
ജനാധിപത്യത്തിന്റെ നെടുംതൂണുകളായി വർത്തിക്കേണ്ടത് ഭരണഘടനാ സ്ഥാപനങ്ങളാണ്. രാജ്യത്തെ നിയമവാഴ്ചയും പൗരാവകാശങ്ങളും സംരക്ഷിക്കുക എന്നതാണ് കോടതികളുടെ പരമപ്രധാനമായ കർത്തവ്യം. ഇന്ത്യയിലെ പരമോന്നത നീതിപീഠം പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പോലും റദ്ദാക്കാനുള്ള ധെെര്യവും ആർജവവും മുൻകാലത്ത് കാണിച്ചിട്ടുണ്ട് എന്നതും നമ്മൾ ഓർക്കേണ്ടതുണ്ട്. എന്നാൽ 2014ന് ശേഷം ഇന്ത്യയിലെ കോടതികൾ പുറപ്പെടുവിച്ച വിധിന്യായങ്ങളിൽ ഈ ധീരതയും ആർജവവും ഉണ്ടോ എന്ന് പരിശോധിക്കപ്പെടണം. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതി വിവാഹം ചെയ്താൽ പിന്നെ ക്രിമിനൽ കുറ്റം നിലനിൽക്കില്ല എന്നുവരെ വിധി പ്രസ്താവിക്കാനും, ലജ്ജയില്ലാതെ മതവിദ്വേഷം പ്രചരിപ്പിക്കുവാനും, ഇന്ത്യയിലെ പ്രതിപക്ഷ നേതാവിനോട് താങ്കൾ ഇന്ത്യക്കാരനാണോ എന്ന് ഒരു സന്ദേഹവുമില്ലാതെ ചോദിക്കുവാനും കോടതിക്ക് മടിയുണ്ടായില്ല. പെഗാസസ് എന്ന ചാര സോഫ്റ്റ‌്‌വേർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയോ എന്ന വിഷയത്തിലും റഫേൽ യുദ്ധവിമാനം വാങ്ങിയതിൽ അഴിമതി നടന്നോ എന്ന കാര്യത്തിലും ജസ്റ്റിസ് ലോയ എന്ന നീതിമാനായ ജഡ്ജിയുടെ ദുരൂഹ മരണത്തിലും ബാബ്റി മസ്ജിദ് കേസിലുമൊക്കെ ഇന്ത്യയിലെ പരമോന്നത കോടതിയുടെ നിലപാട് സംശയങ്ങൾക്കതീതമായിരുന്നോ? സ്വന്തം പേരിലുണ്ടായ ലെെംഗികാരോപണ കേസിൽ സ്വന്തമായി തീരുമാനമെടുത്ത രഞ്ജൻ ഗൊഗോയ് എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇന്ന് ബിജെപിയുടെ രാജ്യസഭാംഗമാണ് എന്നുകൂടി നമ്മളറിയണം. രാജ്യത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരമെന്താണെന്ന് ടി എൻ ശേഷൻ എന്ന മുഖ്യ കമ്മിഷണർ നമ്മളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതിയുക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുന്നതിൽ പരമപ്രധാനമായ പങ്ക് വഹിക്കേണ്ട രാജ്യത്തെ പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ നിലപാടുകളെന്താണെന്ന് പരിശോധിക്കപ്പെടണം.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഗ്രേറ്റ് ബ്രിട്ടനും, യുഎസ്എയും അടക്കമുള്ള വികസിത രാജ്യങ്ങൾ എന്തുകൊണ്ടാണ് ഉപയോഗിക്കാത്തത്? യുപിഎ സർക്കാർ കൊണ്ടുവന്ന ഈ പരിഷ്കാരത്തിനെതിരെ അന്നുതന്നെ വലിയ എതിർപ്പുകൾ ഉയർന്നതാണ്. ഇന്ന് ഇവി യന്ത്രങ്ങൾ ഏറ്റവും കൂടുതൽ ദുരുപയോഗം നടക്കുന്നു എന്ന് സംശയിക്കപ്പെടാനുള്ള സാഹചര്യം നിലനിൽക്കുന്നു. ടി എൻ ശേഷനുശേഷം തെരഞ്ഞെടുപ്പ് കമ്മിഷൻ വെറും നോക്കുകുത്തിയായി മാറി എന്നും ഭരിക്കുന്ന സർക്കാരിന്റെ ഇംഗിതങ്ങൾക്കനുസരിച്ച് ചലിക്കുന്ന പാവയായി മാറി എന്നതുമാണ് അടുത്തകാലത്തെ സംഭവവികാസങ്ങൾ കാണിക്കുന്നത്.
