വന്യജീവി വകുപ്പ് മേധാവിയോട് നാല് ആനകളെ ഒരു വാഹനത്തിൽ കൊണ്ടുപോകാൻ നിർദേശിച്ച മന്ത്രിയുടെ പഴയാെരു കഥയുണ്ട്. മേധാവിയാകട്ടെ നിര്‍ദേശമനുസരിച്ച് തന്റെ ഫീൽഡ് സ്റ്റാഫിനോട് അങ്ങനെ ചെയ്യാൻ ഉത്തരവിട്ടു. ഒരു ജീപ്പ് മാത്രമേ ലഭ്യമുള്ളൂ എന്ന് അറിയിച്ചപ്പോൾ, മന്ത്രി പതറാതെ മറുപടി പറഞ്ഞു, “അത് ലളിതമല്ലേ! രണ്ട് ആനകളെ മുന്നിലും രണ്ട് ആനകളെ പിന്നിലും ഇരുത്തുക.” ഒരു ജീപ്പിൽ നാല് ആനകളെ കൊണ്ടുപോകുന്നതിന് തുല്യമായ ശ്രമമാണ് ഫെബ്രുവരി 15ന് രാത്രി ന്യൂഡൽഹി സ്റ്റേഷനിൽ ഇന്ത്യൻ റെയിൽവേ നടത്തിയത്. തിക്കിലും തിരക്കിലും പെട്ട് വന്‍ ദുരന്തമുണ്ടായതങ്ങനെയാണ്.
റെയിൽവേ സംവിധാനത്തിന് വിഷയത്തില്‍ വ്യക്തത വരുത്താൻ കഴിഞ്ഞില്ല. മാധ്യമ റിപ്പോർട്ടുകള്‍, പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളില്‍ നിന്ന്, അല്ലെങ്കിൽ അവ്യക്തമായ റെയിൽവേ ബുള്ളറ്റിനുകളിൽ നിന്നും, ദുരിതമയമായ ആ സാഹചര്യത്തില്‍ ജോലി ചെയ്ത ചിലരുടെ അനുഭവത്തിൽ നിന്നുമാണ് കാര്യങ്ങൾ പുറംലോകം അറിയുന്നത്. കൃത്യമായ ടിക്കറ്റ് പരിശോധനയുടെ അഭാവം മൂലം ആ ദിവസം പ്ലാറ്റ്ഫോമുകളിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ഏകദേശ കണക്ക് പോലും നൽകാൻ റെയില്‍വേക്ക് കഴിഞ്ഞില്ല. വൈകുന്നേരം ആറ് മുതൽ എട്ട് വരെ 9,600 രണ്ടാം ക്ലാസ് ജനറൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. മുന്‍ദിവസങ്ങളില്‍ ശരാശരി 7,000 ടിക്കറ്റുകൾ വിറ്റ സ്ഥാനത്താണിത്.
മുന്‍കൂട്ടി റിസർവ് ചെയ്ത എല്ലാ ക്ലാസുകളിലേക്കുമുള്ള ആയിരക്കണക്കിന് യാത്രക്കാരും നേരത്തെ വാങ്ങിയ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ കെെവശമുള്ളവരും അവിടെയുണ്ടായിരുന്നു. രണ്ടാം ക്ലാസ് ടിക്കറ്റ് ഉടമകളിൽ ഭൂരിഭാഗവും പ്രയാഗ്‌രാജിലേക്കുള്ള തീർത്ഥാടകരായിരുന്നുവെന്ന് അനുമാനിക്കുന്നതും ന്യായമാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, രാത്രി എട്ട് മുതൽ 10 വരെയുള്ള നിർണായക സമയപരിധിയിൽ ശിവഗംഗ, മഗധ്, പ്രയാഗ്‌രാജ്, പ്രയാഗ്‌രാജ് കുംഭ് സ്പെഷ്യൽ എന്നിങ്ങനെ നാല് ട്രെയിനുകൾ പ്രയാഗ്‌രാജിലേക്ക് പോയി. ഈ ട്രെയിനുകളുടെ വിശകലനം കാണിക്കുന്നത് നാല് ട്രെയിനുകളിലുമായി 1,700 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 17 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്.
തിരക്ക് കൈകാര്യം ചെയ്യാൻ റെയിൽവേ നാമമാത്ര സജ്ജീകരണം പോലും നടത്തിയിരുന്നില്ല. യാത്രക്കാരുടെ നിയന്ത്രണം അനിവാര്യമായിരുന്ന സമയത്ത് റെയിൽവേ കാണിച്ച നിസംഗത കുറ്റകരമായ അനാസ്ഥയാണ്. ദുരന്തം ഒരു വലിയ ചോദ്യം ഉയർത്തുന്നു: യഥാർത്ഥ ആവശ്യവും വിതരണവും സംബന്ധിച്ച് യാഥാർത്ഥ്യബോധമുള്ള വിലയിരുത്തൽ അധികൃതര്‍ നടത്തിയിരുന്നോ? ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ച് വാചാലരായ സർക്കാർ, ദശലക്ഷക്കണക്കിന് ഭക്തരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റെയിൽ, റോഡ്, വ്യോമയാന മേഖലകൾക്കിടയിൽ ശരിയായ ഏകോപനവും ഉറപ്പാക്കിയിരുന്നോ? ഓരോ മേഖലയും പ്രത്യേകംപ്രത്യേകം കള്ളികളിലാണ് പ്രവർത്തിച്ചതെന്ന് വ്യക്തമാണ്. റെയിൽവേയെ അത് കുഴപ്പത്തിലാക്കി.
