മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വയലാർ രാമവർമ്മയുടെ പ്രസിദ്ധമായ കവിതയാണ് ഒരു ദൈവം കൂടി. രണ്ടുകാലിലും മലപോലെ മന്തുള്ള കുണ്ടുണ്ണി മേനോന്റെ ഉയർച്ചതാഴ്ചകളുടെ ചിത്രമാണ് ആ കവിതയിലുള്ളത്. തറവാടിയായ കുണ്ടുണ്ണിമേനോന് ദരിദ്രജീവിതാവസ്ഥ ഉണ്ടാവുകയും തറവാട് പുതുപ്പണക്കാരനായ അത്തിമിറ്റത്തെ ലോനപ്പന് വിൽക്കേണ്ടിവരികയും ചെയ്യുന്നു. അവിടെ പുതിയൊരു ബംഗ്ലാവ് പണിയിക്കാനായി സർപ്പവിഗ്രഹങ്ങളുള്ള ചിത്രകൂടം വെട്ടിത്തെളിക്കാൻ ലോനപ്പൻ തീരുമാനിക്കുന്നു. ചിത്രകൂടങ്ങളിൽ കാലമർത്തിക്കൊണ്ട് ക്രിസ്ത്യാനികൾ പാല വെട്ടിമറിച്ചപ്പോൾ കോടാലി ഒടിഞ്ഞുതെറിച്ച് ലോനപ്പന്റെ നെഞ്ചത്തുതന്നെ കൊള്ളുകയും ലോനപ്പൻ പിടഞ്ഞുമരിക്കുകയും ചെയ്യുന്നു.
പാലമരത്തിന്റെ വേരിന്നടിയിൽ ഒരു നീലക്കരിങ്കൽ പ്രതിമ ചിലർ കാണുന്നു. വളരെ പെട്ടെന്നാണ് അവിടെ പുതിയൊരു ക്ഷേത്രസംസ്കാരം രൂപം കൊള്ളുന്നത്. വെളിച്ചപ്പാടെത്തി തുള്ളിയലറി ഭരദേവതയെന്നു വെളിച്ചപ്പെടുകയും കുണ്ടുണ്ണിമേനോനെ വിളിച്ചുവരുത്തി അനുഗ്രഹിക്കുകയും ചെയ്യുന്നു. ലോനപ്പന്റെ വീട്ടുകാർ വിലയ്ക്കുവാങ്ങിയ ഭൂമി സൗജന്യമായി തിരിച്ചുകൊടുക്കുന്നു. ആ പാലയുടെ തൊലിയരച്ചു പുരട്ടിയാൽ സർവരോഗങ്ങളും മാറുമെന്ന പ്രചാരണം ഉണ്ടാകുന്നു. മുടന്തൻ അയ്യന്റെ മുടന്തു മാറിയെന്നും ഉണ്ണിക്കുറുപ്പിന് കാഴ്ച കിട്ടിയെന്നും ഊമ നമ്പൂതിരി കീർത്തനം ചൊല്ലിയെന്നും അന്തോണിയുടെ ഭ്രാന്തുമാറിയെന്നും പ്രചാരണമുണ്ടായി. അവിടെ ചായക്കടകളും മുറുക്കാൻ കടകളും കൈത്തറിസ്റ്റാളും അധികം അകലെയല്ലാതെയൊരു ചാരായഷാപ്പും പ്രവർത്തിച്ചു തുടങ്ങി. ഭക്തകവിയൊരാൾ അവിടെവന്നൊരു ഗദ്ഗദ കാവ്യം പോലും രചിച്ചു കളഞ്ഞു- “ഏഴിലംപാലമരപ്പൊത്തിലിത്രനാൾ ഏതൊന്നിനായി തപസിരുന്നൂ ഭവാൻ!”
കുണ്ടുണ്ണിമേനോൻ അമ്പലക്കമ്മിറ്റി അധ്യക്ഷനാവുകയും പിന്നെയും പണക്കാരനാവുകയും ചെയ്തു. ഭാവികാലത്ത് ഈ കവിത പ്രതിലോമകാരികൾ ദൃഷ്ടാന്തമായി ഉദാഹരിച്ചേക്കാൻ സാധ്യതയുണ്ടാകുമെന്നു കരുതിയാകാം, ആ കവിത വയലാർ അവസാനിപ്പിക്കുന്നത് ഒരു കുസൃതിക്കുടുക്കയുടെ വാക്കുകളോടെയാണ്. “സാധിക്കുകില്ലേ ഭഗവാനുപോലുമീ സാറിന്റെ കാലിലെ മന്ത് മാറ്റിടുവാൻ!”
