
“ഹിന്ദുമതത്തെ തന്റെ പ്രിയതമയെപ്പോലെ സ്നേഹിക്കുന്നു“വെന്ന് (യങ്ങ് ഇന്ത്യ 06.10.1921) തുറന്നു പറഞ്ഞ ഗാന്ധിജി 12.05.1921ന് ‘യങ്ങ് ഇന്ത്യ’യിൽ തന്നെ ഈ വിധമെഴുതി; “എന്താണ് മതം എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നതെന്തെന്ന് വിവരിച്ചുകൊള്ളട്ടെ. മറ്റെല്ലാ മതങ്ങളെക്കാളും ഞാനിഷ്ടപ്പെടുന്ന ഹിന്ദുമതമല്ല അത്. അത് ഹിന്ദുമതത്തിന് അപ്പുറത്താണ്. അതു മനുഷ്യന്റെ പ്രകൃതിയെ അപ്പടി മാറ്റുകയും ഉള്ളിലുള്ള സത്യത്തോട് അവനെ അഭേദ്യമായി കൂട്ടിച്ചേർക്കുകയും എന്നും ശുദ്ധീകരിക്കുകയും ചെയ്യുന്നു. പക്ഷേ നവഫാസിസ്റ്റുകളുടെ ‘ഹിന്ദുമതം’ മനുഷ്യന്റെ പ്രകൃതിയെ മാറ്റുകയോ ഉള്ളിലുള്ള സത്യത്തോട് അഭേദ്യമായി കൂടിച്ചേരുകയോ ശുദ്ധീകരിക്കുകയോ ചെയ്യുന്നില്ല. അതിനെല്ലാം നേർ വിപരീതമായി വർത്തിക്കുന്നൂ”. ‘മതമുള്ളവന് അതിനെകുറിച്ച് അറിയില്ല’. എന്ന് സാമവേദവും ഉദ്ഘോഷിച്ചിട്ടുണ്ട്. സഹസ്രാബ്ദങ്ങൾക്ക് മുമ്പുതന്നെ താൻ ഒരു സനാതന ഹിന്ദുവാണെന്ന് ഗാന്ധിജി പറഞ്ഞതിനെ ഉയർത്തിപ്പിടിച്ച് കപടഗാന്ധി സ്നേഹം പ്രകടിപ്പിക്കുകയും അതേസമയം ഗാന്ധി വധത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നവർ ഗാന്ധിജി വിവക്ഷിച്ച ഹിന്ദുമതം എന്താണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിജി വിശ്വസിച്ച ഹിന്ദുമതത്തെയും ശാഖോപശാഖകളായി വളരുന്ന മതങ്ങൾ പകരുന്ന സഹിഷ്ണുതയെയും തമസ്കരിക്കുന്നവരാണ് ‘ഹിന്ദുമതം’, ‘ഹിന്ദുത്വം’ എന്നുരുവിട്ടുകൊണ്ട് വർഗീയ വിഷഫണം വിടർത്തിയാടുന്നത്. താനിഷ്ടപ്പെടുന്ന ഹിന്ദുമതമല്ല അതെന്ന് ഹിന്ദുമതത്തെ നിർവചിച്ച ഗാന്ധിജിയെ അവർ വെറുക്കുകയും ചെയ്യുന്നു. പുത്തൻ സത്യങ്ങളുടെ വെളിച്ചത്തെ ഭയപ്പെടുന്നതുകൊണ്ട് വിറപ്പിക്കുന്ന ഇരുട്ട് സൃഷ്ടിക്കുന്നു. മതവിദ്വേഷത്തിന്റെയും വർണവെറിയുടെയും സഹിഷ്ണതാ വെറുപ്പിന്റെയും വക്താവും പ്രയോക്താവും സത്യങ്ങളിലെ വെളിച്ചത്തെ ഭയപ്പെടുകയും ചെയ്യുന്ന കടുത്ത ഇരുട്ടിന്റെ സ്രഷ്ടാക്കളിൽ പ്രമുഖനുമായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സെപ്റ്റംബർ 17ന് 75 വയസ് തികഞ്ഞു. സംഘ് കുടുംബാംഗങ്ങൾ ആഘോഷത്തിമിർപ്പിലാണ്. ഗാന്ധിജിയെ ഗോഡ്സെ വധിച്ചപ്പോൾ ലഡു വിതരണം നടത്തി ഉന്മാദലഹരിപൂണ്ടവർ മോഡിയുടെ 75-ാം വയസ് പൂർത്തീകരണവേളയിൽ മധുരപലഹാരങ്ങൾ ആസ്വദിച്ച് കഴിച്ചാനന്ദിക്കുന്ന. പക്ഷേ ആ മധുരത്തിൽ യഥാർത്ഥത്തിൽ ഇന്ത്യാക്കാരനുണ്ടാവുന്നത് ഭീതി പടർത്തുന്ന കൊടുംകയ്പ്പാണ്.
