
കേന്ദ്ര സർക്കാരും ആഗോള – ദേശീയ മൂലധന ശക്തികളും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പിണറായി വിജയൻ മുഖ്യമന്ത്രിയായ സംസ്ഥാന സർക്കാരിനുമെതിരെ നിരന്തരമായ നീക്കങ്ങളാണ് നടത്തുന്നത്. എൽഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കുന്നതിനുള്ള പദ്ധതികൾ തന്നെ അവർ തയ്യാറാക്കിയിട്ടുണ്ട്. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന അച്ചടി, ദൃശ്യ മാധ്യമങ്ങളും ഓൺലൈൻ ചാനലുകളും ചേർന്ന് എൽഡിഎഫിനും കേരള സര്‍ക്കാരിനുമെതിരായി പ്രചരണങ്ങൾ അഴിച്ചുവിടുകയാണ്. 2026ൽ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പും ഈ വര്‍ഷം നടക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളെയും മുന്നിൽക്കണ്ടാണ് ഈ നീക്കങ്ങൾ. എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നയത്തിനെതിരായി എല്ലാ വിരുദ്ധശക്തികളെയും ഒരുമിപ്പിക്കാനുള്ള ആസൂത്രിതമായ പദ്ധതികളാണ് യുഡിഎഫും ബിജെപിയും തയ്യാറാക്കുന്നത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വരാനിരിക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും പരാജയപ്പെടുത്തുക എന്നത് രണ്ട് ശക്തികളുടെയും പൊതു അജണ്ടയാണ്. എൽഡിഎഫ് വിരുദ്ധരെയെല്ലാം ഒന്നിപ്പിക്കാനുള്ള നീക്കങ്ങളാണ് അവര്‍ നടത്തുന്നത്. 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരാനുള്ള നിരവധി പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിൽ വന്നത്. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ജനാധിപത്യ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ച് മുന്നോട്ടുപോയ സര്‍ക്കാരിനെ കേരളത്തിലെ സർവ പിന്തിരിപ്പൻ ശക്തികളെയും ഒരുമിപ്പിച്ചുകൊണ്ട് ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുകയായിരുന്നു. ഇന്ന് കാണുന്ന വികസിത കേരളം കെട്ടിപ്പടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും വഹിച്ച പങ്ക് മാതൃകാപരമാണ്. നിലവിലെ എൽഡിഎഫ് സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ, 1957ലെ സര്‍ക്കാര്‍ ആരംഭിച്ച ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വികസന പദ്ധതികളുമായി മുന്നോട്ടുപോയി ജനവിശ്വാസം ആർജിച്ചാണ് രണ്ടാം തവണയും എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നത്. വികസന ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള നിരവധി പദ്ധതികൾ തുടര്‍ സര്‍ക്കാര്‍ പ്രാവർത്തികമാക്കി. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള സംസ്ഥാനമായി കേരളം മാറി. കേരള മോഡൽ വികസനം ലോകത്ത് എല്ലായിടത്തും ചർച്ചചെയ്യപ്പെടുന്നു.