പ്രതിപക്ഷം അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ കെട്ടുതാലി പറിച്ചെടുത്ത് ന്യൂനപക്ഷങ്ങൾക്ക് നൽകും എന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോഡി പ്രസംഗിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മിഷനോ പരമോന്നത കോടതിയോ എന്ത് നിലപാടാണ് സ്വീകരിച്ചത്? നിയമ പാഠപുസ്തകങ്ങളിലെ പ്രാഥമിക പാഠംപോലും ശ്രദ്ധിക്കാതെ രാഹുൽ ഗാന്ധിയുടെ മോഡി സമുദായത്തെക്കുറിച്ചുള്ള പരാമർശത്തിൽ എത്ര കോടതികളാണ് നടപടി സ്വീകരിക്കുവാൻ മുന്നോട്ടുവന്നത്? തികച്ചും പക്ഷപാതപരമായി പ്രവർത്തിക്കുകയാണ് രാജ്യത്തെ പരമോന്നത ഭരണഘടനാ സ്ഥാപനങ്ങൾ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങൾ ആദ്യമായി ഉയർന്നത് കേരളത്തിലാണ്. ദത്താത്രേയ ഹൊസബലെ എന്ന ആർഎസ്എസ് നേതാവിനെ കേരളത്തിലെ എഡിജിപി അജിത് കുമാർ 2023 മേയ് 22ന് തൃശൂരിലെ ഒരു ഹോട്ടലിൽ പോയി കണ്ടതും, 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇതേ എഡിജിപി തൃശൂരിൽ ക്യാമ്പ് ചെയ്തതും, നിസാര കാരണങ്ങൾ പറഞ്ഞ് പൊലീസ് തൃശൂർപൂരം അലങ്കോലപ്പെടുത്തിയതുമൊക്കെ വലിയ വാർത്തയാവുകയുണ്ടായി.
സിപിഐ സ്ഥാനാർത്ഥിയും തൃശൂരിന്റെ മുൻ നിയമസഭാംഗവുമായിരുന്ന വി എസ് സുനിൽകുമാർ അപ്രതീക്ഷിതമായി പരാജയപ്പെടുകയും ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുകയും ചെയ്തു. അപ്പോൾത്തന്നെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് സിപിഐ ജില്ലാ ഘടകമുൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. കോൺഗ്രസിന്റെ മുൻ എംപി ടി എൻ പ്രതാപനും, 50,000 വ്യാജ വോട്ടർമാരെ ബിജെപി തൃശൂർ മണ്ഡലത്തിൽ തിരുകിക്കയറ്റി എന്ന് ആരോപിച്ചിരുന്നു. സുരേഷ് ഗോപിയുടെ മേൽവിലാസത്തിലെ വീട്ടിൽ 11 വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇവരാരും തന്നെ തെരഞ്ഞെടുപ്പിന് ശേഷം അവിടെയില്ല.