വലതുപക്ഷ മാധ്യമങ്ങളും നരേന്ദ്ര മോഡിയുടെ കുഴലൂത്തു മാധ്യമങ്ങളും മുഖപ്രസംഗങ്ങളെഴുതി. മോഡി സർക്കാരിന്റെ പരസ്യചെലവിലും കുത്തക കോർപറേറ്റ് മുതലാളിത്ത ശക്തികളുടെ സ്വാധീനത്താലും തടിച്ചുകൊഴുക്കുന്ന ദൃശ്യമാധ്യമങ്ങളും ഒട്ടും പിന്നിലായിരുന്നില്ല. ഞാൻ മുമ്പേ, ഞാൻ മുമ്പേ എന്ന മത്സരത്തിലൂടെ അവർ മോഡിയെ അമരത്വമുള്ളവനും ഋഷിതുല്യനും സംപൂജ്യനും ഇന്ത്യയുടെ അനുഗ്രഹീത പുത്രനുമാക്കി സുവർണസ്വരത്താൽ വർണിച്ചു. മലയാളത്തിൽ ‘മലയാള മനോരമ ഭരണത്തുടർച്ചയുടെ മോഡിയുഗം’ എന്ന ലേഖനത്തിലൂടെ’ രാഷ്ട്രീയത്തിലെ റെക്കോഡുകൾ ഒന്നൊന്നായി ഭേദിക്കുന്ന’ മോഡിയുഗത്തെ വാഴ്ത്തി. ‘മാതൃഭൂമി കല്ലേറുകളും പൂമാലകളും’ എന്ന മുഖ്യലേഖനത്തിൽ കല്ലേറുകളുടെ കഥ ഒളിഞ്ഞിരിക്കുന്നു. ‘മോഡിയും ആർഎസ്എസും’, ‘അഡ്വാനിയും മോഡിയും’, ‘ഇരുളും വെളിച്ചവും’, ‘മോഡി ‑ഷാ ദ്വരും’ ‘ആത്മവിശ്വാസമെന്ന മൂലധനം’ എന്നീ ഉപശീർഷകങ്ങളിലാകെ പൂമാലകളുടെ വർഷം. മനോരമയ്ക്ക് നരേന്ദ്ര മോഡി ‘സ്വയംപര്യാപ്തതയുടെ ശില്പി’ എന്ന അമിത് ഷായുടെ ലേഖനം മുഖപേജിൽ ഒന്നാം ലേഖനമായി തന്നെ അച്ചടിക്കണമായിരുന്നൂ. മാതൃഭൂമി അല്പം പിന്നിലായി പോയി. എങ്കിലും ഒട്ടും പിന്നിലാകാതെ ‘സുശക്ത സ്വയംപര്യാപ്ത ഭാരതത്തിന്റെ ശില്പി’ എന്ന അമിത് ഷായുടെ മോഡി പ്രകീർത്തനം വർണാഭമായി പ്രസിദ്ധീകരിച്ചു. മോഡിക്ക് 75 എന്നത് ഒരു പ്രായമല്ല, കേവലമൊരു കണക്കു മാത്രമാണെന്ന് മാധ്യമങ്ങൾ വായ്ത്താരി നടത്തുന്നു. മോഡിയുടെ ജീവചരിത്രം പാഠപുസ്തകങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിട്ട് നാളേറെയായി. ഏഴ് ഇന്ത്യൻ ഭാഷകളിൽ മോഡി ജീവിത ഗാഥകൾ ചലച്ചിത്ര കാവ്യമാവാൻ പോവുന്നു.
