5 November 2024, Tuesday
KSFE Galaxy Chits Banner 2

പാവാട പരതുന്ന മോഡി പൊലീസ്!

ദേവിക
വാതില്‍പ്പഴുതിലൂടെ
March 20, 2023 4:56 am

അന്തംവിട്ട പ്രതി എന്തും ചെയ്യും, വേണ്ടിവന്നാല്‍ കുന്തവും വിഴുങ്ങുമെന്നല്ലേ പറയാറ്. അതുപോലെ അന്തംവിട്ട മോഡി പൊലീസ് തെളിവുണ്ടാക്കാന്‍ കോണകത്തിന് കുടത്തിലും തപ്പുമെന്ന് ഇന്നലെ തെളിഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമാപനം കുറിച്ചുകൊണ്ട് ശ്രീനഗറില്‍ നടന്ന ചടങ്ങിനിടെ വേദിയിലെത്തിയ ഒരു കശ്മീരി സുന്ദരിപ്പെണ്ണ് താന്‍ പല തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് രാഹുലിനോട് പരാതി പറ‍ഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടാലോ എന്ന് രാഹുല്‍ ചോദിച്ചു. അയ്യോ വേണ്ട, എങ്കില്‍ അവരെന്നെ കൊന്നുകളയുമെന്ന് ഭയചകിതയായി പെണ്‍കൊടി. കശ്മീരില്‍ നടക്കുന്ന ബലാത്സംഗങ്ങളെയും അരുംകൊലകളെയും കുറിച്ച് സമാപന സമ്മേളനത്തില്‍ രാഹുല്‍ വികാരനിര്‍ഭരനായി സംസാരിച്ചു. പേരെടുത്തു പറയാതെ ആ പെണ്‍കുട്ടി നേരിടുന്ന ദുരന്തത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. മൂന്നു നാലു മാസം മുമ്പ് നടന്ന സംഭവമാണ്. പക്ഷേ എഴുപതു വര്‍ഷം മുമ്പുള്ള കേസുവരെ കല്‍ക്കട്ട ഹൈക്കോടതി വിധി പറഞ്ഞപ്പോള്‍ നാലു മാസം പ്രായമുള്ള കേസ് നല്ലൊരു പിടിവള്ളിയല്ലേ. പോരാഞ്ഞ് മോഡിയുടെ സാമന്തഭരണത്തിലാണിപ്പോള്‍ കശ്മീരും. അജ്ഞാതയായ ആ പീഡിതയുടെ പേര് ഉടന്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മോഡിയുടെ പൊലീസ് ഇന്നലെ രാഹുലിന്റെ അടുക്കളയും അടുപ്പും വരെ ചികഞ്ഞത്. പീഡിതരായ പെണ്‍കുട്ടികള്‍ തങ്ങളുടെ പീഡനകാലവസ്ത്രങ്ങള്‍ നേരത്തെ തെളിവായി പൊലീസിങ്കല്‍ സമര്‍പ്പിക്കാറില്ലെന്ന് രാഹുല്‍. ഇല്ല അതിന് കീഴ്‌വഴക്കമുണ്ടെന്ന് മോഡി പൊലീസ്. എന്തായാലും മടങ്ങുമ്പോള്‍ പൊലീസ് മുന്നറിയിപ്പു നല്‍കി, തങ്ങള്‍ വീണ്ടും വരുമെന്ന്! മോഡിഭരണം ഫാസിസത്തിന്റെ എല്ലാ ലക്ഷ്മണരേഖകളും കടക്കുന്നുവെന്നതിനു തെളിവായി ഇന്നലത്തെ റെയ്ഡ്. ആസനത്തില്‍ ആല്‍വനം തന്നെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മോഡിക്കെന്ത് ഉളുപ്പ്!

