23 December 2024, Monday
KSFE Galaxy Chits Banner 2

ജോഷിമഠ് നല്‍കുന്ന പാഠങ്ങള്‍

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
January 22, 2023 4:45 am

സമുദ്രനിരപ്പില്‍ നിന്നും 6150 അടി ഉയരമുള്ള ഹിമാലയന്‍ തീര്‍ത്ഥാടന കവാടമായ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞു താഴുകയും കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ വീഴുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നലെ വരെ 849 കെട്ടിടങ്ങള്‍ക്കാണ് വിള്ളലുകള്‍ വീണ് വാസയോഗ്യമല്ലാതായത്. ദേവഭൂമിയായി കരുതുന്ന ജോഷിമഠ് എന്ന ജ്യോതിര്‍മഠം പരമശിവന്‍ സ്ഥാപിച്ച ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്ന ഇടമായാണ് വിശ്വാസികള്‍ കരുതുന്നത്. ഇവിടെയാണ് ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു പീഠങ്ങളില്‍ ഒന്നുള്ളത്. ബദരീനാഥ്, കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി എന്നീ നാലു തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ കവാടവുമാണ്. മഞ്ഞുവീഴ്ചയുടെ കാലയളവില്‍ ബദരീനാഥവിഗ്രഹം ഇവിടെ സ്ഥാപിച്ചാണ് പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നത്. സീസണില്‍ ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ജോഷിമഠില്‍ നൂറു കണക്കിനു കെട്ടിടങ്ങള്‍ തകരുകയും അതിലേറെ ആളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തിട്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറയുന്നത് 60–70 ശതമാനം ആളുകള്‍ സുരക്ഷിതരാണ്, അവര്‍ക്ക് ഒരു കുഴപ്പവുമില്ല എന്നാണ്. അതായത് 30–40 ശതമാനം ആളുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും അതു കാര്യമാക്കേണ്ടതില്ല എന്നാണ് ബിജെപി മുഖ്യമന്ത്രിയുടെ അഭിപ്രായം.

 


ഇതുകൂടി വായിക്കു: ഇന്ത്യന്‍ വളര്‍ച്ചയുടെ വൈരുധ്യങ്ങള്‍


2021 ഫെബ്രുവരിയില്‍ ഇതേ ചമോലി ജില്ലയില്‍ ഋഷി ഗംഗാ, ധൗലി ഗംഗ, അളകനന്ദ നദികളിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കം മഞ്ഞുമല ഇടിഞ്ഞതില്‍ നിന്നായിരുന്നു. 200ലധികം ആളുകള്‍ മരണപ്പെട്ട ആ ദുരന്തത്തെക്കുറിച്ച് ഇതേ പംക്തിയില്‍ ഈ ലേഖകന്‍ എഴുതിയിരുന്നു. തപോവന്‍ ഡാം സൈറ്റിലുണ്ടായിരുന്ന തൊഴിലാളികളും തദ്ദേശവാസികളുമാണ് മരണപ്പെട്ടതിലധികവും. 1970 ല്‍ അളകനന്ദ നദിയിലുണ്ടായ വെളളപ്പൊക്കം അന്ന് ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്ന ഇന്നത്തെ ഉത്തരാഖണ്ഡില്‍ കൊടിയനാശം വിതച്ചിരുന്നു. യുപി സര്‍ക്കാര്‍ രൂപീകരിച്ച 18 അംഗ വിദഗ്ധ സമിതി 1976 ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ജോഷി മഠിന്റെ പാരിസ്ഥിതിക ദുര്‍ബലാവസ്ഥ വ്യക്തമാക്കിയിരുന്നു. ജോഷിമഠില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കരുത്, പാറഖനനം പാടില്ല, അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു തരത്തിലുമുള്ള ഖനനവും പാടില്ല, ചെരിവുകളില്‍ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുകയല്ലാതെ കെട്ടിട നിര്‍മ്മാണങ്ങള്‍ പാടില്ല എന്നെല്ലാം പ്രസ്തുത റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ ധനമോഹികളായ കച്ചവടക്കാരും സര്‍ക്കാരും കൂടി ആ റിപ്പോര്‍ട്ടിനെ വെളിച്ചം കാണിച്ചില്ല. ചമോലിയിലെ ചാര്‍ധാമിനെ (ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി) ബന്ധപ്പെടുത്തിയുള്ള ഹൈവേ നിര്‍മ്മാണത്തിനായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയം 12,000 കോടി രൂപയുടെ ഒരു പ്രോജക്ടാണ് ഈ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ നടപ്പിലാക്കുന്നത്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ 2013 ല്‍ ആരംഭിച്ച തപോവന്‍ വിഷ്ണുഗഢ് പ്രോജക്ടിനുവേണ്ടി 2976.5 കോടിയും ഇതിനകം മുടക്കിക്കഴിഞ്ഞു.

