20 May 2024, Monday

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍…

ദേവിക
വാതിൽപ്പഴുതിലൂടെ
March 18, 2024 4:19 am

മോഡി ഭരണത്തിന്‍ കീഴില്‍ പിച്ചക്കാരുടെ ഒരു പുതിയ വര്‍ഗം ഉദയം ചെയ്യുന്നു. നക്ഷത്ര തെണ്ടികള്‍. ആഗോള കോര്‍പറേറ്റ് ഭീമനായ മുകേഷ് അംബാനിയുടെ പുന്നാര അനുജനായ അനില്‍ അംബാനിയും മുംബെെയിലെ ഭരത് ജയിനുമാണ് പുതിയ നക്ഷത്ര യാചകരുടെ പ്രതീകങ്ങള്‍. മുംബെെ റെയില്‍വേ സ്റ്റേഷനിലും മഹാനഗരത്തിലെ തെരുവുകളിലും തെണ്ടിനടക്കുന്ന ഭരത് ജയിനിന്റെ സമ്പാദ്യം ഏഴ് കോടി. ആഡംബര കേന്ദ്രത്തില്‍ ഒന്നര കോടിയുടെ ഫ്ലാറ്റ്, പതിനായിരങ്ങള്‍ വാടക ലഭിക്കുന്ന കടമുറികള്‍, ആഡംബര കാറുകള്‍. ഒരു പാപ്പരിന്റെ സ്വത്തുവഹകള്‍ ഇനിയുമുണ്ട്. മറ്റൊരു പാപ്പര്‍ അനില്‍ അംബാനി. മറ്റുള്ളവരില്‍ നിന്ന് തട്ടിയെടുത്ത സഹസ്രകോടികള്‍ തിരിച്ചു നല്കാതിരിക്കാന്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജി നല്കി കാത്തിരിക്കുകയാണ് അനില്‍ അംബാനി. പാപ്പര്‍ താമസിക്കുന്നത് മുംബെെയിലെ വരേണ്യ കേന്ദ്രമായ പരേലിലെ 17 നിലയുള്ള കൊട്ടാരത്തില്‍. കൊട്ടാരത്തിന്റെ മതിപ്പുവില 5,000 കോടി. വിമാനത്താവളവും നീന്തല്‍ക്കുളവും നൂറോളം ആഡംബരകാറുകളും നിറഞ്ഞ കൊട്ടാരത്തില്‍ താമസിക്കുന്നത് ഒരു പാപ്പര്‍ അംബാനി. ഈ കൊട്ടാരവും വസ്തുക്കളും കണ്ടുകെട്ടി കടം വീട്ടിയാലെന്താ എന്ന് ചോദിക്കരുത്. അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതി. കാരണം അനിയന്‍ അംബാനിയും മോഡിക്കുവേണ്ടി ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. പാപ്പര്‍ക്ക് കോടികളുടെ ബോണ്ട് വാങ്ങാനും പണമുണ്ട്.

ഇലനക്കി നായരുടെ ചിറിനക്കി നായര്‍ എന്നൊരു ചൊല്ല് തെക്കന്‍ തിരുവിതാംകൂറിലുണ്ട്. ആര്‍ക്കോ വേണ്ടി വിളമ്പിയ ഇല കയ്യടക്കി സദ്യ മുഴുവന്‍ കഴിച്ചിട്ട് ഇലയും വടിച്ച് നക്കുന്ന നായരുടെ ചിറിയിലെ സദ്യാവശിഷ്ടങ്ങള്‍ നക്കിത്തുടച്ചു തിന്നുന്ന നായരെപ്പോലെയാണ് കോര്‍പറേറ്റുകളും മോഡിയുമെന്നാണ് ജനം പറയുന്നത്. ഇന്ത്യന്‍ ജനതയ്ക്കുവേണ്ടി വിളമ്പിയ വിഭവങ്ങള്‍ കവര്‍ന്നെടുത്ത് ഭക്ഷിക്കുന്ന കോര്‍പറേറ്റുകള്‍. അവരുടെ ചിറിയിലെ ഉച്ഛിഷ്ടങ്ങളായ ഇലക്ടറല്‍ ബോണ്ടുകള്‍ നക്കിത്തിന്നുന്ന മോഡി ഭരണകൂടം. രാവണന്‍ ദശമുഖനെങ്കില്‍ അഴിമതിയുടെ സഹസ്രമുഖങ്ങള്‍കൊണ്ട് കോര്‍പറേറ്റ് ചിറി നക്കികളായ സംഘികള്‍. ഇന്ത്യക്കപ്പുറവും ലോകമുണ്ട്, അവരും ഇതെല്ലാം കാണുന്നില്ലേ. നമ്മുടെ ചിറിനക്കി ഭരണകൂടത്തെക്കുറിച്ച് എന്തൊരു ബഹുമാനമായിരിക്കും വിദേശികള്‍ക്ക്.

