25 May 2024, Saturday

ലോകവ്യാപാര സംഘടനയുടെ മുന്നറിയിപ്പും മോഡി ഭരണകൂടത്തിന്റെ നിസംഗതയും

പ്രൊഫ. കെ അരവിന്ദാക്ഷൻ
November 9, 2022 4:55 am

ലോകവ്യാപാര സംഘടനയുടെതായി പുറത്തുവന്നിട്ടുള്ള ആഗോളവ്യാപാരത്തിന്റെ ഭാവിപരിപ്രേക്ഷ്യം സംബന്ധിച്ചുള്ള നിഗമനങ്ങള്‍ നിലവിലുള്ളതും കുറേക്കാലത്തേക്കു കൂടി തുടരാന്‍ സാധ്യതയുള്ളതുമായ സാമ്പത്തിക ഭൗമരാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ ഒട്ടുംതന്നെ ആശ്വാസകരമല്ല. നടപ്പു ധനകാര്യ വര്‍ഷത്തില്‍ തന്നെ ആഗോള ചരക്കുവ്യാപാരത്തിന്റെ ദിശ പുറകോട്ടാണെന്നു മാത്രമല്ല, 2023 ആകുന്നതോടെ പ്രശ്നം കൂടുതല്‍ ഗുരുതരാവസ്ഥയിലെത്തുമെന്നുമാണ് കരുതേണ്ടിവരുന്നത്. നിലവില്‍ ആഗോള ചരക്ക് വ്യാപാരത്തിന്റെ വളര്‍ച്ച 3.5 ശതമാനമാണ്. ഇത് 2023 ആകുന്നതോടെ ഒരു ശതമാനമായി ഇടിയാനാണ് സാധ്യത. നേരത്തെ പ്രതീക്ഷിച്ചിരുന്നത് 3.4 ശതമാനമായിരുന്നു. ഗുരുതരമായൊരു തകര്‍ച്ചയ്ക്ക് ഇടയാക്കിയതിന് നിരവധി കാരണങ്ങളുണ്ട്. യൂറോപ്യന്‍ മേഖലാ രാജ്യങ്ങളില്‍ മുഴുവന്‍ കുതിച്ചുയര്‍ന്നുവരുന്ന ഊര്‍ജ വിഭവ വിലക്കയറ്റം, കുടുംബ ബജറ്റുകളെ തകിടം മറിക്കുകയും ഡിമാന്‍ഡിനെ തകര്‍ത്തുകളയുകയും ചെയ്യുന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെയും വിദേശ വ്യാപാര മേഖലയുടെയും തകര്‍ച്ച ആഗോള വ്യാപാര വര്‍ധനവിനു പകരം കുത്തനെയുള്ള ഇടിവിനാണ് ഇടയാക്കുക. ഇന്ത്യയടക്കമുള്ള നിരവധി ഏഷ്യന്‍ രാജ്യങ്ങളും ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ വികസ്വര രാജ്യങ്ങളും മൊത്തത്തില്‍ ഭക്ഷ്യ‑ഊര്‍ജ ഉല്പന്ന വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും കെണിയില്‍ അകപ്പെട്ട് നട്ടം തിരിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതും.

 


ഇതുകൂടി വായിക്കു; പട്ടിണി രാജ്യമാകുന്ന ഇന്ത്യ | Janayugom Editorial


 

