22 June 2024, Saturday

ആ വാർത്തകൾ നൽകുന്ന മുന്നറിയിപ്പുകളും ഭയാശങ്കകളും

അബ്ദുൾ ഗഫൂർ
May 29, 2024 4:57 am

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന നാല് വാർത്തകൾ ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ശ്രദ്ധേയവും അതേസമയം ആശങ്കാകുലവുമാണ്. അവയിൽ രണ്ടെണ്ണമാണ് പ്രകടമായി പരസ്പരബന്ധമുള്ളത്. ഈ രണ്ട് വാർത്തകളുന്നയിക്കുന്ന ആശങ്കകളുമായി താരതമ്യം ചെയ്യുമ്പോൾ പിന്നീടുള്ള രണ്ടും ഇഴപിരിക്കാനാവാതെ പരസ്പര ബന്ധിതമായിത്തീരുന്നു. രാജ്യത്തിന്റെ ഉന്നത പദവികൾ കൈകാര്യം ചെയ്തിരുന്ന 89 മുൻ ഉന്നത ഉദ്യോഗസ്ഥർ ജൂൺ നാലിന് നടക്കുന്ന വോട്ടെണ്ണൽ പ്രക്രിയയിൽ ഉണ്ടായേക്കാവുന്ന ക്രമക്കേടുകൾ സംബന്ധിച്ച സൂചനകൾ നൽകിക്കൊണ്ട്, വോട്ടെണ്ണുവാൻ പോകുന്നവർ പുലർത്തേണ്ട ജാഗ്രതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി പ്രസിദ്ധീകരിച്ച കത്തും ഇതേ വിഷയത്തിൽ രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലിന്റെ വാർത്താ സമ്മേളനവുമാണ് പരസ്പരബന്ധമുള്ള രണ്ട് വാർത്തകൾ. മൂന്നാമത്തേതും നാലാമത്തേതും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ സർവീസ് കാലാവധി ഒരുമാസവും ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ചെയർമാൻ സമീർ വി കാമത്തിന്റേത് ഒരു വർഷവും നീട്ടി നൽകി എന്നതാണ്. ആദ്യത്തെ രണ്ടുമായി പ്രകടമായ ബന്ധമില്ലെങ്കിലും വോട്ടെണ്ണൽ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കേ രാജ്യത്തിന്റെ കരസേനാ മേധാവിയുടെ കാലാവധി അസാധാരണമായി നീട്ടിനൽകിയത് സംശയാസ്പദമാണ് എന്നതിനാലാണ് ഇവ ബന്ധപ്പെട്ടു കിടക്കുന്നത്.
രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) ഉപയോഗിച്ച് തുടങ്ങി, അല്പകാലം കഴിയുന്നതിന് മുമ്പ് തന്നെ അതിന്റെ ദുരുപയോഗ, ക്രമക്കേട് സാധ്യതകൾ സംബന്ധിച്ച ആശങ്കകൾ ഉയർന്നിരുന്നു. പ്രോഗ്രാമിങ്, സോഫ്റ്റ്‌വേര്‍ എന്നിവയിലൂടെ മുൻകൂട്ടിയുള്ള ക്രമീകരണം സാധ്യമാണെന്നും ഇത് യഥാർത്ഥ വിധിയെ തെറ്റായി നിർണയിക്കുന്നതിന് ഇടയാക്കുമെന്നുമായിരുന്നു ഉന്നയിക്കപ്പെട്ട പ്രധാന ആശങ്ക. അത് ഇപ്പോഴും പൂർണമായി നീക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോ സാങ്കേതിക വിദഗ്ധർക്കോ സാധിച്ചിട്ടുമില്ല. വോട്ടിങ് യന്ത്രത്തെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് എന്ന നിലയിലാണ് വിവിപാറ്റ് (വോട്ടർ വെരിഫയബ്ൾ ഓഡിറ്റ് ട്രയൽ) സംവിധാനം വികസിപ്പിച്ചത്. ഇത് സമ്മതിദായകന് താൻ വോട്ട് ചെയ്ത ചിഹ്നത്തിന് തന്നെയാണോ പതിഞ്ഞതെന്ന് ബോധ്യപ്പെടുന്നതിന് സാധ്യമാക്കുന്നുവെങ്കിലും വോട്ടെണ്ണൽ പ്രക്രിയയുടെ ഭാഗമാകുന്നില്ലെന്നതുകൊണ്ട് (ഒരു മണ്ഡലത്തിലെ നിശ്ചിത ബൂത്തുകളിലുള്ള വിവിപാറ്റ് മാത്രമാണ് എണ്ണലിന് വിധേയമാക്കുന്നത്. മുഴുവൻ വിവിപാറ്റുകളും എണ്ണുകയെന്നത് അസാധ്യമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട്) ഇവിഎം സംബന്ധിച്ച സംശയങ്ങൾ നിലനിൽക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കടലാസ് ബാലറ്റിലേയ്ക്കുള്ള തിരിച്ചുപോക്കോ വിവിപാറ്റ് പൂർണമായും എണ്ണുകയെന്നതോ മാത്രമാണ് താൽക്കാലിക പരിഹാരം. 

