26 December 2024, Thursday
KSFE Galaxy Chits Banner 2

പൊരിച്ച മീനും മോഡിയും

ദേവിക
വാതിൽപ്പഴുതിലൂടെ
April 16, 2024 4:27 am

ബ്രിട്ടീഷുകാര്‍ക്ക് ഒരു സ്വഭാവമുണ്ട്. ഒന്നും പറയാനില്ലാതെ വരുമ്പോള്‍ അവര്‍ കാലാവസ്ഥയെക്കുറിച്ചേ സംസാരിക്കാറുള്ളു. ഒരാള്‍ പറയും, ഇന്ന് ഇടിയോടുകൂടിയ മഴ പെയ്യും. മറ്റൊരാളുടെ പ്രവചനം ഇന്നും കൊടുംവേനലായിരിക്കുമെന്ന്. സഹിക്കാനാവാത്ത തണുപ്പായിരിക്കും ഇന്നെന്നു മൂന്നാമന്‍. പക്ഷേ, ഈ വര്‍ത്തമാനത്തിലൊന്നും അന്നത്തെ കാലാവസ്ഥയുമായി ഒരു ബന്ധവുമുണ്ടായിരിക്കില്ലെന്ന് മറ്റൊരു സംഗതി. ഒരു വിഷയവും പറയാനില്ലെങ്കില്‍ കോസി നദിയിലെ മീന്‍ പൊരിച്ചത് വിഷയമാക്കുന്ന മോഡിജി ഈ ശീലം ബ്രിട്ടീഷുകാരില്‍ നിന്നു പഠിച്ചതാണോ അതോ ബ്രിട്ടീഷുകാര്‍ മോഡിയില്‍ നിന്നു പഠിച്ചതാണോ എന്ന് സംശയം! മാന്‍പേടയോട് മുനികന്യകയഭ്യസിച്ചോ, മാന്‍പേട തന്നെ മുനികന്യകയോടഭ്യസിച്ചോ എന്ന കാളിദാസ ശൈലി. ലോക്‌സഭാ തെരഞ്ഞെടുപ്പല്ലേ. രാജ്യം ചുറ്റിയടിക്കുന്ന മോഡിക്ക് ഇത് മോഡിയുടെ ഗ്യാരന്റി എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ജമ്മുവില്‍ ചെന്നപ്പോള്‍ ഒരു തട്ടങ്ങുതട്ടി! ഇന്ത്യ മുന്നണിയിലെ തേജസ്വി യാദവ് നവരാത്രി നാളില്‍ വറുത്ത മീന്‍ ഭക്ഷിച്ച് ഹിന്ദുക്കളെ അവഹേളിച്ചുവെന്നായിരുന്നു മോഡി തമ്പ്രാന്റെ കുറ്റംചാര്‍ത്തല്‍. ഇതിന്റെ പേരില്‍ നാലു വോട്ടെങ്കിലും ആയിക്കോട്ടെ. പക്ഷേ, തേജസ്വി യാദവ് ആരാ മൊതല്. സാക്ഷാല്‍ ലാലു പ്രസാദ് യാദവിന്റെ പുത്രന്‍, മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണപര്യടനത്തിനിടെ ഹെലികോപ്റ്ററില്‍ വച്ച് വറുത്തമീന്‍ കഴിക്കുന്ന ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. നവരാത്രി ദിവസം പോസ്റ്റ് ചെയ്ത ആ ചിത്രം നവരാത്രി വേളയ്ക്കും ഏറെ മുമ്പുള്ളതാണ്. മീന്‍ ഭക്ഷിച്ച തീയതിയും പോസ്റ്റിലെ ചിത്രത്തിലുണ്ടായിരുന്നു. മരപ്പൊട്ടനായ മോഡി ഈ ചിത്രം പൊക്കിക്കാട്ടിയായിരുന്നു ഒരു ദിവസത്തെ വോട്ടുപിടിത്തം. അക്കിടി പറ്റിയതോടെ വിഷയം മാറ്റിപ്പിടിച്ചു.
