12 April 2024, Friday

രാജ്യം പ്രതീക്ഷിക്കുന്നത് നീതിയുടെ സൂര്യോദയം

പ്രത്യേക ലേഖകന്‍
November 15, 2022 4:56 am

കുറച്ചു വർഷങ്ങളായി നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം പൊതുവേ കലുഷിതമാണ്. വെറുപ്പിന്റെ രാഷ്ട്രീയം പയറ്റുന്ന ഭരണകൂടം സമൂഹത്തെ വിഭജിക്കാനും അധികാര കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനും ഏത് കുത്സിത മാർഗങ്ങളും സ്വീകരിക്കുന്നതിന് മടിയില്ലാത്തവരാണ്. സാംസ്കാരിക അടയാളങ്ങളെയും സാമൂഹികസ്വത്വങ്ങളയും ഇല്ലാതാക്കാനും ചരിത്രത്തെ തമസ്കരിക്കാനും മാത്രമല്ല, രാഷ്ട്രത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയെ തന്നെ അട്ടിമറിക്കാനുള്ള തീവ്രയത്നത്തിലാണവർ. നിയമവും നീതിയും സാമൂഹിക വ്യവസ്ഥയും ജനാധിപത്യത്തിന്റെ ആണിക്കല്ലുകളുമെല്ലാം പിഴുതുമാറ്റാനാണ് ശ്രമം. വിദ്യാഭ്യാസ രംഗം തകര്‍ത്ത് ഇരുട്ടിലേക്ക് യുവതയെ തള്ളിവിട്ടുകൊണ്ട് തങ്ങളുടെ വർഗവിദ്വേഷത്തിന്റെ ആശയം അടിച്ചേൽപിക്കാനാണവർ ആധികാരികമായി ശ്രമിക്കുന്നത്. ഇത്തരം പ്രതിലോമ പ്രവർത്തനങ്ങളിലേക്ക് ഭരണഘടനാ സ്ഥാപനങ്ങളെ കൊണ്ടെത്തിക്കാനവർ ആളും അർത്ഥവും നൽകുന്നു. പണവും പദവിയും കൊണ്ടുള്ള പ്രലോഭനങ്ങളിൽ വീഴാത്തവരെ ഭയപ്പെടുത്തി വരുതിയിലാക്കുന്നു. സ്വതന്ത്രഭാരത ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് രാജ്യസഭാ അംഗമായി തരംതാഴുന്നത് വരെ നാം കണ്ടു.

 


ഇതുകൂടി വായിക്കു; കള്ളം മാത്രം പറയുന്ന കേന്ദ്ര ഭരണകൂടം


ഇങ്ങനെയൊരു കെട്ടകാലത്തും പ്രതിരോധത്തിന്റെ കനലുകളായി ഇടതുപക്ഷ പാർട്ടികൾ ജനങ്ങളുടെ പ്രതീക്ഷയായി നിലനിൽക്കുന്നുണ്ട്. പൗരാവകാശത്തിനുവേണ്ടി കാരാഗൃഹത്തിലടയ്ക്കപ്പെടുന്നതിനെപ്പോലും അവഗണിക്കുന്ന അപൂർവം ചില വ്യക്തികളും പ്രതീക്ഷയാണ്. സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് സാധാരണക്കാരിൽ ഇതുപോലെ പ്രത്യാശ നൽകുന്ന ഒരു വ്യക്തിത്വമാണ്. ‘എന്റെ പ്രവൃത്തികളായിരിക്കും എനിക്ക് വേണ്ടി സംസാരിക്കുക. എന്റെ കർത്തവ്യമാണ് എന്റെ വാക്കുകൾ’-പരമോന്നത നീതിപീഠത്തിന്റെ അധ്യക്ഷൻ എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞതാണിത്. രാജ്യത്തെ സാധാരണക്കാരിൽ സാധാരണക്കാരായിട്ടുള്ള മനുഷ്യർക്ക് വേണ്ടിയുള്ള സേവനമാണ് എന്റെ ഉത്തരവാദിത്തമെന്നും രാജ്യത്തിന്റെ അമ്പതാമത്തെ ചീഫ് ജസ്റ്റിസ് പറയുന്നു. സൗമ്യമായ പെരുമാറ്റം, ഊർജസ്വലത, നിയമകണിശത എന്നിവയ്ക്ക് പേരുകേട്ടയാളാണ് ചന്ദ്രചൂഡ്. ദയാവധം, സ്വവർഗലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കൽ, ഹാദിയ കേസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം, സൈന്യത്തിലെ സ്ത്രീ പ്രാതിനിധ്യവും തുല്യാവകാശവും, ഏറ്റവും ഒടുവിൽ സ്ത്രീകളുടെ ഗർഭഛിദ്രാവകാശം തുടങ്ങിയ വിഷയങ്ങളിലെ വിധികൾ അദ്ദേഹത്തിന്റെ നിലപാടുകൾ പ്രതിഫലിക്കുന്നവയാണ്. ആധാർ കേസിലെ വിയോജിപ്പ്, വൈവാഹിക ബലാത്സംഗം, വാടക ഗർഭധാരണം നടത്തുന്ന അമ്മമാർക്ക് പ്രസവാനുകൂല്യം തുടങ്ങിയവയിലും ഭരണഘടനാ പ്രതിബദ്ധതയോടൊപ്പം വ്യക്തിസ്വാതന്ത്ര്യം മാനിക്കുന്ന ന്യായാധിപനെ കാണാം. രാജ്യത്തിന്റെ ബഹുസ്വരതയെ ഉയർത്തിപ്പിടിക്കുകയും മതേതര മൂല്യങ്ങളുടെ ശോഷണത്തിനെതിരെ കാവലാളാവുകയും ചെയ്യുന്നതാണ് നീതിപീഠമെന്ന ബോധ്യം ജനങ്ങൾക്കുണ്ടാക്കുന്നവയാണ് ഈ ഇടപെടലുകൾ.

