18 December 2025, Thursday

പഴിയും പള്ളുമുള്ള പാരഡികൾ

കുരീപ്പുഴ ശ്രീകുമാർ
വര്‍ത്തമാനം
December 18, 2025 4:15 am

പാരോഡി എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് പാരഡിയെന്ന വാക്ക് ഉണ്ടായതെന്ന അറിവൊക്കെ കപ്പൽ കയറിവരുന്നതിനു മുമ്പുതന്നെ മലയാളത്തിൽ പാരഡികൾ ഉണ്ടായി. ഹാസ്യാനുകരണങ്ങൾ എന്നാണ് നമ്മൾ അതിന് പറഞ്ഞിരുന്നത്. അത് വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ ആക്ഷേപിക്കാൻ വേണ്ടി പിറന്നതല്ല. മൂലകൃതിയെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയെന്ന നിർമ്മല ലക്ഷ്യമാണ് അതിനുണ്ടായിരുന്നത്. ജനങ്ങൾക്ക് അത് ഇഷ്ടവുമായിരുന്നു. ‘ആറ്റിലെക്കച്യുതാ ചാടല്ലേ ചാടല്ലേ വീട്ടിൽ ചെന്നെങ്ങാനും തൂങ്ങിച്ചാവാം’ എന്നും ‘മധ്യേയിങ്ങനെ കാണുന്ന നേരത്ത് മദ്യപിക്കുന്നതെന്തിനു നാം വൃഥാ’ എന്നുമൊക്കെയുള്ള വാമൊഴിപ്പാരഡികൾ ആളുകൾ ആസ്വദിച്ച ഒരു കാലമുണ്ടായിരുന്നു. പൊൻകുന്നം വർക്കിയുടെയും കേശവദേവിന്റെയും ഒക്കെ പുഷ്കലകാലത്ത് ചങ്ങമ്പുഴയുടെ കാവ്യനർത്തകിയുടെ ഈണത്തിൽ അവരെ കളിയാക്കുന്ന പാരഡികൾ പിറക്കുകയും അതൊക്കെ തലമുറ തലമുറ കൈമാറി കെടാതെ സൂക്ഷിക്കപ്പെടുകയും ചെയ്തുവരുന്നുണ്ട്. ചങ്ങമ്പുഴയുടെ വാഴക്കുലയ്ക്ക് തേങ്ങാക്കുലയായും രമണന് രമണിയായും പാരഡി പിറന്നിട്ടുണ്ട്. സഞ്ജയൻ മഹാകവി വള്ളത്തോളിനും ചങ്ങമ്പുഴയ്ക്കുമൊക്കെ പാരഡിയുണ്ടാക്കിയിട്ടുണ്ട്. ചങ്ങമ്പുഴക്കവിതയ്ക്ക് പലരും നിർമ്മിച്ച പാരഡികൾ പലപ്പോഴും അദ്ദേഹം തന്നെ ആസ്വദിക്കുമായിരുന്നത്രെ. ജി ശങ്കരക്കുറുപ്പിന്റെ ഇന്നു ഞാൻ നാളെ നീ എന്ന കവിതയ്ക്കുണ്ടായ പാരഡി നന്നായി പ്രചരിച്ചിരുന്നു. ‘പാതവക്കത്തെ മുറുക്കാൻ കടകളിൽ പാതിപഴുത്ത പഴക്കുല തൂങ്ങവേ’ എന്നാരംഭിക്കുന്ന ആ പാരഡി കവിതയുടെ മഹത്വം വർധിപ്പിക്കുകയാണുണ്ടായത്. ‘വീണ വേണോ നല്ല വീണ’ എന്നാരംഭിക്കുന്ന കവിതയ്ക്ക് ‘കള്ള് വേണോ നല്ല കള്ള്’ എന്ന രീതിയിൽ നിർമ്മിക്കപ്പെട്ട ഒരു പാരഡി, തൃശൂർ വച്ചു നടത്തിയ അക്കാദമിയുടെ യുവ സാഹിത്യക്യാമ്പിലെ രാത്രികളെ രസിപ്പിച്ചിരുന്നു. പുതുകവികളിൽ പാരഡിയുടെ സാധ്യതകളെ നന്നായി ഉപയോഗിക്കുന്ന രണ്ടുകവികൾ കെ ആർ ടോണിയും എ സി ശ്രീഹരിയുമാണ്. നഗ്ന കവിതകൾക്കും പാരഡിയുടെ രീതികൾ പ്രയോജനപ്പെടാറുണ്ട്. ഏതാ കുട്ടീ/ കാഞ്ചനമാല/ ആരുടെ മോള്/ കനകലതേടെ / എന്താ കയ്യിൽ / ഫോർലൈൻ ബുക്ക്/ എന്തെഴുതീത്/ എബിസിഡി എന്ന നഗ്നകവിത അങ്ങനെയുണ്ടായതാണ്. കവിതയിലെ പാരഡികളെ കുറിച്ച് വി വാസുദേവന്റെയും നിത്യ പി വിശ്വത്തിന്റെയും പഠനങ്ങൾ തന്നെ പ്രസിദ്ധീകൃതമായിട്ടുണ്ട്. 