ഗുജറാത്തിലെ വർഗീയ കലാപത്തിലെ നിലപാട് ചാഞ്ചാട്ടമില്ലാത്ത ഭരണാധികാരിയെന്ന ഇമേജാണ് മോഡിക്ക് നൽകിയത് എന്ന ‘മനോരമ’ ലേഖനത്തിലെ പ്രശംസാവചനം ‘ജന്മഭൂമി‘യിലോ ‘കേസരി‘യിലോ ആണ് അച്ചടിച്ചു വന്നതെങ്കിൽ ആരും അതിശയിക്കില്ല. പക്ഷേ 2002ൽ ഗുജറാത്തിൽ നടന്ന വംശഹത്യാ പരീക്ഷണവും രണ്ടായിരത്തിലേറെ മനുഷ്യർ ഒരു മതത്തിൽ പിറന്നു പോയതിന്റെ പേരിൽ നിർദയം കൊന്നുതള്ളപ്പെട്ടതും ഭ്രൂണാവസ്ഥയിലെ കുഞ്ഞിനെ ത്രിശൂലം കൊണ്ട് കുത്തിയെടുത്ത് അഗ്നിക്കിരയാക്കിയതും പതിനായിരങ്ങളെ സർവതും നഷ്ടപ്പെട്ട അഭയാർത്ഥികളാക്കിയതും മനോരമയ്ക്ക് കേവലം വർഗീയ കലാപവും മോഡിയുടെ പ്രതിഛായാ വർധനവിന്റെ അടയാളപത്രവുമാണ്. കല്ലേറുകളെ പൂമാലകളാക്കുന്ന കരവിരുതുള്ള മാന്ത്രികനാണ് മാതൃഭൂമിക്ക് മോഡി.
ഈ മാധ്യമ സ്തുതിപാഠക സംഘം 11 വർഷത്തെ ഭരണ ധാർഷ്ട്യത്താൽ സൃഷ്ടിക്കപ്പെട്ട വർഗീയ ഫാസിസ്റ്റ് അജണ്ടകളുടെയും വംശവിദ്വേഷത്തിന്റെയും വർണവെറിയുടെയും കലാപങ്ങളുടെയും കൊലപാതക പരമ്പരകളുടെയും ഇന്ത്യയെ കാണുന്നില്ല. ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാണാതിരിക്കുവാൻ വെളിമ്പ്രദേശത്ത് മലമൂത്രവിസർജനം നടത്തുവാൻ വിധിക്കപ്പെട്ട പട്ടിണിപ്പാവങ്ങളുടെ ചേരികളില്‍ വമ്പൻ മതിലുകൾ സൃഷ്ടിച്ചത് കണ്ടില്ല. സാംസ്കാരിക – രാഷ്ട്രീയ – മാധ്യമ ലോകത്തെ എതിർശബ്ദങ്ങളെ വെടിയുണ്ടകളാൽ അമർച്ച ചെയ്യുന്നത് കണ്ടില്ല. വർഗീയ കലാപങ്ങളും ബുൾഡോസർ ഇടിച്ചുനിരത്തലുകളും കാണുന്നില്ല. പുൽവാൽമയിലും പഹൽഗാമിലുമുൾപ്പെടെ നടന്ന ഭീകരാക്രമണങ്ങളെയും വീരമൃത്യു വരിച്ച ധീരദേശാഭിമാനികളായ സൈനികരെയും കണ്ടില്ല. കർഷക ആത്മഹത്യാ പരമ്പരകളും കർഷക പ്രക്ഷോഭത്തിൽ കൊടും ശൈത്യത്തിലും വേനലിലും പിടഞ്ഞുവീണ 750ലേറെ കർഷകരെ കണ്ടതേയില്ല. വമ്പൻ കോർപറേറ്റുകൾ വമ്പൻ കുബേരൻമാരായി ആകാശം മുട്ടെ വളരുമ്പോൾ ദാരിദ്ര്യവും പട്ടിണിയും കൊണ്ട് വിശന്നൊട്ടിയ വയറുമായി വിലപിക്കുന്ന കോടാനുകോടികളെ കണ്ടില്ല. വ്യവസായങ്ങൾ മുതലാളിമാർക്ക് വിറ്റഴിച്ചും പൊതുമേഖലാ സംവിധാനത്തെ അട്ടിമറിച്ചും തൊഴിൽ നിയമഭേദഗതി നടത്തിയും തൊഴിൽ നഷ്ടപ്പെട്ട ലക്ഷോപലക്ഷം തൊഴിലാളികളെയും തൊഴിലില്ലായ്മാ രാഹിത്യത്താൽ (പ്രതിവർഷം രണ്ട് കോടി തൊഴിൽ എന്ന വാഗ്ദാനത്തിൽ വിശ്വസിച്ചവർ) കിനാവ് കത്തിക്കരിഞ്ഞലയുന്ന ചെറുപ്പക്കാരെയും കണ്ടില്ല.