ബിജെപി അധികാരത്തിലെത്തിയതിനുശേഷം തെരഞ്ഞെടുപ്പിന്റെ സുതാര്യതയും സത്യസന്ധതയും കൂടുതൽ കൂടുതൽ സംശയാസ്പദമായിരുന്നു. ഇത്തവണ ക്രമക്കേടുകൾ വോട്ടെണ്ണൽ വേളയിലും ഉണ്ടായേക്കാമെന്നും അതുകൊണ്ട് എണ്ണൽ കേന്ദ്രങ്ങളിലെത്തുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നുമാണ് ആദ്യ രണ്ട് വാർത്തകളിൽ നിർദേശിക്കുന്നത്. അവ രണ്ടും യഥാർത്ഥത്തിൽ ക്രമക്കേടുകൾ നടക്കാനിടയുള്ള സാഹചര്യങ്ങളെ അനാവരണം ചെയ്യുകയാണ്. രണ്ട് വാർത്തകളിലും മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഉന്നതരായ വ്യക്തിത്വങ്ങളാണ് എന്നതാണ് വാർത്തകളുടെ പ്രാധാന്യം വർധിപ്പിക്കുന്നത്. കേന്ദ്ര‑സംസ്ഥാന സർവീസുകളിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ച 89 മുൻ ഉദ്യോഗസ്ഥരിൽ 30 പേരും കേന്ദ്രത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായിരുന്നവരാണ്. അവരിൽ ചിലരെങ്കിലും മോഡി ഭരണകാലത്ത് സേവനമനുഷ്ഠിച്ചവരുമാണ്. കൂടാതെ വിവിധ രാജ്യങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥരായിരുന്ന 10പേരും ഇക്കൂട്ടത്തിലുണ്ട്. ഇതുവരെ വോട്ടിങ് പ്രക്രിയയിലാണ് ക്രമക്കേടാരോപണമുണ്ടായതെങ്കിൽ വോട്ടെണ്ണലിലും അതിനുള്ള സാധ്യതയുണ്ടെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വീഴ്ചവരുത്തിയെന്ന് കുറ്റപ്പെടുത്തുന്ന കത്തിൽ സുപ്രീം കോടതി അതിൽ ഉടനടി ഇടപെടാതിരിക്കുന്ന സാഹചര്യത്തിൽ വോട്ടെടുപ്പ് നടപടികൾ അട്ടിമറിക്കപ്പെടരുതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജനങ്ങൾക്കുണ്ടെന്ന് കത്തിൽ അഭിപ്രായപ്പെടുന്നു. ആകെ പോൾ ചെയ്ത വോട്ടുകളും ഫോം 17 സിയിലെ കണക്കുകളും വോട്ടിങ് ശതമാനം അടങ്ങുന്ന ഫോം ബിയും വോട്ടെണ്ണുന്നതിന് മുമ്പ് റിട്ടേണിങ് ഓഫിസർമാരുടെ പക്കലുള്ള കണക്കുകളുമായി ഒത്തുനോക്കി, ഒരേ പോലെയാണോ എന്നതും ഓരോ ബൂത്തിലെ ഇവിഎമ്മിലും ഫോം 17 സിയിൽ രേഖപ്പെടുത്തിയതുമായ വോട്ടുകളുടെ എണ്ണവും ഒന്നാണോ എന്ന് ഉറപ്പുവരുത്തണമെന്നും കത്തിൽ നിർദേശിച്ചിരിക്കുന്നു. ഇവിഎമ്മുകൾ അതീവ സുരക്ഷിതമായി സംരക്ഷിക്കുന്നുണ്ടെന്നും സുപ്രീം കോടതി ഉത്തരവനുസരിച്ച് സിംബൽ ലോഡിങ് യൂണിറ്റുകൾക്ക് പ്രത്യേക സംരക്ഷണം നൽകുന്നുണ്ടെന്നും കൃത്യമായ പരിശോധനയും സൂക്ഷ്മപരിശോധനയും ഇല്ലാതെ വോട്ടെണ്ണൽ പുരോഗമിക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നുമാണ് കത്തിൽ വിശദീകരിക്കുന്നത്. വോട്ടുകളുടെ കൃത്യമായ സ്ഥിരീകരണമാണ് ജനാധിപത്യത്തിന്റെ കാതൽ, അതില്ലെങ്കിൽ പൊതുജനത്തിന് തെരഞ്ഞെടുപ്പുകളോട് വിശ്വാസം ഇല്ലാതാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സമാനമായ ആശങ്കകൾ മുന്നോട്ടുവച്ചുകൊണ്ട്, വോട്ടെണ്ണൽ വേളയിൽ പുലർത്തേണ്ട ജാഗ്രതകളാണ് കപിൽ സിബലിന്റെ വാർത്താ സമ്മേളനത്തിന്റെയും ഉള്ളടക്കം.
ആറുഘട്ടങ്ങൾ പൂർത്തിയാക്കിയ വോട്ടെടുപ്പ് മാത്രമല്ല ജൂൺ നാലിന് നടക്കാനിരിക്കുന്ന വോട്ടെണ്ണൽ പ്രക്രിയയും സംശയാസ്പദമാണെന്നാണ് ഈ രണ്ട് വാർത്തകളും മുന്നോട്ടുവയ്ക്കുന്ന ആശയം. ഇതുവരെയില്ലാത്തതും അസാധാരണവുമായ സാഹചര്യമാണ് രാജ്യത്തുണ്ടാകുവാൻ പോകുന്നത് എന്നതിന്റെ സൂചനകളാണ് ഇവ അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് അടുത്ത രണ്ട് വാർത്തകളും ഇതിനോട് ചേർന്നുനിൽക്കുന്നു എന്ന് വിലയിരുത്താനിടയാക്കുന്നത്. 