ആഗോള സമ്പദ്‌വ്യവസ്ഥയും പ്രതിസന്ധിയിലാണ്. വികസനത്തിനാവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് സാധ്യമാകുന്നില്ല. കാരണം, പണപ്പെരുപ്പക്കെടുതിക്ക് പ്രതിരോധമെന്ന നിലയില്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ക്രമേണ ഉയര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നു എന്നതു തന്നെ. യുഎസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി ബാങ്ക് വായ്പാ പലിശനിരക്കുകള്‍ ഉയര്‍ത്തുകയാണ്. അതിനാല്‍ ഇന്ത്യയിലെ ആര്‍ബിഐയും മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും ഇതേനില തുടരുകയാണ്. ഇതെല്ലാം ആഘാതമേല്പിക്കുന്നത് ആഗോള വ്യാപാരമേഖലയ്ക്കുമേല്‍ ആയിരിക്കും. ഡബ്ല്യുടിഒ കണക്കാക്കിയിരുന്നത് 2022ല്‍ ഗ്ലോബല്‍ ഇക്കോണമി 2.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണെങ്കില്‍ 2023ല്‍ ഇത് 2.3 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് ഇപ്പോഴത്തെ നിഗമനം. വ്യാപാരത്തിന്റെ പൊതുഘടനയിലും മാറ്റം ഉണ്ടാകാം. ഇതും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാതിരിക്കില്ല. സര്‍ക്കാരുകളും കോര്‍പറേറ്റ് കുത്തകകളും ഈ ഘട്ടത്തില്‍ ചെയ്യേണ്ടത് ചരക്കുകളുടെയും അവശ്യസേവനങ്ങളുടെയും വിതരണ ശൃംഖലകളില്‍ തടസങ്ങള്‍ പരമാവധി കുറയ്ക്കുകയെങ്കിലും വേണമെന്നാണ്. ഇതിന് അനിവാര്യമായ നടപടി ഉല്പാദനത്തിന്റെ വൈവിധ്യവല്ക്കരണമാണ്. കുറേക്കാലത്തേക്കെങ്കിലും സപ്ലൈ ചെയിനുകള്‍ സുഗമമായി തുടരാനും ഇടക്കാല നീക്കുപോക്കുകളിലൂടെ വ്യാപാരവും സാമ്പത്തിക വളര്‍ച്ചയും തടസമില്ലാതെ നീങ്ങാനും ഇതുവഴി സാധ്യമാകാം. ഇന്ത്യയിലെ കോര്‍പറേറ്റ് മേഖലയും വ്യാപാരമേഖലയും സമാനമായ മാറ്റങ്ങള്‍ക്ക് സന്നദ്ധരാവേണ്ടതാണ്. കയറ്റുമതി വര്‍ധനവിലൂടെ വികസനം സാധ്യമാക്കാന്‍ വേറെ കുറുക്കുവഴികളൊന്നുമില്ല. വ്യാപാര മേഖലയിലെ ചലനങ്ങള്‍ക്ക് നേരെ സിസംഗമനോഭാവം തുടരുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.

2022 സെപ്റ്റംബറില്‍ ചരക്കുകയറ്റുമതി വരുമാനത്തില്‍ ഉണ്ടായത് 3.5 ശതമാനം ഇടിവായിരുന്നു. ഏതാനും ചരക്കുകളുടെ കയറ്റുമതി ഇടിവിന് കാരണമായത് ആഗോള ഡിമാന്‍ഡിലുണ്ടായ തകര്‍ച്ചയാണ്. തുണിത്തരങ്ങളുടെയും അസംസ്കൃത ഉല്പന്നമായ നൂലിന്റെയും മറ്റും കയറ്റുമതി ഡിമാന്‍ഡില്‍ 40 ശതമാനം വരെ കുറവുണ്ടായപ്പോള്‍, എന്‍ജിനീയറിങ് ഉല്പന്നങ്ങളുടേതില്‍ ഇടിവുണ്ടായത് 17 ശതമാനത്തോളമായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതികള്‍ക്ക് ആഗോള വ്യാപാരവുമായുള്ള സംവേദനക്ഷമത വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനാല്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നേരിയ തോതിലുള്ള വളര്‍ച്ചാ ഇടിവോ മാന്ദ്യത്തിന്റെ സൂചനയോ ഉണ്ടാകുമെങ്കില്‍ തന്നെ അതില്‍ നിന്നുണ്ടാകാനിടയുള്ള ആഘാതം ക്രമാതീതമായ തോതിലായിരിക്കും. കോവിഡനന്തര കാലഘട്ടത്തിലെ തകര്‍ച്ചയില്‍ നിന്നുള്ള മോചനത്തിന്റെ ഗതിവേഗം നിസാരമാണെന്ന സാഹചര്യത്തില്‍ ഇറക്കുമതികളില്‍ ഇടിവു പ്രതീക്ഷിക്കേണ്ടതില്ലെന്നു മാത്രമല്ല, വര്‍ധനവ് പ്രതീക്ഷിക്കേണ്ടതുമാണ്. സ്വാഭാവികമായും ഇതിന്റെ പ്ര ത്യാഘാതം വ്യക്തമായിരിക്കും. അതായത് കറന്റ് അക്കൗണ്ട് കമ്മി-സിഎഡിയില്‍ വന്‍ വര്‍ധനവുണ്ടാകും. കയറ്റുമതിയില്‍ ഇടിവും ഇറക്കുമതിയില്‍ വര്‍ധനവും ഉണ്ടാകുമ്പോഴാണ് കറന്റ് അക്കൗണ്ട് കമ്മി ഉടലെടുക്കുക. നിലവില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അനുഭവം ഇതുതന്നെയാണ്. തന്മൂലം രൂപയുടെ വിനിമയ മൂല്യത്തില്‍ ഇടിവുണ്ടാവുകയും ചെയ്യുന്നു. ലോക വ്യാപാര സംഘടന നല്കുന്ന മുന്നറിയിപ്പ് ഇന്ത്യന്‍ ഭരണകൂടം തികഞ്ഞ ഗൗരവത്തോടെ വേണം നിരീക്ഷിക്കാനും വിലയിരുത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനും. ഇന്നത്തെ നില തുടരുന്നപക്ഷം ഇന്ത്യയുടെ വിദേശ വിനിമയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരിക്കും. പെട്രോളിയം ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ “ഒപെക്” പരമാവധി വിദേശ വിനിമയ ശേഖരം സ്വരൂപിക്കുക എന്നത് ലക്ഷ്യമാക്കി അസംസ്കൃത പെട്രോളിയത്തിന്റെ ഉല്പാദനം പരമാവധി വെട്ടിക്കുറയ്ക്കുകയും കൃത്രിമക്ഷാമത്തിലൂടെ അധികവില ഈടാക്കാന്‍ ഉറച്ച തീരുമാനമെടുത്തിരിക്കുകയുമാണ്. ഒപെക്കിന്റെ സഖ്യരാജ്യങ്ങളുടെ സമീപനവും സമാനമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള എണ്ണ വില വര്‍ധനവിനനുസരിച്ച് അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ കുറവുവരുത്തുക പ്രായോഗികമാവില്ല. ഇന്നത്തെ നിലയില്‍ ആഭ്യന്തര ആവശ്യത്തിന്റെ 80 ശതമാനത്തോളവും നാം ഇറക്കുമതിയിലൂടെയാണ് നിര്‍വഹിച്ചു വരുന്നത്.

