23 December 2024, Monday
KSFE Galaxy Chits Banner 2

ചവിട്ടിതാഴ്ത്തപ്പെട്ടവരുടെ കാലം വരും

അജിത് കൊളാടി
വാക്ക്
September 12, 2022 5:30 am

ചൂടില്ലാത്ത പകലും തണുക്കുന്ന രാത്രിയും ഒരുക്കുന്ന എയർ കണ്ടിഷൻ കാലാവസ്ഥ ചിങ്ങത്തിനു ലഭിച്ചിട്ടുള്ള ഒരനുഗ്രഹമാണ്. അത്തരമൊരു മനോഹര നാളിലാണ് പ്രജകളുടെ പിതൃതുല്യ രാജാവായിരുന്ന മഹാബലി വരും എന്നു വിശ്വസിക്കുന്നത്. എന്നാൽ കാലം മാറുന്നതോടുകൂടി കോലം കീഴ്മേൽ മറിഞ്ഞു. ഇന്ന് “മാനുഷരെല്ലാരുമൊന്നുപോലെ” എന്നത് സ്വപ്നം കാണാൻ പോലും പറ്റില്ല. ഉച്ചന്റെയും നീചന്റെയും ഇടയ്ക്ക് ശാന്തസമുദ്രത്തിന്റെയും അത്‌ലാന്റിക് സമുദ്രത്തിന്റെയും വിടവുകളാണുള്ളത്. ആമോദം ആർക്കുമില്ലെന്നല്ല. പക്ഷെ, ആപത്ത് ഏൽക്കാത്ത ജനങ്ങളില്ല. കള്ളവും ചതിയും പൊളിവചനങ്ങളും എല്ലായിടത്തും സുലഭം. നുണ പറച്ചിലിന്റെ ഉസ്താദുമാരായി മാറുക മാത്രമല്ല, അതു ഒരു ഭൂഷണമായി കൊണ്ടു നടക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, മത നേതാക്കന്മാരും സർവത്ര. മഹാബലി എന്നൊരു രാജാവ് ഒരു കാലത്തും കേരളം ഭരിക്കാൻ ഇടയില്ല എന്ന് നമുക്ക് അറിയാവുന്നതാണ്. പിന്നെയെങ്ങനെ ഈ മഹാബലി മലയാളിയുടെ മനസിൽ മായാത്ത സ്ഥാനം നേടി, എന്നത് ആലോചിക്കാവുന്ന വിഷയമാണ്. പുരാണ പ്രസിദ്ധനായ ബലി പ്രഹ്ലാദന്റെ പൗത്രനാണ്. പ്രഹ്ലാദന്റെ പുത്രനായ വിരോചനന്റെ മകൻ. മഹാബലി അശ്വമേധം കഴിച്ചത് നർമ്മദാ നദിയുടെ വടക്കൻ തീരത്തിൽ യാഗശാല കെട്ടിയായിരുന്നു എന്നാണ് ശ്രീമദ് ഭാഗവതം ഘോഷിക്കുന്നത്. അത് കേരളത്തിലല്ല താനും.

