
വാല്മീകി രാമനെ നരോത്തമനായാണ് അവതരിപ്പിക്കുന്നത്; ദൈവമായിട്ടല്ല. അതുകൊണ്ടുതന്നെ രാമൻ എന്നതും സീത എന്നതും ഈ പേരുകളുടെ പര്യായശബ്ദങ്ങളായ രാഘവൻ, ജാനകി എന്നിവയുമൊക്കെ തന്നെ നല്ലമനുഷ്യർക്കും നല്ല മനുഷ്യരാവാൻ ആഗ്രഹിക്കുന്നവർക്കും നൽകാവുന്ന പേരുകളാണ്. നരേന്ദ്ര മോഡി നാടുഭരിക്കുന്ന കാലത്തെ നമ്മുടെ സെൻസർ ബോർഡംഗങ്ങൾ ‘ജയ് ശ്രീറാം’ വിളിക്കുന്നവരാണെങ്കിലും വാല്മീകി രാമായണം വായിച്ചിട്ടുള്ളവരല്ല എന്നു തീർച്ച. വായിച്ച് മനസിലാക്കിയിരുന്നെങ്കിൽ, അള്ളാഹു, യഹോവ, പരബ്രഹ്മം എന്നതുപോലെ ദൈവനാമങ്ങളല്ല രാമനും സീതയും രാഘവനും ജാനകിയും എന്നു തിരിച്ചറിവുണ്ടായേനെ!. തന്റെ നായക കഥാപാത്രമായ കൃഷ്ണനെ പ്രതിനായകന്റെ അമ്മയായ ഗാന്ധാരിയെക്കൊണ്ടുതന്നെ ശാപവാക്കുകളാൽ അഭിഷേകം ചെയ്യിച്ച വ്യാസ പ്രതിഭയുടെ ആവിഷ്കാര ധീരത പാരമ്പര്യമായുള്ള നാട്ടിൽ, ജാനകി എന്ന പേരുള്ള ഒരു നായികയെ അവതരിപ്പിക്കുന്ന സിനിമ പോലും ചെയ്യാനാകില്ലെന്ന നില കലാകാരന്മാർക്ക് ഉണ്ടാക്കുന്ന ഭരണാധികാരികൾ ഏതു ഭാരതീയ പാരമ്പര്യത്തെയാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയാൽ നന്ന്. എന്തായാലും വാല്മീകി, വ്യാസ, കാളിദാസന്മാർ മുതൽ കുമാരനാശാനും കുട്ടികൃഷ്ണമാരാരും രാമഹൃദയം എന്ന ഖണ്ഡകാവ്യത്തിന്റെ കർത്താവായ മഹാകവി പുതുക്കാട് കൃഷ്ണകുമാറും വരെ ഉൾപ്പെടുന്ന നൂറു കണക്കിന് സാഹിത്യ പ്രതിഭകളുടെ കണ്ണിൽ രാമനും സീതയും ഒക്കെ ഉത്തമ മനുഷ്യരാണ് — അഗ്നിയിൽ പുക എന്ന പോലെ ചില കളങ്കങ്ങളുള്ള നല്ല മനുഷ്യർ.