വികസനരംഗത്ത് അഭൂതപൂർവമായ നേട്ടമുണ്ടാക്കിയ എൽഡിഎഫിനെയും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും ദുർബലപ്പെടുത്താനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ശക്തമായി നടക്കുന്നത്. എൽഡിഎഫിനെയും സര്‍ക്കാരിനെയും ദുർബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ കൂടുതൽ ജാഗ്രതയോടെ രംഗത്തുവരേണ്ട രാഷ്ട്രീയ സാഹചര്യമാണുള്ളത്. സര്‍ക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഫെഡറൽ സംവിധാനം ശക്തമായ രാജ്യത്ത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടതിനുപകരം രാഷ്ട്രീയ ലക്ഷ്യത്താൽ സാമ്പത്തികമായി സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാനുള്ള നീക്കങ്ങൾ നിരന്തരമായി നടക്കുകയാണ്. ഭരണഘടനാപരമായി സംസ്ഥാനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പുവരുത്താൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്കെതിരായ നീക്കങ്ങളാണ് നടത്തുന്നത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ബിജെപിയിതര സര്‍ക്കാരുകളെ അസ്ഥിരീകരിക്കാനുള്ള നീക്കങ്ങൾ ഗവർണർമാരെ ഉപയോഗിച്ച് നടത്തുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവര്‍ണര്‍മാര്‍ വീറ്റോ ചെയ്യുന്നതിനെതിരെയുള്ള സുപ്രീം കോടതി വിധി ചർച്ചാവിഷയമാണ്. അർഹതപ്പെട്ട കേന്ദ്ര വിഹിതം ലഭ്യമാക്കാതെ സംസ്ഥാനത്തെ സാമ്പത്തികമായ പ്രതിസന്ധിയിലാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നു. സംഭരിച്ച് കേന്ദ്ര പൂളിലേക്ക് നൽകിയ നെല്ലിന്റെ വിലപോലും യഥാസമയം ലഭ്യമാക്കാതെ കർഷകരെ സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയാണ്. സംസ്ഥാനത്ത് നിന്നും പിരിച്ചെടുക്കുന്ന നികുതിയില്‍ നിന്ന് അർഹതപ്പെട്ട വിഹിതം നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. 10-ാം ധനകാര്യ കമ്മിഷൻ 3.88 ശതമാനം വിഹിതം നൽകിയിരുന്നത് പിന്നീടുള്ള ഓരോ ധനകാര്യ കമ്മിഷനുകളും മാനദണ്ഡങ്ങൾ മാറ്റി വെട്ടിക്കുറയ്ക്കുകയായിരുന്നു. 15-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് 1.92 ശതമാനം മാത്രമാണ് കേരളത്തിന് ലഭിച്ചത്. 12-ാം ധനക്കമ്മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 4.54 ശതമാനം വിഹിതം നൽകിയപ്പോൾ 15-ാം കമ്മിഷൻ 2.68 ശതമാനമായി വെട്ടിക്കുറച്ചു. ജിഎസ്‌ടി വരുന്നതിന് മുമ്പ് സംസ്ഥാനങ്ങൾക്ക് ബജറ്റിൽ നികുതി ചുമത്താനുള്ള അവകാശം ഉണ്ടായിരുന്നു. ജിഎസ്‌ടിയിലൂടെ സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്തു. അശാസ്ത്രീയ ജിഎസ്‌ടിയില്‍ ശക്തമായ വിമർശനം ഉയർന്നപ്പോൾ സംസ്ഥാനങ്ങളിൽ വരുമാനം കുറഞ്ഞാൽ ജിഎസ്‌ടി നഷ്ടപരിഹാരം നൽകാം എന്നായിരുന്നു കേന്ദ്ര നിലപാട്. ആ നഷ്ടപരിഹാരം ഇപ്പോൾ നിർത്തലാക്കി. സംസ്ഥാനത്ത് വൻ സാമ്പത്തിക പ്രതിസന്ധിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം മൂലം ഉണ്ടായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി വളർന്നാൽ ജനങ്ങളിൽ അസംതൃപ്തി സൃഷ്ടിക്കുവാൻ കഴിയുമെന്നും അസംതൃപ്തരായ ജനങ്ങളെ സര്‍ക്കാരിനെതിരായി തിരിച്ചുവിടാൻ കഴിയുമെന്നുമുള്ള രാഷ്ട്രീയ കണക്കുകൂട്ടലിലാണ് കേന്ദ്രത്തിലെ ബിജെപിയും കേരളത്തിലെ യുഡിഎഫും.
