5 December 2025, Friday

തെറ്റിദ്ധാരണകളും സഹോദരബന്ധവും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം — പത്ത് 
July 27, 2025 5:12 am

മൂന്ന് ഗോത്രങ്ങളുടെ നേതൃ കുടുംബങ്ങളുടെ കഥ കൂടിയാണ് രാമായണം. മൂന്ന് കുടുംബങ്ങളും രാജ്യഭരണാധികാരം കയ്യാളുന്നുണ്ട്. ദശരഥകുടുംബം അയോധ്യയുടേയും ബാലിയുടെ കുടുംബം കിഷ്കിന്ധയുടേയും രാവണകുടുംബം ലങ്കയുടേയും അധികാരം കയ്യാളുന്നു. ഈ മൂന്നു കുടുംബങ്ങളിലേയും സഹോദരന്മാർ തമ്മിലുള്ള ബന്ധത്തിന്റെ കഥ കൂടിയാണ് രാമായണം. മൂന്നു കുടുംബങ്ങളിലേയും സഹോദരന്മാർ തമ്മിൽ തെറ്റിദ്ധാരണകൾ ഉണ്ടാവുന്നുണ്ട്. പക്ഷേ തെറ്റിദ്ധാരണ ജീവാപായകരമായ ഭയവും കൊല്ലാനും ചാവാനും പ്രേരിപ്പിക്കുന്ന പകയും കൊടും യുദ്ധവും ആവാതിരിക്കുന്നത് അയോധ്യയിലെ സഹോദരങ്ങൾക്കിടയിൽ മാത്രമാണ്. അതിനാൽ അയോധ്യയിലെ സഹോദരങ്ങൾ അഥവാ രാമലക്ഷ്മണന്മാരും ഭരതശത്രുഘ്നന്മാരും സാഹോദര്യബന്ധത്തിനും കൂടി മാതൃകകളാണ്.
തീർച്ചപ്പെട്ട രാമാഭിഷേകം കൈകേയി മന്ഥരയുടെ ഉപദേശത്തിനു വഴങ്ങി മുടക്കുന്നതും രാമനെ കാട്ടിലേക്ക് അയയ്ക്കുന്നതും സ്വപുത്രനായ ഭരതനുവേണ്ടിയാണ്. അയോധ്യയിലെ സാഹോദര്യബന്ധം തകരാൻ ഇത്രയും മതിയായിരുന്നു. ‘ഭരതസ്യാഥ പക്ഷ്യോ വാ യോ വാസ്യ ഹിതമിച്ഛതി\സർവാംസ്താംശ്ച വധിഷ്യാമി മൃദുർഹി പരിഭൂയതേ=ഭരതനോ ഭരതപക്ഷത്തിനുവേണ്ടി പ്രവർത്തിക്കുന്നവരോ അവരെയെല്ലാം കൊല്ലുവാൻ ഞാൻ മാത്രം മതി’ (ആരണ്യകാണ്ഡം; സർഗം 21, ശ്ലോകം 11) എന്നു ലക്ഷ്മണൻ പറയുന്നുണ്ട്. രാമാഭിഷേകം തടയാൻ ഭരതനോ ശത്രുഘ്നനോ വന്നാലും അവരേയും രാമനുവേണ്ടി കൊല്ലും എന്നാണ് സഹോദരനായ ലക്ഷ്മണൻ പറയുന്നത്. എന്നിട്ടും, അധികാര കിടമത്സരത്തിനായി കൊല്ലലും കൊല്ലിക്കലും അയോധ്യയിലെ സഹോദരന്മാർക്കിടയിൽ ഉണ്ടാവാതെ പോയത് മാതാപിതാക്കളുടേയോ ഗുരുജനങ്ങളുടേയോ മഹത്വം കൊണ്ടല്ല, മറിച്ച് ശ്രീരാമനും ഭരതനും ഉൾപ്പെടെയുള്ള ജ്യേഷ്ഠസഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റേയും അവരുടെ ക്ഷമയാൽ പരിപക്വമായ വൈകാരിക മനോനിലയുടേയും ഫലമാണെന്നു രാമായണം സൂക്ഷിച്ചു വായിച്ചാൽ മനസിലാക്കാം. പണം, പദവി, പെണ്ണ് എന്നീ കാര്യങ്ങളെ പ്രതി കാമവും തെറ്റിദ്ധാരണയും ഒക്കെ അയോധ്യയിലെ സഹോദരങ്ങൾക്കിടയിലും കിളരം കൊള്ളുന്നുണ്ട്. പക്ഷേ അതെല്ലാം മുളയിലെ വേരോടെ പറിച്ചു മാറ്റാൻ ശ്രീരാമനും ഭരതനും കഴിയുന്നു. 