 


ഇതുകൂടി വായിക്കു;  കരുതല്‍ വേണം, സഹകരണത്തെ രക്ഷിക്കാന്‍ | JANAYUGOM EDITORIAL


 

കറന്റ് അക്കൗണ്ട് കമ്മിയില്‍ കുറവു വരുത്തുക ലക്ഷ്യമാക്കി ഇതില്‍ വെട്ടിക്കുറവ് വരുത്താനാവില്ല. ഇന്നത്തെ നിലയില്‍ തന്നെ കമ്മി 57.6 ബില്യന്‍ ഡോളറാണ്. സ്വാഭാവികമായും ഇതിന്റെ ആഘാതം രൂപയുടെ വിദേശ വിനിമയ മൂല്യത്തിലെ കുത്തനെയുള്ള ഇടിവിലൂടെ പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആര്‍ബിഐയുടെയും കേന്ദ്ര ഭരണകൂടത്തിന്റെയും പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും അപ്പാടെ തകിടം മറിച്ചുകൊണ്ടാണ് രൂപയും ഡോളറും തമ്മിലുളള വിനിമയ മൂല്യം ഒരു ഡോളറിന് 85 രൂപ എന്ന നിരക്കിലേക്ക് ക്രമേണ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഇത് 82 രൂപ കവിഞ്ഞിരിക്കുകയാണ്. ആര്‍ബിഐയുടെ തുടര്‍ച്ചയായ ഇടപെടലുകള്‍ വഴി വിദേശ വിനിമയ ശേഖരം വിപണിയിലിറക്കി രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ നടത്തിവരുന്ന ശ്രമങ്ങള്‍ പ്രതീക്ഷിച്ച വിജയം കാണുന്നുമില്ല. ഇതിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്കുശേഷം വാഷിങ്ടണില്‍ മാധ്യമ പ്രവര്‍ത്തകരോട് രൂപയുടെ വിനിമയ മൂല്യശോഷണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. രൂപ ക്ഷീണിക്കുകയല്ല, ഡോളര്‍ ശക്തിപ്പെടുകയാണുണ്ടായിരിക്കുന്നത് എന്നായിരുന്നു അവരുടെ പ്രതികരണം. ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം 10 ശതമാനം മാത്രമാണെന്നും മറ്റ് രാജ്യങ്ങളുടെ കറന്‍സികളുടേത് ഇതിലധികമാണെന്നും അവര്‍ അവകാശപ്പെട്ടിരിക്കുന്നു. അതേ അവസരത്തില്‍ വിദേശ വിനിമയശോഷണത്തിലേക്ക് ഏത് ദേശീയ കറന്‍സിയെയും നയിക്കാന്‍ വഴിയൊരുക്കുന്ന വ്യാപാരക്കമ്മി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നുതന്നെ നിലനില്‍ക്കുകയാണെന്ന് ധനമന്ത്രി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം നിര്‍മ്മലാ സീതാരാമന്‍ അഭിപ്രായപ്പെട്ടത് പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണവിധേയമാണെന്ന് മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും മറ്റുമായിരുന്നു. ധനമന്ത്രി എന്ന നിലയില്‍ താന്‍ നടത്തുന്ന പ്രസ്താവനകളുടെയും ഉന്നയിക്കുന്ന അവകാശവാദങ്ങളുടെയും യുക്തിഭദ്രത സംബന്ധമായ ഒരു ഏകദേശ ധാരണയെങ്കിലും കേന്ദ്രമന്ത്രിക്ക് വേണ്ടതാണ്.