81കാരനായ ബിജെപി നേതാവും മോഡിയുടെ വലംകയ്യുമായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കഥ കേട്ടപ്പോഴാണ് പുത്തന്‍ പുരയ്ക്കലച്ചന്റെ പ്രസംഗം ഓര്‍ത്തുപോയത്. ബഹുതമാശക്കാരനായ പ്രഭാഷകന്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒരിക്കല്‍ മനുഷ്യന്റെ ലെെംഗികതൃഷ്ണയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, ആണിനെയായാലും പെണ്ണിനെയായാലും ചിതയ്ക്ക് തീകൊളുത്തിക്കഴിഞ്ഞാലും അഞ്ച് മിനിറ്റ് കൂടി ലെെംഗികാഭിനിവേശം നിലനില്ക്കും. ഏതാനും ദിവസം മുമ്പ് ഒരമ്മ 17കാരിയായ തന്റെ മകളുമൊത്ത് യെദ്യൂരപ്പയെ കാണാനെത്തി. മുന്‍ മുഖ്യമന്ത്രിയല്ലേ, മുതുകിളവനല്ലേ, പരിണതപ്രജ്ഞനല്ലേ എന്നെല്ലാം ഓര്‍ത്തായിരുന്നു ആ അമ്മ യെദ്യൂരപ്പ സവിധത്തിലെത്തിയത്. തന്റെ മകളെ ലെെംഗികമായി പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല എന്നായിരുന്നു അമ്മയുടെ സങ്കടഹര്‍ജി. 81കാരന്‍ നേതാവ് മെല്ലെ പെണ്‍കൊച്ചിന്റെ തോളില്‍ കെെവച്ചു. മോളേ എന്നുപറഞ്ഞ് മുതുക്കന്‍ പെണ്‍കുട്ടിയെ സഹശയനത്തിന് ക്ഷണിച്ചു. അമ്മയും മകളും കൂടി ബംഗളൂരു സദാശിവ നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്കി. പോക്സോ കേസില്‍ പ്രതിയാകുന്ന ആദ്യ മുന്‍ മുഖ്യമന്ത്രി എന്ന ലോകബഹുമതിപ്പട്ടവും യദ്യൂരപ്പയ്ക്ക്. ഭാര്യമെെത്രി മരിച്ചിട്ട് 20 വര്‍ഷമായിട്ടും വിഭാര്യനായി കഴിയുകയായിരുന്നില്ലേ മേല്‍പ്പടിയാനെന്നാണ് വാര്‍ത്തകള്‍. കൂട്ടുകാരിയായ ശോഭ കരന്തലജയെ കേന്ദ്രമന്ത്രി വരെയാക്കിയ പുള്ളി പക്ഷേ ഒരു ചീളു പെണ്‍കേസില്‍ കുടുങ്ങിപ്പോയത് തലേലെഴുത്തെന്നല്ലാതെ വേറെന്ത് പറയാന്‍.

