28 December 2024, Saturday
KSFE Galaxy Chits Banner 2

യുക്തിചിന്ത നഷ്ടപ്പെടുന്ന ജനത

അജിത് കൊളാടി
വാക്ക്
May 6, 2023 4:15 am

വ്യക്തിയുടെ സാമാന്യബോധത്തെ വല്ലാതെ സംഭ്രമിപ്പിക്കാത്ത സാർവജനീന ചിന്തയാണ് സാധാരണ അർത്ഥത്തിൽ യുക്തി. യോജിപ്പ്, പൊരുത്തം എന്നൊക്കെ ആ വാക്കിന്റെ സാമാന്യ അർത്ഥം. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഉള്ള വിവിധ ഘടകങ്ങൾ തമ്മിലുള്ള പൊരുത്തം എന്നത് യുക്തിബോധത്തിന്റെ ലക്ഷണമാണ്. സഹസ്രാബ്ദങ്ങൾക്കു മുമ്പ് യുക്തിചിന്ത ഇവിടെ നിലനിന്നു. പതറാത്ത സത്യാന്വേഷണം അന്നത്തെ വഴി. ഐഹിക സത്യങ്ങൾക്കപ്പുറത്തുള്ള പരമസത്യത്തെയാണ് ഉപനിഷത്തുക്കളിലെ ചിന്തകന്മാർ അന്വേഷിച്ചത്. അവർ പ്രപഞ്ചത്തിന്റെ ഉല്പത്തിയെപ്പറ്റിയും ജീവിതത്തിന്റെ ചഞ്ചലതയെപ്പറ്റിയും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ പറ്റിയും ഇവക്കിടയിലുള്ള നിഗൂഢ പ്രതിഭാസങ്ങളെപ്പറ്റിയുമെല്ലാം ഗാഢമായി ചിന്തിക്കുകയും പല തരത്തിലുള്ള അനുമാനങ്ങളിൽ എത്തി ചേരുകയും ചെയ്തു. അവരുടെ ബൗദ്ധികമായ ധീരതയുടെയും പതറാത്ത സത്യാന്വേഷണ തല്പരതയുടെയും ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും കണ്ടെത്താനുള്ള അദമ്യമായ അഭിനിവേശത്തിന്റെയും തെളിവുകൾ ഉപനിഷത്തുകളിൽ ഉടനീളം കാണാം. കേനോപനിഷത്ത്, പ്രശ്നോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നിവയൊക്കെ നിരവധി ചോദ്യങ്ങൾ ചോദിക്കുന്നു. നാം എവിടെ നിന്നു ജനിച്ചു? എന്തിനെ ആശ്രയിച്ചു ജീവിക്കുന്നു? ഉറങ്ങിക്കിടക്കുകയായിരുന്നപ്പോൾ മനുഷ്യന്റെ ബുദ്ധി എവിടെയായിരുന്നു? എവിടെ നിന്നാണ് അത് മടങ്ങി വന്നത്? ഈ ചരാചരങ്ങളെല്ലാം എവിടെ നിന്ന് ഉത്ഭവിച്ചു. ഗാർഗ്യൻ, പിപ്പലാദൻ, യാജ്ഞവൽക്കൻ തുടങ്ങിയ ആചാര്യന്മാർ പലതിനും ഉത്തരം നൽകിയില്ല. ഉപനിഷത്തുക്കൾ പല ചോദ്യം ചോദിച്ചു. എല്ലാറ്റിന്റെയും മൂലകാരണം ആരായാൻ ശ്രമിച്ചു. പക്ഷെ എല്ലാവരും ഒരേ തരത്തിലല്ല ചിന്തിച്ചത്. അതുകൊണ്ട് മറുപടികളും വ്യത്യസ്തമായിരുന്നു.

 


ഇതുകൂടി വായിക്കു; മോഡി പ്രസംഗിച്ചു, പെണ്ണു പ്രസവിച്ചു!


