22 November 2024, Friday
KSFE Galaxy Chits Banner 2

വിലക്കയറ്റവും കേരള സർക്കാരും

അഡ്വ. ജി ആര്‍ അനില്‍
(ഭക്ഷ്യ‑പൊതുവിതരണ മന്ത്രി)
November 10, 2022 4:55 am

സാമാന്യജനങ്ങളുടെ നിത്യോപയോഗവസ്തുക്കളുടെ വിലക്കയറ്റത്തെപ്പറ്റിയുള്ള ചർച്ചകളാൽ ശബ്ദമുഖരിതമാണ് നമ്മുടെ പൊതുമണ്ഡലം. ഇതില്‍ സർക്കാരിന്റെ നയങ്ങളോടും നടപടികളോടും സമ്മിശ്രമായ പ്രതികരണങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ ഏറ്റവും ആത്മാർത്ഥമായ ശ്രമം നടത്തുന്ന കേരളസർക്കാരിന് ക്രിയാത്മകമായ വിമർശനങ്ങളെയും നിർദ്ദേശങ്ങളെയും തുറന്ന മനസോടെ സമീപിക്കുന്നതിന് ഭയക്കേണ്ട കാര്യമേതുമില്ല. അതോടൊപ്പം തന്നെ ഈ പ്രശ്നത്തെ സംബന്ധിച്ച് രാജ്യത്തിന് പൊതുവിലും കേരളത്തിന് വിശേഷിച്ചും ബാധകമായ ചില പശ്ചാത്തലവസ്തുതകളെ വിസ്മരിച്ച് പോവാൻ കഴിയുകയുമില്ല. കേരളത്തിലെ പ്രതിപക്ഷവും വിലക്കയറ്റവിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ മുൻപിലുണ്ട്. കള്ളനെപ്പിടിക്കാനോടുന്ന നാട്ടുകാരുടെ മുൻപേ ‘പിടി പിടി’ എന്ന് പറഞ്ഞ് കള്ളനും ഓടുന്നതുപോലെയാണിത്. 1990കളിൽ ഉദാര‑സ്വകാര്യവല്ക്കരണ നയങ്ങളിലൂടെ നമ്മുടെ രാജ്യത്തെ പൂർണ തോതിലുള്ള വിപണി സമ്പദ്‌വ്യവസ്ഥയിലേക്ക് നയിച്ചത് കോൺഗ്രസ് സർക്കാരാണ്. ഇതര പൊതുമേഖലകളെ എന്നതുപോലെ പൊതു സംഭരണ‑വിതരണസംവിധാനങ്ങളെയും പടിപടിയായി ഇല്ലാതാക്കുന്നതിലേക്കാണ് ഇത് നയിച്ചത്. പിന്നീട് വന്ന ബിജെപി സർക്കാരുകൾ ഈ നടപടികൾ കൂടുതൽ തീവ്രമാക്കി. ജനക്ഷേമത്തിനായി സർക്കാരിന് വിപണിയിൽ ഇടപെടാനുള്ള അധികാരം നല്കാനാണ് ദേശീയവിമോചന സമരത്തിന്റെ പാരമ്പര്യമുൾക്കൊണ്ട ആദ്യകാലഭരണകർത്താക്കൾ 1955 ലെ അവശ്യവസ്തു നിയമം കൊണ്ടുവന്നത്.