 


ഇതുകൂടി വായിക്കു: ജോഷിമഠ് നമ്മുടെ അരികിലാണ്


 

ഓവര്‍ ബ്രിഡ്ജുകളും ടണലുകളും നിര്‍മ്മിക്കുന്നതിനുവേണ്ടി ഹിമവല്‍ സാനുക്കളിലെ പാറയും മണ്ണും ഖനനം ചെയ്യുന്നതിനും നീക്കുന്നതിനും ഹിന്ദു രാഷ്ട്രവാദികള്‍ക്ക് യാതൊരു വൈമനസ്യവും ഇല്ല. കാരണം കോടികളാണ് അധികാരം കൈകാര്യം ചെയ്യുന്ന നേതാക്കള്‍ക്ക് വന്നു മറിയുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റോപ്‌വേകളിലൊന്നായ ജോഷിമഠ്-ഔലി റോപ്‌വേയ്ക്കു സമീപവും മണ്ണിടിച്ചിലും വിള്ളലും പ്രത്യക്ഷപ്പെട്ടതായി പറയുന്നു. ഭൂമി താഴുന്നതുകൊണ്ട് തല്‍ക്കാലം റോപ്‌വേ പ്രവര്‍ത്തിപ്പിക്കുന്നില്ല. 6150 അടി ഉയരമുള്ള ജോഷിമഠിനെയും 9000 അടി ഉയരമുള്ള ഔലിയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ റോപ്‌വേ. തീര്‍ത്ഥാടന ടൂറിസത്തെ അഡ്വഞ്ചര്‍ ടൂറിസമാക്കി ലക്ഷങ്ങള്‍ കൊയ്‌തെടുക്കുന്നവര്‍ക്ക് ഭൂമി ഇടിഞ്ഞു താഴ്ന്നാലും കെട്ടിടം ഇടിഞ്ഞാലും തന്റെ പണപ്പെട്ടി നിറയണമെന്നു മാത്രമേ ചിന്തയുണ്ടാകൂ. അടുത്ത തലമുറയെക്കുറിച്ചും അവന്‍ ചിന്തിക്കുകയില്ല. 2022 ല്‍ മാത്രം 50 ലക്ഷം ആളുകള്‍ ഈ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചതായാണ് അനൗദ്യോഗിക കണക്ക്.

ധനക്കൊതിപൂണ്ട മനുഷ്യന്‍ അധികാരത്തിന്റെ തണലില്‍ ഒരു രാജ്യത്തിന്റെ പൈതൃകത്തെയും ഭൂമിശാസ്ത്ര സവിശേഷതകളെയും ചരിത്രശേഷിപ്പുകളെത്തന്നെയും നശിപ്പിക്കുന്ന ചിത്രമാണ് ജോഷിമഠില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇവിടെ ഭൂമി, ഓരോ വര്‍ഷവും 6.5 സെന്റീമീറ്റര്‍ വീതം താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ പുതുതായി രൂപം കൊണ്ട ഒരു നീരുറവയില്‍ നിന്നും ഒരു മിനിറ്റില്‍ 500 ലിറ്റര്‍ വെള്ളം ബഹിര്‍ഗമിക്കുന്നു. ഇപ്പോള്‍ അത് അല്പം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരുപക്ഷെ ഒരു ഉരുള്‍ പൊട്ടലിന്റെ സാധ്യത കൂടി തള്ളിക്കളയാന്‍ കഴിയില്ല. ഇതൊന്നും അധികാരികളുടെ കണ്ണ് തുറക്കാന്‍ പര്യാപ്തമല്ലായെന്നതാണ് അവസ്ഥ. ഇപ്പോഴും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറയുന്നത് ചാര്‍ധാം ഹൈവേ വരുന്ന ഏപ്രില്‍ മുതല്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നാണ്.

 


ഇതുകൂടി വായിക്കു: വീണ്ടും സ്മാർട്ടാകുന്ന വിദ്യാലയങ്ങൾ


 

പുതിയ റോഡ്, തുരങ്കങ്ങള്‍, ജലവെെദ്യുത പദ്ധതി, പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും നിര്‍മ്മാണം എന്നിവയാണ് ഈ ദുര്‍ബല മേഖലയെ തകര്‍ക്കുന്നത് എന്നു മനസിലാക്കാന്‍ കഴിയാത്തതു കൊണ്ടല്ല മറിച്ച് ധനലാഭം മാത്രമാണ് ചങ്ങാത്ത മുതലാളിത്തത്തിന്റെ ഗുണഭോക്താക്കളായ അധികാരിവര്‍ഗത്തിന്റെ മുന്‍പിലുള്ളത് എന്നതാണ് രാജ്യത്തിന്റെ ദുഃസ്ഥിതി. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം ചേരുന്ന ഒരു പരാമര്‍ശമല്ല. പ്രകൃതിയുടെ നിലനില്പിനെപ്പോലും അപകടപ്പെടുത്തുന്ന അനിയന്ത്രിതമായ പ്രകൃതി ചൂഷണം നടത്തുന്ന എല്ലാ ഭരണകൂടങ്ങള്‍ക്കും ജോഷിമഠ് ഒരു പാഠമായിരിക്കും. ജോഷിമഠ് ഉള്‍പ്പെടെയുള്ള ദേവഭൂമിയില്‍ തീര്‍ത്ഥാടനത്തിനായി എത്തുന്ന സന്യാസിമാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും റോപ്‌വേയും ഓവര്‍ബ്രിഡ്ജും വന്‍കിട വെെദ്യുത പദ്ധതികളുമല്ല വേണ്ടത്. സൗരോര്‍ജം സുലഭമായി കിട്ടുന്ന ഭൂമിയില്‍ തീര്‍ത്ഥാടനത്തിനുള്ള പരിമിതമായ പ്രകൃതി സൗഹൃദ സൗകര്യങ്ങള്‍ മാത്രം ഒരുക്കിക്കൊടുത്താല്‍ മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.