ഏകമത രാഷ്ട്രവാദവും ഏക ഭാഷ, ഏക വേഷം, ഏക സംസ്കാരം, ഏക ഭക്ഷണം എന്ന സംഘ്കുടുംബാജണ്ടയ്ക്ക് വേഗത വർധിപ്പിക്കുന്നതും പൗരാവകാശനിഷേധവും കാണാൻ വെളിച്ചം കിട്ടുന്നില്ല. ലക്ഷക്കണക്കിനു മനുഷ്യരുടെ സമ്മതിദാനാവകാശം വെട്ടിനിരത്തുന്നതും വ്യാജലക്ഷങ്ങൾ വോട്ടർ പട്ടികയിൽ നുഴഞ്ഞു കയറുന്നതും അറിയുന്നില്ലേ. തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെ ഭരണഘടനാ സ്ഥാപനങ്ങൾക്കുമേൽ അടിമത്തനുകം ചാർത്തുന്നത് കാണാതെ പോവുന്നുവോ? . ഗാസയിൽ പട്ടിണികിടന്നു മരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും രോദനവും ബോംബ് വർഷത്താൽ ചിതറിത്തെറിക്കുന്ന മനുഷ്യമാംസങ്ങളുടെ പൊള്ളുന്നകാഴ്ചയും കാണാതെ ഇസ്രായേൽ സയണിസ്റ്റ് ഭീകരതയ്ക്കും അമേരിക്കൻ സാമ്രാജ്യത്വത്തിനും മോഡി ഭരണകൂടം കരഘോഷം മുഴക്കി പിന്തുണയ്ക്കുന്നത് കാണാൻ അന്ധത ബാധിച്ച മാധ്യമങ്ങൾക്കാവുന്നില്ല. കത്തിയെരിയുന്ന മണിപ്പൂരിലെ അലമുറകളും കൂട്ടബലാത്സംഗത്തിനിരയാവുന്ന സ്ത്രീകളുടെ നിലയ്ക്കാത്ത നിലവിളികളും കേൾക്കുവാൻ സ്തുതിപാഠക സംഘങ്ങളുടെ ബധിരകർണങ്ങൾക്കാവുന്നില്ല. ഗാന്ധിജിയുടെ ഹിന്ദുമതമെവിടെ…? മോഡിയുടെയും അമിത് ഷായുടെയും സംഘ്കുടുംബത്തിന്റെയും ഹിന്ദുത്വമെവിടെ?
നരേന്ദ്ര മോഡി നാടകാഭിനിവേശ ത്വരയും ദുർഗ്രാഹ്യമായ കൗശലവും മാത്രം പ്രയോഗിക്കുന്നതിൽ ബദ്ധശ്രദ്ധനാണ്. രത്നങ്ങളുടെ അക്ഷയഖനിയായ മണിപ്പൂർ കത്തിയെരിയുവാൻ തുടങ്ങിയിട്ട് രണ്ടുവർഷത്തിലേറെയായി. മണിപ്പൂരിലെ ബിജെപി സർക്കാരിന്റെ വികല നിലപാടുമൂലം പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിന് കേന്ദ്രസർക്കാരും മണിപ്പൂർ സർക്കാരും പച്ചക്കൊടി വീശുകയായിരുന്നൂ. മണിപ്പൂർ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ടരവർഷം നരേന്ദ്ര മോഡിക്ക് മണിപ്പൂർ ഇന്ത്യയുടെ ഭാഗമേയായി തോന്നിയിരുന്നില്ല. 75 വയസ് തികയുന്നതിന് നാളുകൾക്കു മുമ്പ് മോഡി നാടകമാടാൻ മണിപ്പൂരിലെത്തി. തൊട്ടുപിന്നാലെ കലാപങ്ങൾ ആളിക്കത്താൻ തുടങ്ങി. മോഡിയുടെ പൊള്ളവാഗ്ദാനങ്ങളെ മണിപ്പൂർ ജനത പുച്ഛത്തോടെ തള്ളി തെരുവിലിറങ്ങി കലാപത്തീ പടർത്തുന്നു. ഛത്തീസ്ഗഢിൽ മതപരിവർത്തനമാരോപിച്ച് കന്യാസ്ത്രീകളെ ആക്രമിക്കുകയും മിഷണറിമാരെ വേട്ടയാടുകയും അന്യായ തടങ്കലിൽ പാർപ്പിക്കുകയും ചെയ്യുമ്പോൾ അതിന് നേതൃത്വം നൽകുന്ന സംഘ്കുടുംബാംഗമായ ബജ്റംഗ്‌ദളിനെയും