പരമദാനശീലനായ മഹാബലി തന്റെ കുലഗുരുവായ ശുക്രാചാര്യരുടെ താക്കീതിനെ ഗണ്യമാക്കാതെ മൂന്നടി മണ്ണ് കൊടുക്കാമെന്ന് പ്രതിജ്ഞ ചെയ്തുവെന്നും, അതോടെ വാമനൻ വിശ്വത്തോളം വലുതായി, ഒന്നും രണ്ടും കാലടിവയ്പിനാൽ ഭൂമിയും സ്വർഗവും അളന്നുവെന്നും, മൂന്നാമത്തെ അടിവയ്ക്കാൻ മഹാബലി തന്റെ ശിരസുകാട്ടി കൊടുത്തുവെന്നും കഥ. ദേവേന്ദ്രന്, ബലിയിൽ നിന്ന് സ്വർഗം വീണ്ടെടുക്കാൻ വേണ്ടിയാണല്ലൊ, വാമനൻ അവതരിച്ചത് എന്നാണല്ലൊ ഐതിഹ്യം.
ദുഃസാമർത്ഥ്യം കൊണ്ടും, വഞ്ചനകൊണ്ടും മാത്രമെ വാമനനു പോലും മഹാബലിയെ പരാജയപ്പെടുത്താൻ സാധിച്ചുള്ളു എന്നും ഈ കഥ നമ്മോടു പറയുന്നു. മഹാഭാരതത്തിൽ, വനപർവത്തിൽ ബ്രാഹ്മണർ യുധിഷ്ഠിരനോട് മഹാബലിയുടെ കഥ പറയുന്നുണ്ട്. ബ്രാഹ്മണനും, ക്ഷത്രിയനും യോജിച്ചു നിന്നാൽ രണ്ടുകൂട്ടരുടെയും ശത്രുക്കളെ നശിപ്പിക്കാൻ കഴിയും, എന്ന് മഹാബലിയുടെ കഥ ഉദ്ധരിച്ച് പറയുന്നുണ്ട്. അഗ്നിയും വായുവും കൂടി ചേർന്ന് വനത്തെ ദഹിപ്പിക്കുന്നതുപോലെ. ആ കഥകളുടെ സാരം, ക്ഷത്രിയർക്ക് ബ്രാഹ്മണരുടെ സഹായം ഇല്ലാതെ ഈ ലോകം കയ്യടക്കാൻ പറ്റില്ല എന്നതാണ്. ബ്രാഹ്മണരെ ബഹുമാനിച്ചില്ലെങ്കിൽ, ക്ഷത്രിയർ നശിക്കും എന്ന് ഓർമ്മിപ്പിക്കുന്നതിൽ ഈ കഥ സഹായിക്കും. വനപർവത്തിൽ പറയുന്നത്, ബലി ബ്രാഹ്മണരെ വേണ്ടവിധത്തിൽ ബഹുമാനിച്ചിരുന്നില്ല എന്നതാണ്. മഹാബലി സർവവിധ ഗുണങ്ങളുടെയും പ്രതീകമായിരുന്നു. എല്ലാ ഗുണങ്ങളും തികഞ്ഞ ആൾ ചെയ്ത തെറ്റ് ബ്രാഹ്മണരെ ബഹുമാനിച്ചിരുന്നില്ല എന്നത്രെ. ബ്രാഹ്മണരുടെ അപ്രമാദിത്തം സ്ഥാപിക്കുന്ന നിരവധി കഥകൾ മഹാഭാരതത്തിൽ കാണാം. നേടിയ ഐശ്വര്യങ്ങളെ നിലനിർത്താൻ ബ്രാഹ്മണരുടെ അനുഗ്രഹം വേണമത്രെ. സവർണ ബ്രാഹ്മണ മേധാവികളുടെ മതം വൈദിക മതമായിരുന്നു. അന്നേ തുടങ്ങിയതാണ് സവർണ ബ്രാഹ്മണിസം, മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തുന്ന പ്രക്രിയകൾ.

 


