വിചാരണ തടവുകാരായി കഴിയുന്ന ലക്ഷക്കണക്കിനാളുകളുടെ വര്‍ഷങ്ങളോളമുള്ള പാര്‍പ്പിടങ്ങളാണ് ഇന്ത്യയിലെ ജയിലുകള്‍. കുന്നുകൂടുന്ന കേസുകളുടെ എണ്ണപ്പെരുക്കം മൂലം തീര്‍പ്പു കല്പിക്കുന്നതിന് കോടതികള്‍ക്ക് കാലതാമസം സംഭവിക്കുന്നതുതന്നെ പ്രധാന കാരണം. എല്ലാ ജാമ്യാപേക്ഷകളെയും ജാമ്യ ഉത്തരവുകളെയും എതിര്‍ക്കുകയെന്ന അന്വേഷണ ഏജന്‍സികളുടെ പതിവ് രീതിയും ഇതിന്റെ മറ്റൊരു കാരണമാണ്. കുറ്റാരോപിതരുടെ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും നിരാശ നല്കുന്നതാണ് ഇതെങ്കില്‍ ജയില്‍ അന്തേവാസികള്‍ക്ക് ശ്വാസം മുട്ടിക്കുന്ന അനുഭവങ്ങളാണ് അവിടത്തെ രാപകലുകള്‍ നല്കുന്നത്. എന്നാല്‍ അവിടെയൊരു പ്രകാശത്തിന്റെ കിരണമുണ്ടായിരിക്കുന്നു. എല്ലാ ജാമ്യ ഹര്‍ജികളെയും ഉത്തരവുകളെയും ചോദ്യം ചെയ്യുന്ന അന്വേഷണ ഏജന്‍സികളുടെ നടപടിക്കു പ്രഹരമായി ഏപ്രില്‍ എട്ടിന് പരമോന്നത കോടതി മറ്റൊരു സമീപനം സ്വീകരിച്ചിരിക്കുന്നു. സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കീഴ്‌കോടതി ഉത്തരവിനെതിരെ ഗുരുതര സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി (എസ്എഫ്ഐഒ) യുടെ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ഉന്നയിച്ച സുപ്രധാനമായൊരു ചോദ്യമുണ്ട്. അന്വേഷണ കാലയളവ് മുഴുവന്‍ കുറ്റാരോപിതനായ വ്യക്തി ജയിലില്‍ കഴിഞ്ഞിരിക്കണമെന്ന ചിന്ത എന്നാണ് നിങ്ങള്‍ അവസാനിപ്പിക്കുകയെന്നതായിരുന്നു ആ ചോദ്യം. വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്ന ഉദാസീനമായ നടപടികളെ ഈ കേസ് കൈകാര്യം ചെയ്ത ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ എതിര്‍ത്തിരുന്നതുമാണ്.
മോഡി സര്‍ക്കാരിന്റെ ആദ്യദിനം മുതല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവരുടെ കാല്‍ക്കീഴിലെന്നതുപോലെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ അന്വേഷണപരിധിയില്‍ എത്തിക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നു. അവരില്‍ പലരും പെട്ടെന്നൊന്നും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ ജയിലില്‍ കഴിയേണ്ടിയും വരുന്നു. അത്തരമൊരു സാഹചര്യത്തെ മാറ്റിയേക്കാവുന്നതാണ് ഏപ്രില്‍ എട്ടിലെ സുപ്രീം കോടതിയുടെ ഉത്തരവ്. നിങ്ങള്‍ക്ക് എല്ലാവരെയും ജയിലിലടയ്ക്കണമെന്നാണോ. എല്ലാവരെയും ജയിലിലടയ്ക്കണമെന്ന ധാരണ അവസാനിപ്പിക്കൂ. കര്‍ശന ഉപാധികളോടെയാണ് ചിലര്‍ക്കെങ്കിലും ജാമ്യം അനുവദിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ക്കു മുകളില്‍ ഒരു വാള്‍ തൂക്കിയിടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത്. കീഴ്‌കോടതിയുടെ വിധി (അലഹബാദ് ഹൈക്കോടതി) എന്തുകൊണ്ടാണ് തെറ്റാകുന്നത്. എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അപ്പീല്‍ ഹര്‍ജി പരിഗണിക്കവേ കോടതി ഉന്നയിക്കുകയുണ്ടായി. മറുപടി നല്കുന്നതിനും അതുവഴി ഒഴികഴിവുകള്‍ ആലോചിക്കുന്നതിനും സര്‍ക്കാര്‍ സമയം ചോദിച്ചുവെങ്കിലും ഇല്ല എന്നു പറഞ്ഞ് എസ്എഫ്ഐഒയുടെ അപ്പീല്‍ തള്ളുകയായിരുന്നു പരമോന്നത കോടതി. ഈ പ്രത്യേക കേസില്‍ ഒരു കോര്‍പറേറ്റ് സംരംഭവും കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയവുമാണ് ഉള്‍പ്പെട്ടിരുന്നത്. കുറ്റാരോപിതരില്‍ ഒരാള്‍ക്ക് അലഹബാദ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെയാണ് അന്വേഷണ ഏജന്‍സിയായ എസ്എഫ്ഐഒ പരമോന്നത കോടതിക്ക് മുന്നിലെത്തിയത്.
സുപ്രീം കോടതിയുടെ നിരീക്ഷണവും ഉത്തരവും വഴിത്തിരിവായി ചിലരെങ്കിലും കരുതുന്നുണ്ട്. അതായിരിക്കാം, പക്ഷേ രാജ്യവ്യാപകമായി ജയിലുകളിൽ കഴിയുന്ന പതിനായിരക്കണക്കിന് വിചാരണത്തടവുകാർക്ക് വേണ്ടിയാണ് ഈ വിധിയെന്ന് പൂര്‍ണമായും വിലയിരുത്താനാകില്ല. അവരെ സംബന്ധിച്ചിടത്തോളം തടവറകള്‍ പിളർക്കുന്ന ഭൂകമ്പമല്ലാതെ മറ്റൊന്നും അവരുടെ രക്ഷയ്ക്ക് വരില്ല. വിചാരണയ്ക്ക് വിധേയരായി തടവില്‍ കഴിയുന്നവരുടെ ദുരവസ്ഥയിൽ ജഡ്ജിമാരും ജസ്റ്റിസുമാരും എല്ലായ്പോഴും ഇടപെടുന്നതുമില്ല. എങ്കിലും സമീപവര്‍ഷങ്ങളില്‍ നമ്മുടെ ചില കോടതികള്‍ ശ്രദ്ധേയമായ ചില ഉദാരതകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തടവറകളില്‍ വ്യക്തിസ്വാതന്ത്ര്യം നിലനിര്‍ത്തുക, അറസ്റ്റ് നിയമപരമായിരുന്നില്ലെന്നും കുറ്റാരോപിതര്‍ നാടുവിട്ടുപോകുമെന്നോ എല്ലാ തെളിവുകളും നശിപ്പിച്ചുകളയുമെന്നോ കരുതുന്നതിന് മതിയായ സാധുതയില്ലെന്നുമൊക്കെയുള്ള പ്രസ്താവങ്ങള്‍ എന്നിവയൊക്കെ അതിന്റെ ഉദാഹരണമായി എടുത്തുപറയാവുന്നതാണ്.
