5 December 2025, Friday

രാഷ്ട്രീയബോധത്തോടെ സമ്മതിദാനം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
November 20, 2025 4:15 am

പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സാധാരണയായി രാഷ്ട്രീയത്തിനതീതമായ ചില തീരുമാനങ്ങളിൽ ജനങ്ങളെത്താറുണ്ട്. അത് വലിയ ആശയക്കുഴപ്പങ്ങൾക്കും അപകടകരമായ അരാഷ്ട്രീയവൽക്കരണത്തിനും കാരണമാകും. ഭരണഘടന അനുശാസിക്കുന്ന മതേതരത്വവും തുല്യനീതിയും വോട്ടർമാരെ സ്വാധീനിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങളനുസരിച്ച്‍ ജാതിയുടെയോ മതങ്ങളുടെയോ പേരിൽ വോട്ടു ചോദിക്കാൻ പാടില്ല. ആരാധനാലയങ്ങളോ മതസ്ഥാപനങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കാനും പാടില്ല. ആരുടെയും സ്വകാര്യജീവിതത്തെ വിമർശിക്കാനോ തെറ്റായി അവതരിപ്പിക്കാനോ പാടില്ല. ഉച്ചഭാഷിണിയുടെ ഉപയോഗം നിയമവിധേയമായിരിക്കണം. ചുമരെഴുത്തുകളും പോസ്റ്റർ പതിക്കലും ചുമരിന്റെ ഉടമസ്ഥന്റെ അനുവാദത്തോടെ വേണം. സ്ഥാനാർത്ഥികളുടെ വരുമാനം സംബന്ധിച്ച സത്യവാങ്മൂലത്തിൽ അസത്യം ഉണ്ടാകാനേ പാടില്ല. അനുവദനീയമായ എണ്ണത്തിലുള്ള പോസ്റ്ററുകളും നോട്ടീസുകളും മാത്രമേ പുറത്തിറക്കാവൂ. അച്ചടിക്കുന്ന ആളിന്റെ പേരും പ്രസിന്റെ പേരും രേഖപ്പെടുത്തിയിരിക്കണം. ജാതിയുടെയോ മതങ്ങളുടെയോ പേരിൽ വോട്ടു ചോദിക്കാൻ പാടില്ല എന്ന ആശയം ജാതിയുടെയും മതങ്ങളുടെയും ചുമരിൽ ചാരിനിൽക്കുന്ന ബിജെപി, മുസ്ലിം ലീഗ്, എസ്ഡിപിഐ, കേരളാ കോൺഗ്രസ്, ബിഡിജെഎസ് തുടങ്ങിയ പാർട്ടികൾക്ക് നടപ്പിലാക്കാൻ പ്രയാസമാണ്. ദളിത് മേഖലയിൽ പ്രവർത്തിക്കുന്ന ബിഎസ്‌പി, ഡിഎച്ച്ആർഎം തുടങ്ങിയ സംഘടനകൾ അവരുടെ ആശയങ്ങൾ ആ മേഖലയിൽ അവതരിപ്പിക്കാൻ തീർച്ചയായും ശ്രദ്ധിക്കും. 

ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരുകാര്യം അടുത്ത ദിവസങ്ങളിലുണ്ടായ സ്ഥാനാർത്ഥി നിർണയമായിരുന്നു. ജാതിയും മതവുമെല്ലാം അവിടെ നൃത്തമാടി. പൊതുസീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കാൻ പാർട്ടികൾ മടിച്ചു. സമൂഹത്തിൽ അടിസ്ഥാനമാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് അതിന്റെ അർത്ഥം. ഭാഗ്യം കൊണ്ടുമാത്രമാണ് ചില പഞ്ചായത്തുകളിൽ ദളിത് വനിതകൾ പ്രസിഡന്റാകുന്നത്. വനിതാസംവരണം ഉണ്ടായതുകൊണ്ടു മാത്രമാണ് സ്ത്രീകൾക്ക് ഭരണസാരഥ്യം വഹിക്കാൻ കഴിഞ്ഞത്. അവരത് സ്തുത്യർഹമാംവിധം നിർവഹിക്കുകയും ചെയ്തു. കേരളത്തിൽ ഗണ്യമായ സ്വാധീനമുള്ള മുസ്ലിം ലീഗിന് നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ഒരു വനിതയെ അയയ്ക്കാൻ മനസുവന്നിട്ടില്ല. ജയിക്കുമെന്ന് ഉറപ്പുള്ള രാജ്യസഭാ സീറ്റുകളിൽ ഒരു വനിതയെക്കൊണ്ട് നാമനിര്‍ദേശം കൊടുപ്പിക്കാൻ പോലും അവർ താല്പര്യം കാണിച്ചിട്ടില്ല. പ്രാദേശിക ഭരണകൂടങ്ങളെ നയിക്കുന്നതിൽ സ്ത്രീകൾ പ്രാഗത്ഭ്യം തെളിയിച്ചുകഴിഞ്ഞു. എന്നാൽ നിയമസഭയിലും പാർലമെന്റിലും തുല്യപ്രാതിനിധ്യം എന്ന ഭരണഘടനാപരമായ അവകാശം ഇതുവരെയും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ ജയിച്ച ഇടതു പെൺകുട്ടികൾ അവരുടെ പ്രസംഗം ആരംഭിച്ചത് ജയ് ഭീം എന്ന് പറഞ്ഞുകൊണ്ടാണ്. ദളിതരോടുള്ള പൊതുസമൂഹത്തിന്റെ അവജ്ഞ നിറഞ്ഞ കാഴ്ചപ്പാട് മാറണമെങ്കിൽ അവർ അധികാര സ്ഥാനങ്ങളിൽ എത്തുകയും ബഹുമാനിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. വിദൂരഭാവിയിലെങ്കിലും ജാതിരഹിത സമൂഹം ഉണ്ടാകണമെങ്കിൽ ദളിതരിൽ നിന്നും അവഗണിക്കപ്പെടുന്നവർ എന്ന ബോധം ഇല്ലാതായേ കഴിയൂ. 

തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോൾ കാണുന്ന ഒരു കാഴ്ച മിക്കപാർട്ടികളിൽ നിന്നും ഉണ്ടായ കൂറുമാറ്റമാണ്. കൂറുമാറിയെത്തുന്നവരെ വീണ്ടും മത്സരിപ്പിക്കാനും ചില കക്ഷികൾ ഉത്സാഹം കാട്ടുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നല്‍കിയില്ലെന്ന പേ­രിൽ കെട്ടിത്തൂങ്ങി മരിച്ചവരെയും കേരളം കണ്ടു. ഒരു പാർട്ടിയിൽ നിന്നും മാറി നേരെ വിരുദ്ധമായ ഒരു ആശയഗതിയുള്ള പാർട്ടിയിൽ ചേരുന്നത് അത്ഭുതകരമായ കാര്യമാണ്. ഇവരുടെ രാഷ്ട്രീയ ബോധത്തെ സമൂഹം തള്ളിക്കളയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് ആയിരുന്ന ഒരാൾ ബിജെപിയിലോ മുസ്ലിം ലീഗിലോ ചേരുന്നു എന്നുപറഞ്ഞാൽ അയാളിൽ തീരെയും കമ്മ്യൂണിസ്റ്റ് ബോധം ഇല്ലായിരുന്നു എന്നാണർത്ഥം. സംസ്ഥാനത്ത് ജയസാധ്യതയില്ലാത്ത സിപിഐ (എംഎൽ), എസ്‌യുസിഐ, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ കക്ഷികളിലേക്ക് ആരും മാറുന്നില്ലായെന്നത് കൗതുകകരമാണ്. കെട്ടിവച്ച കാശ് നഷ്ടപ്പെടുത്താൻ കാലുമാറ്റക്കാർക്ക് താല്പര്യമില്ല. കാലുമാറി വരുന്നവർക്ക് സീറ്റുകൊടുക്കുന്നതും ബോർഡുകൾ, കോർപറേഷനുകൾ എന്നിവയിൽ കുടിയിരുത്തുന്നതും അധാർമ്മികമാണ്. ഇപ്പോഴത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചില എഴുത്തുകാരും മത്സരിക്കുന്നുണ്ട്. സാഹിത്യ അക്കാദമി അംഗമായ വി എസ് ബിന്ദു, വിവിധ സാഹിത്യ അവാർഡ് ജേതാക്കളായ വീണാ സുനിൽ, ലിസി ജോയ്, ടി ജി അജിത, റഹീമ വാളാട് തുടങ്ങിയവരും ഗായകൻ ആശ്രാമം ഉണ്ണികൃഷ്ണനും മത്സരരംഗത്തുണ്ട്. ഇവരെ നമുക്ക് വിശ്വസിക്കാം. കാരണം എഴുത്തിൽ പൂർണ ശ്രദ്ധ ചെലുത്തിയിരുന്ന ജോസഫ് മുണ്ടശേരി, എം കെ സാനു, കടമ്മനിട്ട രാമകൃഷ്ണൻ എന്നിവർ അവരുടെ നിയമസഭാംഗത്വം നന്നായി നിർവഹിച്ചവരായിരുന്നല്ലോ. മതബോധം, ജാതിബോധം, ആചാരാനുഷ്ഠാനങ്ങളിലുള്ള അന്ധബോധം ഇവയെക്കാൾ ഉന്നതമായ രാഷ്ട്രീയ ബോധമാണ് പോളിങ് ബൂത്തിലേക്ക് പോകുന്ന ഒരു പൗരന് ഉണ്ടാകേണ്ടത്. 

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.