ഇതുകൂടി വായിക്കു; റയില്‍വേ ഭൂമി സ്വകാര്യവല്‍ക്കരണം, വന്‍ കച്ചവടം


ഭരണവർഗത്തിന്റെ ആശയങ്ങളാണ് അതാതു സമൂഹങ്ങളിലെ ഭരിക്കുന്ന ആശയങ്ങളായി തീരുന്നത്. ഏതൊരു സാമൂഹ്യരൂപീകരണത്തിലെയും ആധിപത്യ ആശയശാസ്ത്രത്തെ അതിന്റെ ചുറ്റുപാടുകളുമായി ബന്ധിപ്പിച്ച് മനസിലാക്കാൻ മാർക്സിസം വിശാലമായ ഒരു പരിപ്രേക്ഷ്യം നൽകുന്നുണ്ട്. ഭരണകൂടാധികാരത്തിന്റെ സ്ഥാപനത്തിലും പ്രയോഗത്തിലും നിലനിൽപിലും ഈ ആശയശാസ്ത്രം എങ്ങിനെയാണ് നിർണായകമാകുന്നത് എന്ന് മാർക്സിസം വ്യക്തമാക്കുന്നു. ആശയ ശാസ്ത്ര മണ്ഡലത്തിൽ ഭരണ വർഗം സ്ഥാപിക്കുന്ന ആധിപത്യമാണ് അധിനായകത്വം എന്ന് അന്റോണിയോ ഗ്രാംഷി വ്യക്തമാക്കുന്നുണ്ട്. ആധിപത്യ ആശയശാസ്ത്രത്തിന്റെ സങ്കല്പനം പിന്നീട് പലരും വിപുലമാക്കി, വിശദമാക്കി. സാമൂഹ്യ വ്യവസ്ഥയിലെ കാതലായ മാറ്റങ്ങൾക്കൊപ്പം ആധിപത്യത്തിലുള്ള ഭരണവർഗവും മാറുന്നു. അതിനനുസൃതമായി ഭരിക്കുന്ന ആശയ ശാസ്ത്രത്തിലും മാറ്റങ്ങൾ ഉണ്ടാകും. പഴയത് അപലപിക്കപ്പെടുന്നു. പുതിയത് കടന്നു വരുന്നു. ആശയ ശാസ്ത്രത്തിലെ മാറ്റങ്ങളെ പോലെ ആധിപത്യ മതത്തിലും പരിവർത്തനം ഉണ്ടാകുന്നുണ്ട്. പുതിയ ഭരണ വർഗങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായിരിക്കും ഈ മാറ്റം. മത സാംസ്കാരിക വിശ്വാസങ്ങൾ, മൂല്യങ്ങൾ, സവിശേഷതകൾ എന്നിവയെല്ലാം തന്നെ ഭരണവർഗ ആശയ ശാസ്ത്രത്തിന്റെ അകക്കാമ്പിൽ നിൽക്കുന്നു. ഇവിടെയാണ് ഇന്ത്യയിൽ ബ്രാഹ്മണ്യത്തിന്റെ സ്ഥാനം. അത് ഉദ്യോഗസ്ഥമേധാവിത്വത്തിന്റെയും നാടുവാഴിത്ത പ്രഭുക്കളുടെയും, സാമ്പത്തിക ശക്തികളുടെയും, അധിനായകത്വത്തിന്റെ, ആശയശാസ്ത്ര ചട്ടക്കൂടിന്റെ കേന്ദ്രസ്ഥാനത്തു കുടികൊള്ളുന്നു. അവർ മൂലധനശക്തികളെയും സാമ്രാജ്യത്വത്തെയും സേവിക്കുന്നു.
ബ്രാഹ്മണ്യത്തിന്റെ വികാസത്തിലും നിലനില്പിലും ബ്രാഹ്മണർ നിർണായകമായിരുന്നു എങ്കിലും, അതിനെ അവരിലേക്ക് മാത്രമായി ചുരുക്കാൻ ആവില്ല. ക്ഷത്രിയനായ ജനകനെ പോലെ മറ്റു പല വർണങ്ങളിലെ അംഗങ്ങളും ബ്രാഹ്മണ്യത്തെ പോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മധ്യകാലത്തും, ആധുനിക കാലത്തും ശൂദ്രർ എന്ന് പൊതുവെ വിശേഷിക്കപ്പെടുന്ന വിഭാഗത്തിലെ അംഗങ്ങളും ബ്രാഹ്മണരെ സേവിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന ബ്രാഹ്മണ്യം മൊത്തത്തിൽ സവർണരുടെ ഉല്പന്നമാണ്. അതാണ് അതിന്റെ സാമൂഹ്യ അടിത്തറ. ഡോ. ബി ആർ അംബേദ്കർ ചൂണ്ടിക്കാണിച്ചതുപോലെ ബ്രാഹ്മണ്യം എല്ലാ വർഗങ്ങളെയും ജാതികളെയും സ്വാധീനിച്ചിരിക്കുന്നു.


ഇതുകൂടി വായിക്കു;  നീതിന്യായ വ്യവസ്ഥയിലെ പുതിയ സൂചനകള്‍ | Janayugom Editorial


 

ബ്രാഹ്മണ്യം കർമ്മസിദ്ധാന്തം അന്നും, ഇന്നും മുന്നോട്ടുവയ്ക്കുന്നു. വർണവുമായി, ജാതിയുമായി ബന്ധപ്പെട്ട പൂർവ കല്പിത കടമകളെ ഒഴിച്ചുകൂടാനാവാത്ത സാർവത്രിക നിയമമായി ഈ സിദ്ധാന്തം വിശേഷിപ്പിക്കുന്നു. അതിനു പവിത്ര മുദ്ര ചാർത്തുന്നു. അക്ഷരാർത്ഥത്തിൽ തന്നെ സാമൂഹ്യ ജീവിതത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ദളിതരും, ആദിവാസികളും അനുഭവിക്കുന്ന ഭീകരമായ ചൂഷണവും അടിച്ചമർത്തലും അവർ ഇതുവഴി ന്യായീകരിക്കുന്നു. പണ്ടും, ഇന്നും ഈ അടിച്ചമർത്തപ്പെട്ട ജനതയാണ് ഉല്പാദകർ. അവരെ എന്നും ചവിട്ടിത്താഴ്ത്തുന്നു. അവർ അങ്ങേയറ്റത്തെ കഷ്ടപ്പാടിൽ, ദുരിതത്തിൽ, ഏറ്റവും മോശപ്പെട്ട അപമാനം സഹിച്ച് ഇന്നും ജീവിക്കുന്നു. മഹാബലി അപമാനിതനായി പാതാളത്തിലേക്ക് പോയി. ഇന്നത്തെ അടിച്ചമർത്തപ്പെട്ട ജനത നരകയാതനയോടെ ഭൂമിയിൽ ജീവിക്കുന്നു. ബ്രാഹ്മണ്യത്തിന്റെ ക്രൂര മുഖമാണ് ബലിയുടെ കാര്യത്തിലും, ഇന്നത്തെ എല്ലാം നഷ്ടപ്പെടുന്നവരുടെ ജീവിതത്തിലും കാണുന്നത്,
രാഷ്ട്രീയ അധികാരവും, സാമ്പത്തിക ശക്തിയും ഉപയോഗിച്ച് ഒരു ജനവിഭാഗം മറ്റുള്ളവയെ കീഴ്പ്പെടുത്തിയതിന് ധാരാളം ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. എന്നാൽ ഇന്ത്യയിൽ മാത്രമായിരിക്കാം, ഒരു വിഭാഗം, രാഷ്ട്രീയ സാമ്പത്തിക ആധിപത്യം കൂടാതെ മറ്റുള്ളവയ്ക്കുമേൽ സാമൂഹിക ആധിപത്യം സ്ഥാപിക്കുന്ന കാഴ്ച. ജാതി വ്യവസ്ഥക്കെതിരെ പല ഘട്ടങ്ങളിലും ചരിത്രം തിരിച്ചടിച്ചപ്പോൾ, അതിന്റെ പ്രയോക്താക്കൾ ക്ഷമയോടെ കാത്തിരിക്കുകയും അവസരം ലഭിക്കുമ്പോൾ അതിനെ തിരിച്ചു കൊണ്ടുവരികയും ചെയ്യുന്നു. ജാതി വ്യവസ്ഥയുടെ പൊതു സ്വഭാവം അത് ബ്രാഹ്മണരെ മറ്റെല്ലാ വിഭാഗങ്ങൾക്കും മുകളിൽ പ്രതിഷ്ഠിച്ചു എന്നതാണ്. രാഷ്ട്രീയമോ സാമ്പത്തികമോ, ആയ ശക്തി ഇല്ലാത്തപ്പോഴും വേദങ്ങളുടെയും, പുരാണങ്ങളുടെയും പിൻബലത്തോടെ സാമൂഹികതല ആധിപത്യം നിലനിർത്താൻ ബ്രാഹ്മണർക്കു കഴിഞ്ഞു. ഇതിനായി ഋഗ്വേദം, ഭഗവദ് ഗീത, മനുസ്മൃതി എന്നിവയെ പ്രധാനമായും ഉപയോഗിച്ചു. ഋഗ്വേദ സൂക്തം വർണവ്യവസ്ഥക്ക് പഴമയുടെ പരിവേഷം നൽകി. ബ്രാഹ്മണരും, ക്ഷത്രിയരും, വൈശ്യരും, ശൂദ്രരും ആദിപുരുഷന്റെ ഓരോ അംഗങ്ങളിൽ നിന്ന് ആവിർഭവിച്ചു എന്നു പറയുന്ന സൂക്തം.

