
“നവമാധ്യമകാലത്തെ ഇടതുചേരി” എന്ന ലേഖനത്തില്‍ സ. കാനം രാജേന്ദ്രന്‍ ഇന്നത്തെ പൊതുമാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളെ കുറിച്ച് വളരെ പ്രസക്തമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. “ആധുനികതയുടെ തുടക്കത്തില്‍ ബഹുവര്‍ഗ ഭൂമികയുടെ ജനാധിപത്യ പരിസരത്തുനിന്നുമാണ് ബൂര്‍ഷ്വാ വിപ്ലവങ്ങള്‍ സാധ്യമായത്. തുടര്‍ന്ന് അധികാരത്തിലേറിയ ബൂര്‍ഷ്വാസി, മാധ്യമങ്ങളെ കുത്തകവല്‍ക്കരിച്ചുകൊണ്ട് ബഹുവര്‍ഗ പൊതുഇടങ്ങളെ നശിപ്പിച്ചിടത്തുനിന്നാണ് ആഗോള അധഃസ്ഥിത വര്‍ഗത്തിന് അടിതെറ്റി തുടങ്ങിയതെന്ന് കാണാവുന്നതാണ്. ഇങ്ങനെ അടിതെറ്റിയ തൊഴിലാളി വര്‍ഗത്തിനുമേല്‍ മാധ്യമങ്ങളുടെ കുത്തകാവകാശം നിലനിര്‍ത്തിക്കൊണ്ട് ഭരണവര്‍ഗം പ്രതിസന്ധികള്‍ മറികടക്കുന്നതാണ് സമകാലീന ചരിത്രം.”
ഇന്നത്തെ ദേശീയ, ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സമകാലിക വിഷയങ്ങളോടുള്ള നിലപാട് ഈ നിരീക്ഷണത്തെ പൂര്‍ണമായും സാധൂകരിക്കുന്നുണ്ട്. രാജ്യത്തിന്റെ ജനാധിപത്യ ഭരണസമ്പ്രദായത്തെ തകര്‍ക്കുന്ന തരത്തില്‍ ഭരണഘടനയുടെ വിവിധ അനുച്ഛേദങ്ങളിലെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമായ നടപടികള്‍ തുടര്‍ച്ചയായി ഭരണകൂടത്തില്‍ നിന്നും ഉണ്ടാവുമ്പോഴും അവയ്ക്കെതിരെ ഒരക്ഷരം ഉരിയാടാതെ നിസാരമായ വിഷയങ്ങള്‍ ആഘോഷിക്കുകയാണ് ദേശീയ മാധ്യമങ്ങള്‍. ഇന്ന് ലോക മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണ് പലസ്തീനില്‍ നടക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ഏകപക്ഷീയമായ യുദ്ധത്തില്‍ ജനിച്ചുവീണ കുഞ്ഞു മുതല്‍ 110 വയസുകാരന്‍ വരെ 64,000ത്തില്‍ അധികം നിരപരാധികളാണ് കൊല്ലപ്പെട്ടത്. അതില്‍ മൂന്നിലൊന്നും 18 വയസിനു താഴെയുള്ള കുഞ്ഞുങ്ങളാണ്. ഭൂരിപക്ഷം സ്ത്രീകളും പെണ്‍കുഞ്ഞുങ്ങളും. ഗാസമുനമ്പില്‍ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പോലും അനുഭവിക്കാത്ത ക്രൂരതയാണ് മനുഷ്യര്‍ അനുഭവിക്കുന്നത്. ഭക്ഷണത്തിന് ഒരിറ്റു വെള്ളത്തിന് മുറവിളി കൂട്ടുന്ന നിസഹായരായ മനുഷ്യരെ വെടിവച്ചുകൊല്ലുക എന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് പോലും ചിന്തിക്കാനാവാത്ത ക്രൂരതയാണ്. ലോകാരോഗ്യ സംഘടനയും യുഎന്നുമെല്ലാം ഗാസയില്‍ അഞ്ചു ലക്ഷം മനുഷ്യര്‍ ദിവസങ്ങള്‍ക്കകം കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ മരിച്ചു വീഴും എന്ന് മുന്നറിയിപ്പ് നല്‍കുമ്പോഴും ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവും തടഞ്ഞുവച്ചിരിക്കുകയാണ് ഇസ്രയേല്‍. ക്രൂരതയില്‍ ബെഞ്ചമിന്‍ നെതന്യാഹു, അഡോള്‍ഫ് ഹിറ്റ്ലറെ ബഹുകാതം പിന്നിലാക്കിക്കഴിഞ്ഞു.
