ഇന്ത്യൻ ഇടതുപക്ഷം ദേശീയമായി ഗൗരവതരമായ ചില പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ പാർലമെന്റിലും നിയമസഭകളിലും അർഹമായ പ്രാതിനിധ്യം കക്ഷികൾക്ക് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിട്ടൂരങ്ങൾക്കപ്പുറമാണ് ജനകീയ ബന്ധങ്ങളും ജനവിശ്വാസവും. ജനപ്രതിനിധി സഭകളിൽ അംഗസംഖ്യ കുറഞ്ഞാലും ജനങ്ങളുടെ വിശ്വാസവും അവരുമായുള്ള നിരന്തര ബന്ധവുമാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കാതൽ. ഈ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചു പോരുന്നത്. ഇടതുപക്ഷ പാർട്ടികൾ മാത്രമായി രൂപീകരിച്ച മുന്നണി ഇന്ത്യയില്‍ അധികാരത്തിലിരുന്നത് പശ്ചിമബംഗാളിലും ത്രിപുരയിലും മാത്രമാണ്. കേരളത്തിൽ 1957ലെ ആദ്യസർക്കാർ ഒഴിച്ചാൽ ബാക്കിയെല്ലാം ജനാധിപത്യ കക്ഷികൾ കൂടി ചേരുന്ന മുന്നണിയായിട്ടാണ് ഇടതുപക്ഷം അധികാരത്തിൽ വന്നത്. ഇപ്പോഴുള്ള കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ എണ്ണത്തിൽ കൂടുതൽ ജനാധിപത്യകക്ഷികളാണെങ്കിലും ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളായ സിപിഐ(എം)നും സിപിഐക്കും മാത്രമായി നിയമസഭയിൽ കേവല ഭൂരിപക്ഷമുണ്ട്. എങ്കിലും ഏറ്റവും ചെറിയ കക്ഷിയെപ്പോലും മാനിക്കുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്യുകയെന്നതാണ് മുന്നണിയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രധാനമായിട്ടുള്ളത്. അതുകൊണ്ടാണ് മുന്നണി ഭരണത്തിൽ പ്രകടന പത്രികയ്ക്ക് കൂടുതൽ പ്രാധാന്യം കല്പിക്കുന്നത്. എന്നിരുന്നാലും പ്രകടന പത്രികയ്ക്കപ്പുറം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി കണക്കാക്കുന്ന ചില രാഷ്ട്രീയ നയങ്ങളും സമീപനങ്ങളും ഉണ്ട്.
ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത രാഷ്ട്രീയ നയങ്ങളും സമീപനങ്ങളും ഒരു വലിയ ജനാധിപത്യ നടപടിക്രമത്തിലൂടെയാണ് അന്തിമരൂപം കൊള്ളുന്നത്. ഇടതുപക്ഷ പാർട്ടികളുടെ സമ്മേളനങ്ങളാണ് ആ ജനാധിപത്യ വേദികൾ. അവിടെ അന്തിമമായി അംഗീകരിക്കുന്ന രാഷ്ട്രീയ നയസമീപനങ്ങളിൽ നിന്നും വ്യതിചലിക്കാൻ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് യാതൊരവകാശവുമില്ല. ഇടതുപക്ഷം നയിക്കുന്ന സര്‍ക്കാരുകൾ സ്വാഭാവികമായും ആ നയ-സമീപനങ്ങളിൽക്കൂടിയായിരിക്കും മുന്നോട്ടു പോകുന്നത്. എന്നാൽ ഇടതുപക്ഷത്തിനു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാരിൽ പങ്കാളികളായാൽ ഇതിൽ വ്യതിചലനങ്ങൾ അപൂർവമായിട്ടെങ്കിലും ഉണ്ടായിക്കൂടായെന്നില്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ നയിക്കാൻ നിർണായകമായ സ്വാധീനമാണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷത്തിനുള്ളത്. അതുകൊണ്ടുതന്നെ പ്രഖ്യാപിത ഇടതുപക്ഷ നയങ്ങളിൽ വെള്ളം ചേർക്കേണ്ടുന്ന ഒരു സാഹചര്യവും കേരളത്തിലില്ല. ഭൂരിപക്ഷ‑ന്യൂനപക്ഷ വർഗീയതയോടുള്ള സമീപനങ്ങൾ, ഇന്ത്യയിലെ ഹിന്ദുത്വ‑വർഗീയ ഫാസിസ്റ്റുകളോടുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, പാരിസ്ഥിതിക വിഷയങ്ങൾ, ലിംഗസമത്വം, സ്ത്രീപക്ഷ സമീപനങ്ങൾ, ന്യൂനപക്ഷങ്ങളോടും ആദിവാസി, ദളിത് വിഭാഗങ്ങളോടുമുള്ള സമീപനം ഇവയിലെല്ലാം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നയം സുവ്യക്തമാണ്.
ഇന്ത്യയിൽ ഫാസിസം പ്രത്യക്ഷപ്പെടുന്നത് ഭൂരിപക്ഷ വർഗീയതയുടെ രൂപത്തിലാണെന്നുള്ളതിലും ദേശീയ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് ഒരു സംശയവുമില്ല. അങ്ങനെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും, മുന്നണി നയിക്കുന്ന സര്‍ക്കാരിന്റെയും നയങ്ങളിൽ നിന്നും ഭരണസംവിധാനത്തിലെ ഒരാളും വ്യതിചലിക്കാൻ പാടില്ല. അഥവാ ആ നയം ലംഘിച്ചുകൊണ്ട് സംസ്ഥാന കേഡറിലുള്ള ഒരുദ്യോഗസ്ഥൻ പ്രവർത്തിച്ചാൽ അയാളെ സര്‍ക്കാരിന്റെ നയസമീപനങ്ങൾ പ്രതിഫലിക്കുന്ന തസ്തികകളിൽ നിന്നും മാറ്റി നിർത്താൻ കഴിയണം.