മഹാഭാരതം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഒരു കാര്യം കാണാം. അത് ക്ഷത്രിയ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കഥയാണെങ്കിലും, അതിൽ ക്ഷത്രിയരേക്കാൾ പ്രാധാന്യം മഹർഷിമാർക്കാണ്. അത് എഴുതിയതു തന്നെ ഒരു മഹർഷി. ആ മഹർഷിയായ വ്യാസൻ, തന്റെ വൈശമ്പായനൻ ഉൾപ്പെടെയുള്ള അഞ്ചു ശിഷ്യന്മാർക്കു ഭാരതം ചൊല്ലി കൊടുത്തു പഠിപ്പിക്കുന്നു. വൈശമ്പായനൻ ഉഗ്രശ്രവസുമുനിയുടെയും വ്യാസന്റെയും സാന്നിധ്യത്തിൽ ജനമേജയ രാജാവിനെ ചൊല്ലി കേൾപ്പിക്കുന്നു. ഉഗ്രശ്രവസ് നൈമിഷവനത്തിലെ മുനിമാർക്കായി ചൊല്ലുന്നു. അവിടെ നാരദമുനിയും മാർക്കണ്ഡേയ മുനിയും സന്നിഹിതരാണ്. ഗ്രന്ഥകർത്താവും, ആദ്യ വായനക്കാരും, ആദ്യം കേട്ടവരും എല്ലാം ഋഷികൾ തന്നെ. ആ കഥയ്ക്ക് ആധാരമായ പൂരുവംശത്തിലെ ഒരു പ്രധാന ഘട്ടത്തിന് കാരണക്കാരനും മഹർഷിതന്നെ, വിശ്വാമിത്രൻ. വിശ്വാമിത്രന്റെ മകളായ ശകുന്തളയെ പൂരുവംശത്തിലെ ദുഷ്യന്തൻ പരിഗ്രഹിച്ചതിലുണ്ടായ മകനാണ് ഭരതൻ. ഭരതനെ തുടർന്ന് പൂരുവംശം, ഭരതവംശം എന്നറിയപ്പെട്ടു. ഭരതവംശത്തിന്റെ കഥയാണ് മഹാഭാരതം. വേറൊരു മഹർഷിയായ ദുർവാസാവാണ് കുന്തിക്ക് സന്തതികൾക്ക് ജന്മം നൽകാനുള്ള അത്ഭുതകരമായ ശക്തി നൽകിയത്. വംശം വഴിമുട്ടി നിൽക്കുമ്പോൾ മഹർഷിമാർ തടസം നീക്കി വംശത്തെയും കഥയെയും മുന്നോട്ടു നീക്കി. എല്ലാ തലത്തിലും ബ്രാഹ്മണരുടെ അപ്രമാദിത്തം കാണാം. ജാതി വ്യവസ്ഥ മൂലം തീരാ ദുരിതമനുഭവിക്കുന്നു ജനത ഇപ്പോഴും തീരാദുരിതമനുഭവിക്കുന്നു. മേലാളന്മാർ താഴ്ന്ന ജാതിയിൽ പെട്ടവരിൽ, കീഴ്ജാതിക്കാർ എന്ന അധമ ബോധം പടർത്തുന്നു. പണ്ട് കൃപാചാര്യർ കർണ്ണനോട് പറയുന്നുണ്ട്. ” ബ്രാഹ്മണ കുലത്തിൽ ജനിക്കുന്നവൻ മാത്രമാണ് ബ്രാഹ്മണർ എന്നു പറഞ്ഞു പരത്തുന്നത് പുരോഹിതരാണ്. താഴ്ന്ന ജാതിയിൽ ജനിച്ചു പോയാൽ ജീവിതാവസാനം വരെ മേലാളരുടെ അടിമയായിരിക്കണമെന്നല്ലെ പൊതുധാരണ. സമൂഹത്തെ കബളിപ്പിക്കാൻ ബുദ്ധിമുട്ടില്ല കുഞ്ഞേ “പിന്നെയും കൃപർ പറയുന്നുണ്ട്” ജ്ഞാനം, ചിന്ത, വിവേചനം എന്നിവയെ സാധകമാക്കി അവനവനിൽ തന്നെ ദിവ്യത്വം ഉണ്ടെന്ന പരമമായ സത്യം കണ്ടെത്തുന്ന വ്യക്തിയാണ് ബ്രാഹ്മണൻ.” ഇന്നത്തെയും അന്നത്തെയും ബ്രാഹ്മണിസത്തിന്റെ മേധാവികൾക്ക് ഇതൊന്നും അറിയാൻ താല്പര്യമില്ല. അവർക്ക് മറ്റുള്ളവരെ ചൂഷണം ചെയ്യണം എന്നു മാത്രം.


