ഇന്നലെ പി എന്‍ പണിക്കര്‍സാറിന്റെ ചരമദിനമായിരുന്നു. ഇന്ത്യയിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായിരുന്നു പണിക്കര്‍സാര്‍. ഇന്നു നാം താലോലിക്കുന്ന ചില വാക്കുകളുണ്ട്. അയല്‍ക്കൂട്ടം, വായനാക്കൂട്ടം, വയോജന വിദ്യാഭ്യാസം, ഗിരിവര്‍ഗസാക്ഷരത എന്നിവയുടെ തിരി കൊളുത്തിയത് അദ്ദേഹമായിരുന്നു. ഇന്ന് ഈ വാക്കുകളെല്ലാം മഹാപ്രസ്ഥാനങ്ങളായി നമുക്ക് മുന്നില്‍ എഴുന്നു നില്‍ക്കുന്നു. എന്നിട്ടും പ്രകാശം പരത്തിയ ആ നക്ഷത്രം നമുക്കിന്നും ഒരു ഓര്‍മ്മപ്പിശക്. അക്ഷരങ്ങളും പുസ്തകങ്ങളും മാത്രം മനസിന്റെ പത്തായപ്പുരയില്‍ കൊണ്ടു നടന്ന ആ മഹാതാപസന് ഒരു സ്മാരകം പോലും ഉയര്‍ത്താന്‍ നമുക്കായില്ല. പണിക്കര്‍സാറിന്റെ ജന്മഗേഹം സ്മാരകമാക്കാനുള്ള പദ്ധതി ഇനിയും കടവിലടുക്കാതെ കിടക്കുന്നു. കുട്ടനാട്ടില്‍ നീലമ്പേരൂരിലെ അദ്ദേഹത്തിന്റെ ജന്മഗൃഹമാണ് സ്മാരകമാക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ആ പുരാതന ഭവനത്തിന്റെ സഹതാപാര്‍ഹമായ അവസ്ഥയൊന്നു കാണാന്‍ പോകുന്ന അക്ഷരസ്നേഹികളുടെ മനസു മന്ത്രിക്കും. ‘കണ്ണേമടങ്ങുക’. കഴുക്കോലുകളെല്ലാം ജീര്‍ണിച്ചു നിലംപൊത്തിയിരിക്കുന്നു. മേല്‍ക്കൂരയുണ്ടായിരുന്നു എന്ന സ്മാരകമായി പൊട്ടിപ്പൊളിഞ്ഞ മേച്ചിലോടുകള്‍, കാട്ടുവള്ളികള്‍ പടര്‍ന്നുകയറിയ മേല്‍ക്കൂര, സ്മാരക നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ജന്മഗേഹത്തില്‍ അണലിപ്പറ്റങ്ങള്‍, മൂകസാക്ഷികളായി പൊളിഞ്ഞ ഭിത്തിയില്‍ ഏകാകിയായി പണിക്കര്‍ സാറിന്റെ മാറാലമൂടിയ ചില്ലിട്ട ചിത്രം.
സാര്‍ തുടങ്ങിവച്ച ഗ്രന്ഥശാലയും അദ്ദേഹം പഠിപ്പിച്ചിരുന്ന സ്കൂളും നാട്ടുകാര്‍ ഭംഗിയായി നടത്തുമ്പോള്‍ സ്മാരകത്തിനായി ഏറ്റെടുത്ത ഈ ജന്മഗേഹം ഒരോര്‍മ്മത്തെറ്റിന്റെ, നന്ദികേടിന്റെ സ്മാരകമാവുന്നു. ഇന്ത്യന്‍ സേനാമേധാവികള്‍ ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പച്ചക്കളം നിരത്തി. ‘99 മേയ് മൂന്നു മുതല്‍ ജൂലൈ 26 വരെ നീണ്ടുനിന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ പിന്നാലെയാണ് അഗ്നിപഥ് പദ്ധതി ആവിഷ്കരിച്ചതെന്ന്. നിര്‍ണായകമായ ഒരു പദ്ധതി നടപ്പാക്കാന്‍ 23 വര്‍ഷം വേണ്ടിവന്നുവെന്ന പച്ചക്കള്ളം നാമങ്ങു വിശ്വസിച്ചുകൊള്ളണം. രാജ്യത്തെ ആര്‍എസ്എസിനെ അത്യാധുനികമായി സൈനികവല്ക്കരിച്ച് ഇന്ത്യന്‍ സേനയെ തുരത്തി ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതി പക്ഷേ തുടങ്ങിയത് 2013 മുതലാണെന്ന് സംഘ്പരിവാറിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. അതായത് മോഡി അധികാരത്തിലേറുന്നതിനു തൊട്ടുമുമ്പ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ രൂപീകരിച്ച സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ മുഖപത്രമായ സനാതന്‍ പ്രഭാതില്‍ ഈ അഗ്നിപഥ് പദ്ധതിയുടെ രൂപരേഖയുണ്ട്. ‘ഹിന്ദുവിപ്ലവത്തിന്റെ ആദ്യവെടിപൊട്ടുമ്പോള്‍ പൊലീസായിരിക്കണം നമ്മുടെ ആദ്യ ലക്ഷ്യം. പൊലീസിനെയും സൈന്യത്തെയും പരാജയപ്പെടുത്തിയാലേ ഹിന്ദുരാഷ്ട്രം സാധ്യമാവൂ എന്നാണ് രൂപരേഖയിലെ സാരാംശം. 2023 ആകുമ്പോള്‍ സൈനിക പരിശീലനം സിദ്ധിച്ച നാല് ലക്ഷം സനാതനധര്‍മ്മ ഭീകരരെ ഒരുക്കിനിര്‍ത്തണമെന്നാണ് രൂപരേഖയിലെ ആഹ്വാനം. ഈ പദ്ധതി മോഡി സര്‍ക്കാരിനു സമര്‍പ്പിച്ചത് ജൂണ്‍ 12ന് ആയിരുന്നു. കയ്യോടെ അഗ്നിപഥ് എന്ന ഓമനപ്പേരിട്ട് ഇപ്പോള്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. അഗ്നിപഥിനെന്ത് കാട്ടുതീയുടെ വേഗമായിരുന്നു. പ്രതിവര്‍ഷം സമൂഹത്തിലേക്ക് പറഞ്ഞുവിടുന്ന ഈ സംഘ്പരിവാര്‍ സൈനികര്‍ക്ക് പിരിയുമ്പോള്‍ 11 ലക്ഷം രൂപ വീതം ഖജനാവില്‍ നിന്ന് നല്‍കുകയും ചെയ്യും. ഹിന്ദുവിമോചന സായുധ വിപ്ലവത്തിനുള്ള ചെലവുകാശായി! പക്ഷേ ഇതുതിരിച്ചറിഞ്ഞ ഇന്ത്യന്‍ ജനതയും യുവതയും ഒരു പരിശീലനവുമില്ലാതെ തന്നെ രാജ്യത്തെയാകെ അഗ്നിപഥത്തിലൂടെ നടത്തിക്കുന്നു. എന്നിട്ടും പദ്ധതി നടപ്പാക്കിയേ അടങ്ങൂ എന്ന് മോഡി പറയുന്നതില്‍ ലോകം കണ്ട ഏറ്റവും വലിയ ആഭ്യന്തര യുദ്ധമാണ് പതിയിരിക്കുന്നതെന്ന് ഓര്‍ക്കുക.