ജനങ്ങളുമായി നിരന്തര ബന്ധമുള്ളതാണ് ഏതു സംസ്ഥാനത്തെയും പൊലീസ് സംവിധാനം. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴിൽസമരങ്ങളിൽ പാെലീസ് ഇടപെടാൻ പാടില്ലായെന്ന് പ്രഖ്യാപിച്ചത് ഒരു ഭരണ സംവിധാനത്തിന്റെ രാഷ്ട്രീയ നയപ്രഖ്യാപനം ആയിരുന്നു. രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനത്തിൽ സര്‍ക്കാരുകള്‍ ഉത്തരവുകളോ/സർക്കുലറുകളോ നിയമ/ചട്ടങ്ങളുടെ നിർമ്മാണമോ നടത്തും. അതുലംഘിച്ചാൽ മാത്രമേ ഒരുദ്യോഗസ്ഥന്റെ പേരിൽ നടപടിയെടുക്കാൻ കഴിയുകയുള്ളു. സര്‍ക്കാരിന്റെ പ്രഖ്യാപിത രാഷ്ട്രീയ നയം ലംഘിച്ചു എന്ന പേരിൽ നടപടിക്ക് കഴിയുകയില്ല.
ജനഹിതമാണ് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് പിന്നിലെ ചാലകശക്തിയെന്നു തിരിച്ചറിയാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങളുമായി നിരന്തര ബന്ധം താരതമ്യേന കുറവുള്ള ചുമതലകളിലേക്കു മാറ്റാവുന്നതാണ്. ഒരു ജനകീയ സര്‍ക്കാരിന്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സര്‍ക്കാരിനെ പലപ്പോഴും പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരവസ്ഥയാണ് കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള സന്ദർശനം വരുത്തിവച്ചിരിക്കുന്നത്.
വർഗീയ സംഘർഷങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാതിരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വർഗീയ സംഘടനാ നേതാക്കളുമായി ചർച്ച നടത്താറുണ്ട്. പക്ഷെ ആർഎസ്എസ് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ രണ്ടു ദേശീയ നേതാക്കളെ തികച്ചും മെച്ചപ്പെട്ട ക്രമസമാധാനം നിലനിൽക്കുന്ന കേരളത്തിൽ പ്രത്യേകിച്ച് വർഗീയ സംഘർഷങ്ങളൊന്നും ഇല്ലാത്ത ഒരു സന്ദർഭത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥൻ എന്തിനാണ് രഹസ്യമായി സന്ദർശിച്ചത് എന്നറിയാൻ ഏവർക്കും താല്പര്യമുണ്ട്. ഔദ്യോഗികമോ വ്യക്തിപരമോ ആയ എന്താവശ്യത്തിനാണ് അവരെ താൻ സന്ദർശിച്ചതെന്ന് പറയാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനെയോ രേഖാമൂലമെങ്കിലും അറിയിക്കേണ്ടതാണ്. അതിന് ഉദ്യോഗസ്ഥൻ തയ്യാറാകുന്നില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്നും മാറ്റിനിർത്തണം.
2017ൽ ഡിജിപി തസ്തികയിൽ മാറ്റപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് അതേ തസ്തിക തിരിച്ചുകൊടുക്കേണ്ടി വന്നത് 2006ലെ പ്രകാശ്സിങ് കേസിൽ സുപ്രീം കോടതി നിർദേശിച്ചിരുന്ന ഉന്നത ബ്യൂറോക്രാറ്റുകളടങ്ങിയ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോർഡിന്റെ രൂപീകരണത്തിന്റെയും ശുപാർശയുടെയും സാങ്കേതികത്വമായിരുന്നു. അത് സര്‍ക്കാരിനുതന്നെ പരിഹരിക്കാവുന്നതുമാണ്. ജനഹിതം മാനിച്ചുകൊണ്ട്, സാങ്കേതികത്വം മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ടാകണം.
ഇന്ത്യയിലെ ഭൂരിപക്ഷ തീവ്രവർഗീയതയെ താലോലിക്കുകയും, ഇന്ത്യൻ ഭരണഘടനയിലെ മതേതരത്വം, ഫെഡറലിസം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങിയ മൂല്യങ്ങളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പൊലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകൾക്കും ഭരണസംവിധാനത്തിനും കളങ്കമാണ്. ഈ സന്ദർശനങ്ങളെ തൃശൂർപൂരവുമായി ബന്ധപ്പെടുത്തേണ്ട ഒരാവശ്യവുമില്ല. രാഷ്ട്രീയ നയവ്യതിയാനം ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിൽക്കൂടി കണ്ടുപിടിക്കേണ്ട ഒന്നല്ല. രാഷ്ട്രീയ ബോധ്യമാണിവിടെ ആവശ്യം. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന ആപ്തവാക്യം ജുഡീഷ്യറിക്കു മാത്രമല്ല സര്‍ക്കാരിനും മുന്നണിക്കും ബാധകമാണ്. ഇടതുപക്ഷ രാഷ്ട്രീയ നയസമീപനങ്ങൾ ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നതാകരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.