തത്വജ്ഞാനികൾക്കിടയിൽ ഭൗതികവാദികളും ആത്മീയ വാദികളും ഉണ്ടായിരുന്നു. ഒരു സത്യം എല്ലാ തത്വജ്ഞാനികളെയും ഒരു പോലെ ആകർഷിച്ചു. പ്രകൃതിയും പ്രപഞ്ചവും മനുഷ്യനുമെല്ലാം ഇടവിടാതെ മാറികൊണ്ടിരിക്കുന്നു. കൺമുന്നിലുള്ളതില്‍ ചിലത് പെട്ടെന്ന് കാണാതാവുന്നു. പുതുതായി ചിലത് പ്രത്യക്ഷപ്പെടുന്നു. ലോകം സങ്കീർണമായ സംഭവങ്ങളുടെ ഒരു പരമ്പര. കാര്യകാരണങ്ങളാകുന്ന കണ്ണികളുടെ ചങ്ങല. പക്ഷെ എവിടെ നിന്നാണ് തുടക്കം? ഒരു മൂലകാരണമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്? ചിലർ ബ്രഹ്മം എന്നു പറഞ്ഞു. ചിലർ അങ്ങനെ ഒന്നില്ല എന്ന് പറഞ്ഞു. വെള്ളം, വായു, അഗ്നി, ഭൂമി, ആകാശം എന്നീ പഞ്ചഭൂതങ്ങളിൽ നിന്നാണ് സർവ ചരാചരങ്ങളും ഉണ്ടായത് എന്നു പറഞ്ഞു. മറ്റു ചിലർ ലോകത്തിന്റെ പരിണാമത്തിന് ലോകത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു സൃഷ്ടാവിന് ആവശ്യമില്ല എന്ന നിലപാടെടുത്തു. എത്ര ഗഹനമായ ചിന്തകൾ. സംവാദങ്ങൾ. യുക്തിയെ മുൻനിർത്തിയള്ള യാത്ര. രാമായണത്തിൽ രാജസദസിൽ സീത രാമനെ ചോദ്യം ചെയ്യുന്നു. വാൽമീകി പറയുന്നു, സീത രാമനേക്കാൾ പരിശുദ്ധയാണെന്ന്. സർവ അധികാരങ്ങളുടെയും സന്നിധിയിൽ വച്ച് സീത രാമനെ അധിക്ഷേപിക്കുന്നു, ചോദ്യം ചെയ്യുന്നു. അധികാരത്തെ തിരസ്കരിച്ച് ചക്രവർത്തിയെ ഭർത്സിച്ച് സീത അപ്രത്യക്ഷമാകുന്നു. ചോദ്യം ചെയ്യലാണ് അത്. ശംഭൂകനെ വധിച്ച രാമനെ ചോദ്യം ചെയ്തു. അധികാരത്തിന്റെ മുന്നിൽ മുട്ടുമടക്കരുത് എന്ന് സീത പഠിപ്പിച്ചു. പാഞ്ചാലി വസ്ത്രാക്ഷേപ സമയത്ത് രാജക്കന്മാരെ, ഗുരുക്കന്മാരെ, ഭർത്താക്കന്മാരെ ചോദ്യം ചെയ്തു. എന്താണ് ധർമ്മം എന്നു ചോദിച്ചു. ആർക്കും ഉത്തരമില്ല. ചക്രവർത്തിമാർ മൗനികളായി. വ്യാസനും അതിന് ഉത്തരം നൽകിയില്ല.