തൊക്കെ അത്ര വലിയ കാര്യമാണോ എന്നാവും വിശ്വപൗരനായ ശശിതരൂര്‍ കരുതുന്നത്. പണ്ട് സീതിഹാജി നിയമസഭയില്‍ പറഞ്ഞതുപോലെയാണ് തരൂരാന്‍. ഈയിടെ സമൂഹമാധ്യമങ്ങളിലൂടെ തലസ്ഥാനത്തെ വിമത കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്ന പോര് കാണുമ്പോഴല്ലേ തിരുവനന്തപുരത്തുകാര്‍ തീവണ്ടിക്കാണ് തല വച്ചിരുന്നതെന്ന് മനസിലായത്. ലക്ഷണമൊത്ത ഒരു കല്യാണരാമന്‍. ലണ്ടനില്‍ പിറന്ന തരൂര്‍ ആദ്യം വിവാഹം കഴിച്ചത് സഹപാഠിയായ തിലോത്തമ മുഖര്‍ജിയെ. ആ സംബന്ധത്തില്‍ രണ്ട് കുട്ടികള്‍. പിന്നെയൊട്ടും വെെകിയില്ല. ഐക്യരാഷ്ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന തരൂര്‍ പരിണയിച്ചത് മറ്റൊരു അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന ക്രിസ് ഗെെല്‍സ് എന്ന മദാമ്മയെ. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ആ കല്യാണവും കട്ടപൊഹ. പുത്തന്‍പുരയ്ക്കലച്ചന്‍ പറഞ്ഞപോലെ തൃഷ്ണ ചുടല വരെയല്ലേ. കശ്മീരി സുന്ദരിയായ സുനന്ദാ പുഷ്കര്‍ ആയിരുന്നു തരൂരിന്റെ അടുത്ത ഇര. സുനന്ദയുമായുള്ള വിവാഹം നിലനില്ക്കേ പാക് മാധ്യമ പ്രവര്‍ത്തകയുമായി തരൂര്‍ ലെെനടിച്ചു. ദുരൂഹമായ സാഹചര്യത്തില്‍ സുനന്ദാപുഷ്കര്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ആ കേസ് എങ്ങും എത്താതെ കിടക്കുന്നു.
എന്നാല്‍ അങ്ങനെയങ്ങ് കാത്തിരിക്കാനാവുമോ. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായിരുന്ന ബംഗാളി സുന്ദരി മഹുവാമൊയ്ത്രയുമായി മദ്യസല്ക്കാരവും വിരുന്നും മറ്റുമായി അടിച്ചുപൊളിക്കുന്ന ചിത്രങ്ങളാണിപ്പോള്‍ തലസ്ഥാനത്തെ തരൂര്‍ വിരുദ്ധരായ കോണ്‍ഗ്രസ് ചുണക്കുട്ടന്മാര്‍ പുറത്തുവിടുന്നത്. 67കാരനെങ്കിലെന്താ താനിപ്പോഴും പയ്യനല്ലേ എന്നാണ് അനന്തപുരി വാസികളോട് തരൂര്‍ പറയുന്നത്. ഏറ്റവും ഒടുവിലായി ഇതാ മറ്റൊരു തരൂരിയന്‍ വിക്രിയയുടെ കഥയും പുറത്തുവരുന്നു. ഈ കേസില്‍ തരൂര്‍ കുടുങ്ങുമെന്ന് കട്ടായം. താന്‍ ശശിതരൂരിന്റെ കടുത്ത ആരാധികയായിരുന്നതിനാല്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചാണ് ഒരു സുന്ദരിപ്പെണ്ണ് ആനന്ദ ദെഹാദി എന്ന സുപ്രീം കോടതി അഭിഭാഷകന്‍ വഴി പരാതിപ്പെട്ടിരിക്കുന്നത്. തന്റെ കയ്യില്‍ ബലമായി ഇറുക്കിപ്പിടിച്ചു, ഉള്ളം കയ്യില്‍ നുള്ളി ഇത്യാദി നമ്പരുകള്‍ കാട്ടിയ തരൂരിനെതിരായ പരാതി സീല്‍ വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തുന്നു. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തുറുങ്കിലേക്കുള്ള പാതയൊരുങ്ങുകയാണോ തരൂരിന്. ഇതൊക്കെ കേള്‍ക്കുമ്പോഴാണ് പുത്തന്‍ പുരയ്ക്കലച്ചന് ഒരു കുതിരപ്പവന്‍ സമ്മാനിക്കണമെന്ന് തോന്നിപ്പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.