തേജസ്വി യാദവ് പൊരിച്ചമീന്‍ ഭക്ഷിച്ചത് ചീറ്റിപ്പോയതുകൊണ്ടാകാം ഇന്നലെ കേരളത്തിലെത്തിയ മോഡി ഇതേക്കുറിച്ച് ഒരക്ഷരം ഉരിയാടാത്തത്. കേരളത്തിലെ പലജില്ലകളിലും ഓണത്തിനും വിഷുവിനുമെല്ലാം കോഴിക്കറിയോ മത്സ്യമോ നിര്‍ബന്ധമാണെന്ന് ദേവിക മനസിലാക്കിയത് പന്ന്യന്‍ രവീന്ദ്രനില്‍ നിന്നാണ്. തന്റെ കുട്ടിക്കാലത്തെ ആ ദാരിദ്ര്യ നാളുകളില്‍ കോഴിയിറച്ചിക്കറിയുണ്ടാക്കുന്നത് ഓണത്തിനോ ദീപാവലിക്കോ മാത്രം. ആടുവളര്‍ത്തി പാലു വിറ്റ് ജീവിക്കുന്ന പന്ന്യന്റെ അമ്മയ്ക്ക് അന്ന് അതിനേ പാങ്ങുണ്ടായിരുന്നുള്ളു. കോഴിയിറച്ചിയും വാങ്ങി താന്‍ വീട്ടിലേക്ക് ഓടുമായിരുന്ന ആ നാളുകള്‍ പന്ന്യന്‍ ഓര്‍ക്കുന്നു. പാചകം ചെയ്ത ഇറച്ചിയുടെ മണം കൊതിയോടെ ആസ്വദിക്കുന്ന ആ വറുതിക്കാലം അദ്ദേഹം വിവരിക്കുമ്പോള്‍ കേള്‍ക്കുന്നവരുടെ കണ്ണുകള്‍ നനയാതിരിക്കില്ല. അതാണ് കേരളത്തിന്റെ ആചാര രീതി. എന്തേ മോഡി വിഷുവിന് മാംസം കഴിക്കുന്ന മലയാളിയെക്കുറിച്ച് ഉരിയാടിയില്ല. എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ മണിയാശാന്റെ ശൈലിയില്‍ മലയാളി പറയുമായിരുന്നു; ‘താന്‍ പോടാ ഉവ്വേ, ഇറച്ചി കഴിച്ചാല്‍ താനെന്താ ഞങ്ങളെയങ്ങ് ഒലത്തിക്കളയുമോ!’
ഇന്നലെ കേരളത്തില്‍ വന്ന് ഗീര്‍വാണമടിച്ച മോഡിക്ക് വറുത്ത മീന്‍ വിഷയമാക്കാന്‍ ജാള്യത. പക്ഷേ, ഇന്ത്യന്‍ കനവുകളെക്കുറിച്ചോ ജനതയുടെ സ്വപ്നങ്ങള്‍ ചാരമാക്കിയതിനെക്കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനു ദക്ഷിണ അയോധ്യയെന്നു പേരിട്ട് സായൂജ്യമടഞ്ഞു. പ്രതിവര്‍ഷം രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം വിഴുങ്ങിയ മോഡി ഇന്ത്യയിലെ പ്രതിവര്‍ഷമുള്ള ആയിരക്കണക്കിന് പട്ടിണി മരണങ്ങളെക്കുറിച്ച് മിണ്ടിയില്ല. ഒരുനേരത്തെ ഭക്ഷണം പോലുമില്ലാതെ വിശപ്പുതിന്ന് അന്തിയുറങ്ങുന്ന 18.9 കോടി ഇന്ത്യക്കാരെയാണ് താന്‍ ഭരിക്കുന്നതെന്നു പറയാന്‍ മോഡി തമ്പ്രാന്‍ മറന്നു. ലോകത്താകെയുള്ള ഈ ഗണത്തില്‍പ്പെട്ടവര്‍ 69 കോടിയായിരിക്കുമ്പോഴാണ് അവരില്‍ 20 കോടിയോളം പേര്‍ ഇന്ത്യക്കാരാണെന്ന ദുരന്തം. നാഷണല്‍ ക്രൈം റെക്കാേഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ മണിക്കൂറിലും ഒരു കര്‍ഷകനോ കര്‍ഷകത്തൊഴിലാളിയോ ആത്മഹത്യ ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1.74 ലക്ഷം കര്‍ഷകരാണ് മോഡി ഭരണത്തിന്‍ കീഴില്‍ ആത്മഹത്യയില്‍ അഭയം തേടിയത്. 10-ാം വര്‍ഷം പൂര്‍ത്തിയാക്കുന്ന സാമ്പത്തികവര്‍ഷം ആത്മഹത്യ ചെയ്തത് 26,408 പേര്‍.