ഇന്ന് അധികാരികളുടെ മുന്നിൽ ആരും ഒന്നും ചോദിക്കില്ല. സത്യാന്വേഷണമില്ല. ആന്തരിക ശക്തി നഷ്ടപ്പെട്ട ജനത യജമാനന്മാരെ പ്രീതിപ്പെടുത്താൻ പെടാപാടുപെടുന്നു. സ്തുതിപാഠകരുടെ തള്ളിക്കയറ്റം. അവിടെ ചോദ്യങ്ങൾ ഉണ്ടാകില്ല. സമ്പത്തും സമൃദ്ധിയും സുഖവും വർധിച്ചപ്പോൾ അന്ധവിശ്വാസം ക‌ൂടി. പ്രാകത മനുഷ്യർ പ്രകൃതി ശക്തികളെ ആരാധിച്ചത് ഭയം കൊണ്ടായിരുന്നു. അവയെ കീഴടക്കാൻ പറ്റാത്തതുകൊണ്ടായിരുന്നു. അജ്ഞത മൂലമായിരുന്നു. അപ്പോൾ അവർ തങ്ങളിലെ ആന്തരികശക്തിയെ ബാഹ്യശക്തിക്ക് അടിമപ്പെടുത്തി. ഇന്ന് ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ ധാരാളം കൈവരിച്ചിട്ടും അന്ധവിശ്വാസവും അനാചാരങ്ങളും മനുഷ്യനെ സമൂലമായി പിടികൂടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചാറ്റ് ജിപിടി എന്നിവയുടെ കാലത്തും മനുഷ്യൻ ജോത്സ്യത്തിലും ഹോമത്തിലും വിശ്വസിക്കുന്നു. സമ്പത്ത് വർധിച്ചപ്പോൾ ആരാധനാലയങ്ങളിൽ തിരക്ക് വർധിച്ചു. പൗരോഹിത്യം ആചാരങ്ങൾ സൃഷ്ടിച്ച് മനുഷ്യന്റെ ദുർബലമായ മനസ് ചൂഷണം ചെയ്യുന്നു. യുക്തിക്ക് നിരക്കാത്ത പലതും മനുഷ്യർ ചെയ്യുന്നു.രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങൾ പോലും വിഘ്നം ഇല്ലാതെയാകാൻ, അഭിവൃദ്ധിയുണ്ടാകാൻ പൂജ നടത്തുന്നു. മതാധ്യക്ഷന്മാരെ പൂജിക്കുന്നു. തെരഞ്ഞെടുപ്പു റാലികളിൽ പോലും ദൈവത്തെ സ്തുതിച്ച് മന്ത്രം ചൊല്ലുന്നു. ശാസ്ത്രജ്ഞർ ബഹിരാകാശ വാഹന വിക്ഷേപിക്കുന്നതിനു മുൻപ് നാളികേരം ഉടയ്ക്കുന്നു. കപട ഭക്തി ക്രമാതീതമായി വർധിക്കുന്നു. ഇതെല്ലാം തത്വമസി പറഞ്ഞ നാട്ടിൽ. നിന്റെ ഹൃദയത്തിലാണ് ഞാൻ കുടികൊള്ളുന്നത് എന്ന ഗീതാവാക്യം പിറന്ന നാട്ടിൽ. എല്ലാ ചരാചരങ്ങളിലും ഈശ്വരൻ ഉണ്ട് എന്ന് ഉദ്ഘോഷിച്ച നാട്ടിൽ. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളുടെ വളർച്ചയ്ക്കും മനുഷ്യന്റെ ജീവിതോപാധികളുടെ സമഗ്രവും സർവതലസ്പർശിയുമായ ഉയർച്ചയ്ക്കും ഉപാധിയായി വിജ്ഞാനം മാറുമ്പോഴാണ് ഒരു സമൂഹത്തെ വൈജ്ഞാനിക സമൂഹമെന്ന് വിശേഷിപ്പിക്കാൻ കഴിയുക.

 


ഇതുകൂടി വായിക്കു; ചെറുപ്പത്തിലേ പിടികൂടുന്ന സംഘ്പരിവാര ഫാസിസ്റ്റുകള്‍


 