ഇതുകൂടി വായിക്കു; പദവി മറന്ന് വീണ്ടും അമിത് ഷാ


 

ഇന്നും പൗരോഹിത്യം ആധിപത്യം സ്ഥാപിക്കാൻ, ഫാസിസ്റ്റുകൾ കാണിക്കുന്ന പ്രബലമായ ഒരു രാഷ്ട്രീയമുണ്ട്. ഭരണാധികാരിയെ തന്നെ പ്രധാന പുരോഹിതനാക്കുന്നു. രാമക്ഷേത്ര പൂജാ വേളയിലും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജയിലും, വാരാണസി ക്ഷേത്രത്തിനടുത്തെ ഗംഗാ തടത്തിലും പൂജ നടത്തിയത് പ്രധാനമന്ത്രിയായിരുന്നു. അതിലൂടെ അവർ കാണിക്കുന്ന രാഷ്ട്രീയം ഭരണാധികാരിയും പ്രധാന പുരോഹിതനും ഒന്നു തന്നെ എന്ന്.  അധികാരം നിലനിർത്താനും, നിയന്ത്രിക്കാനും, പിടിച്ചെടുക്കാനും ബലപ്രയോഗം അവശ്യമാണെന്ന് ബ്രാഹ്മണ്യം പല ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രാഹ്മണ്യത്തിന്റെ വിലക്കുകൾ ലംഘിക്കാൻ ധൈര്യപ്പെട്ട ശൂദ്രർക്കും, ആദിവാസികൾക്കും നേരെയുള്ള ബലപ്രയോഗം പണ്ടും ഇന്നും പ്രശംസിക്കപ്പെടുന്നു. ബലപ്രയോഗവും, സ്ത്രീകളെ പീഡിപ്പിക്കലും എല്ലാം ഭരണകൂടത്തിന്റെ കടമകളത്രെ അവർക്ക്. പണ്ടും കൗരവ സദസിൽ പാഞ്ചാലി വസ്ത്രാക്ഷേപം നടന്നപ്പോൾ ഗുരുക്കമാർ മൗനം പാലിച്ചത് അതിന്റെ ലക്ഷണമാണ്. ഈ ഭൂലോകം അടക്കിവാണ ധർമ്മിഷ്ഠനായ മഹാബലിയെ വാമനൻ തുരത്തി. അതിന്റെ ഫലമായി ഭരണം ബ്രാഹ്മണ കുലത്തിന്റെ കൈയിലായി. ക്ഷത്രിയരുടെ പിന്തുണയും അവർക്കുണ്ട്. ചൂഷണവും, അടിച്ചമർത്തലുമാണ് അവരുടെ വഴി. സാമൂഹിക സാമ്പത്തിക അസമത്വവും, പട്ടിണിയും, തൊഴിലില്ലായ്മയും വർധിക്കുന്നു. ചൂഷകർ ലാഭം കൊയ്യുന്നു. അത് കണ്ട് മേലാളന്മാർ രസിക്കുന്നു.
എല്ലാ മേഖലകളിലും അധിനിവേശമാണ്. സ്വന്തം നിലനിൽപിന്റെയും ലാഭത്തിന്റെയും ഗ്രാഫുകളാണ് എവിടെയും കാണുന്നത്. സവർണമേധാവിത്വ സ്വഭാവം എല്ലാ ഭരണകൂടത്തിലും, രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളിലും കാണാം. എല്ലാ മതങ്ങളിലും ബ്രാഹ്മണിസം ഉണ്ട്. ഇന്ന് തെരഞ്ഞെടുപ്പിൽ ജയിക്കുന്ന നിമിഷം മുതൽ, ജനിച്ചവർ ജനങ്ങളുടെ മേലാളന്മാരായി ചമയുകയും, ജനങ്ങളെ കീഴാളരായി പരിഗണിക്കുകയും ചെയ്യുന്നു. അധികാരസ്ഥാനങ്ങളിൽ വരുമ്പോൾ, അവർ അധികാര ചിഹ്നങ്ങൾ അണിയുന്നത് കാണാം. നിയമം തന്നെ രണ്ടു തരത്തിലാകുന്നു. ഏതെല്ലാം വിധത്തിൽ ജനങ്ങളുടെ മുന്നിൽ അധികാരം പ്രകടിപ്പിക്കാമോ, ആ വിധമെല്ലാം അധികാരത്തിലുള്ളവർ ചെയ്യുന്നു. ഈ ജനാധിപത്യ ധ്വംസനങ്ങളെ ജനങ്ങളും മാധ്യമങ്ങളും സഹർഷം സ്വാഗതം ചെയ്യുന്നു എന്നത് ഇന്ന് ഒരത്ഭുതമല്ലാതായിരിക്കുന്നു.