ഈ കവിതയ്ക്ക് പിന്നിലെ കഥ അടുത്തകാലത്ത് പ്രസിദ്ധ സിനിമാഗാന നിരൂപകനായ ടി പി ശാസ്തമംഗലം അനുസ്മരിച്ചിരുന്നു. കുറിച്ചിത്താനത്ത് ഒരു സ്കൂളിൽ പ്രസംഗിക്കാൻ പോയ വയലാർ, പാലായ്ക്കടുത്തുള്ള കടപ്പാട്ടൂരിൽ ഒരു വിഗ്രഹം കണ്ടെത്തിയ വാർത്ത കാട്ടുതീപോലെ പടർന്നതറിഞ്ഞ് അത് പോയിക്കാണുന്നു. ഒരു ഷെഡിൽ കാണിക്കപ്പാത്രത്തിനു പിന്നിലായി വച്ചിരിക്കുന്ന വിഗ്രഹത്തെ കണ്ടു. 1961ൽ ആയിരുന്നു ഈ സംഭവം. ഇതിൽ നിന്നും പ്രചോദിതനായ വയലാർ ഒരു ദൈവം കൂടിയെന്ന കവിതയെഴുതുകയും 1961 ജൂലെെയിൽ പ്രസിദ്ധീകരിച്ച സർഗസംഗീതം എന്ന കാവ്യസമാഹാരത്തിൽ ചേർക്കുകയും ഈ പുസ്തകം കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമാവുകയും ചെയ്തു.
കാലം വളരെ കടന്നുപോയെങ്കിലും ഇത്തരം ദൈവികാത്ഭുതതന്ത്രങ്ങൾ ഇപ്പോഴും സംഭവിക്കുന്നുണ്ട്. പാലാ ബിഷപ്പിന്റെ അധീനതയിലുള്ള ഭൂമി കപ്പ നടാൻ വേണ്ടി കിളച്ചപ്പോൾ ഒരു വിഗ്രഹം കിട്ടിയിരിക്കുന്നു. പൂജയും തുടങ്ങിയിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ സമാധിക്ക് ശേഷമാണ് 1009 മഹാമണ്ഡലു കമണ്ഡലുവായി ഈ സർവേക്കല്ല് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇനി കപ്പയൂരപ്പന്റെ കളികളാണ് കാണാൻ പോകുന്നത്. അവിടെ കിണറാഴത്തിൽ കാണിക്കപ്പെട്ടി വരും. രസീതുബുക്കും കിംവദന്തികളും വരും. ഉച്ചഭാഷിണികൾ വൈദ്യുതത്തൂണുകളിൽ കെട്ടും. വിദ്യാർത്ഥികളെയും കിടപ്പുരോഗികളെയും പിഞ്ചുകുഞ്ഞുങ്ങളെയും ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പുരാണപാരായണം വരും. കപ്പയൂരപ്പന്റെ പേരിൽ സ്വാശ്രയ കോളജുകളും ലോഡ്ജുകളും ആശുപത്രികളും വരും. ഒരു ആരാധനാലയം തുറന്നിടുന്ന സാധ്യതകൾ വളരെ വലുതാണല്ലോ. കപ്പയൂരപ്പൻ ഗുരുവായൂരപ്പനു സമാന്തരമായി പുഷ്ടിപ്രാപിക്കും. പള്ളി പൊളിച്ച് ദുരാഗ്രഹം പോലെ വിഗ്രഹം പ്രതിഷ്ഠിക്കുകയും കുംഭമേളക്കാലത്ത് മലിനഗംഗയിൽ മുങ്ങി മാതൃകയാവുകയും ചെയ്ത ഭരണകൂടം ഇതിനെല്ലാം കവചമൊരുക്കും. മാന്യതയുടെയും സഹിഷ്ണുതയുടെയും ഭയത്തിന്റെയും ആവരണം നമ്മൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.