‘മാര്‍ക്സിന്‍ ശവകുടീരത്തിനു മുന്നില്‍ നാം
ആര്‍ദ്രമനസ്ക്കരായ്, നമ്രശിരസ്ക്കരായ്
നില്ക്കവേ, നാലഞ്ചു പൂക്കളവിടെ നാം
വയ്ക്കുകയായ്, നടേ വന്നുപോയോര്‍ വച്ച
പൂവുകള്‍ വാടിയും വാടാതെയുമങ്ങു
കൂടിക്കിടപ്പതിന്‍ മീതെയായ്’
ലണ്ടന്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍മാര്‍ക്സിന്റെ ശവകുടീരം സന്ദര്‍ശിച്ചശേഷം ഒഎന്‍വി എഴുതിയ കവിതയില്‍ ഈവിധം കൂടി കുറിക്കുന്നു.
‘നാമോര്‍ത്തു:
പൂക്കളല്ലല്ലിവ: എങ്ങുനിന്നെന്നറി-
യാത്ത സമാനഹൃദയര്‍ തന്‍ ദുഃഖങ്ങള്‍
ഒപ്പം, അവര്‍ പേറുമുല്‍ക്കണ്ഠകള്‍: നിസ്വര്‍,
ദുര്‍ബലര്‍, ഭൂമിയെ വേള്‍ക്കാന്‍ പൊരുതിയോര്‍
മെയ്യി, ലുയിരിലുമേറ്റ മുറിവുകള്‍
പെയ്തൊരു തിരിച്ചുവരവിന്റെയോര്‍മ്മകള്‍!’
ഇതാണ് കാള്‍മാര്‍ക്സ്. ദുഃഖിതരുടെ, ഉത്ക്കണ്ഠാകുലരുടെ, നിസ്വരുടെ, ചൂഷിതരുടെ, മര്‍ദ്ദിതരുടെ വിമോചന ശബ്ദം മുഴക്കിയ മാനവരാശിയുടെ പ്രതീക്ഷ. ലോക ജീവിതക്രമത്തെ മാറ്റിമറിക്കുന്ന, മര്‍ദ്ദകരും മര്‍ദ്ദിതരുമില്ലാത്ത, ചൂഷകരും ചൂഷിതരുമില്ലാത്ത സമഭാവനയുടെയും സമത്വത്തിന്റെയും ജീവിതക്രമം വിഭാവനം ചെയ്ത യുഗപ്രഭാവന്‍.
പക്ഷെ, മുസ്‌ലിംലീഗ് നേതാവ് എം കെ മുനീര്‍, എംഎസ്എഫ് സമ്മേളനത്തില്‍ നടത്തിയ നിന്ദ്യവും നീചവുമായ പ്രസംഗത്തില്‍ കാള്‍മാര്‍ക്സ് ലോകം കണ്ട ഏറ്റവും വൃത്തികെട്ടവനാണ്. വ്യക്തിഹത്യ നടത്തുന്നതിന്റെ ഭാഗമായി മാര്‍ക്സ് കുളിക്കാത്തവനും തുണി നനയ്ക്കാത്തവനും സ്ത്രീലമ്പടനുമാണ് മുനീറിന്. ഒരു മനുഷ്യന്റെ സംസ്കാരവും വിവേകവും തിരിച്ചറിയപ്പെടുന്നത് ഉച്ചരിക്കപ്പെടുന്ന വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. മുനീര്‍ സാംസ്കാരികമായി എത്രമേല്‍ അധഃപതിച്ചിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രഭാഷണം വിളിച്ചറിയിക്കുന്നു. മാര്‍ക്സ് സ്ഥിരം മദ്യപാനിയും അരാജകവാദിയുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാര്യയും വീട്ടുജോലിക്കാരിയും ഒരേദിവസം പ്രസവിച്ചുവെന്നും വീട്ടുജോലിക്കാരിക്ക് പിറന്ന കുഞ്ഞിന് കാള്‍മാര്‍ക്സിനെ വരച്ചുവച്ചതുപോലെയാണെന്നും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ മുനീര്‍ വിളിച്ചുകൂവി. ഹോ! എത്രമേല്‍ അധഃപതനം.