ഗാസയിലെ കൊടുംക്രൂരത, ഇതെഴുതുമ്പോഴും കുടിവെള്ളം കിട്ടാതെ പിടഞ്ഞുമരിക്കുന്ന കുഞ്ഞുങ്ങള്‍, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേ അല്ല. നമ്മുടെ കണ്‍മുന്നില്‍ പിടഞ്ഞുവീഴുന്ന കുഞ്ഞുങ്ങളെ അവര്‍ കാണുന്നില്ല. ഒരുകാലത്ത് ‘വീവാ നെല്‍സണ്‍ മണ്ടേല’ എന്ന് സൗത്ത് ആഫ്രിക്കന്‍ സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ കേരളത്തിലെ തെരുവുകളില്‍ മുദ്രാവാക്യം മുഴങ്ങിയിരുന്നു. പത്രങ്ങള്‍ ആ സമരത്തിന്റെ വിശദാംശങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ ഇന്ന് അഞ്ചു ലക്ഷം നിരപരാധികള്‍, അമ്മമാരും കുഞ്ഞുങ്ങളും നമ്മുടെ കണ്‍മുന്നില്‍ ദാഹജലം കിട്ടാതെ പിടഞ്ഞു മരിക്കുമ്പോള്‍ നമ്മുടെ ദേശീയ മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയല്ല. അതിനാല്‍ തന്നെ പൊതുസമൂഹത്തില്‍ നിന്ന് ഈ ദാരുണമായ സ്ഥിതി വിശേഷം മറച്ചുവയ്ക്കപ്പെടുന്നു. തെരുവുകളില്‍ ഉയരേണ്ട പ്രതിഷേധം ഉയരാതെ പോകുന്നു. നീതിക്കുവേണ്ടിയുള്ള ശബ്ദങ്ങള്‍ ഒറ്റപ്പെട്ടുപോവുന്നു.
ദേശീയ തലത്തിലും ജനാധിപത്യ ധ്വംസനത്തിനെതിരെ, തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്കെതിരെ, ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരെ തെരുവുകളില്‍ ഉയരേണ്ട പ്രതിഷേധം ദേശീയ മാധ്യമങ്ങളുടെ സമര്‍ത്ഥമായ തമസ്കരണ തന്ത്രത്തില്‍ ഉയരാതെ പോവുന്നു. സമീപ ദിവസങ്ങളില്‍ വോട്ട് ചോരി എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടര്‍പ്പട്ടികയിലെ കൃത്രിമങ്ങള്‍ക്കെതിരെ ഇന്ത്യാ സഖ്യം ഉയര്‍ത്തിയ അതിഗുരുതരമായ ആരോപണങ്ങള്‍ ആദ്യ ഘട്ടത്തില്‍ തമസ്കരിക്കുവാനാണ് ദേശീയ മാധ്യമങ്ങള്‍ മുതിര്‍ന്നത്. ബിഹാറില്‍ വോട്ടര്‍പ്പട്ടിക പുതുക്കല്‍ എന്ന പേരില്‍ 65 ലക്ഷം പേര്‍ക്ക് വോട്ടവകാശം നിഷേധിച്ചപ്പോഴും മീഡിയ മൗനം അവലംബിച്ചു. എന്നാല്‍ ഇതെല്ലാം മറച്ചുവയ്ക്കുവാനായി കേന്ദ്ര ഇലക്ഷന്‍ കമ്മിഷൻ നടത്തിയ പത്രസമ്മേളനം ദയനീയമായ ഒരു ഹാസ്യനാടകമായി മാറിയെങ്കിലും അത് ലൈവായി സംപ്രേഷണം ചെയ്യാന്‍ ഇതേ മീഡിയകള്‍ വലിയ ഉത്സാഹം കാണിച്ചു. അത് മറ്റൊരു തരത്തില്‍ ഗുണം ചെയ്തു. ആരോപണങ്ങളില്‍ ഒരു മറുപടിയും ഇല്ലാതെ നമ്മുടെ സഹോദരിമാരുടെയും ഭാര്യമാരുടെയും സിസിടിവി ദൃശ്യങ്ങള്‍ പരസ്യമാക്കുമോ എന്നും വോട്ടര്‍മാരുടെ പേരുവിവരം നല്‍കുന്നത് അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുമെന്നും മറ്റും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിലപിക്കുന്നത് രാജ്യം മുഴുവന്‍ കണ്ടു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ രഹസ്യമായി സൂക്ഷിക്കുന്നത് അംഗീകരിച്ചുകൊണ്ടുള്ള കോടതിവിധിയും ഛത്തീസ്ഗഢിലും മറ്റും നക്സല്‍ വോട്ട് എന്ന പേരില്‍ ഗോത്രജനതയ്ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുന്നു.
