17 June 2024, Monday

ദെെവം തോറ്റാല്‍ അടിയന്തരാവസ്ഥ!

ദേവിക
വാതിൽപ്പഴുതിലൂടെ
May 27, 2024 4:09 am

തലസ്ഥാനത്ത് കിഴക്കേക്കോട്ടയില്‍ ഒരു വിചിത്ര മനുഷ്യനുണ്ടായിരുന്നു. കുളിയും ജപവുമൊന്നുമില്ലെങ്കിലും ദേവരാജന്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി കോവിലിലും ആറ്റുകാല്‍ അമ്പലത്തിലുമൊക്കെ പോകുമായിരുന്നു. എവിടെ നിന്നെങ്കിലും ഒരു പൂമാല സംഘടിപ്പിക്കും. എന്നിട്ട് മര്‍മ്മസ്ഥാനത്ത് ആ പുഷ്പഹാരം ചുറ്റിവയ്ക്കും. പിന്നെ ദേവരാജന്‍ ഒരിറക്കമാണ്. കണ്ടവരോടൊക്കെ പറയും താന്‍ ദെെവമാണെന്ന്. അവകാശവാദത്തിന് തെളിവായി കാവി കെെലി മാറ്റിക്കാണിച്ച് മാല ചാര്‍ത്തിയ വിഗ്രഹത്തിന് ദര്‍ശനം നല്കും. മാലോകര്‍ അയാളെ വിളിച്ചിരുന്നത് ഭ്രാന്തന്‍ ദെെവമെന്നായിരുന്നു. ദേവരാജനെപ്പോലെ നാമും ഇന്നൊരു അവതാരപ്പിറവി കൊണ്ടാടുകയല്ലേ. 11-ാമത്തെ അവതാരമായി ഇതാ മോഡി ഭഗവാന്‍. താന്‍ മനുഷ്യനല്ല ദെെവമാണെന്ന് മേല്പടിയാന്‍ മെെക്കുവച്ച് പുലമ്പുന്നു. ജെെവികമായല്ല ദെെവികമാണത്രേ തന്റെ ജനനം. ‘ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ, സംഭവാമി യുഗേ യുഗേ’ എന്ന മട്ടില്‍ ദെെവത്തിന്റെ അവതാരമായാണ് താന്‍ പിറന്നതത്രേ. ഗീതയുടെ എട്ടാം അധ്യായത്തില്‍ പറയുന്നതുപോലെ ‘കവിംപുരാണമനുശാസിതാരം, അണോരണീയാ സമനുസ്മരേദ്യഃ, സര്‍വസ്വധാരാരമചിന്തരൂപം, ആദിത്യവര്‍ണം തമസാപരസ്താദ്’ ആണ് താന്‍. അതായത് താന്‍ സര്‍വ്വ‍ജ്ഞനാണ്, കാലാതീതനാണ്. സകലതിന്റെയും നിയന്താവും അണുവിനേക്കാള്‍ അണുവായവനും എല്ലാറ്റിന്റെയും പരമാശ്രയമായവനും അചിന്തനീയമായ രൂപത്തോട് കൂടിയവനും സൂര്യതേജസ്വിയും തമസിന് അതീതനായവനുമായ പരമാത്മാവാണ് താന്‍’ എന്നാണ് ഭഗവാന്‍ മോഡി അരുളിചെയ്യുന്നത്.