മാര്‍ക്സും മാര്‍ക്സിയന്‍ ദര്‍ശനങ്ങളും ഇന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുകയാണ് ലോകജനത. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് വാള്‍സ്ട്രീറ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ ഉച്ചത്തില്‍ ഉയര്‍ന്നുകേട്ടത് മാര്‍ക്സിയന്‍ ദര്‍ശനമാണ്. ലോക സമ്പത്തിന്റെ 95 ശതമാനവും അഞ്ച് ശതമാനം വരുന്ന അതിസമ്പന്നര്‍ ചൂഷണം ചെയ്യുന്നു. ആ നില മാറിയേ മതിയാവൂ എന്നതായിരുന്നു പ്രക്ഷോഭകാരികളുടെ മുദ്രവാക്യം. അക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഗ്രന്ഥം കാള്‍മാര്‍ക്സിന്റെ ‘മൂലധനം’ ആണെന്ന് മുതലാളിത്ത മാധ്യമങ്ങള്‍ തന്നെ എഴുതി. മരണമില്ലാത്ത, അജയ്യമായ, മാനവരാശിയുള്ള കാലത്തോളം നിലനില്ക്കുന്ന മാനുഷിക പ്രത്യയശാസ്ത്രത്തിന് രൂപം നല്കിയ ധിഷണാശാലിയായ യുഗപ്രഭാവനെയാണ് മുനീര്‍, നീചപ്രയോഗങ്ങളാല്‍ അവഹേളിക്കുവാന്‍ പ്രയത്നിച്ച് സ്വയം മുഖം വികൃതമാക്കുന്നത്, മനസില്‍ ഒളിഞ്ഞുകിടക്കുന്ന വൈകൃതത്വം പ്രകടമാക്കുന്നത്. കാലം ഇതിന് മാപ്പുനല്കുകയില്ല.
ഒഎന്‍വിയുടെ ഈ വരികള്‍ ഇന്നും പ്രസക്തമാണ്.
- മാര്‍ക്സിന്റെയീയന്ത്യ
വിശ്രമഭൂമിയില്‍
ആദ്യമണഞ്ഞ നാള്‍
മൂളിയതോര്‍ത്തു ഞാന്‍
‘ശവകുടീരത്തില്‍
നീയുറങ്ങുമ്പോഴും
ഇവിടെ നിന്‍ വാ-
ക്കുറങ്ങാതിരിക്കുന്നു’ -
മാര്‍ക്സ് എന്ന മരണമില്ലാത്ത മഹാമനീഷിയുടെ പ്രത്യയശാസ്ത്രവും വാക്കുകളും ഉറങ്ങാതെ നിതാന്ത ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം കുടില മാനസങ്ങളുടെ ഉടമകളായ മുനീറാദികള്‍ തമസ്ക്കരിക്കുന്നതില്‍ അത്ഭുതമില്ല. ലെനിനും പല രാജ്യങ്ങളില്‍ പരസ്ത്രീ ബന്ധമുള്ളയാളാണെന്നും അരാജകത്വ പ്രോജ്ജ്വല നായകനാണെന്നുമാണ് മുനീര്‍ അപഹസിച്ചത്. മഹത്തായ സോവിയറ്റ് ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവ നായകനായ വ്ളാദിമിര്‍ ഇല്‍നിച്ച് ലെനിന്റെ സഹധര്‍മ്മിണിയും റഷ്യയിലെ ബോള്‍ഷെവിക്ക് വിപ്ലവകാരിയും ടോള്‍സ്റ്റോയിയുടെ വിദ്യാഭ്യാസ സിദ്ധാന്തത്തിലും മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്ര വിശാരദയുമായിരുന്ന നദേഴ്ദ ക്രൂപ്സ് കായ എഴുതിയ ‘The life of lenin’ എന്ന പുസ്തകം വായിച്ചിരുന്നുവെങ്കില്‍ ലെനിനെക്കുറിച്ച് ഇത്രമേല്‍ അപഹാസ്യമായ, ചരിത്രവിരുദ്ധമായ പ്രസ്താവന മുനീറിന് നടത്തേണ്ടിവരുമായിരുന്നില്ല. പ്രവാസ ജീവിതവും പ്രതിപ്രവര്‍ത്തനത്തിന്റെ വര്‍ഷങ്ങളും പുതിയ വിപ്ലവ മുന്നേറ്റങ്ങളും വിവരിക്കുന്ന ആ ഗ്രന്ഥത്തില്‍ മഹാനായ ലെനിന്റെ ജീവിത ത്യാഗ പ്രവര്‍ത്തനങ്ങള്‍ സൂര്യപ്രഭയോടെ തെളിഞ്ഞുകിടപ്പുണ്ട്. കവികൂടിയായിരുന്ന, മാര്‍ക്സിനൊപ്പം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ സഹസ്രഷ്ടാവായിരുന്ന ഫ്രെഡറിക്ക് ഏംഗല്‍സിനെയും മുനീര്‍ അവഹേളിക്കുന്നുണ്ട്. സംഘ്പരിവാര ഫാസിസ്റ്റ് ഭൂതം മുനീറിനെയും ആവേശിച്ചിരിക്കുന്നുവെന്ന് ന്യായമായും സംശയിക്കണം. മാര്‍ക്സിനെയും ഏംഗല്‍സിനെയും ലെനിനെയും കുറിച്ച് സംഘ്പരിവാറുകള്‍ നടത്തിയ നുണപ്രചരണങ്ങളും ചരിത്രത്തെ വന്ധ്യംകരിക്കലും അതേസ്വരത്തില്‍ ആവര്‍ത്തിക്കുകയാണ് മുനീര്‍. പക്ഷേ, മാധവ് സദാശിവ് ഗോള്‍വാല്‍ക്കര്‍ ‘വിചാരധാരയില്‍’ കുറിച്ച വരികള്‍ മുനീര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ‘ഞങ്ങള്‍ക്ക് മൂന്ന് മുഖ്യശത്രുക്കള്‍. ഒന്ന് മുസ്‌ലിങ്ങള്‍, രണ്ട് ക്രിസ്ത്യാനികള്‍, മൂന്ന് കമ്മ്യൂണിസ്റ്റുകാര്‍.