മേയ് 31ന് വിരമിക്കേണ്ട കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ജൂൺ 30 വരെ ഒരുമാസത്തേ‌ക്കാണ് നീട്ടിനൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടമായതിനാലാണ് ഈ തീരുമാനമെന്നും പിൻഗാമിയെ അടുത്ത സർക്കാരാണ് തീരുമാനിക്കുക എന്നുമാണ് കാലാവധി നീട്ടിയുള്ള വിശദീകരണം. യഥാർത്ഥത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടമായാൽ പോലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പുതിയ സേനാമേധാവിയെ നിയമിക്കുന്നതിന് തടസമില്ല. ഇതിന് മുമ്പ് ഒരു തവണ മാത്രമേ കരസേനാ മേധാവിയുടെ കാലാവധി നീട്ടിനൽകിയിട്ടുള്ളൂ എന്നത് ഇവിടെ പ്രസക്തമാകുന്നു. അത് 1975ലായിരുന്നു. അന്ന് ഇന്ദിരാഗാന്ധി സർക്കാർ ഗോപാൽ ഗുരുനാഥ് ബേവൂറിനാണ് കാലാവധി നീട്ടി നൽകിയത്. അതുകഴിഞ്ഞ് അധികനാൾ കഴിയുന്നതിന് മുമ്പ് രാജ്യത്ത് അടിയന്തരാവസ്ഥയുണ്ടായി എന്നതും ഇപ്പോഴത്തെ സാഹചര്യങ്ങളുടെ സമാനതകളും കൂട്ടി വായിക്കേണ്ടതുണ്ട്. തൊട്ടുപിന്നാലെയാണ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട ഡിആർഡിഒ ചെയർമാന്റെ കാലാവധിയും നീട്ടിയിരിക്കുന്നത്. ചെയർമാൻ, ഡയറക്ടർ പദവികളിൽ സർവീസ് നീട്ടി നൽകാൻ പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കെയാണ് സമീർ വി കാമത്തിന്റെ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. 89 മുൻ ഉന്നത ഉദ്യോഗസ്ഥരും കപിൽ സിബലും വോട്ടെണ്ണൽ പ്രക്രിയ സംബന്ധിച്ച് ഉന്നയിച്ച ആശങ്കകളും നൽകിയ മുന്നറിയിപ്പുകളും രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചവ കൂടിയാണ്. ആ സംശയങ്ങളും ആശങ്കകളും ബലപ്പെടുത്തുന്നതാണ് സേനാമേധാവിയുടെയും ഡിആർഡിഒ ചെയർമാന്റെയും കാലാവധി നീട്ടി നൽകിയ വാര്‍ത്തകള്‍. മറ്റൊന്നും പ്രവചിക്കാൻ ഇപ്പോൾ സാധിക്കില്ലെങ്കിലും, 1975 ലെ കാലാവധി നീട്ടിനൽകൽ അടിയന്തരാവസ്ഥയുടെ മുന്നോടിയായായിരുന്നു എന്നതുകൊണ്ട് ജൂൺ നാലിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം എല്ലാവരെയും ഭയപ്പെടുത്തുകയാണ്, ബിജെപി തോറ്റാലും ജയിച്ചാലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.