2021ല്‍ ഒരു കൂട്ടം മാര്‍ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നു. കുറ്റാരോപിതന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അന്വേഷണവുമായി സഹകരിക്കുന്നുവെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പോലും അയാളെ സ്വതന്ത്രമായി വിടണമെന്നാണ് അതിലൊന്ന്. കൂടാതെ വിചാരണ കോടതിക്കു മുന്നില്‍ ഹാജരാക്കിയില്ലെന്നോ ജയിലില്‍ അടച്ചില്ലെന്നോ കാരണം പറഞ്ഞ് ഒരു കുറ്റപത്രം നിരസിക്കുവാനും പാടില്ല. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിരവധി നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും വിചാരണ കോടതികള്‍ മേല്‍ കോടതികളുടെ നിര്‍ദേശം പാലിക്കുന്നതില്‍ ജാഗ്രത കാട്ടുന്നില്ലെന്നതാണ് വസ്തുത. ജാമ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ അശ്രദ്ധരുമാണ്. അന്വേഷണ ഏജന്‍സികളുടെ മാത്രമല്ല രാജ്യമാകെയുള്ള വിചാരണ കോടതികളുടെയും മാനസികാവസ്ഥ മാറണമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അത്തരമൊരു മാനസികമായ മാറ്റം സംഭവിക്കാതെ ഈ പുതിയ വിധിക്കുശേഷവും സാധാരണക്കാര്‍ക്ക് മാറിയ നീതി പ്രതീക്ഷിക്കാനാവില്ലെന്നാണ് പറഞ്ഞുവരുന്നത്. മാധ്യമ ഉടമയായ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യമനുവദിച്ചപ്പോഴും തലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് സ്വന്തം ആവേശത്തോടെയായിരുന്നുവെങ്കിലും ജാമ്യമാണ് നിയമമെന്നും ജയില്‍ ഒഴിവാക്കലാണെന്നും അറിയാമായിരുന്നു.
അനിൽ ദേശ്‌മുഖിന്റെയും അല്ലെങ്കിൽ നവാബ് മാലിക്കിന്റെയും കാര്യത്തിലും ഈ ജാമ്യചട്ടം ബാധകമാകുമോ. ആര്യൻ ഖാന് ജാമ്യം ലഭിച്ചു എന്നത് സത്യമാണ്. എന്നാൽ അതേ കേന്ദ്ര അന്വേഷണ ഏജൻസികളിൽ ഒന്നാണ് ദേശ്‌മുഖിന്റെയും നവാബ് മാലിക്കിന്റെയും ജാമ്യത്തിനെതിരെ നിലക്കൊള്ളുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനുള്ള സമ്മര്‍ദ്ദമുണ്ടാകുകയാണെങ്കില്‍ ജാമ്യത്തിനായുള്ള അവരുടെ അപ്പീലുകൾ അംഗീകരിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. എങ്കിലും ‘ജയിലല്ല, ജാമ്യമാണ്’ എന്ന സുപ്രീം കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ജയിലുകളില്‍ വിചാരണ തടവുകാരായി കഴിയുന്ന എല്ലാവരുടെയും ആയുധങ്ങളില്‍ ഒരു വെടിയുണ്ടയെങ്കിലുമാകുമെന്ന് കരുതാവുന്നതാണ്. എല്ലാവര്‍ക്കുമല്ലെങ്കിലും പ്രതിഭാഗം അഭിഭാഷകർക്ക് ഈ ഒരു വിധികൂടി മാതൃകയായി ഉദ്ധരിക്കാവുന്നതാണ്. കേസുകളുടെ വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ്, നേരത്തെയുണ്ടായ ഈ വിധിയും ജുഡീഷ്യൽ ഓഫീസർമാരുടെ മുന്നിലുണ്ടാകും. ഏപ്രിൽ എട്ടിന് എസ്‌എഫ്‌ഐഒ അപ്പീൽ നിരസിച്ചുകൊണ്ടുള്ള വിധി പ്രസ്താവിക്കുന്നതിന് മുമ്പ് അന്വേഷണ ഏജന്‍സി ഇതിന്റെ അന്വേഷണങ്ങൾ വളരെ നീണ്ടതാണ് എന്ന് പരാമർശിക്കാൻ മറന്നിരുന്നില്ല. എങ്കിലും വിചാരണയ്ക്ക് വിധേയരാകേണ്ടവര്‍ തിങ്ങിനിറഞ്ഞ ജയിലുകളിൽ വർഷങ്ങളോളം കഴിയേണ്ടി വരുന്നത് നീതിയോടുള്ള പരിഹാസമായിരിക്കുമെന്നാണ് സുപ്രീം കോടതി വിധിയുടെ ആകെത്തുക.
(ഇന്ത്യ പ്രസ് ഏജന്‍സി)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.