നമുക്ക് വേണ്ടത് ഊളമ്പാറകളും ഞരമ്പുരോഗാശുപത്രികളും കെ-റയിലും കെ-ഫോണുമാണ്. നമുക്കത് തല്ക്കാലം മാറ്റിവയ്ക്കാം. കാരണം നമ്മുടെ ഈ മനോഹര ഭൂമി ഒരു ഭ്രാന്താലയമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഞരമ്പു രോഗികളുടെ ഒന്നാംതരമൊരു പറുദീസ. പിഞ്ചു കുഞ്ഞുങ്ങളുടെ നഗ്നമേനികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ആറുമാസത്തിനിടെ 1296 കേസുകളാണെടുത്തത്. ഏപ്രിലില്‍ മാത്രം 300 കേസുകള്‍. 14 പേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും അമ്മയുടെ കാമുകനും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഒരു വാര്‍ത്ത. മലപ്പുറത്തെ ഒരു പ്രമുഖ പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ അധ്യാപകന്‍ 30 വര്‍ഷമായി തന്റെ കുരുന്നു ശിഷ്യകളെ പീഡിപ്പിച്ചതിന് മൂന്നു കേസുകളില്‍ അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ ഉടന്‍ തന്നെ മറ്റൊരു പീഡനക്കേസില്‍ ഇന്നലെ റിമാന്‍ഡിലായി. കൊട്ടാരക്കരയിലെ ഒരു വിരുതന്‍ അറസ്റ്റിലായത് നാടെമ്പാടുമുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഒരു വന്‍ ശേഖരമുണ്ടാക്കിയതിന്. നഴ്സുമാര്‍ വസ്ത്രം മാറുന്നതിന്റെ ചിത്രങ്ങളെടുത്തതിന് പൊലീസ് പൊക്കിയത് യുവാവിനെ. മദ്യപിച്ചു ഞരമ്പ് രോഗിയായ പിതാവിന്റെ പീഡനം ഭയന്ന് റബര്‍ തോട്ടത്തിലൊളിച്ച നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. എണ്ണിയാലൊടുങ്ങാത്ത ഞരമ്പുരോഗികളുടെ കുത്തൊഴുക്ക്. ലൈംഗിക പീഡനത്തിനിരയായി കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ സംഖ്യ 177. നാമെങ്ങോട്ടാണ്. ഇക്കണക്കിന് പോയാല്‍ വാര്‍ഡുതോറും ഊളമ്പാറകളും ഞരമ്പുരോഗ ചികിത്സാക്ലിനിക്കുകളും വേണ്ടിവരും. എന്നിട്ടും നാം നെഞ്ചുവിടര്‍ത്തി കൈകളുയര്‍ത്തി ആകാശത്തില്‍ ഇടിച്ചു തുളയിട്ടു വീമ്പിളക്കുന്നു.
ഗുരുവായൂര്‍ അമ്പലത്തില്‍ കോടിക്കണക്കിനു രൂപയും കിലോക്കണക്കിന് സ്വര്‍ണവുമാണ് ഭണ്ഡാരങ്ങളില്‍ നിറഞ്ഞു കുമിയുന്നത്. ഭഗവാനെന്തിനാണ് പണം! ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയിലാണെങ്കില്‍ കാണിക്കകളുടെ പെരിയാര്‍ പ്രവാഹമാണ്. പക്ഷെ നിത്യനിദാന ചെലവുകള്‍ക്കായി സര്‍ക്കാരിനു മുന്നില്‍ കൈനീട്ടുന്നു. പക്ഷേ കോടാനുകോടി രൂപയുടെ ഈ വരുമാനമെല്ലാം എങ്ങോട്ടൊഴുകുന്നുവെന്ന് ആര്‍ക്കുമറിയില്ല. സീസണ്‍ അല്ലാത്ത മാസങ്ങളില്‍ നിലയ്ക്കല്‍ മുതല്‍ പമ്പവരെയുള്ള ഭാഗത്തു നിന്നും മലമൂത്രാദികള്‍ നീക്കം ചെയ്തതിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് ചില ഉന്നതരെ പൊക്കി. സൗജന്യ അന്നദാനത്തിന്റെ പേരില്‍ തട്ടിയതും ലക്ഷങ്ങള്‍. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ചെയ്യാത്ത മരാമത്തുപണികള്‍ നടത്തിയെന്ന പേരില്‍ കോടികള്‍ തട്ടിയ ഉന്നതരും അറസ്റ്റില്‍. കലിയുഗവരദന്‍ അയ്യപ്പസ്വാമിയാണെങ്കില്‍ മൗനിയും. ദേവസ്വം ബോര്‍ഡിന്റെ കയ്യില്‍ പിച്ചച്ചട്ടിയും. ദൈവത്തിന്റെ പണം ഇങ്ങനെ കണ്ടമാനം കക്കുന്നതിലുള്ള പ്രതിഷേധ സൂചകമായിരുന്നുവോ കോഴിക്കോട് സ്വദേശിനി ലക്ഷ്മി മേനോന്‍ എന്ന യുവതിയുടെ അസാധാരണ കാണിക്കയെന്ന് തോന്നിപ്പോയി. ഓണ്‍ലൈന്‍ വഴി വരുത്തിയ രാജഹംസത്തിന്റെ തൂവലുകളില്‍ വരച്ച ദശാവതാര ചിത്രങ്ങള്‍ ഗുരുവായൂരപ്പനു കാണിക്കയര്‍പ്പിച്ചതില്‍ എന്തൊരു പ്രതീകച്ചന്തം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.