23 December 2024, Monday
KSFE Galaxy Chits Banner 2

കര്‍ണാടകയില്‍ നിന്ന് ‘ഹിന്ദുത്വം’ സൃഷ്ടിക്കുന്ന അശോകവനകാന്തി

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
May 19, 2023 4:33 am

‘ജയാപജയങ്ങള്‍ നിര്‍ണയിക്കാനാവാതെ യുദ്ധം തുടര്‍ന്നു. കര്‍ണന്റെ ചട്ട പിളര്‍ന്ന് അര്‍ജുനശരങ്ങള്‍ സൂര്യപുത്രനെ ക്ഷതപ്പെടുത്തി. സ്വരക്തം കണ്ടു ചൊടിച്ച കര്‍ണന്‍ അത്യന്തം ഘോരമായ ഒരസ്ത്രം അര്‍ജുനനെ ലാക്കാക്കി ആ ഞ്ഞുവിട്ടു. അസ്ത്രം അവന്റെ ചട്ട പിളര്‍ന്ന് ശരീരത്തില്‍ തറഞ്ഞിരിക്കുന്നത് കണ്ട് കര്‍ണന്‍ ആര്‍ത്തുചിരിച്ചു. ആ ചിരി അര്‍ജുനന് സഹിച്ചില്ല. വിജൃംഭിതവീര്യനായ അവന്‍ അമ്പുകള്‍ ആ ഞ്ഞാഞ്ഞെയ്തു. അവ കര്‍ണന്റെ ചട്ട പൊളിച്ചു വേര്‍പ്പെടുത്തി. അരക്ഷിതമായി തീര്‍ന്ന കര്‍ണശരീരം ആഞ്ഞാഞ്ഞു തറച്ച അര്‍ജുനശരങ്ങളാല്‍ പൂത്ത അശോകവൃക്ഷം പോലെ രക്തശോഭയാര്‍ന്നു.’
പി കെ ബാലകൃഷ്ണന്റെ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന ഗ്രന്ഥത്തിലെ വരികളാണിത്. 49 റാലികളില്‍ പ്രസംഗിക്കുകയും 16 മണിക്കൂര്‍ റോഡ്ഷോ നടത്തുകയും, മത‑ജാതീയ ഭിന്നിപ്പിന്റെ അധമരാഷ്ട്രീയം അവതരിപ്പിക്കുകയും ചെയ്ത നരേന്ദ്ര മോഡിയുടെ ആര്‍ത്തുചിരിക്കലിനുള്ള മതനിരപേക്ഷ മാനസങ്ങളുടെ പ്രതിഷേധവും പ്രതിരോധവുമാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്. മതനിരപേക്ഷ മനസുകള്‍ തൊടുത്ത്, ആഞ്ഞാഞ്ഞു തറച്ച വിവേകത്തിന്റെ അമ്പുകളാല്‍, നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും പുറംപൂച്ചിന്റെ ചട്ടകള്‍ പൊളിഞ്ഞടുങ്ങി. നരേന്ദ്ര മോഡിയുടെ ആര്‍ഭാടപ്രചാരണവും ആഭാസ പ്രസംഗങ്ങളും കര്‍ണാടകയിലെ ജനത പുച്ഛത്തോടെ തള്ളിക്കളഞ്ഞു. താന്‍, താന്‍, താന്‍ മാത്രമാണ് ജേതാവ് എന്ന അഹന്തയിലായിരുന്നു നരേന്ദ്ര മോഡി വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളുമായി കര്‍ണാടക തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. 85 ശതമാനം ഹിന്ദുക്കളുടെ വോട്ടുകളിലൂടെ, ഭൂരിപക്ഷ വര്‍ഗീയ പ്രലോഭനത്തിലൂടെ അധികാരം നിലനിര്‍ത്താമെന്നാണ് മോഡിയും അമിത്ഷായും സ്വപ്നം കണ്ടത്.


ഇത് കൂടി വായിക്കൂ: ഇങ്ങേരാരാ ചേരന്‍ചെങ്കുട്ടുവനോ!