 


ഇതുകൂടി വായിക്കു; സംഘ്കാലത്തെ നീതിപീഠങ്ങള്‍ | JANAYUGOM EDITORIAL


 

ജി20 രാജ്യ കൂട്ടായ്മയുടെ നിയുക്ത അധ്യക്ഷ സ്ഥാനത്തെത്തുന്ന ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ ധനമന്ത്രിയുടെ നിലപാടുകളില്‍ കുറേക്കൂടി വ്യക്തത അനിവാര്യവുമാണല്ലോ? വ്യത്യസ്ത മേഖലകളില്‍ നിന്നും വ്യത്യസ്ത വികസന നിലവാരങ്ങളുള്ള 20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യക്ക് പുറമെ അര്‍ജന്റിന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ഇറ്റലി, ഇന്തോനേഷ്യ, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ടര്‍ക്കി, യുകെ, യുഎസ്എ, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുമുണ്ട്. ഇവര്‍ക്കുപുറമെ പ്രത്യേക ക്ഷണിതാക്കളായ ബംഗ്ലാദേശ്, ഈജിപ്റ്റ്, മൗറിഷ്യസ്, നെതര്‍ലന്‍ഡ്സ്, നൈജീരിയ, ഒമാന്‍, സിങ്കപ്പൂര്‍, സ്പെയിന്‍, യുഎഇ എന്നീ രാജ്യങ്ങളുമുണ്ട്. ഐക്യരാഷ്ട്രസഭയ്ക്ക് പുറമെ ഐഎംഎഫ്, ലോകബാങ്ക്, ലോകാരോഗ്യ സംഘടന, ഐഎല്‍ഒ, ഒഇസിഡി, എഡിബി, ആസിയാന്‍ എന്നിങ്ങനെ നിരവധി സംഘടനാ പ്രതിനിധികളും സമ്മേളനത്തിലുണ്ടായേക്കും. ലോകശ്രദ്ധ നേടുമെന്നുറപ്പുള്ള ഇതുപോലൊരു സമ്മേളനത്തിന്റെ അധ്യക്ഷസ്ഥാനത്തെത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര സാമ്പത്തിക സാമൂഹ്യ നയങ്ങളുടെ കാര്യത്തിലുള്ള വ്യക്തത അവയുടെ വസ്തുനിഷ്ഠമായൊരു വിലയിരുത്തലിലും ഒഴിവാക്കാന്‍ കഴിയില്ലല്ലോ. ഇത്തരമൊരു പശ്ചാത്തലം കൂടി കണക്കിലെടുത്തായിരിക്കണം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെപ്പോലെ ഉന്നത പദവിയിലിരിക്കുന്ന ഭരണാധികാരി സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെ സംബന്ധിക്കുന്നൊരു പ്രസ്താവന നടത്താന്‍. രാജ്യം ആഭ്യന്തര മേഖലയില്‍ മാത്രമല്ല, ആഗോള ഭൗമ, രാഷ്ട്രീയ മേഖലകളിലും അഭിമുഖീകരിക്കേണ്ടിവരുന്ന ഗുരുതരമായ വെല്ലുവിളികള്‍ ഏതുവിധേന നേരിടാനുദ്ദേശിക്കുന്നു എന്നതും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഇത്തരം വെല്ലുവിളികള്‍ മുന്തിയ പ്രാധാന്യം അര്‍ഹിക്കുന്ന മേഖലയാണ്. വിദേശ വ്യാപാര മേഖലയിലെ പ്രതിസന്ധിയും രൂപയുടെ വിദേശവിനിമയ മൂല്യശോഷണം തുടര്‍ച്ചയായൊരു പ്രതിഭാസമാണെന്നതും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇടമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.