അവരുടെ പിൻമുറക്കാർ ഈ നിയമത്തെ ദുർബലമാക്കുകയും അതിന്റെ പല്ലും നഖവും കൊഴിക്കുകയും ചെയ്തു. അവശ്യവസ്തുക്കൾ പൂഴ്ത്തിവച്ച് കരിഞ്ചന്തയിൽ വില്ക്കുന്നത് തടയുന്നതിനായി അവയുടെ സംഭരണവും വിതരണവും വിലയും നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസർക്കാർ സ്വയം കയ്യൊഴിയുകയും സംസ്ഥാന സർക്കാരുകൾക്ക് അവ നിഷേധിക്കുകയും ചെയ്തു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ സ്വകാര്യവല്ക്കരിക്കപ്പെടുകയാണ്. ഇതോടെ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ച് വയ്ക്കാൻ സർക്കാരിന് കഴിയാതാകും. സ്വകാര്യ മുതലാളിമാർക്ക് ഇഷ്ടം പോലെ സംഭരിക്കുകയോ സംഭരിക്കാതിരിക്കുകയോ ചെയ്യാം. വിപണിയിൽ ഇറക്കുകയോ കൊള്ളലാഭത്തിനായി പിടിച്ചുവയ്ക്കുകയോ ചെയ്യാം. 2013ൽ യുപിഎ സർക്കാർ എൻഎഫ്എസ്എ നിയമനത്തിലൂടെ സൗജന്യ റേഷൻ പരമദരിദ്രർക്കു മാത്രമായി പരിമിതപ്പെടുത്തി. അന്ത്യോദയ-അന്നയോജന (മഞ്ഞക്കാർഡ്), പ്രയോറിറ്റി ഹൗസ്ഹോൾഡ് (പിങ്ക് കാർഡ്) വിഭാഗങ്ങളൊഴികെ വരുന്നവർ മുൻഗണനേതര വിഭാഗമാണ്. ഇവർക്ക് നിയമപ്രകാരമുള്ള റേഷൻ ഇല്ല. 1990കളിൽ ഈ സാമ്പത്തിക നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും പുരോഗമനപ്രസ്ഥാനങ്ങളും ഉന്നയിച്ച വാദങ്ങളെല്ലാം രാജ്യം വിലക്കയറ്റത്തിന്റെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എടുത്തെറിയപ്പെടുന്ന ഇക്കാലത്ത് സാധൂകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

 


ഇതുകൂടി വായിക്കു; വിലക്കയറ്റത്തിന് പുതിയ കാരണം


 

രാജ്യത്തെ ഈ പൊതുസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി ചില സവിശേഷതകൾ കേരളത്തിനുണ്ട്. രാജ്യത്തിന് കോടിക്കണക്കിനു രൂപ നേടിത്തരുന്ന നാണ്യവിളകളിലേക്ക് തിരിഞ്ഞതിന്റെ ഫലമായി കേരളം ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനമായി വർഷങ്ങൾക്കു മുൻപേ രൂപപ്പെട്ടു. ഇക്കാര്യംകൂടി കണക്കിലെടുത്താണ് 1960കൾ മുതൽ സാർവത്രിക സ്റ്റാറ്റ്യൂട്ടറി റേഷനിങ് വരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ കേരളത്തിൽ അനുവദിച്ചത്. നിശ്ചിത അളവ് ഭക്ഷ്യധാന്യം ഇതുവഴി സൗജന്യ നിരക്കിൽ എല്ലാ മലയാളി കുടുംബങ്ങൾക്കും ഉറപ്പാക്കി. കോൺഗ്രസ്-ബിജെപി സർക്കാരുകൾ പൊതുവിതരണ സമ്പ്രദായത്തെ ഉദാരവല്കരണ നയങ്ങളുടെ ഭാഗമായി പൊളിച്ചെഴുതുകയും ലക്ഷ്യാധിഷ്ഠിത പൊതുവിതരണം (ടാര്‍ജെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍) ആരംഭിക്കുകയും ചെയ്തതോടെ സാർവത്രിക റേഷനിങ് അവസാനിച്ചു. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച വിഭാഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നതിലും പ്രതികാരമനോഭാവമാണ് കോൺഗ്രസ്-ബിജെപി സർക്കാരുകൾ കേരളത്തോട് കാണിച്ചത്. 57 ശതമാനം വരുന്ന മലയാളികൾ മുൻഗണനേതര വിഭാഗത്തിലാണ് വരിക. ഇവർക്ക് ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള സൗജന്യങ്ങൾക്ക് അർഹതയൊന്നുമില്ല. എങ്കിലും കേരളസർക്കാർ ഈ പൊതുവിഭാഗത്തെ നോൺപ്രയോറിറ്റി സബ്സിഡി (നീലക്കാർഡ്), നോൺപ്രയോറിറ്റി നോൺ സബ്സിഡി (വെള്ളക്കാർഡ്) വിഭാഗങ്ങളായി തിരിച്ച് ഇരുവിഭാഗങ്ങൾക്കും ആനുകൂല്യങ്ങൾ നല്കിവരുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന ഭക്ഷ്യവിഹിതത്തിന്റെ ടൈഡ് ഓവറിൽനിന്നാണ് ഇതു കണ്ടെത്തുന്നത്. ഇത് നിലവിൽ നല്കുന്നതുപോലെ വർധിപ്പിച്ചു നല്കുന്നതിന് കേന്ദ്രസർക്കാർ സഹായിച്ചാലേ കഴിയൂ. മിക്ക ഘട്ടങ്ങളിലും അനുകൂല സമീപനമല്ല കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ജനസംഖ്യയിൽ പകുതിയിലധികം പേർക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിച്ച നയങ്ങളെയും അതിന്റെ വക്താക്കളെയും വിലക്കയറ്റ കാലത്ത് തിരിച്ചറിയേണ്ടതല്ലേ?