ദേവരാജന്‍ മര്‍മ്മസ്ഥാനത്തിലൂടെ ദെെവദര്‍ശനം നല്കുമ്പോള്‍ മോഡി തന്റെ വചനഘോഷണങ്ങളിലൂടെ നമ്മെ ഭക്തപുളകിതരാക്കുന്ന മഹാകാലം. 11-ാം അവതാരകാലം. മനഃശാസ്ത്രത്തില്‍ പറയുന്നത് ഇതൊരു മനോരോഗമാണെന്നാണ്. അപരവ്യക്തിത്വം, ദ്വന്ദ്വവ്യക്തിത്വം എന്നെല്ലാം പറയുന്ന രോഗമുള്ളവര്‍ മറ്റാരെങ്കിലുമായി മാറുന്നു. കേംബ്രിഡ്ജ് ഡിക്‌ഷ്ണറിയില്‍ ഇത്തരം മനോവെെകല്യത്തെ മെഗലോമാനിയ എന്നാണ് നിര്‍വചിച്ചിട്ടുള്ളത്. മനുഷ്യാതീതമായ ശക്തികളുണ്ടെന്ന് അവകാശപ്പെടുന്ന ഇത്തരക്കാര്‍ക്ക് ലോകം വെട്ടിപ്പിടിക്കാനുള്ള ത്വരയുണ്ടാവും. ഒരു വര്‍ഷത്തില്‍ 10 ലക്ഷത്തിലൊരാള്‍ക്കേ ഈ രോഗം വരാറുള്ളു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അത്തരത്തില്‍ 10 ലക്ഷത്തിലൊരുവനെ കിട്ടിയതില്‍ ഭൂമി ഭാരതത്തിന് ആനന്ദലബ്ധിക്കിനിയെന്തുവേണം. ഈ രോഗത്തിന് ചികിത്സയില്ലെന്നും കൂടി മനഃശാസ്ത്രഗ്രന്ഥങ്ങള്‍ പറയുമ്പോള്‍ നാം ഞെട്ടിത്തരിച്ചു മരിച്ചുപോകില്ലേ. ദെെവമായതോടെ തനിക്ക് തന്തയില്ലെന്നുകൂടി മോഡി ഭഗവാന്‍ സമ്മതിക്കുന്നു. ദെെവത്തിനെന്തിന് തന്ത. പരമാത്മാവല്ലേ.

ഇതിനിടെ ആനിരാജയെയും ശശിതരൂരിനെയും പോലുള്ള ചില കുനുഷ്ടുബുദ്ധികള്‍ ചോദിക്കുന്നു. ദെെവത്തിന് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ, ദെെവത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ, പ്രധാനമന്ത്രിയാകാമോ എന്നൊക്കെ. അവരറിയുക കിഴക്കേക്കോട്ട ദേവരാജനും വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നു. ദേവരാജഭഗവാന്‍ വോട്ടും ചെയ്തിരുന്നു. ഏഴെട്ട് വര്‍ഷം മുമ്പ് തട്ടിപ്പോയിരുന്നില്ലെങ്കില്‍ ദേവരാജനും ഇന്ന് പറയുമായിരുന്നു, താനും മോഡിയും സമശീര്‍ഷരെന്ന്. തമാശയൊക്കെ പോട്ടെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദെെവം തോറ്റാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മോഡി ഭരണം ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടും വരുന്നു. പാര്‍ലമെന്റിന്റെ സുരക്ഷാചുമതല കഴിഞ്ഞ ദിവസം സെെന്യത്തെ ഏല്പിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിനുനേരെ ജനകീയാക്രമണമുണ്ടായാല്‍ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളുമായി മോക്‌ഡ്രില്ലും നടത്തിവരുന്നു. ദെെവം തോറ്റാല്‍ പിന്നെ ഭഗവാന് ജയിലറയാകും വാസസ്ഥലം. അത്രയ്ക്ക് പാതകങ്ങളല്ലേ ഇക്കാലമത്രയും ചെയ്തുകൂട്ടിയത്. പരമാധികാരത്തിന്റെ മാധുര്യം പരമാത്മാവിന് ത്യജിക്കാനാവുമോ. തോറ്റ ദെെവം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നമ്മെ അടിച്ചമര്‍ത്തുന്നതിനെതിരെ നമുക്ക് ഒരു പടയൊരുക്കം നടത്താം.