 


ഇതുകൂടി വായിക്കു; കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുടെ ‘ബി’ ടീമായി മാറുന്നു


 

താന്‍ കനല്‍വഴികള്‍ താണ്ടിയാണ് ഇതുവരെയെത്തിയതെന്ന് മാലോകരോട് വര്‍ണിക്കാന്‍ ചിലര്‍ ചില പൊടിക്കൈകള്‍ ഇറക്കാറുണ്ട്. ആ കൂട്ടരിലൊരാളാണ് തമിഴകത്തെ മുന്‍ നടി ഖുശ്ബു. ഈയിടെ അവര്‍ ഒരു മെഗാ വെളിപ്പെടുത്തല്‍ നടത്തി. എട്ടാം വയസു മുതല്‍ തന്റെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന്. ഡിഎംകെയില്‍ നിന്നും കോണ്‍ഗ്രസിലേക്കും അവിടെ നിന്നും ബിജെപിയിലേക്കും ചാടിച്ചാടിക്കളിച്ചു നില്‍ക്കുന്ന ഖുശ്ബു താന്‍ പൊതു മനസുകളില്‍ നിന്നു മായുന്നുവോ എന്ന തോന്നലിനെത്തുടര്‍ന്ന് നടത്തിയ അഭ്യാസം. നമ്മുടെ മോഡിക്കും താന്‍ ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ നിന്നു നിഷ്കാസിതനാവുന്നോ എന്നും ഭയം തുടങ്ങിയിട്ട് കുറേക്കാലമായി. ജി20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ അധ്യക്ഷനായി ഊഴമനുസരിച്ച് മോഡിയെ തെരഞ്ഞെടുത്തപ്പോള്‍ ലോകനേതാക്കളുടെ കൊടുമുടിയില്‍ മോഡിയെന്നായി പ്രചാരണം. അതു ക്ലിക്ക് ചെയ്യാതെ വന്നപ്പോള്‍ ഇതാ പിന്നെയും ചീറ്റിപ്പോയ മറ്റൊരു പൂഴിക്കടകന്‍. സംഘ്പരിവാര്‍ ചാനലായ ‘ടൈംസ് നൗ’ ഒരു അഭിമുഖം തയ്യാറാക്കി. നൊബേല്‍ അക്കാദമിയുടെ ഉപാധ്യക്ഷന്‍ അസ്‌ലെ ടേജും ചാനല്‍ എഡിറ്ററും തമ്മിലുള്ള സംവാദം. ഉക്രെയ്ൻ യുദ്ധത്തില്‍ ഇന്ത്യന്‍ നിലപാടെന്തെന്ന എഡിറ്ററുടെ ചോദ്യത്തിന് ഉത്തരമായി ഒരു വലിയ രാജ്യമെന്ന നിലയില്‍ സമാധാനം പുലര്‍ത്താന്‍ മോഡി ശ്രമിച്ചത് നന്നായി എന്ന് നൊബേല്‍ അക്കാദമി ഉപാധ്യക്ഷന്റെ ഒഴുക്കന്‍ മറുപടി. മറ്റെവിടെയെങ്കിലും സമാധാനത്തിനായി മോഡി ശ്രമിച്ചതായി തനിക്കറിയില്ലെന്നും അദ്ദേഹം അറുത്തുമുറിച്ചുതന്നെ പറഞ്ഞു. അഭിമുഖത്തിലൊരിടത്തും നൊബേല്‍ സമ്മാനമെന്ന പ്രയോഗം പോലും അദ്ദേഹം നടത്തിയില്ല. പിന്നാലെ വരുന്നു വാര്‍ത്താപ്രപഞ്ചം. രവീന്ദ്രനാഥ ടാഗോറിനും സി വി രാമനുമൊപ്പം മോഡിയെ നൊബേല്‍ സമ്മാനത്തിനു പരിഗണിക്കുന്നു. ഇതറിഞ്ഞ നൊബേല്‍ സമ്മാന സമിതിയും അസ്‌ലെ ടേജ് പറഞ്ഞു നൊബേല്‍ പുരസ്കാരത്തിനു മോഡിയെ പരിഗണിക്കുന്നുവെന്നു താന്‍ പറഞ്ഞിട്ടേയില്ലെന്ന്. നിയുക്ത നൊബേല്‍ ജേതാവ് മോഡിക്ക് ഇതില്പരം ഒരു നാണക്കേട് ഇന്ത്യക്ക് വരുത്തിവയ്ക്കാനാകുമോ!