ലിംഗസമത്വത്തെയും ലിംഗനീതിയെയും കൂടി മുനീര്‍ പുച്ഛിക്കുന്നു. സ്കൂള്‍ ഏകീകൃത വേഷധാരണ രീതിയെ എതിര്‍ത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് സാരിയും ബ്ലൗസും ധരിച്ചുകൂടേയെന്ന പരിഹാസ്യ പ്രസ്താവന പോലും അയാള്‍ നടത്തുകയുണ്ടായി. അതിലും അതിശയമില്ല. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ‘ഹരിത’ ഉയര്‍ത്തിയ ആണ്‍കോയ്മക്കെതിരായുള്ള ശബ്ദത്തെ അടിച്ചമര്‍ത്തുകയും പ്രതിഷേധിച്ചവരെ പുറംതള്ളുകയും ചെയ്തവരാണ് മുനീറടക്കമുള്ള ലീഗ് നേതാക്കള്‍.
‘വേശ്യകള്‍ക്കും എന്തെങ്കിലും പറയാനുണ്ടാവും’ എന്നു പറഞ്ഞ് ഹരിത പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിച്ച എം എസ്എഫ് നേതാവിന്റെ സംരക്ഷകരാണ് മുനീറടക്കമുള്ള ലീഗ് നേതാക്കള്‍. ഏകീകൃത വസ്ത്രവേഷവിധാനം നടപ്പാക്കിയ സ്കൂളുകളിലെ കുട്ടികള്‍ക്കൊന്നും പരാതിയില്ല. മാറ്റത്തെ അവര്‍ സമ്പൂര്‍ണമായി പിന്തുണച്ചു. ബാലുശേരി വിദ്യാലയത്തില്‍ ലീഗുകാരും യൂത്ത് ലീഗുകാരും നടത്തിയ പ്രതിഷേധത്തെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരസ്യമായി തള്ളിപ്പറഞ്ഞു. എന്നിട്ടും മുനീറാദികളുടെ മതമൗലികദ്രംഷ്ടകള്‍ പുറത്തുവരുകയാണ്.
‘പാപികളാല്‍ ക -
ല്ലെറിയപ്പെടുന്നവള്‍:
ശാപം വെറുമൊരു
കല്ലാക്കി മാറ്റിയോള്‍
പൂവായ് വിരിഞ്ഞു
പുഴുതിന്നു തീര്‍പ്പവള്‍’
ഇതായിരിക്കണം പെണ്ണിന്റെ അവസ്ഥ എന്ന് മുനീറിനെപ്പോലുള്ള മൗലികവാദികള്‍ ശഠിക്കുന്നതാണ് നവോത്ഥാന കേരളത്തിന്റെ ദുരവസ്ഥ.
സി എച്ച് മുഹമ്മദ്കോയ മതനിരപേക്ഷ വാദിയും സിപിഐയോടും സിപിഎമ്മിനോടും ചേര്‍ന്നു പ്രവര്‍ത്തിച്ച മഹാനുഭാവനുമായിരുന്നു. നിയമസഭാ സ്പീക്കറും മന്ത്രിയും മുഖ്യമന്ത്രിയും ലോക്‌സഭാംഗവുമൊക്കയായി ഉജ്ജ്വലനിലയില്‍ പ്രവര്‍ത്തിച്ചു. ബാപ്പയുടെ പാരമ്പര്യമഹത്വത്തെ കളങ്കപ്പെടുത്തുകയാണ് പുത്രന്‍ മുനീറിന്റെ വാചാടോപങ്ങള്‍.
‘അധികം മുതല്‍ കൂട്ടുന്നോ-
രെച്ചില്‍ത്തീനികളല്ലയോ
കറുത്ത പണമാളുന്നോ-
രെച്ചില്‍ത്തീനികളല്ലയോ!’-
എന്ന കവിവചനം അന്വര്‍ത്ഥം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.