18 November 2024, Monday
KSFE Galaxy Chits Banner 2

ലോകം ഉറ്റുനോക്കുന്ന ഇറാൻ — സൗദി സൗഹൃദം

ഹബീബ് റഹ്‌മാന്‍
April 9, 2023 4:57 am

ഇക്കഴിഞ്ഞ മാർച്ച് ആറ് മുതൽ 10 വരെ ബെയ്ജിങ്ങിൽ നടന്ന സൗദി-ഇറാൻ ചർച്ച പശ്ചിമേഷ്യയിലെന്നല്ല ആഗോളതലത്തിൽ തന്നെ വമ്പിച്ച പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന സുപ്രധാന നീക്കമായാണ് ലോകം നോക്കിക്കാണുന്നത്. പതിറ്റാണ്ടുകളായി വിരുദ്ധ ധ്രുവങ്ങളിൽ നിന്ന സൗദി അറേബ്യയും ഇറാൻ റിപബ്ലിക്കും യോജിപ്പിലും സഹകരണത്തിലും എത്തുന്നതോടെ പശ്ചിമേഷ്യ ഒരു പുതുയുഗപ്പിറവിയിലേക്ക് കാലെടുത്തു വയ്ക്കുമെന്നുറപ്പ്. 2021 ഏപ്രിലിൽ ഇറാഖും ഒമനും മുൻകയ്യെടുത്ത് തുടങ്ങിയ ചർച്ചകളാണ് ചൈനയുടെ നേതൃത്വത്തിൽ ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത്. ബാഗ്ദാദിൽ ഇരു രാജ്യങ്ങളുടെയും സുരക്ഷാ-ഇന്റലിജൻസ് ഉദ്യോഗസ്ഥതല ചർച്ചയിൽ പുരോഗതി ഉണ്ടായപ്പോൾ കൂടുതൽ എളുപ്പമാക്കുന്നതിനും കാര്യക്ഷമമാകുന്നത്തിനും ബെയ്ജിങ്ങിലേക്ക് മാറ്റി ചൈനയുടെ നേതൃത്വത്തിൽ ചർച്ച വികസിക്കുകയായിരുന്നു. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും സഹമന്ത്രിയുമായ മൂസ ഇദ് ബിൻ മുഹമ്മദ് അൽ ഐബാനും ഇറാൻ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ശംഖാനിയും ചൈനീസ് വിദേശകാര്യ കമ്മിഷൻ ഡയറക്ടർ വാങ് യീയുടെ മധ്യസ്ഥതയിലാണ് സൗഹൃദ പാതയ്ക്ക് കളമൊരുക്കിയത്. ഉഭയകക്ഷി ചർച്ച വ്യക്തവും സുതാര്യവും സമഗ്രവും നിർമ്മാണാത്മകവുമായിരുന്നു എന്ന് ഇറാൻ ദേശീയ സുരക്ഷാസമിതി സെക്രട്ടറിയെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസി ‘ഇർന’ റിപ്പോർട്ട് ചെയ്തു. സൗദി സർക്കാരിന്റെ ശബ്ദം പ്രതിഫലിപ്പിക്കുന്ന ‘അറബ് ന്യൂസ്’ പത്രത്തിന്റെ ചീഫ് എഡിറ്റർ ഫൈസൽ ജെ അബ്ബാസിന്റെ വാക്കുകളും ശ്രദ്ധിക്കൂ: “ഇരുപക്ഷത്തിനും സ്വീകാര്യരായ മധ്യസ്ഥരുടെ മുൻകയ്യിൽ മുൻവിധികളും വിരുദ്ധ താല്പര്യങ്ങളുമില്ലാതെ സ്വകാര്യമായി പരസ്പരം വിശ്വാസത്തിലെടുത്ത് നടത്തുന്ന ചർച്ചകളാണ് വിജയിക്കുക. അക്കാര്യത്തിൽ ചൈന പെർഫെക്ട് ആയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണവർക്ക്. യു എസിനെയും യുറോപ്പിനെയും പോലെ മേഖലയിൽ ആക്രമണത്തിന്റെയോ അധിനിവേശത്തിന്റെയോ പാരമ്പര്യം അവർക്കില്ല”.