ഇന്ന് ഫാസിസ്റ്റുകൾ അത്തരം സമൂഹം സൃഷ്ടിക്കില്ല. അവരുടെ ലക്ഷ്യം ചിന്തയുടെ ജീർണതയാണ്. ചിന്തിക്കാത്ത സമൂഹം വേണമെന്ന് അവർക്ക് നിർബന്ധമാണ്. ഭൂതകാലത്തിന്റെയും ഭാവികാലത്തിന്റെയും നടുവിൽ സഞ്ചരിക്കുന്ന വർത്തമാനത്തിന്റെ ഇടനാഴിയാണ് ചരിത്രം. അത് ഒരിക്കലും നിശ്ചലമല്ല. ആ ചരിത്രത്തെയും അവർക്ക് വികൃതമാക്കണം. ചരിത്രം എപ്പോഴും കൈകാര്യം ചെയ്യുന്നത് അധികാര ശക്തികളാണ്. അവരുടെ താല്പര്യങ്ങൾക്കനുസൃതമായി ചരിത്രം രചിക്കാനും അതിനുള്ള പശ്ചാത്തലമൊരുക്കാനും ഉള്ള ആളുകളെ അവർ സൃഷ്ടിക്കും. എക്കാലത്തും അതുണ്ടായിട്ടുണ്ട്. ചരിത്രം എപ്പോഴും അധീശ ശക്തിയുടെ മേൽക്കോയ്മയ്ക്ക് വിധേയമായാണ് നിർവചിക്കപ്പെടുന്നത്. സ്ഥാപിക്കപ്പെടുന്നത് എന്നതാണ് യാഥാർത്ഥ്യം. അതിനെ പ്രതിരോധിക്കാൻ സത്യം അന്വേഷിക്കണം, കണ്ടെത്തണം, പറയണം. സത്യം പറയുമ്പോഴാണ് സ്വാതന്ത്ര്യം അനുഭവപ്പെടുക. ചോദ്യങ്ങൾ അധികാരികളുടെ മുഖത്ത് നോക്കി ചോദിക്കണം. ചോദ്യങ്ങൾ കേൾക്കാൻ താൽപ്പര്യം ഇല്ലാത്തവരാണ് ഇന്നത്തെ ഭരണാധികാരികൾ. കേട്ടാലും അവർ മൗനികളാകും. എന്നാലും നിരന്തരം ചോദിച്ചു കൊണ്ടേയിരിക്കണം.  ഡി സി കൊസംബി പറയും, ‘ചരിത്രത്തിന്റെ സൃഷ്ടാക്കൾ മനുഷ്യരാണ്. രാജാക്കന്മാരോ ഭരണാധികാരികളൊ അല്ല. നിങ്ങൾ ചരിത്രത്തെ സമീപിക്കുമ്പോൾ രാജാവിന്റെ കിരീടത്തിൽ എത്ര രത്നങ്ങളുണ്ട് എന്നല്ല നോക്കേണ്ടത്, മറിച്ച് ആ നാട്ടിലെ കർഷകൻ ഉഴുന്ന കലപ്പയുടെ രീതി എന്താണെന്നാണ് നോക്കേണ്ടത്’. ഇന്ന് നിലപാടുകൾ ഉള്ളവർ തീരെ കുറവാണ്. നിലപാട് എടുത്താൽ ഒറ്റപ്പെടുന്നു. സത്യം പറഞ്ഞാൽ ക്രൂശിക്കപ്പെടുന്നു. പക്ഷെ ഒറ്റയ്ക്ക് നടക്കുന്നവർക്കാണ് സത്യം അറിയാൻ കഴിയുക എന്ന ചരിത്രം കാണിച്ചു തരുന്നു. വിശ്വവിഖ്യാത ചിന്തകൻ ഡാന്റെ പറയുന്നുണ്ട്, ‘നരകത്തിലെ ഏറ്റവും ചൂടുള്ള സ്ഥലം ഒരു ധാർമ്മിക പ്രതിസന്ധിയുടെ കാലത്ത് നിഷ്പക്ഷമായി നിൽക്കുന്ന ആളുകൾ നിൽക്കുന്നിടം ആണെന്ന്’.

 


ഇതുകൂടി വായിക്കു; നിയമവും വിദ്യാഭ്യാസവും അട്ടിമറിക്കുമ്പോള്‍ അരമനകളിലെ കരംമുത്തലുകള്‍ പരിഹാസ്യം


 