ഈ ആരോപണങ്ങളെല്ലാം വസ്തുതാപരമായി വാസ്തവമായിരുന്നു എന്നാണ്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ കർണാടകയിൽ നടത്തിയ നഗ്നമായ നിയമലംഘനങ്ങൾ കൃത്യമായ തെളിവുകളോടെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ എണ്ണിയെണ്ണി പറഞ്ഞപ്പോൾ വ്യക്തമാവുന്നത്. രാഹുൽ ഗാന്ധിക്ക് മുമ്പേതന്നെ 1970 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലെ തെരഞ്ഞെടുപ്പുകളുടെ പാറ്റേൺ പഠിച്ച അശോക യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. സബ്യസാചി ദാസ് 2023ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറഞ്ഞിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ച നിയോജക മണ്ഡലങ്ങളിൽ അസാധാരണമായ വോട്ട് കേന്ദ്രീകരണം വിജയിച്ച സ്ഥാനാർത്ഥികൾക്കനുകൂലമായി നടന്നുവെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. 1970 മുതൽ 2014 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ കാണാത്ത പ്രതിഭാസമാണിതെന്നും സൂചിപ്പിച്ച അദ്ദേഹം പിന്നീട് അശോക യൂണിവേഴ്സിറ്റിയിൽ നിന്നും രാജിവയ്ക്കാൻ നിർബന്ധിതനായി. ഇതേവിഷയത്തിൽ ആ സർവകലാശാലയിൽ നിന്ന് മലയാളിയായ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പുലാപ്ര ബാലകൃഷ്ണനടക്കം 16 പ്രമുഖ അധ്യാപകർ രാജിവച്ചു.
ഇന്ത്യയിലെ പ്രമുഖ ധനകാര്യ വിദഗ്ധൻ പരകാല പ്രഭാകർ 2024ലെ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യമാകെ സഞ്ചരിച്ച് തെരഞ്ഞെടുപ്പിൽ സംഭവിക്കാവുന്ന അട്ടിമറികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അസമിൽ തുടങ്ങി രാജ്യമെമ്പാടും പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള ശ്രമവും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. ബിഹാറിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്ന പേരിൽ 65 ലക്ഷത്തിലധികം പൗരന്മാർക്ക് വോട്ട് നിഷേധിക്കുവാനുള്ള നടപടികൾ തുടരുകയാണ്. തിരിച്ചറിയൽ രേഖകളായി ആധാർ കാർഡോ, ഇലക്ഷൻ വോട്ടർ ഐഡിയോ, റേഷൻ കാർഡോ, സ്വീകാര്യമല്ല എന്ന അതിവിചിത്രമായ നിലപാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുന്നു. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകർത്തുകൊണ്ട് ഭരണകക്ഷിയുടെ സേവകരായാണ് കമ്മിഷൻ പ്രവർത്തിക്കുന്നത് എന്ന ആരോപണം പൊതുമണ്ഡലത്തിലാകെ ഉയർന്നുകഴിഞ്ഞു.
മേല്പറഞ്ഞ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ കൃത്രിമം നടന്നു എന്ന് ആരോപണമുന്നയിച്ചിരിക്കുന്നത്. ആ മണ്ഡലത്തിലെ മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തിലെ ഭൂരിപക്ഷം ഒന്നുകൊണ്ട് മാത്രമാണ് ലോക്‌സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. ഈ വിജയത്തിനാസ്പദമായ വോട്ടുകളിൽ ഒരു ലക്ഷത്തിലധികം കള്ളവോട്ടുകളാണ് എന്നാണ് രേഖകൾ സഹിതം ആരോപണമുന്നയിച്ചിരിക്കുന്നത്. ഇരട്ടവോട്ട്, വ്യാജ മേൽവിലാസത്തിലുള്ള വോട്ടുകൾ, ഒരു മേൽവിലാസത്തിൽ വളരെയധികം വോട്ടർമാർ, വ്യാജ ഫോട്ടോകൾ പതിച്ച വോട്ടുകൾ, ഫോം 6 ദുരുപയോഗം ചെയ്ത് ചേർത്ത വോട്ടുകൾ തുടങ്ങിയ വ്യാജവോട്ടർമാർ കൂട്ടമായെത്തി വോട്ട് ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നത് അഞ്ചുമണിക്ക് ശേഷവും. ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം തന്നെ കമ്മിഷൻ തിരക്കുപിടിച്ച് നിയമഭേദഗതി വരുത്തി നശിപ്പിക്കുകയും ചെയ്തു.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.