നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഉപയോഗത്തില്‍ നേരിയ കുറവു മാത്രമാണുണ്ടായതും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭൂഗര്‍ഭ സ്രോതസുകളില്‍ ജല പുനര്‍ലഭ്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതികളാണ് ജലക്ഷാമം പരിഹരിക്കുന്നതിനുള്ള ആദ്യപടിയായി ആവിഷ്കരിക്കേണ്ടത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൂടുതലായുള്ള നഗരപ്രദേശങ്ങളില്‍ പ്രത്യേകവും ഗ്രാമങ്ങള്‍ക്ക് മറ്റൊരു രീതിയിലുമുള്ള ജലവിഭവ മാനേജ്മെന്റ് പദ്ധതികള്‍ രൂപപ്പെടുത്തുകയും വേണം. 30 ശതമാനം മഴവെള്ളക്കൊയ്ത്താണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. അത് ഫലപ്രദമായാല്‍തന്നെ ഭൂഗര്‍ഭ ജലസ്രോതസുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നഗര‑ഗ്രാമ വ്യത്യാസമില്ലാതെ ജലലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുണ്ടാകേണ്ടത്.

അവലംബം: ഐപിഎ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.