കുംഭ് സ്പെഷ്യല്‍ പുറപ്പെടുന്ന പ്ലാറ്റ്ഫോമിൽ പെട്ടെന്ന് മാറ്റം വരുത്തിയതായി പ്രഖ്യാപിച്ചതാണ് തിക്കിലും തിരക്കിലും കലാശിച്ചത് എന്നതിനെക്കുറിച്ച് നിരവധി വാദങ്ങളും പ്രതിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും അവിശ്വസനീയമായത് മുന്‍ ഉദ്യോഗസ്ഥനും ബിസിനസുകാരനുമായ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞ കാര്യങ്ങളാണ്. ആദ്യം ദുരന്തം മറച്ചുവയ്ക്കാനും പിന്നീട് തീവ്രത കുറച്ചുകാണിക്കാനുമാണ് ശ്രമിച്ചിരുന്നത്. റെയിൽവേയുടെ പ്രതികരണത്തിന്റെ മറ്റ് രണ്ട് വശങ്ങൾ കൂടി പുറത്തുവരേണ്ടതുണ്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ മന്ത്രാലയം നിയോഗിച്ച രണ്ടംഗ ഉന്നതതല സമിതിയിൽ നിലവിൽ രണ്ട് കേന്ദ്രവകുപ്പുകളുടെ തലവന്മാരാണ് ഉൾപ്പെടുന്നത്. ഇത് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ പരാതി ഉന്നയിക്കുന്നത് തടയിടാനും മറച്ചുവയ്ക്കാനും മാത്രമായിരിക്കും അന്വേഷണം എന്ന ന്യായമായ ആശങ്ക ഉയർത്തുന്നു.
മറ്റൊരു വിചിത്രമായ നീക്കത്തിൽ, ഉത്തരറെയിൽവേ സഹായധനത്തിന്റെ അളവും രീതിയും സംബന്ധിച്ച എല്ലാ മാനദണ്ഡങ്ങളും അവഗണിച്ചു. മരിച്ച 18 പേരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും പണമായി നല്‍കി. റെയിൽവേ സഹായധനം നേരിട്ട് പണമായാണോ വിതരണം ചെയ്യുക എന്ന സംശയം സ്വാഭാവികം. ഇങ്ങനെ വിതരണം ചെയ്ത പണത്തിൽ എത്രയാണ് ഈ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയതെന്ന് ആർക്കും ഊഹിക്കാനും കഴിയില്ല.
ദൗർഭാഗ്യവശാൽ എല്ലാ കോലാഹലങ്ങളിലും, പ്രതിപക്ഷവും മാധ്യമങ്ങളും അവഗണിച്ചത് ഇന്ത്യൻ റെയിൽവേയുടെ അടിത്തറയിളക്കുന്നതരത്തില്‍ ആഴത്തിലുള്ള ദുരവസ്ഥയെയാണ് — സാധാരണക്കാരനെയും അവന്റെ ആവശ്യങ്ങളെയും ഉപേക്ഷിക്കൽ. വികലമായ മുൻഗണനകളാലും ചെലവേറിയ പദ്ധതികളോടുള്ള അഭിനിവേശത്താലും മതിമറന്ന ഭരണകൂടം, സാധാരണക്കാരന്റെ താല്പര്യങ്ങളോടുള്ള പ്രതിബദ്ധത മറക്കുകയാണ്. അതേസമയം വരേണ്യവർഗത്തിന്റെയും മധ്യവർഗത്തിന്റെയും ഉയർന്നവിഭാഗം യാത്രക്കാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
റെയിൽവേയുടെ മുൻഗണനകളെക്കുറിച്ചുള്ള വ്യക്തമായ സ്ഥിതിവിവരക്കണക്കുകൾ നോക്കാം. 2011–12നെ അപേക്ഷിച്ച് 2022–23ൽ രണ്ടാം ക്ലാസ്, നോൺ‑സബർബൻ വിഭാഗത്തിൽ 100 കോടി യാത്രക്കാരുടെ കുറവുണ്ടായി. മിക്ക ആളുകൾക്കും രണ്ടാം ക്ലാസ് യാത്ര മാത്രം താങ്ങാൻ കഴിയുന്ന ഒരു രാജ്യത്താണ് ഇത് സംഭവിച്ചത്. ഉയർന്ന ക്ലാസ് യാത്രക്കാരുടെ എണ്ണം 2011–12ലെ 100 ദശലക്ഷത്തിൽ നിന്ന് 2022–23 ൽ 268 ദശലക്ഷമായി ഇരട്ടിയിലേറെയായി. അതേകാലയളവിൽ, എയർ കണ്ടീഷൻഡ് ക്ലാസ് യാത്രക്കാരെ വഹിക്കാനുള്ള ശേഷി 190 ശതമാനം വർധിപ്പിച്ചപ്പോൾ രണ്ടാം ക്ലാസ് യാത്രക്കാരെ വഹിക്കാനുള്ള ശേഷി 15 ശതമാനം മാത്രമാണ് കൂടിയത്.
