23 December 2024, Monday
KSFE Galaxy Chits Banner 2

ലോകാ സമസ്താ സുഖിനോ ഭവന്തു — ഏതു ലോകം?

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
February 3, 2023 4:45 am

സ്വാമി വിവേകാനന്ദന്റെ ഭ്രാന്താലയം എന്ന പുരസ്കാരത്തിന് കേരളത്തെ അർഹമാക്കിയത് അയിത്തം ആയിരുന്നല്ലോ. അയിത്തം ഹിന്ദുമതത്തിന്റെ സംഭാവനയാണ്. കേരളത്തിൽ നിന്നും പ്രത്യക്ഷത്തിൽ അതുമാറിയെങ്കിലും കേരളീയന്റെ മനസിൽ അത് കൊട്ടാരം കെട്ടിയിട്ടുണ്ട്. വിവാഹാലോചനയുടെ സമയത്തും പൂജാകാര്യങ്ങളിലും എല്ലാം കേരളീയർ ഇന്നും അത് അനുഷ്ഠിക്കുന്നുണ്ടല്ലോ.
അങ്ങനെയുള്ള ഹിന്ദുമതത്തിന്റെ ഒരു അത്യുന്നതസമ്മേളനം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഒരു ശീതീകരിച്ച പോഷ് ഓഡിറ്റോറിയത്തിൽ നടന്നല്ലോ. വർഷങ്ങൾക്കുമുൻപ്, അവിടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ യുവകവിസമ്മേളനം നടത്തിയതും അയിത്തം കല്പിച്ച യുവകവികൾ അതിന്റെ മുന്നിൽ കരിങ്കൊടി പ്രകടനം നടത്തിയതും ഓർത്തുപോകുന്നു. ഞാനവരെ അഭിസംബോധന ചെയ്തതും അന്നു മുതൽ ഇന്നുവരെ കേന്ദ്രസാഹിത്യ അക്കാദമി എനിക്ക് അയിത്തം കല്പിച്ചതുമൊക്കെ ഓർക്കുമ്പോൾ ചിരിവരുന്നുണ്ട്.

 


ഇതുകൂടി വായിക്കു; ഭരണഘടനയ്ക്കൊപ്പം പ്രതിജ്ഞാബദ്ധരായി


ലോകാ സമസ്താ സുഖിനോ ഭവന്തു!
ജാതിവ്യവസ്ഥയെന്ന മനുഷ്യവിരുദ്ധ പ്രക്രിയയുടെ സർവകലാശാലയായ ഹിന്ദുമതവിശ്വാസികൾ സംഘടിപ്പിച്ച കോൺക്ലേവിൽ പങ്കെടുത്തുകൊണ്ട് ഒരു മലയാള സാഹിത്യകാരൻ ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതിനപ്പുറം ഒന്നുമില്ല എന്നു പ്രസംഗിച്ചിരിക്കുന്നു. അറിയാൻ വയ്യാതെ പറഞ്ഞതല്ല, ഒരാവേശത്തിന് തട്ടിവിട്ടതാകും. കമ്മ്യൂണിസവും സോഷ്യലിസവും സനാതനധർമ്മത്തിന് മുന്നിൽ ഒന്നുമല്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചു. സനാതനധർമ്മത്തെക്കുറിച്ചും അതിലെ വേല ചെയ്യണം കൂലി ദൈവം തരും എന്ന സനാതനമായ ആശയത്തെക്കുറിച്ചും കാൾ മാർക്സിനും എംഗൽസിനും ധാരണയില്ലാതെ പോയതു ലോക തൊഴിലാളി വർഗത്തിന് ഗുണമായി ഭവിച്ചു.
നമ്മുടെ സാഹിത്യകാരന് ഇങ്ങനെയൊക്കെ വിശ്വസിക്കാനുള്ള അവകാശം, ഡോ. അംബേദ്ക്കറിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ഭരണഘടന നല്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് കേരളത്തിൽ ജീവിക്കാനൊരു തടസവുമില്ല. ആരെങ്കിലും തടസപ്പെടുത്തിയാൽ പുരോഗമനവാദികൾ പോലും മുന്നിൽ നിന്നു അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യും.
അങ്ങനെയാണെങ്കിലും ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വരിയുടെ ആശയം പൂർണമായൊന്നു മനസിലാക്കുന്നത് നന്നായിരിക്കും.
“സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേണ മാർഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു.” എന്നാണല്ലോ ശ്ലോകം.
ഈ ശ്ലോകത്തിന്റെ ആശയം ബഹുഭാഷാപണ്ഡിതനും ദേവസ്വം ബോർഡ് കോളജിലെ അധ്യാപകനുമായിരുന്ന ഡോ. എം എസ് ജയപ്രകാശ് വിശദീകരിക്കുന്നുണ്ട്. അന്ധമായ മതവിശ്വാസം പുലർത്താതിരുന്ന ഒരു അന്വേഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വ്യാഖ്യാനം നിഷ്പക്ഷമതികൾക്ക് സ്വീകരിക്കാവുന്നതാണ്.
“സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ എന്നാണല്ലോ അവസാനത്തെ വരിയുടെ അർത്ഥം. മറ്റു വരികളുടെ അർത്ഥമിതാണ്. ‘സ്വസ്തി’ എന്നത് പൂജ കഴിഞ്ഞ് ബ്രാഹ്മണർ അനുഗ്രഹ രൂപത്തിൽ പറയുന്ന പദമാണ്. ന്യായമായ മാർഗത്തിലൂടെ രാജാവ് പ്രജകളെ ഭരിക്കട്ടെയെന്നാണ് അടുത്ത വരിയിൽ പറഞ്ഞിരിക്കുന്നത്. ഇവിടെ ന്യായമായ മാർഗമെന്നു പറഞ്ഞിരിക്കുന്നത് വിശദീകരിക്കേണ്ടതുണ്ട്. ചാതുർവർണ്യ വ്യവസ്ഥയിൽ ജനങ്ങളെ ഭരിക്കുന്നത് ക്ഷത്രിയനാണല്ലോ. ക്ഷത്രിയൻ എങ്ങനെ ഭരിക്കണമെന്ന് മനു വ്യക്തമാക്കുന്നുണ്ട്.
“ബ്രാഹ്മണാൻ പയ്യുപാസീത
പ്രാതരുത്ഥായ പാർത്ഥീവ
ത്രൈ വിദ്യാവിദ്ധാൻ വിദുഷ
സ്തിഷ്ഠേത്തേ ഷാഞ്ച ശാസനേ”
രാജാവ് എന്നും രാവിലെ ഉണർന്ന് മൂന്നു വേദങ്ങളും നീതിശാസ്ത്രങ്ങളും പഠിച്ച ബ്രാഹ്മണരെ വന്ദിച്ച് അവർ പറയുന്നതുപോലെ ഭരണം നടത്തണം. ബ്രാഹ്മണന്റെ ശാസനയനുസരിച്ചു മാത്രമേ ഭരിക്കാവൂ എന്നതാണ് ന്യായമായ മാർഗം. അങ്ങനെ ആയാൽ അടുത്ത വരിയിലെ ‘ഗോ ബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം’ സാധ്യമാകും. അതായത് പശുവിനും ബ്രാഹ്മണനും എന്നെന്നും സുഖംഭവിക്കട്ടെയെന്നു സാരം. മാംസാഹാരം ഉപേക്ഷിച്ചിട്ടുള്ള ബ്രാഹ്മണനെ നിലനിർത്തുന്നത് പാലും, തൈരും, വെണ്ണയും, നെയ്യും മറ്റുമാണല്ലോ. ആ നിലയ്ക്ക് ബ്രാഹ്മണന്റെ പ്രാധാന്യം ഒരു മൃഗമായ പശുവിനും ഉണ്ടായിരിക്കണമല്ലോ. ഇങ്ങനെ ബ്രാഹ്മണനും പശുവിനും നിത്യസുഖം വന്നാൽ ലോകത്തിനു മുഴുവൻ സുഖം വന്നു എന്നു കരുതിക്കൊള്ളണം. ഭൂരിപക്ഷം വരുന്ന ജനങ്ങളെ ചൂഷണത്തിനു വിധേയമാക്കുന്ന ചാതുർവർണ്യ വ്യവസ്ഥ നിലനിർത്തിക്കൊണ്ട് സമസ്തലോകത്തിനും സുഖംഭവിക്കട്ടെ എന്നു പറയുമ്പോൾ ബ്രാഹ്മണന്റെ സുഖമാണ് ലോകത്തിന്റെ സുഖം എന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.”