ഈ പ്രതിസന്ധികളുടെ പേരു പറഞ്ഞ്‍ കയ്യുംകെട്ടി ഇരിക്കുകയല്ല കേരളസർക്കാർ ചെയ്തത്. ഇന്ത്യയില്‍ ഏതു സംസ്ഥാനത്തെക്കാളും മെച്ചപ്പെട്ട രീതിയിൽ വിപണി ഇടപെടലും പൊതുവിതരണവും നടത്തുന്ന സർക്കാരാണ് കേരളത്തിലേത്. അതിന്റെ ഗുണവും സംസ്ഥാനത്തെ ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ചത് കേരളമാണ്. ഉപഭോക്തൃ വിലസൂചികയുടെ ദേശീയ ശരാശരി കഴിഞ്ഞ ഏപ്രിൽ‑മേയ് മാസങ്ങളിൽ 7.04 ആയിരുന്നപ്പോൾ കേരളത്തിൽ അത് അഞ്ചിന് താഴെയായിരുന്നു. സെപ്റ്റംബറിൽ ദേശീയ ശരാശരി 7.41 ഉം സംസ്ഥാനത്ത് 6.45ഉം ആയി. പതിമൂന്ന് ഇനം അവശ്യവസ്തുക്കൾ 2016 മേയ് മാസത്തിലെ വിലനിലവാരത്തിലാണ് ഇന്നും സംസ്ഥാനത്ത് നല്കി വരുന്നത്. പൊതുവിപണിയിലെ വിലയും ഈ സൗജന്യനിരക്കും തമ്മിലുള്ള ഭീമമായ അന്തരം സർക്കാർ സബ്സിഡി നല്കി പരിഹരിക്കുകയാണ്. ഈയിനത്തിൽ 2000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. 35 ലക്ഷത്തോളം കാർഡുടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവരുന്നുണ്ട്. സംസ്ഥാനത്തെ ആഭ്യന്തര ഉപഭോഗത്തിനായി 40 ലക്ഷം മെട്രിക് ടൺ അരി ആവശ്യമാണെന്ന് കരുതപ്പെടുന്നു. ഇതിന്റെ 15 ശതമാനം മാത്രമേ സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നുള്ളൂ. കേന്ദ്രസർക്കാർ എഫ്‌സിഐയിലൂടെ 8.35 ലക്ഷം മെട്രിക് ടൺ നല്കിവരുന്നു. നെല്ല് സംഭരണത്തിലൂടെ 4.6 ലക്ഷം മെട്രിക് ടൺ അരി കണ്ടെത്തുന്നു. സപ്ലൈകോ വില്പനശാലകളിലൂടെ ഒരു വർഷം ശരാശരി 87186മെട്രിക് ടൺ അരി സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു.