സാമ്പത്തിക പ്രയാസം മറികടക്കുന്നതിനായി വായ്പയെടുക്കുവാനുള്ള പദ്ധതികൾക്ക് സര്‍ക്കാര്‍ രൂപം നൽകി. കിഫ്ബിയും പെൻഷൻ ബോർഡും രൂപീകരിച്ച് അതിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തി. നിക്ഷേപം നടത്തുവാന്‍ നിരവധിപേർ മുന്നോട്ടുവന്നു. ഈ തുക ഉപയോഗപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുവാനും ക്ഷേമ പെൻഷൻ ഉള്‍പ്പെടെ നല്‍കുവാനുമുള്ള ബദൽ നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. ജനങ്ങൾ പദ്ധതികൾക്ക് പൂർണ പിന്തുണ നൽകി. അതിനെയും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. പെൻഷൻ ബോർഡും കിഫ്ബിയും എടുത്ത വായ്പ, സംസ്ഥാനത്തിന്റെ പൊതുവായ്പയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പൊതുവായ്പാ പദ്ധതി അതോടെ അധികരിച്ചു. പദ്ധതികൾ മുന്നോട്ടുപോകാൻ കഴിയാതെവന്നു. സമാനരീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ഹൈവേ അതോറിട്ടി പോലുള്ള സ്ഥാപനങ്ങൾ എടുത്ത വായ്പ കേന്ദ്രത്തിന്റെ വായ്പാപരിധിയിൽ ഉൾപ്പെട്ടിട്ടും ഇല്ല എന്നത് രാഷ്ട്രീയ വിരോധം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന സമീപനത്തിനെതിരായി ശക്തമായ പ്രക്ഷോഭങ്ങൾ നടന്നിട്ടും ആവശ്യങ്ങൾ പരിഗണിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. വയനാടും വിലങ്ങാടുമുണ്ടായ ദുരന്തങ്ങളില്‍ സഹായിക്കാൻ തയ്യാറാകാതെ സംസ്ഥാനത്തെ ഒറ്റപ്പെടുത്താനാണ് ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുവാൻ വലിയ ശ്രമങ്ങൾ നടത്തുമ്പോള്‍, തനത് വരുമാനം വർധിപ്പിച്ചുകൊണ്ട് കേരളം മുന്നോട്ടുപോയി. 2020–21ൽ തനത് വരുമാനം 47,600കോടിയായിരുന്നത് 2024–25 ആകുമ്പോഴേക്കും 81,000 കോടിയായി വർധിപ്പിക്കാൻ കഴിഞ്ഞത് എൽഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഓരോ വർഷവും 30,000 കോടിയിലധികമാണ് വെട്ടിക്കുറച്ചത്. സാമ്പത്തികമായി ശ്വാസംമുട്ടിക്കാൻ എല്ലാ ശ്രമങ്ങളും നടന്നിട്ടും തനത് വരുമാനം വർധിപ്പിച്ചു. ലോകത്തിനുതന്നെ മാതൃകയായ അടിസ്ഥാന സൗകര്യ വികസന സംവിധാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കി. ഗ്രാമീണ റോഡുകളുടെ നിർമ്മാണങ്ങൾ, ദേശീയ ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നീ വികസനങ്ങൾ വളരെ വേഗതയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. ഗെയിൽ പൈപ്പ്‌ലൈൻ, അന്തർ സംസ്ഥാന വൈദ്യുതി വിതരണ സംവിധാനം, കെ ഫോൺ തുടങ്ങിയ പദ്ധതികൾ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഭവനനിർമ്മാണ മേഖലയിലും ഭൂരഹിതർക്ക് ഭൂമി നൽകുന്നതിലും പട്ടയം നൽകുന്നതിലും കാർഷിക വികസനത്തിനും പദ്ധതികൾ ആവിഷ്കരിച്ചു. എൽഡിഎഫ് തുടര്‍സര്‍ക്കാര്‍ അധികാരത്തിൽ വന്ന് 42 മാസം കൊണ്ട് 33,210.68 കോടി സാമൂഹ്യപെൻഷനായി വിതരണം ചെയ്തിട്ടുണ്ട്. അഞ്ച് വർഷം പൂർത്തിയാകുമ്പോൾ 50,000 കോടിയിലേറെ രൂപ ക്ഷേമ പെൻഷൻ നൽകുമെന്നാണ് സര്‍ക്കാരും എൽഡിഎഫും ഉറപ്പുനൽകിയിട്ടുള്ളത്. ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പെൻഷൻ കുടിശിക വിതരണം ചെയ്തത് 2016ല്‍ അധികാരത്തിലെത്തിയ എൽഡിഎഫ് സര്‍ക്കാരാണ്. ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ് എൽഡി എഫ് സര്‍ക്കാരിനെതിരായി കുപ്രചരണം നടത്തുന്നത്. ഇതിനായി കുത്തക മാധ്യമങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളെ മറച്ചുവയ്ക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരായി തിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. സര്‍ക്കാരിന്റെ നാലാം വാർഷികത്തിൽ, നടപ്പിലാക്കിയതും നടപ്പാക്കാനിരിക്കുന്നതുമായ പദ്ധതികൾ ജനങ്ങളിൽ എത്തിക്കേണ്ടത് രാഷ്ട്രീയ കടമയാണ്. കേരള സര്‍ക്കാരിനെയും എൽഡി എഫിനെയും തകർക്കാൻ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കടമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.