ഭരണഘടനയുടെ വ്യവസ്ഥകൾ, മതസ്ഥാപനങ്ങളും വിവിധ വിശ്വാസപ്രമാണങ്ങളും, രാഷ്ട്രീയപാർട്ടികളുടെ സൗജന്യപ്രഖ്യാപനങ്ങൾ, കോടതികളുടെ ഇടപെടലുകൾ തുടങ്ങിയവ വിഷയമാകുന്ന നിരവധി തർക്കങ്ങൾ സുപ്രീംകോടതിയുടെ മുന്നിൽ നിൽക്കെ രാജ്യത്തെ ജനങ്ങളും സാമൂഹികപ്രവർത്തകരും പ്രതീക്ഷയോടെയാണ് പുതിയ ചീഫ് ജസ്റ്റിസിനെ വീക്ഷിക്കുന്നത്. സാമൂഹിക ഉത്തരവാദിത്ത ബോധം മാത്രമല്ല ആ പ്രതീക്ഷയ്ക്ക് കാരണം. ഉയർന്ന ജനാധിപത്യ ബോധം കൂടിയാണ്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാമാർഗം ആണെന്ന വിലയിരുത്തൽ മാത്രം മതി അദ്ദേഹത്തിന്റെ ജനാധിപത്യ ബോധത്തിന് തെളിവ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ വിശ്വാസത്തിന് മുകളിലാണ് ഭരണഘടന എന്ന് ഉറപ്പിച്ചു പറഞ്ഞ ന്യായാധിപനാണ് ഡി വെെ ചന്ദ്രചൂഡ്. 2018 സെപ്റ്റംബർ 28 നാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്ത്രീകൾക്ക് ശബരിമല പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. ഈ വിധിക്കെതിരേ 65 പുനഃപരിശോധനാ ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തലവനായുള്ള ബെഞ്ചിനു മുൻപാകെ എത്തിയപ്പോൾ ഏഴംഗ വിശാല ബെഞ്ചിനു വിടുകയായിരുന്നു. മൂന്നിനെതിരേ രണ്ട് എന്ന നിലയിലാണ് വിശാല ബെഞ്ചിനു നൽകാനുള്ള ഈ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ എം ഖാൻവിൽക്കർ എന്നിവർ വിശ്വാസം വിശാല ബെഞ്ചിന് വിടണമെന്ന് പറഞ്ഞപ്പോൾ ജസ്റ്റിസുമാരായ ഡി വെെ ചന്ദ്രചൂഡും ആർ എഫ് നരിമാനും അതിനെ എതിർത്തു.