 


ഇതുകൂടി വായിക്കു; നീതിപീഠത്തിന്റെ വാക്കുകള്‍ ഭരണകൂടം കേള്‍ക്കട്ടെ


ഇസ്ലാമിലെ പ്രബലമായ രണ്ടു വിഭാഗങ്ങളാണ് സുന്നികളും ഷിയാക്കളും. സുന്നി ഭൂരിപക്ഷ പ്രദേശമായ സൗദിയും ഷിയാ ഭൂരിപക്ഷ പ്രദേശമായ ഇറാനും പല കാരണങ്ങളാൽ അകന്നു നിൽക്കുകയായിരുന്നു ഇതുവരെ. ഇറാൻ‑ഇറാഖ് യുദ്ധം, ഇറാഖിന്റെ കുവൈത്ത് അധിനിവേശം, പലസ്തീൻ പ്രശ്നം, ഹറമിൽ ഉണ്ടായ ഷിയാക്കളുടെ അമേരിക്കൻ വിരുദ്ധ പ്രകടനം, തുടർന്ന് നടന്ന രക്തച്ചൊരിച്ചിൽ, ഷിയാ പണ്ഡിതനായ നമീർ അൻനമീറിന് വധശിക്ഷ വിധിച്ച സൗദി അറേബ്യയുടെ നടപടി, യമനിലെ ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാന്റെ നിലപാട് തുടങ്ങി ഒട്ടനവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ടായിരുന്നു. സൗദിയുടെ പുതിയ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പുത്തൻ രീതിയിലുള്ള സൗദിയുടെ വികസന നടപടികളും ഇറാനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സംഘർഷങ്ങളുമൊക്കെ ഒരു പുതു നിലപാട് സ്വീകരിക്കാൻ അവരെ ചിന്തിപ്പിച്ചേക്കാം. ഏതായാലും നീണ്ട പതിറ്റാണ്ടുകളുടെ ദൈർഘ്യമുള്ള പിണക്കത്തിനാണ് ഇപ്പോൾ മഞ്ഞുരുകിയിരിക്കുന്നത്. സംഘർഷഭരിതമായ പശ്ചിമേഷ്യയെ ഈ സമാധാന ഉടമ്പടി സൗഹൃദപൂർണമായ അന്തരീക്ഷത്തിലേക്ക് നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

യുദ്ധക്കൊതിയരായ അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും മുസ്ലിം രാഷ്ട്രങ്ങളുടെ സംഘർഷങ്ങളിൽ ആഹ്ലാദിക്കുന്ന ഇസ്രയേലും ഈ കരാറിന് ഇനി എങ്ങനെ ഇടംകോലിടുമെന്നറിയില്ല. രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടും അവസരം വരുമ്പോൾ സൈനിക അധിനിവേശങ്ങൾ നടത്തിയും ആയുധക്കച്ചവടത്തിന് കോപ്പുകൂട്ടിയും അധികാരവും സമ്പത്തും പിടിച്ചെടുക്കുന്ന അമേരിക്കയുടെയും യൂറോപ്പിന്റെയും കണക്കുകൂട്ടലുകളാണ് ഇവിടെ പിഴയ്ക്കുന്നത്. അതുപോലെതന്നെ തരം കിട്ടുമ്പോഴൊക്കെ മുസ്ലിങ്ങളെ കൊന്നൊടുക്കുകയും മുസ്ലിം രാഷ്ട്രങ്ങളുടെമേൽ കുതിരകയറുകയും ചെയ്യുന്ന ഇസ്രയേലിന്റെയും. പലസ്തീൻ പ്രശ്ന പരിഹാരത്തിന് വിലങ്ങുതടിയായി നിന്നതും പലസ്തീനെ ചവിട്ടി മെതിക്കാൻ ഇസ്രയേലിന് കൂടുതൽ കരുത്ത് പകർന്നതും മുസ്ലിം രാഷ്ട്രങ്ങൾ തമ്മില്‍ പരസ്പരമുള്ള അകല്‍ച്ചകളായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വം പല്ലുകൊഴിഞ്ഞ സിംഹം ആവുകയും റഷ്യ ഉക്രെയ്ൻ യുദ്ധവും മറ്റ് ആഭ്യന്തര സംഘർഷങ്ങളുമായി പൊരുതുകയും ചെയ്യുമ്പോൾ ചൈനയ്ക്കും മൂന്നാംതവണയും അധികാരമുറപ്പിച്ച ഷീ ജിൻ പിങ്ങിനും ലോകത്തിന്റെ മേധാവിത്വത്തിലെത്താന്‍ ഒന്നാംതരം അവസരമാണ് കൈവന്നിരിക്കുന്നത്. മറ്റൊരർത്ഥത്തിൽ ലോകത്തിന്റെ നേതൃത്വവും സമാധാന ഉടമ്പടിയുടെ വക്താക്കളും ലോക രാജ്യങ്ങൾക്കിടയിലെ സ്വീകാര്യതയുള്ളവരുമായി ചൈന മാറുന്നതിന്റെ വ്യക്തമായ തെളവാണിത്.