മഹാബലി ജനസേവകനായിരുന്നു. കള്ളവും ചതിയുമില്ലാത്ത ലോകം സൃഷ്ടിച്ച രാജാവ്. ബലിയുടെ നാട്ടിൽ സമാധാനവും സാഹോദര്യവും സഹിഷ്ണുതയും നിറഞ്ഞു നിന്നു. ഇന്നത്തെ ലോകത്തോ? തിരുവോണ ദിവസം മഹാബലി താൻ സ്നേഹിച്ച സമൂഹത്തെ എങ്ങാനും കാണാൻ വന്നാൽ ആ വത്സല ഹൃദയത്തിൽ അനുഭവിക്കേണ്ടി വരുന്ന കഥനം എത്ര കഠിനമായിരിക്കും. ഇന്ന് ധർമ്മത്തെക്കുറിച്ച്, നീതിയെക്കുറിച്ച്, സഹിഷ്ണുതയെ കുറിച്ച്, സംസാരിക്കണം. സത്യം സംസാരിക്കുന്നവർ ഉയർന്നു വന്നേ മതിയാകൂ. ഈ അസുര കാലത്ത് ചരിത്രകാരന്മാർ, തൊഴിലാളികൾ, സ്ത്രീകൾ, കലാകാരമാർ, കർഷകർ എഴുതുന്നവർ, അഭിപ്രായം പറയുന്നവർ, ഇവരൊക്കെ ഫാസിസ്റ്റ് ആക്രമണം നേരിടുന്നു. പ്രതിരോധത്തിന്റെ ജൈവരാഷ്ട്രീയമുയർത്തി വിപുലമായ മാനസിക ഐക്യം സാധ്യമാക്കിയെ തീരൂ, പ്രത്യേകിച്ചും ബ്രാഹ്മണ, ക്ഷത്രിയ, ഫാസിസ്റ്റ് മൂലധനശക്തികൾ നിർബന്ധിത കുടിയൊഴിപ്പിക്കൽ ബുൾഡോസർ ഉപയോഗിച്ച് നടത്തുമ്പോൾ, കാടിനും നദിക്കും വനഭൂമിക്കും പകരം തൊഴിലില്ലായ്മയും, തകരഷീറ്റിട്ട കൂരകളും നിറഞ്ഞ ഒരു ലോകത്ത്, ശുചി മുറി പോലും ഇല്ലാത്ത ലോകത്ത് കൊണ്ടു ചെന്നു തള്ളപ്പെടുന്നവർക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ താല്പര്യം ഇല്ലാത്ത ലോകത്ത് സത്യം സംസാരിക്കാൻ, നീതിക്കുവേണ്ടി പോരാടാൻ, സമത്വത്തിനുവേണ്ടി പോരാട്ടം നടത്താൻ, അധികാരികളോട് ചോദ്യങ്ങൾ ചോദിക്കാൻ ജനത ഉയർന്നു വരണം. ചവിട്ടി താഴ്ത്തപ്പെട്ടവർ ഉയർന്നു വരണം. ഇവിടെ വാൾട്ടർ ബെഞ്ചമിന്റെ വാക്കുകൾ ഓർക്കുക. “ശത്രു വിജയിച്ചാൽ മരിച്ചവർക്കു പോലും രക്ഷയില്ല. ആ ശത്രു വിജയിക്കുന്നത് നിർത്തിയിട്ടുമില്ല. അതിനാൽ നൈതികമായ നിർഭയത്വത്തോടെ അധികാരത്തോട് ധീരമായി സംസാരിക്കുക ” മഹാബലി ഒരു കാരണവുമില്ലാതെ ചവിട്ടിത്താഴ്ത്തപ്പെട്ടവനാണ്. അങ്ങനെ എത്രയോ പേരെ ഭരണവർഗം നൂറ്റാണ്ടുകളായി ചവിട്ടിത്താഴ്ത്തി. അവർ തിരിച്ചു വന്ന് അധികാരം കയ്യാളുന്ന കാലം വരും. വിജയൻ മാഷ് പറഞ്ഞതുപോലെ ചവിട്ടിത്താഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും തിരിച്ചു വരുന്നൊരു കാലമുണ്ട്. ആ കാലത്തിനു വേണ്ടി പോരാടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.