 


ഇതുകൂടി വായിക്കു;  10 വയസ് തികയുന്ന പോക്സോ നിയമം


 

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നും പുനഃപരിശോധനാ ഹർജികൾ അംഗീകരിക്കരുതെന്നുമാണ് ഡി വെെ ചന്ദ്രചൂഡും ആർ എഫ് നരിമാനും നിലപാടെടുത്തത്. മറ്റ് ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശന കേസുകളും ശബരിമല കേസും ഒരേ ബെഞ്ചിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള മൂന്ന് പേർ ചൂണ്ടിക്കാട്ടി. മതവിശ്വാസങ്ങളിൽ ഭരണഘടനാ സ്ഥാപനമായ കോടതികൾക്ക് ഇടപെടാൻ സാധിക്കുമോ എന്ന കാര്യം തർക്കവിഷയമാണെന്നും അതിലും തീരുമാനമാകേണ്ടതുണ്ടെന്നും ഭൂരിപക്ഷ വിധിയിൽ ഇതേ മൂന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിലപാടിനെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ശക്തമായി എതിർത്തു. മുസ്‍ലിം, പാഴ്സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനവുമായി ശബരിമല വിഷയത്തെ കൂട്ടികുഴയ്ക്കാൻ പറ്റില്ലെന്നായിരുന്നു ചന്ദ്രചൂഡിന്റെ നിലപാട്. ഉപാധികളോടെ നടപ്പിലാക്കേണ്ടതല്ല കോടതി വിധിയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഉറപ്പിച്ച് പറഞ്ഞു.

കേസ് തീർപ്പാക്കുന്നതിന് ജോലി സമയത്തിന്റെ കൃത്യത വിഷയമാക്കാത്തയാളാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. പരിഗണനയിലിരുന്ന 75 കേസുകൾ നവരാത്രി അവധിക്ക് മുമ്പ് തീർക്കാനായി സെപ്തംബർ 30 ന് അദ്ദേഹത്തിന്റെ ബെഞ്ച് രാത്രി ഒമ്പതുമണി വരെ പ്രവർത്തിച്ചു. വ്യവഹാരങ്ങളിൽ പേപ്പറുകൾ ഒഴിവാക്കാനും ഓൺലൈൻ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഒരർത്ഥത്തിൽ സുപ്രീംകോടതിയെ ഡിജിറ്റലാക്കുന്നതിലെ ഏറ്റവും ശക്തനായ വക്താവായിരുന്നു ചന്ദ്രചൂഡ്. നിയമസംവിധാനം കൂടുതൽ ലളിതവും സുതാര്യവും സുശക്തവും സക്രിയവും ആക്കി ജനസാമാന്യത്തിന് കൂടുതൽ തുണയാകണമെന്ന് പല വേദികളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജില്ലാ കോടതികൾ മുതൽ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ഉള്ള ഒഴിവുകൾ നികത്തി നടപടിക്രമങ്ങളിലും കേസ് തീർപ്പാക്കലിലും ഉള്ള കാലതാമസം ഒഴിവാക്കണമെന്നും അദ്ദേഹം മുന്നോട്ടു വച്ച നിർദ്ദേശമാണ്. ചുരുക്കത്തിൽ പറഞ്ഞാൽ സാധാരണക്കാരന്റെ അവസാന പ്രതീക്ഷയാണ് നിയമവ്യവസ്ഥയെന്ന് അദ്ദേഹത്തിന് അറിയാം.

കോവിഡ് കാലത്തെ അടച്ചിടൽ മൂലം നട്ടംതിരിഞ്ഞ ജനത്തിന് ആശ്വാസ നടപടികളെത്തിക്കാൻ തുണയായത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നീതിബോധവും സാമൂഹിക ഉത്തരവാദിത്തവുമായിരുന്നു. സ്വകാര്യത അടിസ്ഥാന അവകാശമാണെന്ന വിധിന്യായം സ്വന്തം പിതാവിന്റെ വിധിയുടെ തിരുത്തായിരുന്നു എന്നതും ശ്രദ്ധേയമാണ്. അടിയന്തരാവസ്ഥക്കാലത്ത് പൗരൻമാർക്ക് അവകാശ സംരക്ഷണത്തിനായി കോടതികളെ സമീപിക്കാൻ കഴിയില്ലെന്ന് വിധിച്ചത് സ്വന്തം പിതാവ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ് ആയിരുന്നു. അച്ഛന്റെ വിധി മകൻ തിരുത്തി എന്നത് കേവലം യാദൃച്ഛികതയോ, അധികാരപ്രമത്തതയോ ആയിരുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ ജൈവവും പരിവർത്തനപരവുമായ ഘടകത്തിന് മാംസവും രക്തവും നൽകി പൗരന്റെ അവകാശങ്ങളുടെ സംരക്ഷക കവചമാക്കി മാറ്റാനുള്ള സുപ്രധാന തീരുമാനമായിരുന്നു അത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിർവചനങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ പുതിയതും വികസിക്കുന്നതുമായ കാഴ്ചപ്പാട് നീതിപീഠത്തിനും ഉണ്ടാകണമെന്ന് കരുതുന്ന ന്യായാധിപനില്‍ ജനം പ്രതീക്ഷയര്‍പ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.