എന്നാല്‍ നവമാധ്യമങ്ങളാണ് സമൂഹത്തിന്റെ താഴേത്തട്ടില്‍ വരെ ലോകത്തെയും രാജ്യത്തെയും ദൈനംദിന സംഭവവികാസങ്ങള്‍ ഇന്ന് എത്തിക്കുന്നത്. ഒരു വഴിത്തിരിവ് കുറിക്കാവുന്ന മാറ്റമുണ്ടാവുന്നത് നവമാധ്യമങ്ങളുടെ വരവോടെയാണ്. നവമാധ്യമങ്ങള്‍ ബഹുവര്‍ഗ ഭൂമികയുടെ പൊതുമണ്ഡലത്തിന്റെ ഒരു വെര്‍ച്വല്‍ പതിപ്പ് സാധ്യമാക്കുന്നത് കാണാം. ഭരണകൂടങ്ങളെ ഉപയോഗിച്ചുകൊണ്ട് ഇതിനുമേലും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഇന്ന് ഭരണവര്‍ഗം. എന്നാല്‍ ഇന്നത്തെ ചുറ്റുപാടില്‍ അടിസ്ഥാനവര്‍ഗത്തിന് ജനാധിപത്യപരമായ ഒരു വിശാല ഇടം പൊതുവായി നവമാധ്യമങ്ങള്‍ തുറന്നിടുന്നുവെന്ന് കാണാം” എന്നും “ഇങ്ങനെ ഇന്ത്യയുടെ വിശാലമായ പശ്ചാത്തലത്തില്‍ വര്‍ഗസമരത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ വിഭാവനം ചെയ്യുമ്പോള്‍ ആദ്യം പടുത്തുയര്‍ത്തേണ്ടത് വിശാലമായ ഒരു ഇടത് പൊതുമണ്ഡലമാണ്. കുത്തക മാധ്യമങ്ങള്‍ നവമാധ്യമങ്ങള്‍ക്ക് വഴിമാറിയ ഇന്നത്തെ സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമായി തീര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവില്‍ കര്‍മപഥത്തിലെത്തുവാന്‍ ഇനിയും സമ്മതിച്ചുകൂട” എന്നും സഖാവ് കാനം നിരീക്ഷിക്കുന്നു. (നവമാധ്യമകാലത്തെ ഇടത് ചേരി പുറം21, 25) വര്‍ഗസമരങ്ങളുടെ രാഷ്ട്രീയമുള്‍ക്കൊണ്ടുകൊണ്ട് പുതിയ കാലത്തിന്റെ പ്രതിരാഷ്ട്രീയ മണ്ഡലത്തിലെ മുഖ്യധാരാ രൂപങ്ങളെ യഥാസമയം തിരിച്ചറിയാനും അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയത്തില്‍ വ്യവസ്ഥിതിക്ക് എതിരെ എരിയുന്ന തീ നമ്മുടെ കൂടി വര്‍ഗതാല്പര്യമാണ് എന്ന് തിരിച്ചറിയണമെന്നുള്ള കാനത്തിന്റെ നിരീക്ഷണവും ഇന്നത്തെ രാഷ്ട്രീയ ഭൂമികയില്‍ ഏറെ പ്രസക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.