 


ഇതുകൂടി വായിക്കു; അയോഗ്യതാ നിയമം ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍


പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും പർദ, സ്ത്രീ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളാലുണ്ടായ ആഭ്യന്തര പ്രതിസന്ധിയും ആശയപരമായി മുസ്ലിം രാഷ്ട്രങ്ങളുടെ പൊതുധാരയിൽ നിന്നുള്ള ഒറ്റപ്പെടലും മറികടക്കാന്‍ സാധിച്ചാൽ രാഷ്ട്രവളർച്ച ത്വരിതപ്പെടുത്താമെന്ന് ഇറാൻ കണക്ക് കൂട്ടുന്നു. സമ്പദ് വ്യവസ്ഥ, പ്രതിരോധം, പരിസ്ഥിതി, വിനോദ സഞ്ചാരം, തുടങ്ങിയ മേഖലകളുടെ വിപുലീകരണം ലക്ഷ്യമിടുന്ന സൗദിയുടെ ‘വിഷൻ 2030’ന് കരുത്തുപകരാനും ഇറാന്റെ പരോക്ഷ പിന്തുണയോടെ യമൻ നടത്തുന്ന അക്രമണങ്ങളിൽ നിന്ന് രക്ഷനേടാനും സൗദി അറേബ്യയും ആഗ്രഹിക്കുന്നു.  സിറിയ, ലബനൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അറബ്-മുസ്ലിം രാഷ്ട്രങ്ങളിലെ ആഭ്യന്തര സംഘർഷങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനും പലസ്തീൻ പ്രശ്നത്തിൽ ഒരു പുനർവിചിന്തനത്തിനുമൊക്കെ സൗദി-ഇറാൻ സൗഹൃദം സഹായകമായേക്കും, ഖത്തർ, കുവൈത്ത്, ഒമൻ രാജ്യങ്ങളുടെ മാതൃക പിൻപറ്റി യുഎഇയും ബഹ്റൈനും ഈജിപ്‌തുമൊക്കെ ഇറാനുമായി നല്ല ബന്ധം സ്ഥാപിക്കാനും കളമൊരുങ്ങും. വരാൻപോകുന്ന പുതിയ സമവാക്യത്തിൽ വിജയക്കുതിപ്പിലൂടെ മുന്നേറുന്ന തുർക്കിയ കൂടി ഉൾപ്പെടുന്നതോടെ മുസ്ലിം-അറബ് ഐക്യം പ്രതീക്ഷിക്കാം. ലോകത്തിലെ പ്രധാന പെട്രോളിയം ഉല്പാദക രാജ്യങ്ങൾ ഐക്യപ്പെടുന്നത് ലോകത്ത് എണ്ണവിലയിലും സാമ്പത്തിക സ്ഥിതിയിലും പ്രതിഫലിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.