 


ഇതുകൂടി വായിക്കു; വീണ്ടും ന്യൂനപക്ഷ വേട്ട


ഇതാണ് എം എസ് ജയപ്രകാശിന്റെ വിശ്വസനീയമായ വ്യാഖ്യാനം. ഈ വ്യാഖ്യാനം അദ്ദേഹം ഡോ. അംബേദ്ക്കർ സ്റ്റഡി സെന്ററിൽ അവതരിപ്പിക്കുകയും നിരവധി പ്രസംഗവേദികളിൽ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏത് മനുഷ്യനും പരസ്പര ബഹുമാനം അർഹിക്കുന്നു എന്നതല്ലാതെ ബ്രാഹ്മണന് മാത്രമായി ഒരു ബഹുമാനാർഹതയുമില്ല. ആ ചിന്ത ശരീരമനങ്ങാതെ ഭക്ഷണം ലഭ്യമാക്കാനുള്ള ഒരു കുതന്ത്രം മാത്രമാണ്. ഇന്ത്യയിൽ പരീക്ഷിച്ചു വിജയിച്ച കുതന്ത്രം. അത് ഹിംസയുടെ പ്രത്യയശാസ്ത്രമാണ്. പ്രാചീനതയുടെ ഈ പ്രവർത്തന രീതിക്കെതിരെയാണ് ഭാരതത്തിൽ ബുദ്ധ ജൈന ചിന്തകളുണ്ടായത്. സനാതനധർമ്മത്തിന്റെ കർമ്മപദ്ധതി ജാതിവ്യവസ്ഥകൊണ്ട് മനുഷ്യവിരുദ്ധമാകയാൽ ആധുനിക സമൂഹത്തിനു അത് അംഗീകരിക്കാൻ സാധ്യമല്ല. യുക്തിബോധത്തിന്റെ അടിത്തറയുള്ള ചാർവാക ദര്‍ശനത്തെയും മറ്റും അസഹിഷ്ണുതയും ഹിംസയും കൊണ്ട് നേരിടുമ്പോഴാണ് ആർഷഭാരതസംസ്കാരം ആഭാസം എന്ന ചുരുക്കപ്പേരിന് അർഹമാകുന്നത്. ഇന്ത്യ അങ്ങനെയാകുന്നത് അഭിലഷണീയമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.