എന്നാൽ കിഷ്കിന്ധയിലെ കരുത്തരായ സഹോദരങ്ങൾക്കിടയിൽ അഥവാ ബാലി സുഗ്രീവന്മാർക്കിടയിൽ അധികാരത്തിന്റെ പേരിൽ തർക്കം ഉണ്ടായപ്പോൾ കൊല്ലാനും ചാവാനും തയ്യാറാവുന്ന കലിയുടെ ക്രൗര്യം നേടുകയും ബാലി സുഗ്രീവന്മാർ തമ്മിലുള്ള മല്ലയുദ്ധത്തിനിടയിൽ രാമന്റെ ഒളിയമ്പേറ്റു ബാലി മരണപ്പെടുകയും ചെയ്യുന്ന നിലയാണ് ഉണ്ടാവുന്നത്. ഒളിയമ്പിന്റെ ശരിത്തെറ്റുകൾ ഇവിടെ പരിശോധിക്കുന്നില്ല. അത് പലരാലും ഏറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞതും ആവർത്തന വിരസവുമായ പ്രമേയമാണല്ലോ. പക്ഷേ ബലപരീക്ഷണം കൊണ്ട് ജീവിതത്തിലെ പ്രശ്നങ്ങളുടെ പരിഹാരം കാണാം എന്ന നിലയും നിലപാടും ഒളിയമ്പെയ്ത്തു പോലെ തന്നെ കുടിലവും ക്രൂരവും പ്രാകൃതവുമാണ്. ബലമുള്ള വ്യക്തിയാണ് മഹാൻ, ബലമുള്ള രാജ്യമാണ് നല്ല രാജ്യം എന്ന നിലപാടിനപ്പുറം സാംസ്കാരികോന്നതമായ ഒരു നിലപാടും ബാലി സുഗ്രീവന്മാർക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തല്ലിയും കൊന്നും ന്യായാന്യായങ്ങൾ നിർണയിക്കുന്ന സ്ഥിതി കിഷ്കിന്ധാ സഹോദരങ്ങൾക്കിടയിൽ ഉണ്ടായത്. ഇത് സമാധാനപരമായ കുടുംബജീവിതത്തിനോ രാഷ്ട്രജീവിതത്തിനോ ലോക ജീവിതത്തിനോ മാതൃകാപരമല്ല.
രാവണ കുംഭകർണ വിഭീഷണാദി ലങ്കാ സഹോദരങ്ങൾക്കിടയിലും തെറ്റിദ്ധാരണയും സംശയവും അനുബന്ധപ്രശ്നങ്ങളും ഉണ്ടായിരുന്നു. അവിടെ അധികാരത്തർക്കം ഉണ്ടായിരുന്നില്ല. കാരണം, രാവണന്റെ തിരുവായ്ക്ക് ആരെതിർ പറഞ്ഞാലും ഗതി പറഞ്ഞവന്റെ മരണം എന്നതായിരുന്നു. രാമനാമത്തിൽ അരങ്ങേറിയ ഫാസിസ്റ്റു രാഷ്ട്രീയ വാഴ്ചയ്ക്കു ബദലുണ്ടാക്കാൻ രാവണപക്ഷം ഉയർത്തിപ്പിടിക്കുന്ന ബുദ്ധിജീവികൾ രാവണന്റെ സ്വഭാവത്തിലെ സ്വേച്ഛാധിപത്യ പ്രവണതകളെ കൂടി ഒന്നു വിശകലനം ചെയ്യാൻ ശ്രമിക്കുന്നത് ജനാധിപത്യപരമായ ബൗദ്ധിക പക്വത കൈവരുവാൻ സഹായിക്കും. അധികാരത്തർക്കം രാവണ ഭീതികൊണ്ട് ലങ്കയിൽ ഉണ്ടായില്ല എങ്കിലും, രാമരാവണയുദ്ധം കൂടാതെ സീതയെ രാമനു വിട്ടുനൽകുന്നതാണു ലങ്കയ്ക്കും ലങ്കാധിപതിക്കും നല്ലതെന്ന ഹിതോപദേശം രാവണ സഹോദരനായ വിഭീഷണൻ ഉന്നയിച്ചു. ഈ ഹിതോപദേശത്തിൽ ക്രൂദ്ധനായ രാവണൻ വിഭീഷണനെ ശത്രുവിനെപ്പോലെയാണു കണ്ടത്.
”ശത്രുക്കൾക്കൊപ്പവും കോപിച്ച സർപ്പത്തോടൊപ്പവും വസിക്കാം, എന്നാൽ ശത്രുസേവകനായിരിക്കേ മിത്രത്തെപ്പോലെ നടിക്കുന്നവനൊപ്പം പാർത്തു കൂടാ” (യുദ്ധകാണ്ഡം; സർഗം 11; ശ്ലോകം 2) എന്നാണ് രാവണൻ പറയുന്നത്. ജ്യേഷ്ഠൻ തന്നെ ശത്രുചാരനായി തെറ്റിദ്ധരിച്ച ശേഷം ലങ്കയിൽ തങ്ങുന്നത് നന്നല്ല എന്നറിഞ്ഞിട്ടാണ് വിഭീഷണൻ രാമസമക്ഷത്തിൽ അഭയം തേടുന്നത്. അയോധ്യയിലേയും കിഷ്കിന്ധയിലേയും ലങ്കയിലേയും സഹോദര ബന്ധങ്ങളിൽ ഏറ്റവും മാതൃകാപരമായത് ഏതെന്നു പരിശോധന ചെയ്യുമ്പോഴും രാമ ലക്ഷ്മണ ഭരത ശത്രുഘ്നന്മാരിലേക്ക് നമ്മൾക്ക് എത്തിച്ചേരേണ്ടി വരും. സഹോദരങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാവാത്ത സ്ഥലമാണ് അയോധ്യ എന്നർത്ഥം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.