യുക്തിബോധത്തിന്റെ വഴി അടയ്ക്ക‌ുന്ന ഫാസിസ്റ്റുകൾ അവരുടെ മനസിന്റെ നഗ്നതയും ഭീകരതയും വ്യക്തമാക്കുന്നു- മത ഘോഷയാത്രകളായി തീരുന്ന സാംസ്കാരിക യാത്രകൾ രാഷ്ട്രീയ അധികാരത്തിലേക്ക് ചൂട്ടു പിടിക്കുന്നു. യുക്തിബോധത്തിലും ശാസ്ത്രീയ വീക്ഷണത്തിലും അടിയുറച്ച് ജീവിക്കണം എന്നു പറഞ്ഞ പ്രഥമ പ്രധാനമന്ത്രി നെഹ്രുവിന്റെ നാട്ടിൽ ഇന്ന് പ്രധാനമന്ത്രി പ്രധാന പുരോഹിതനാകുന്നു. പൗരോഹിത്യത്തിന്റെ ഉന്മാദ നൃത്തം എങ്ങും കാണാം. സർവവിധ ആഡംബരങ്ങളിലും നിർലജ്ജം മുങ്ങിക്കുളിക്കുന്ന പൗരോഹിത്യം. ഇവിടെ മനുഷ്യ വിമോചന പ്രത്യയശാസ്ത്ര ചർച്ചകൾ കേൾക്കുന്നില്ല. നവോത്ഥാന ആശയങ്ങൾ, മാർക്സിസം, ഗാന്ധിസം, മാനവികത തുടങ്ങിയ മഹാഖ്യാനങ്ങളുടെ ചർച്ചകൾ വേണ്ടെന്ന് മൂലധന ശക്തികളും ഫാസിസ്റ്റുകളും നിർബന്ധം പിടിക്കുന്നു. അവർ പറയുന്നു പ്രത്യയശാസ്ത്രമല്ല ജ്യോതിഷമാണ് വേണ്ടത് എന്ന്. ജോത്സ്യനും മന്ത്രവാദവും ആരാധനയും അന്ധവിശ്വാസവും മനുഷ്യ ദൈവസാന്നിധ്യവും വിവര സാങ്കേതിക വിദ്യയോടൊപ്പം മനുഷ്യ ഭാവിയെ നിർണയിക്കുന്നു. അങ്ങനെ ഇവിടെ ക്ഷേമരാഷ്ട്ര സങ്കല്പവും പദ്ധതികളും ഭരണകൂടത്തിന്റെ ബാധ്യതയല്ലാതെയായിരിക്കുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും ബിസിനസ് ലോകം സ്പോൺസർ ചെയ്യുന്നു. മൂലധന ശക്തികളും വംശീയ മത രാഷ്ട്രീയവും പരസ്പരം കൈകോർത്ത് പിടിക്കുന്നു. സാമ്പത്തികമായി ഉയർന്നു വന്ന മധ്യവർഗത്തിന്റെ പ്രഭു വർഗ മോഹങ്ങൾ, സുഖാന്വേഷണാസക്തി, ഉപഭോഗതൃഷ്ണ, വംശീയത എന്നിവ യുക്തിബോധത്തിനു പകരം ഭക്തിയെയും വിശ്വാസത്തെയും പകരംവയ്ക്കുന്നു. അതും യഥാർത്ഥ ഭക്തിക്കു പകരം കപടഭക്തിയെ.  ഇതൊക്കെ ഫാസിസത്തിന്റെ കൊടിയടയാളങ്ങളാണ്. ശാസ്ത്ര ചിന്തയെ തളർത്തിയാലെ യുക്തിബോധം നഷ്ടപ്പെടുത്തിയാലെ അവർക്ക് നിലനിൽക്കാനുകൂ. അതിന് എത്ര നുണകളും അവർ പറയും. അതിന് എതിരെ ശക്തമായി പ്രതികരിക്കണം. യുക്തിയും സത്യവും തേടി നടന്ന പൈതൃകം നമുക്കുണ്ട്. അധികാരത്തിൽ ഇരുന്നവരെ ചോദ്യംചെയ്ത ചരിത്രവുമുണ്ടിവിടെ. സധൈര്യം ചോദ്യങ്ങൾ ചോദിക്കുക. യുക്തിപരമായി ചിന്തിക്കുക. നീതിക്കു വേണ്ടി അസന്നിഗ്ധ പോരാട്ടം നടത്തുക. ചോദ്യം ചോദിക്കുന്നവരുടെ ശബ്ദം എത്ര ദുർബലമാണെങ്കിലും ചോദിച്ചു കൊണ്ടേയിരിക്കുക.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.