‘അരും ചക്കാലയും പെരും ചിരിയും’ എന്നും പണ്ടാരോ പറഞ്ഞപോലെ മറ്റൊരു വാര്‍ത്തകൂടി വരുന്നു. മെെസൂരുവിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ താമസത്തിനും ഞണ്ണാനുമായി നല്കേണ്ട 80.6 ലക്ഷം രൂപ നല്കാതെ ഭഗവാന്‍ മുങ്ങിയെന്നാണ് കൗതുകവാര്‍ത്ത. പ്രോജക്ട് ടെെഗര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് മോഡി അവതീര്‍ണനായത്. അവതാരം വരുമ്പോള്‍ എത്തിയത് എന്നുപറയുന്നത് പാപമല്ലേ. രണ്ട് ദിവസത്തെ തീനും കുടിയും പൊറുതിയുമൊക്കെയായി ബില്‍ വന്നത് 80.6 ലക്ഷം രൂപയ്ക്ക്. എന്തായാലും ഹോട്ടല്‍ അധികൃതര്‍ 12 ശതമാനം പലിശ സഹിതം പണം അടയ്ക്കണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നമ്മുടെ കോളജ് പിള്ളേര്‍ ഹോട്ടലുകാരെ പറ്റിച്ച് മുങ്ങുന്നതുപോലെ മുങ്ങുന്ന ഒരു പ്രധാനമന്ത്രിയെ നമുക്ക് കിട്ടിയതില്‍ ആദ്യാവതാരമായ മത്സ്യഭഗവാനോട് നമുക്ക് നന്ദി പറയാം.
ഇതൊക്കെയാണെങ്കിലും നമുക്ക് നാം നേരിടുന്ന ആപത്തുകളിലേക്കും ഒന്ന് കണ്ണോടിക്കേണ്ടതല്ലേ. മദ്യത്തില്‍ മുങ്ങിമയങ്ങുന്ന കേരളമെന്നൊക്കെ നാം ആകുലരാകാറുണ്ടായിരുന്നത് പഴങ്കഥയായി. രാസലഹരിയില്‍ നമ്മുടെ കുരുന്നുതലമുറയും യുവതലമുറയും നീന്തിത്തുടിക്കുന്നതിനെക്കുറിച്ച് നമുക്ക് വേവലാതിയേയില്ല. സംസ്ഥാന എക്സെെസ് വകുപ്പിന്റെ ഏറ്റവുമൊടുവിലത്തെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളാതീരത്തെ അറബിക്കടലില്‍ ലഹരിക്കടത്തുകാരില്‍ നിന്ന് പിടിച്ചെടുത്തത് കാല്‍ ലക്ഷം കോടി രൂപയുടെ രാസലഹരികള്‍. പത്തിനും പതിനഞ്ചിനും മധ്യേ പ്രായമുള്ളവരില്‍ 79 ശതമാനവും രാസലഹരി ഉപയോഗിച്ചവര്‍. ഇവരില്‍ 50 ശതമാനത്തിലേറെ ലഹരിക്ക് അടിമകളായിക്കഴിഞ്ഞു. കൗമാരപ്രായക്കാരില്‍ 60 ശതമാനവും ലഹരിയുടെ ലോകത്ത് അര്‍മാദിക്കുന്നവര്‍. കൊലപാതകം, ലെെംഗിക പീഡനം, തട്ടിക്കൊണ്ടുപോയി ബലാത്സംഗം തുടങ്ങിയ കൊടുംകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ പിടികൂടപ്പെട്ട 93 ശതമാനവും ലഹരിയുടെ ലോകത്ത് കഴിയുന്നവര്‍. നാടാകെ പെരുകുന്ന ഗുണ്ടാസംഘങ്ങളെല്ലാം ലഹരി ഉപയോഗിക്കുന്നവരും ലഹരിക്കടത്തുകാരും. നാളെയുടെ സംവിധാനശക്തിയാകേണ്ട ഒരു തലമുറ ലഹരിയിലൂടെ നാശത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ നമുക്ക് ചര്‍ച്ച ചെയ്യാന്‍ മുഖ്യവിഷയങ്ങള്‍ കെറെയിലും മദ്യനയവും ഒലക്കേടെ മൂടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.