നമ്മൾ രാമായണാദി ഇതിഹാസങ്ങളിലെ മാനവികതയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ജനാധിപത്യ ഭാരതത്തിൽ നടത്തേണ്ടത്. അതിലേക്ക് ചില സംവാദ സന്ദേശങ്ങൾ നൽകുക എന്നതാണ് ‘നരോത്തമായനം രാമായണം’ എന്ന ഈ ലേഖന പരമ്പരയുടെ താല്പര്യം. സർഗാത്മക പ്രതിഭയുള്ള ഏതുകാലത്തെ ഏതുഭാഷയിലെ എഴുത്താൾക്കും വ്യവസ്ഥാപിത വീക്ഷണങ്ങളുടെ തലമണ്ടയിലൊന്നു കിഴുക്കാനെങ്കിലുമുള്ള ധൈര്യം കാണിക്കാതിരിക്കാനാവില്ല. വാല്മീകിയും ഇത്തരം ധൈര്യം ധാരാളം കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മനുസ്മൃതിയുടെ കണ്ണിൽ ഉത്തമ മനുഷ്യൻ ഒരിക്കലും അബ്രാഹ്മണനാവുകയില്ല. മനു അക്കാര്യം എഴുതുന്നുഃ ”ഭൂതാനാം പ്രാണിനഃ ശ്രേഷ്ഠഃ പ്രാണിനാം ബുദ്ധിജീവിനഃ ബുദ്ധിമത്സു നരാഃ ശ്രേഷ്ഠാ നരേഷു ബ്രാഹ്മണാ സ്മൃതഃ” (മനുസ്മൃതി — 1 — 96) ‘ചരാചരസൃഷ്ടികളിൽ പ്രാണനുള്ളവ ഇല്ലാത്തവയെക്കാൾ ശ്രേഷ്ഠമാണ്. പ്രാണനുള്ളവയിൽ ബുദ്ധിയുള്ളവ ശ്രേഷ്ഠമാണ്. ബുദ്ധിയുള്ളവയിൽ മനുഷ്യർ ശ്രേഷ്ഠരാണ്. മനുഷ്യരിൽ ബ്രാഹ്മണരാണ് ശ്രേഷ്ഠർ എന്ന് ഓർമ്മിക്കുക.’ ഇതാണ് മനുവാക്യ താല്പര്യം. ഇതിൽ നിന്നു മനുവിന്റെ വീക്ഷണത്തിൽ ബ്രാഹ്മണനല്ലാത്തയാൾ ഉത്തമ മനുഷ്യൻ അഥവാ നരോത്തമൻ ആവില്ല. ഈ മനുവീക്ഷണത്തിന്റെ തലയ്ക്ക് കിഴുക്കികൊണ്ടാണ് നാരദ മാമുനിയുടെയും ബ്രഹ്മദേവന്റെയും ആശീർവാദത്തോടെ വാല്മീകി എന്ന മഹർഷി കവി, ക്ഷത്രിയ കുലജാതനായ അയോധ്യയിലെ ശ്രീരാമചന്ദ്രനെ നരോത്തമനെന്ന് കണ്ടെത്തി കാവ്യം ചമയ്ക്കുന്നത്.
ബ്രാഹ്മണമേൽക്കോയ്മാപരമായ മനുവിന്റെ നരശ്രേഷ്ഠ വീക്ഷണത്തിന്റെ തലയ്ക്ക് വാല്മീകി പ്രതിഭ കൊടുക്കുന്ന കിഴുക്ക് കാണാത്ത രാമായണ പഠനം ഏതും പണ്ഡിതോചിതമായ സഹൃദയത്വം ഉള്ളതല്ല. ബ്രാഹ്മണരെ കാൽകഴുകിച്ചൂട്ടുന്ന ചാതുർവർണ്യ വ്യവസ്ഥയുടെ ധർമ്മരാജാവാണ് രാമൻ എന്നതിനാലാണ് വാല്മീകി രാമനെ നരോത്തമനാക്കി ചിത്രീകരിച്ചതെന്നു വാദിക്കാം. ഒറ്റനോട്ടത്തിൽ ശരിയെന്നു സമ്മതിക്കാവുന്ന വാദം തന്നെയാണിത്. പക്ഷേ കടലിനെ പഠിക്കൽ എന്നാൽ തീരത്തിരുന്നു തിരയെണ്ണലല്ല എന്നതുപോലെ സാഹിത്യ പഠനവും സംസ്കാരപഠനവും ഒറ്റനോട്ടങ്ങളിൽ പതിയുന്നതു പാടി പ്രചരിപ്പിക്കലല്ല; അങ്ങനെ ആവുകയും അരുത്.