 


ഇതുകൂടി വായിക്കു; വിപണിയിടപെടലിന്റെ മറ്റൊരു മാതൃക


ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ പോലും അരിയുടെ ആഭ്യന്തര ഉല്പാദനം വർധിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചു. രാജ്യത്തേറ്റവും ഉയർന്ന വിലയായ 28.20 രൂപ നല്കിയാണ് കർഷകരിൽനിന്നും കേരളത്തിൽ നെല്ല് സംഭരിക്കുന്നത്. ഇത് സംസ്കരിച്ച് അരിയാക്കി വിതരണസജ്ജമാക്കുമ്പോൾ സർക്കാരിന് 53 രൂപ ചെലവാകുന്നുണ്ട്. അത് 10.90 രൂപാ നിരക്കിലാണ് പൊതുവിതരണ വകുപ്പ് റേഷൻകട വഴി വിതരണം ചെയ്യുന്നത്. ഒരു വർഷം നെല്ല് സംഭരിച്ച് സംസ്കരിച്ച് റേഷൻ കടകൾ വഴി 4.6 ലക്ഷം മെട്രിക് ടൺ അരി വിതരണം ചെയ്യുമ്പോൾ ആകെ ചെലവാകുന്ന 2438 കോടി രൂപയിൽ 1044 കോടിയും സംസ്ഥാനസർക്കാരിന്റെ പങ്കാണ്.
എഫ്‌സിഐ മുഖേന ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവും ഗുണവും പരിശോധിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ദൃഢപ്പെടുത്തി. കേരളീയർക്ക് പ്രിയം കുറഞ്ഞ സോനാ മസൂരി ഇനത്തിന് പകരം പ്രിയപ്പെട്ട ജയ, സുലേഖ ഇനങ്ങൾ കൊണ്ടുവരാൻ ആന്ധ്ര, തെലങ്കാന സർക്കാരുകളുമായും കേന്ദ്രസർക്കാരുമായും നേരിട്ട് ചർച്ച നടത്തി തീരുമാനമാക്കി. കഴിഞ്ഞ മാസം വരെ പുഴുക്കലരിയും പച്ചരിയും അമ്പതു ശതമാനം വീതമാണ് എഫ്‌സിഐയില്‍ നിന്ന് ലഭിച്ചുവരുന്നത്. നിലവില്‍ സ്റ്റോക്കിന്റെ കുറവുമൂലം പച്ചരി മാത്രമായത് മൂലം പുഴുക്കലരിക്ക് പൊതുവിപണിയിൽ വിലവർധിക്കാൻ ഇടയാകുന്നു. ആവശ്യമായ പുഴുക്കലരി നല്കാൻ കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

പൊതുവിപണിയിലെ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ മുൻഗണനേതര വിഭാഗക്കാരായ വെള്ള, നീല കാർഡുകാർക്ക് എട്ട് കിലോഗ്രാം അരി 10.90 രൂപാ നിരക്കിൽ വിതരണം ചെയ്യുന്നുണ്ട്. ഇതുകൂടാതെ സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500ലധികം കേന്ദ്രങ്ങളിലെത്തി കാർഡ് ഒന്നിന് 10 കിലോ അരി വീതം നല്കുന്നു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 1.31 ലക്ഷം കിലോ അരി ഇപ്രകാരം വിതരണം ചെയ്തുകഴിഞ്ഞു. ആന്ധ്രാസർക്കാരുമായി നേരിട്ടിടപെട്ട് കേരളത്തിന്റെ ആവശ്യാർത്ഥം അവിടെ കൃഷിയിറക്കാനുള്ള തീരുമാനവും കൈക്കൊണ്ടു.
ഉല്പാദനവും സംഭരണവും വിതരണവും എല്ലാം മുഖ്യമായും സ്വകാര്യമേഖലയിൽ നടക്കുകയും വിപണിശക്തികൾ വില നിശ്ചയിക്കുകയും ചെയ്യുന്ന നമ്മുടെ രാജ്യത്ത് സാധ്യമായ‍ പരമാവധി ഇടപെടൽ കേരളസർക്കാർ നടത്തുന്നുണ്ടെന്ന് ഏവർക്കും മനസിലാക്കാൻ കഴിയും. കേന്ദ്രം ഭക്ഷ്യ വിഹിതം വർധിപ്പിക്കുകയും അർഹരായ ഏവരെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും വേണം. കൂടുതൽ‍ ഫലപ്രദമായ വിപണിയിടപെടലിന് സർക്കാരിന് അധികാരം നല്കുന്ന നിയമഭേദഗതികളും ആവശ്യമാണ്. ഇതിനെല്ലാം വേണ്ടിയുള്ള കൂട്ടായ ജനകീയസമ്മർദ്ദം ഉയർത്താനുള്ള അവസരമാണ് ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.