 


ഇതുകൂടി വായിക്കു; അമിത ജോലിയെടുക്കുന്ന കേന്ദ്ര ഏജന്‍സികള്‍


 

 

തമാശ പറയാന്‍ മോഡിയും അമിത് ഷായും ഇത്രയധികം നിപുണന്മാരാണെന്ന് ഇപ്പോഴല്ലേ നാമറിയുന്നത്. കേരളത്തില്‍ ബിജെപി ഭരണം വരുമെന്നാണ് മോഡിയുടെ സ്വപ്നസമാനമായ ഒരു തമാശ. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വടക്കുംനാഥനെ സാക്ഷിയാക്കി അമിത് ഷായും അതേറ്റുപാടി. ഇന്നലെ അമിത് ഷാ മറ്റൊരു തമാശകൂടി പൊട്ടിച്ചു; സിബിഐയുടെയും ഇഡിയുടെയും പൊലീസിന്റെയും അന്വേഷണങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്ന്! രാഹുലിന്റെ വസതിയില്‍ അമിത് ഷായുടെ ‍ഡല്‍ഹി പൊലീസ് പരതുന്നതിനിടെയാണ് ഈ തമാശ. ഇക്കണക്കിനു പോയാല്‍ മോഡിയുടെയും അമിത് ഷായുടെയും ആസനങ്ങളില്‍ വച്ചുപിടിപ്പിക്കാന്‍ ഒരു വലിയ ആല്‍മര നഴ്സറി തന്നെ തുടങ്ങണം. അടുത്ത കേന്ദ്ര ബജറ്റില്‍ ആ ആല്‍മര നഴ്സറിക്കു വേണ്ടി വലിയൊരു തുക തന്നെ വിലയിരുത്താന്‍ നിര്‍മ്മല അക്കാളോട് നമുക്കു ശുപാര്‍ശ ചെയ്യാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ വാര്‍ത്തകളുടെ സുനാമിയാണിപ്പോള്‍. തിരുവനന്തപുരത്തു നിന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനോ വിദേശകാര്യ മന്ത്രി എസ് ജയശങ്കറോ മത്സരിക്കുമെന്ന്. രണ്ടും തമിഴ് ബ്രാഹ്മണര്‍. തിരുവനന്തപുരത്തെ തമിഴ് വംശജരുടെയും ബ്രാഹ്മണരുടെയും വോട്ടുനേടി വിജയിക്കാമെന്ന മോഹം‍! അപൂര്‍വം ചില പോക്കറ്റുകളിലൊഴിച്ച് ബിജെപിക്കാരെ മഷിയിട്ടു നോക്കാന്‍ പോലുമില്ല. ഇവരെ അനന്തപത്മനാഭന്റെ മണ്ണില്‍ കൊണ്ടുവന്ന് ബലിയാടുകളാക്കാനുള്ള നീക്കമാണോ എന്നു സംശയം. ഇതിനെല്ലാമിടയില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ബിജെപിയെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചേ അടങ്ങൂവെന്ന ഒറ്റവാശിയില്‍. പക്ഷേ ഒരു കണ്ടീഷനുണ്ട്. റബ്ബറിന്റെ വില 300 രൂപയാക്കണം. വോട്ടു ചെയ്യുന്നത് റബ്ബര്‍ വിലയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് കര്‍ത്താവ് ഏതു ബൈബിളിലാണ് അരുളി ചെയ്തിരിക്കുന്നത്. ക്രിസ്ത്യാനികളെയും ക്രിസ്തുമതത്തെയും അവഹേളിക്കാന്‍ കുറേ മതമേലധ്യക്ഷ ജന്മങ്ങള്‍!

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.