2022 വര്‍ഷമാകുമ്പോഴേക്ക് കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നായിരുന്നു മോഡിയുടെ ഗ്യാരന്റി. കര്‍ഷകര്‍ക്ക് കൃഷിച്ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില നല്‍കണമെന്ന സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന മോഡിയുടെ വാഗ്ദാനവും വെള്ളത്തിലായി. ആ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ലെന്നാണ് മോഡി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ബജറ്റില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്കായി 2.72 ലക്ഷം കോടി അവസാന ബജറ്റില്‍ ‍നീക്കിവച്ചപ്പോള്‍ മോഡിയുടെ ‘അവസാന’ ബജറ്റില്‍ അത് 73,000 കോടിയായി വെട്ടിക്കുറച്ചു. അഞ്ചു ലക്ഷം കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന മോഡിയുടെ ഗ്യാരന്റിയെക്കുറിച്ച് ഇപ്പോള്‍ മിണ്ടാട്ടമേയില്ല. ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത് അയോധ്യാ ക്ഷേത്രത്തിലെ പൊലീസുകാര്‍ക്ക് കാവി യൂണിഫോമും രുദ്രാക്ഷമാലയുമെന്ന വാഗ്ദാനം നടപ്പാക്കിയെന്ന്!
‘ഇന്നേക്ക് ദുര്‍ഗാഷ്ടമി, നിന്നെ കൊന്ന് രക്തത്തെ കുടിപ്പേന്‍’ എന്ന് മലയാളികളെ ഭീഷണിപ്പെടുത്താന്‍ പെനാംഗില്‍ പത്മനാഭ പിള്ളയുടെ കൊച്ചുമോള്‍ നടി ശോഭന സാരി മാടിക്കുത്തി മപ്പടിച്ച് ഗോദയിലിറങ്ങിയിരിക്കുന്നുവെന്നതാണ് ഇന്നലത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് കൗതുകം. വിഖ്യാതരായ നടിത്രയം തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമാരുടെ സഹോദരപുത്രിയാണ് ശോഭന. അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനഹൃദയങ്ങള്‍ കവര്‍ന്ന നടിയുടെ കാര്യം ബിജെപിയില്‍ ചെന്നതോടെ കട്ടപ്പൊകയായി. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചുകളയാമെന്ന നടക്കാത്ത സ്വപ്നവുമായി കളത്തിലിറങ്ങിയ ശോഭനയോട് ഒരപേക്ഷയേയുള്ളു. രാജീവ് ചന്ദ്രശേഖറുടെ റോഡ് ഷോയില്‍ പങ്കെടുത്തതിന് കരാര്‍ പ്രകാരമുള്ള കൂലിയും വാങ്ങി ചെന്നൈയിലേക്ക് കടക്കുന്നതാണ് നല്ലത്, തടിയെങ്കിലും രക്ഷിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.