ഛത്തീസ്ഗഢ് പൊലീസിനെയും പിന്തുണയ്ക്കുകയാണ് മോഡിയും അമിത് ഷായും. ബിജെപിയുടെ കേവലപ്രവർത്തകനും സംഘപരിവാര പ്രവർത്തകനുമായിരുന്ന നരേന്ദ്ര മോഡിയെ ബിജെപി നേതാവായിരുന്ന പ്രമോദ് മഹാജന്റെ പെട്ടിയെടുപ്പുകാരനിൽ നിന്ന് ബിജെപി ജനറൽ സെക്രട്ടറിയാക്കിയതും കേശുഭായ് പട്ടേലിനെമാറ്റി മുഖ്യമന്ത്രിയായി വാഴിച്ചതും അഡ്വാനിയാണ്. രാമനെ രാഷ്ട്രീയായുധമാക്കി, രഥയാത്ര നടത്തി. പള്ളി പൊളിച്ച് മതവികാരമുണർത്തി ബിജെപിയെ അധികാരത്തിലെത്തിച്ചതും അഡ്വാനി. ഗുജറാത്ത് വംശഹത്യയുടെ ഭരണകാലത്ത് ‘രാജനീതി’ എന്തായിരിക്കണമെന്ന് മോഡിയെ ഓർമ്മിപ്പിച്ച വാജ്പേയി ഉൾപ്പെടെയുള്ളവർ മോഡിയെ മുഖ്യമന്ത്രി പദത്തിൽ നിന്നൊഴിവാക്കുവാൻ നിശ്ചയിച്ചപ്പോൾ സുരക്ഷാ കവചമൊരുക്കി മോഡിയുടെ മുഖ്യമന്ത്രിപദം കാത്തതും അഡ്വാനി. വാജ്പേയിക്ക് പിന്നാലെ പ്രധാനമന്ത്രി പദത്തിന് കാത്തിരുന്ന അഡ്വാനിയെയും മുതിർന്ന നേതാവ് മുരളീമനോഹർ ജോഷിയെയും പ്രധാന മന്ത്രിയാകാൻ വെട്ടിനിരത്തിയത് നരേന്ദ്ര മോഡിയെന്നത് ചരിത്രത്തിലെ അണയാത്ത സത്യം. അഡ്വാനിക്കും ജോഷിക്കും വിനയായ 75 എന്ന പ്രായം മോഡിക്ക് മോടിപകരുന്ന 75 ആണ് എന്നത് ചരിത്രത്തിലെ കൗതുകം. 75 ആയവർ നിർണായക പദവികൾ ഒഴിയണമെന്ന് അടുത്ത കാലം വരെ ആവർത്തിച്ച ആർഎസ്എസ് സർസംഘ ചാലക്, മോഹൻ ഭാഗവതും ഇന്ന് മൗനത്തിന്റെ ചിതൽപ്പുറ്റിലാണ്. കാരണം മറ്റൊന്നല്ല. അദ്ദേഹവും 75 എന്ന കടമ്പ പിന്നിടുന്നു എന്നതു തന്നെ. ഇന്ത്യൻ ഐതിഹ്യങ്ങളെയും പുരാണങ്ങളെയും ഉപനിഷത്തുകളെയും വേദങ്ങളെയും ചരിത്രാഖ്യായികളെയും മുൻനിർത്തി വിഖ്യാത ചരിത്രകാരനായ എ എൽ ബാഷാം രചിച്ച ‘ഇന്ത്യ എന്ന വിസ്മയം’ എന്ന ഗ്രന്ഥം സംഘ്പരിവാരത്തിന്റെ കപട സാംസ്കാരിക പൈതൃകത്തിന്റെ അടിക്കല്ലിളക്കുന്ന പഠനങ്ങളിലൊന്നാണ്. ചക്രവർത്തിമാരുടെ നൃംശസതകളും സാമ്രാജ്യങ്ങളുടെ പതനവും ബാഷാം വിവരിക്കുന്നുണ്ട്. ആ ഗ്രന്ഥത്തിൽ ‘പഞ്ചതന്ത്ര’ത്തിലെ പല കഥകൾ ഉദ്ധരിച്ചതിൽ ഒന്നിൽ അദ്ദേഹം ഈ വിധം ചൂണ്ടിക്കാട്ടി.
‘-നുണയനെ സ്വന്തം നിലയിലുള്ള
ഒരാളായി ഗണിക്കുന്നവർ
നുണയന്മാരുടെ പരിഹാസപാത്രമാവും’ -
നുണകളുടെ പരമ്പരകൾ തീർക്കുന്ന, ഇന്ത്യ എന്ന വിസ്മയത്തിന്റെ ശോഭകെടുത്തുന്ന മോഡിയെന്ന നുണയനെ സ്തുതിക്കുന്ന, പരിഹാസ പാത്രങ്ങളാവുന്ന മാധ്യമങ്ങൾക്കുകൂടിയുള്ള ഗുണപാഠമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.