17 November 2024, Sunday
KSFE Galaxy Chits Banner 2

ബിൽക്കീസ് ബാനു; പെൺമയുടെ മാനം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
January 12, 2024 4:13 am

“മനുജസംസ്കാരത്തെക്കുറ്റിയിൽ കെട്ടുവാൻ
വരികയുണ്ടായീ പുരോഹിതന്മാർ!
അവരുടെ പിന്നിലിരുട്ടിന്റെ കോട്ടകൾ,
അരമനക്കെട്ടുകൾ പൊന്തിവന്നു
മരവിച്ചുചത്ത യുഗങ്ങൾതൻ പ്രേതങ്ങൾ
മരണനൃത്തങ്ങൾ നടത്തിവന്നു.
വരികയാണിന്നുമാ പ്രേതങ്ങൾ: നാടിനെ
വരിയുവാൻ കൊന്തകളാൽ പൂണുനൂലാൽ…”
‘കൊന്തയും പൂണൂലും’ എന്ന കവിതയിൽ ദശാബ്ദങ്ങൾക്കു മുമ്പ് വയലാർ ഈ വിധം എഴുതി.
മാനവസംസ്കാരത്തെ വർഗീയതയുടെയും ഫാസിസത്തിന്റെയും അന്ധകാരക്കുറ്റിയിൽ കെട്ടുവാൻ നവ കപടപുരോഹിതന്മാർ രംഗപ്രവേശനം ചെയ്യുന്ന ദുരന്തകാലമാണിത്. അവരുടെ പിന്നിൽ ഇരുട്ടിന്റെ കോട്ടകളും അപമാനകരമായ അരമനക്കെട്ടുകളും ഉയർന്നുകൊണ്ടേയിരിക്കുന്നു. മരവിച്ചുചത്ത യുഗങ്ങളുടെ പ്രേതങ്ങൾ മരണനൃത്തങ്ങളുമായി അരങ്ങ് വാഴുന്നു. കൊന്തയ്ക്കും പൂണൂലിനും പുരോഹിതനും പിന്നിലെ മരണായുധപ്പുര കണ്ട് വിറയ്ക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു മതനിരപേക്ഷ മനസ് ഇന്ത്യയിൽ ശേഷിക്കുന്നു എന്നതാണ് പ്രത്യാശയുടെ കിരണം പടർത്തുന്നത്. രാമനും അയോധ്യയും രാമജന്മ ഭൂമിയും കപട സന്യാസികളും രാഷ്ട്രീയ ആയുധമാകുമ്പോൾ, സ്ത്രീത്വത്തിന്റെ ഉജ്വലത ഉയർത്തിപ്പിടിച്ചുകൊണ്ട് ഉന്നത നീതിപീഠത്തിന്റെ വിധിപ്രസ്താവം സൂര്യകാന്തിപ്രഭയോടെ പുറത്തുവന്നിരിക്കുന്നു. ബിൽക്കീസ് ബാനുവിന് നീതിയുടെ വെളിച്ചം.
സ്ത്രീശാക്തീകരണത്തെ‌ക്കുറിച്ച് നിരന്തരം വാചാലനാകുന്ന കപട ദേശീയവാദിയാണ് നരേന്ദ്ര മോഡി. തൃശൂരിൽ വടക്കുംനാഥന്റെ മുന്നിൽ നിന്നും സ്ത്രീശക്തിയെക്കുറിച്ച് നരേന്ദ്ര മോഡി ആർത്തലച്ചു. സ്ത്രീസുരക്ഷയ്ക്ക് മോഡിയുടെ ഗാരന്റി എന്നതുള്‍പ്പെടെ നിരവധി ഗാരന്റികൾ സ്വന്തം പേരിലെ അപഹാസ്യനാടകത്തിൽ അരങ്ങേറ്റുകയും ചെയ്തു.
‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ’ എന്നാണ് സംഘ്പരിവാരം ഭരണഘടനയാക്കാൻ ഉയർത്തിപ്പിടിക്കുന്ന, മനുഷ്യനെ നാലായി വിഭജിച്ച, രക്തവിശുദ്ധി മഹത്വം ഉദ്ഘോഷിക്കുന്ന മനുസ്മൃതി പറയുന്നത്. പക്ഷേ നാരിമാർ വേട്ടയാടപ്പെടുകയും ഇരകളാക്കപ്പെടുകയുമാണ്. ഉത്തർപ്രദേശില്‍ ഹത്രാസിലെ നിലവിളികൾ ഇപ്പോഴും നിലച്ചിട്ടില്ല. ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് നിർദയം കൊലചെയ്തശേഷം മാതാപിതാക്കളെയോ, ബന്ധുമിത്രാദികളെയോ ഭൗതിക ശരീരം ഒന്നു കാണാൻപോലും അനുവദിക്കാതെ ചുട്ടുകരിച്ചതും മോഡിയുടെയും ആദിത്യനാഥിന്റെയും ഭരണത്തിൽ ഇന്ത്യ കണ്ടു. ദീപാവലി നാളിൽ പടക്കവും മധുരവും വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് പിഞ്ചിളം ബാലികയുടെ കരളും ആമാശയവും 2000 രൂപയ്ക്ക് മുറിച്ചുമാറ്റി കപടസന്യാസി ഉപദേശപ്രകാരം സമർപ്പിച്ച മണ്ണും ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശാണ്.
സ്ത്രീപീഡനകാലത്ത് കണ്ണുംകെട്ടിയിരുന്ന് നേതൃത്വം നൽകിയ കപടാന്ധത ബാധിച്ച ധൃതരാഷ്ട്രമുഖമാണ് നരേന്ദ്ര മോഡിയുടേത്. സ്ത്രീസുരക്ഷയെക്കുറിച്ച് അനവരതം ഉദ്ഘോഷിച്ച നരേന്ദ്ര മോഡി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വംശഹത്യാ പരീക്ഷണം അരങ്ങേറിയത്. ആയിരക്കണക്കിന് മനുഷ്യരെ കൊന്നുതള്ളുകയും അതിലേറെ മനുഷ്യരെ പലായനത്തിന് നിർബന്ധിതമാക്കുകയും ചെയ്ത കാലത്ത്, ആയിരക്കണക്കിന് സ്ത്രീകൾ കൂട്ട മാനഭംഗത്തിന് ഇരകളായി. 2002ൽ വംശഹത്യാ പരീക്ഷണം നടത്തുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി പരസ്യപ്രസ്താവനയിലൂടെ പറഞ്ഞു, ‘ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രം. നാളെ ഇന്ത്യയിൽ എവിടെയും ഇത് ആവർത്തിക്കപ്പെടും’.
മോഡിയുടെ വർഗീയ ഫാസിസ്റ്റ് ജല്പനങ്ങൾക്കേറ്റ തിരിച്ചടിയാണ് ബിൽക്കീസ് ബാനു കേസിൽ 11 പ്രതികളെ നിരുപാധികം വിട്ടയയ്ക്കുവാനുള്ള ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സുപ്രീം കോടതി വിധി. ഗുജറാത്ത് സർക്കാർ സത്യം മറച്ചുവച്ചുവെന്നും ശിക്ഷയെ ചതിയിലൂടെ മറികടക്കുവാൻ ശ്രമിച്ചുവെന്നും സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു. ബിൽക്കീസ് ബാനുവും കുടുംബവും കൂട്ടാളികളും നേരിട്ട പീഡന ക്രൂരകൃത്യങ്ങൾ ചെറുതായിരുന്നില്ല. കുറ്റവാളി വഞ്ചിച്ചതുവഴി സുപ്രീം കോടതി വഞ്ചിതമായതുവരെ ഉന്നത നീതിപീഠം ചൂണ്ടിക്കാട്ടി.
ബിൽക്കീസ് ബാനു ഒരു പ്രതീകമാണ്. സ്ത്രീ ശാക്തികരണത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകം. സ്ത്രീ അബലയല്ല അമരത്വമുള്ളവളാണെന്ന് ബിൽക്കീസ് ബാനുവിന്റെ നിയമപോരാട്ടം മാനവ മനസുകളോട് വിളിച്ചു പറയുന്നു. സ്ത്രീ അമ്മയാണ്, പെങ്ങളാണ്, ഉറ്റവളും ഉടയോളുമാണ് എന്ന മഹദ്വചനം ബിൽക്കീസ് ബാനുവിന്റെ നിയമപോരാട്ടത്തിന്റെ കാലത്ത് നമുക്ക് ആവർത്തിച്ച് ഓർമ്മിക്കാം. 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.