പക്ഷേ, ഹിന്ദുമതം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ മാനവികമൈത്രീ സംസ്കാരം കര്‍ണാടകയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കള്‍ മാറോടുചേര്‍ത്ത് പിടിച്ചു. അവര്‍ സംഘ്പരിവാറിന്റെയും ബിജെപിയുടെയും സവര്‍ണ പൗരോഹിത്യ ഹിന്ദുത്വത്തെയും സങ്കുചിത കപട ഹൈന്ദവതയെയും പാടേ തിരസ്കരിച്ചു. ഹിന്ദു എന്നത് ഒരു മതമല്ലെന്നും അത് ഒരു സംസ്കാരത്തിന്റെ വിളിപ്പേരാണെന്നും നാഗരിക സംസ്കാരത്തിന്റെ ഉദ്ഘോഷണമാണെന്നും ഇന്ന് ഇന്ത്യന്‍ ജനത തിരിച്ചറിയുന്നതിന്റെ പാഠഭാഗമാണ് കര്‍ണാടക. കര്‍ണാടക ജനത നല്‍കുന്ന പാഠങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണ്.
വംശവിദ്വേഷത്തിന്റെയും മതവെറിയുടെയും മണ്ണായി ഇന്ത്യയെ മാറ്റുവാന്‍ പരിശ്രമിക്കുന്ന സംഘ്പരിവാര്‍ ഫാസിസ്റ്റുകളെ ദക്ഷിണേന്ത്യന്‍ മണ്ണില്‍ നിന്ന് വേരോടെ പിഴുതെറിഞ്ഞു. ഉത്തരേന്ത്യന്‍ മണ്ണുകളില്‍ക്കൂടി ഈ പ്രക്രിയ സാധ്യമായാല്‍ ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഭാവസങ്കല്പങ്ങളിലുള്ള നരകഭൂമിയായി ഇന്ത്യ മാറാതിരിക്കും. നരകവാതായനങ്ങളെ കൊട്ടിയടയ്ക്കുവാന്‍ ജനാധിപത്യ‑ഇടതുപക്ഷ‑മതനിരപേക്ഷ കക്ഷികളാകെ ഒന്നിച്ചണിനിരക്കണം. ആ ഐക്യദാര്‍ഢ്യത്തിനേ, ‘നാനാത്വത്തില്‍ ഏകത്വം’ എന്ന വൈവിധ്യങ്ങളുടെ മഹത്വത്തെ നിലനിര്‍ത്താനാവൂ. ഏകജാതി, ഏകമതം, ഏകഭാഷ, ഏകഭക്ഷണം, ഏകവേഷം, ഏകസംസ്കാരം എന്ന ഫാസിസ്റ്റ് അജണ്ടയ്ക്കെതിരെ മതനിരപേക്ഷ ശക്തികള്‍ ഉരുക്കുമുഷ്ടികളുമായി കൈകോര്‍ക്കണം.


ഇത് കൂടി വായിക്കൂ: മതേതരത്വം ഉറപ്പാക്കിയ വിജയം


പക്ഷേ, കോണ്‍ഗ്രസ് തന്നെ ഭിന്നചേരികളിലാണ് എന്നതാണ് സങ്കടകരം. കര്‍ണാടകയില്‍ മിന്നും വിജയം നേടിയ കോണ്‍ഗ്രസ് മതനിരപേക്ഷതയ്ക്കായി വോട്ടുനല്‍കിയ ജനതയെ അപഹസിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി ഇരു നേതാക്കള്‍ വടംവലി നടത്തുമ്പോള്‍, എന്തിന് വോട്ടു ചെയ്തു എന്ന് മൂക്കത്ത് വിരല്‍വച്ച് ജനം ചോദിച്ചുപോവുക സ്വാഭാവികം. ഈ ഉള്‍പ്പോരുകളാണ് വര്‍ഗീയ ശക്തികളുടെയും സാമുദായിക‑പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും കാരണമെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ രാഷ്ട്രത്തിന് നല്ലതായേനേ!
‘എടോ പാണ്ഡവാ താനെന്തു കളിയാണ് കളിക്കുന്നത്?’ എന്ന് ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ചോദിച്ചതുപോലെ ഈ വിധം പോയാല്‍ കോണ്‍ഗ്രസിനോട് ജനങ്ങള്‍ ചോദിക്കും ഇതേ ചോദ്യം; നിങ്ങളെന്തുകളിയാണ് കളിക്കുന്നതെന്ന്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.