സിനിമയുടെ ആവിർഭാവത്തിനു ശേഷം സിനിമാപ്പാട്ടിന്റെ പാരഡികൾ ധാരാളം ഉണ്ടായി. പലതും പരസ്യമായി പറയാൻ പാടില്ലാത്ത പച്ചത്തെറിയായിരുന്നു. പ്രവാസികളുടെ ഏകാന്തരാത്രികളെ ഈ പാരഡിക്കാസറ്റുകൾ അന്നൊക്കെ രസിപ്പിച്ചിരുന്നു. പുറത്തുപറയാൻ പറ്റുന്ന നല്ല ഹാസ്യാനുകരണങ്ങളും ഉണ്ടായിട്ടുണ്ട്. ‘നീയെവിടെ നിൻ നിഴലെവിടെ’ എന്ന പാട്ടിനുണ്ടായ ‘മുണ്ടെവിടെ എൻ മുണ്ടെവിടെ’ എന്ന പാരഡിയും ഒള്ളതുമതി എന്ന സിനിമയിൽ വന്ന ‘ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ’ എന്ന തിക്കുറിശിയുടെ പാരഡിയും വസന്തമാളികയിലെ പാട്ടിനെ അനുകരിച്ചുണ്ടാക്കിയ ‘പാലൂട്ടി വളർത്തപട്ടി’ എന്ന പാട്ടുമൊക്കെ പ്രസിദ്ധങ്ങളായിരുന്നു. തിക്കുറിശിയുടെ പാരഡിപ്പാട്ടുകൾ അതിപ്രസിദ്ധമായിരുന്നു. ‘പെരിയാറേ’ എന്ന പാട്ടിന്റെ ട്യൂണനുസരിച്ചുണ്ടാക്കിയ ‘വയലാറേ’ എന്ന പാരഡിയൊക്കെ അക്കൂട്ടത്തിൽ പെടും. വാങ്കുവിളിക്ക് പാരഡിയുണ്ടാക്കിയ എഴുത്തുകാരൻ വികെഎൻ ആണ്. വി ഡി രാജപ്പന്റെ പാരഡികൾ നിർദോഷ വിനോദങ്ങൾ ആയിരുന്നെങ്കിൽ ഫെലിക്സ് ദേവസ്യയുടെ പാരഡികൾ പ്രശ്നങ്ങളെ പോസിറ്റീവായി സമീപിക്കുന്ന നർമ്മരചനകളാണ്. ഇപ്പോൾ ഒരു പാരഡിപ്പാട്ട് പാർലമെന്റിലെ യുഡിഎഫ് അംഗങ്ങളെയും നിയമസഭാംഗമായ കെപിസിസി വർക്കിങ് പ്രസിഡന്റിനെയും ഗായകരാക്കിയിരിക്കുന്നു. മഴക്കാലകെടുതികളാൽ കേരളം കഷ്ടപ്പെട്ടപ്പോൾ ഒരു ശോകഗാനം പോലും പാടാൻ മനസുവരാത്തവരാണ് ഇപ്പോൾ ഈ പടുപാട്ട് പാടാൻ അറ്റൻഷനടിച്ചു നിന്നത്. വീരമണിമാർ പൊലിപ്പിച്ച പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പാട്ടിന് ഖത്തർ നിവാസിയായ ചാലപ്പുറത്തുകാരൻ കുഞ്ഞബ്ദുള്ള എഴുതി കീ ബോർഡ് ആർട്ടിസ്റ്റായ ദാനിഷ് മുഹമ്മദ് ശബ്ദം നൽകിയ ഈ പാരഡി തെരഞ്ഞെടുപ്പുകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. എഴുതുന്നതും പാടുന്നതുമൊക്കെ അവരുടെ സ്വാതന്ത്ര്യം. എന്നാൽ മതത്തെയും മതദൈവത്തെയും മുന്നോട്ടുവച്ചുള്ള ഈ പാരഡി വോട്ട് നേടാൻ പ്രയോജനപ്പെടുത്തിയെന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ശേഷന്റെ കാലമായിരുന്നെങ്കിൽ വിജയിച്ച എല്ലാ വലതുപക്ഷ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് റദ്ദാക്കുമായിരുന്നു എന്നത് തീർച്ച. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.