സൂക്ഷ്മ വായനയിൽ രാമായണത്തിന്റെ ഒരു അന്തർധാര ബ്രാഹ്മണ പൂജനത്തിന്റേതല്ലെന്നും ബ്രാഹ്മണരെ തള്ളിപ്പറയേണ്ടിടത്തെല്ലാം തള്ളിപ്പറയുന്ന ക്ഷാത്ര വീര്യത്തോടുകൂടിയതാണെന്നും കാണാനാകും. ക്ഷത്രിയരുടെ പന്ത്രണ്ടു തലമുറയെ വംശക്കുരുതി (genocide) നടത്തി ക്ഷത്രിയ രക്തത്തിൽ കുളിച്ചു തർപ്പണം ചെയ്ത പരശുരാമനെ നിഷ്പ്രഭനാക്കുന്ന വിശ്വാമിത്രനെന്ന രാജർഷിയുടെ ശിഷ്യനായ ശ്രീരാമനിൽ ബ്രാഹ്മണക്കോയ്മയുടെ പൂജനം മാത്രം കാണുന്ന കണ്ണ് ആരുടേതായാലും അത്രയ്ക്ക് ആരോഗ്യമുള്ളതല്ല. ദശരഥൻ മരണപ്പെട്ട ശേഷം കാട്ടിൽ കഴിയുന്ന രാമനെ രാജാവാക്കി അഭിഷേകം ചെയ്ത് അയോധ്യയിലേക്ക് ആനയിക്കാൻ ഭരതനോടൊപ്പം ചെന്ന ഒരു ബ്രാഹ്മണഗുരുവിന്റെയും അഭിപ്രായങ്ങളെ രാമൻ മുഖവിലയ്ക്കെടുക്കുന്നില്ല എന്നു രാമായണം വായിച്ചാൽ മനസിലാകും. ഇതിൽ നിന്നു തെളിയുന്നത് രാമൻ ബ്രാഹ്മണ ഗുരുവിനെ ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന മട്ടിൽ അനുസരിക്കുന്ന ആളോ ഏറ്റുപ്പാടുന്ന ആളോ അല്ലായിരുന്നു എന്നാണ്. ഉത്തര രാമായണത്തിലും വൈദിക ബ്രാഹ്മണ്യത്തെ യജ്ഞ സന്ദർഭത്തിൽ ഉല്ലംഘിക്കുന്ന ഒരു ശ്രീരാമനെ കാണാനാകും. യജ്ഞം ചെയ്യണമെങ്കിൽ രാജാവ് വിധിയാംവണ്ണം വിവാഹം കഴിച്ച രാജ്ഞിയെ കൂടെയിരുത്തണം. പരമ്പരാഗതമായി പാലിച്ച് വരുന്ന ഒരു യജ്ഞാചാരമാണിത്. രാമൻ സീതയെ ഉപേക്ഷിച്ച ശേഷം നടത്തുന്ന യജ്ഞത്തിൽ കൂടെയിരുത്താൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ വസിഷ്ഠ വാമദേവാദി ബ്രാഹ്മണ ഗുരുക്കന്മാർ പറഞ്ഞിട്ടും അതനുസരിക്കാതെ ആചാരം ലംഘിച്ച് സീതയുടെ സ്വർണ വിഗ്രഹം തീർപ്പിച്ച് കൂടെയിരുത്തി രാമന്‍ യജ്ഞം ചെയ്തു. ഇതെല്ലാം പരിഗണിക്കുമ്പോൾ ബ്രാഹ്മണ്യത്തെ ഉല്ലംഘിക്കുന്ന ഒരു വൈകാരിക വിചാരധാരകൂടി വാല്മീകിയുടെ നരോത്തമായനമായ രാമായണത്തിലുണ്ടെന്ന് പറയേണ്ടി വരും.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.