യാത്രാ നിരക്കുകളിലെ സബ്സിഡി, പ്രത്യേകിച്ച് രണ്ടാം ക്ലാസ് യാത്രക്കാർക്കുള്ള ചെലവ് മൂലം സാമ്പത്തിക നഷ്ടം അനുഭവിക്കുന്നതിനെക്കുറിച്ച് റെയിൽവേ എന്നും വിലപിക്കുന്നു. യാത്രാ ചെലവിന്റെ ശരാശരി 57 ശതമാനം മാത്രമേ ഈടാക്കുന്നുള്ളൂ എന്നും വാദിക്കുന്നു. ഇത് ശരിയാണെങ്കിലും, നമ്മുടെ വ്യവസായങ്ങൾക്കും കൃഷിയിടങ്ങൾക്കും വേണ്ടി തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളെയും കൊണ്ടുപോകേണ്ടത് സാമ്പത്തിക വികസനത്തിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല ഒരു ജീവകാരുണ്യ പ്രവർത്തനമായ ഇതിനെ നിസാരമായി കാണുകയുമരുത്.
അതോടൊപ്പം തന്നെ രണ്ടാം ക്ലാസ് കോച്ചുകളിലെ യാത്ര എങ്ങനെയെന്ന് അറിയാവുന്ന ആരും അവ ലോകത്തിലെ ഏറ്റവും മോശം ജയിലുകളെക്കാൾ മോശമാണെന്ന് സമ്മതിക്കും. മനുഷ്യത്വരഹിതമായ അവസ്ഥകൾ കണക്കിലെടുത്ത് യാത്രയ്ക്കിടെ ശൗചാലയം ഉപയോഗിക്കേണ്ടതില്ലാത്തവിധം മരുന്നുകൾ ഉപയോഗിച്ച് യാത്രക്കാർ സ്വയം നിയന്ത്രിക്കുന്നതിലും അതിശയിക്കാനില്ല. തിളങ്ങുന്ന വികസിത് ഭാരതത്തിന്റെ മറുവശമാണിത്.
പ്രസക്തമായ മറ്റൊരു കാര്യം സമീപകാല കേന്ദ്ര ബജറ്റിൽ വ്യക്തമായതുപോലെ, ഈ ഭരണകൂടം ജനങ്ങളുടെ വിശ്വാസ്യത നേടുന്നതിനായി ഒരു ദ്വിമാന രീതി സ്വീകരിച്ചിരിക്കുന്നുവെന്നതാണ്. മധ്യവർഗത്തിനും സമ്പന്നർക്കും, നികുതി ഇളവുകൾ, മെച്ചപ്പെട്ട സേവനങ്ങൾ, സൗകര്യങ്ങൾ എന്നിവ നൽകുക; കപട മതവിശ്വാസത്തിലൂടെയും ഇടയ്ക്കിടെയുള്ള നഷ്ടപരിഹാരങ്ങളിലൂടെയും ഭൂരിപക്ഷം പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്താൻ ശ്രമിക്കുക. ഈ ദ്വിമുഖ തന്ത്രമാണ് അവരുടെ രാഷ്ട്രീയ വിജയം.
വിരോധാഭാസമെന്ന പാേലെ, ഡല്‍ഹി സ്റ്റേഷനിലെ തിക്കിലും തിരക്കിലും ദുരന്തമുണ്ടായി രണ്ട് ദിവസത്തിന് ശേഷം, ഇന്ത്യൻ എക്സ്പ്രസ് ഒരു വാർത്ത പ്രസിദ്ധീകരിച്ചു. ‘ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഷോപ്പിങ് ആർക്കേഡ്, അറൈവൽ ആന്റ് ഡിപ്പാർച്ചർ ലോബികൾ, ക്ലോക്ക് റൂമുകൾ എന്നിവ ഉൾപ്പെടുത്തി വിമാനത്താവളം പോലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി റെയിൽവേ ഏകദേശം 2,200 കോടി രൂപയുടെ കരാർ നൽകി.’ വൈഷ്ണവ് റെയിൽവേയുടെ തലപ്പത്തുള്ളിടത്തോളം കാലം, സാധാരണക്കാരുടെ താല്പര്യങ്ങൾ ബലികഴിച്ച് “മേരി ആന്റോനെറ്റ് നയം” തുടരുമെന്ന് പകൽ പോലെ വ്യക്തമാക്കുകയാണ് ഇത്.
(ദ വയര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.