22 June 2024, Saturday

പ്രഹരമേറ്റ വർഗീയ ഫാസിസം, ജനാധിപത്യത്തിന്റെ മിന്നൽത്തിളക്കം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
June 7, 2024 4:36 am

“അപാരതയിൽ നിന്നൊഴുകി വീണീടു-
മഗാധ മൗനമിങ്ങിടിഞ്ഞുറങ്ങുമോ!
അനക്കമറ്റൊരീ നിദാഘ ദീപ്തിയി-
ലനന്ത ശൂന്യതയലിഞ്ഞു ചേർന്നുവോ.
അവിടയാഴത്തിൽ കുഴിച്ചു മൂട-
പ്പെടുത്തമാത്രയിൽ ഉയിർന്നേറ്റോർ” (വയലാര്‍-തിരുനല്ലൂര്‍)
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സദ് സന്ദേശം വിപുലവും സഫലവുമാണ്. വർഗീയതയ്ക്കും മതവിദ്വേഷത്തിനും വിഭാഗീയതയ്ക്കും വിഭജന രാഷ്ട്രീയത്തിനും ഭരണഘടനാധ്വംസനത്തിനും ജനാധിപത്യ വിരുദ്ധതയ്ക്കും എതിരായ ജനതയുടെ കയ്യൊപ്പാണ് ദേശീയ തെരഞ്ഞെടുപ്പ് ഫലം. അപാരതയിൽ നിറഞ്ഞൊഴുകി അഗാധ മൗനങ്ങളിൽ വർഗീയ ഫാസിസ്റ്റ് തന്ത്രങ്ങളിലൂടെ ചലിച്ചവർ വീണുറങ്ങേണ്ടിവന്നു. അനക്കമറ്റ നിദാഘ ദീപ്തിയിൽ കത്തിയമർന്ന ശൂന്യതയിൽ, വർഗീയ ഫാസിസ്റ്റുകളും അവരുടെ വക്താക്കളും പ്രയോക്താക്കളും ജനവിധിയാൽ കത്തിയമർന്നു പോയി.
ജനാധിപത്യത്തെയും ഭരണഘടനയെയും മതനിരപേക്ഷതയെയും വെല്ലുവിളിച്ചുകൊണ്ട് ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ഫാസിസ്റ്റ് അജണ്ടകളുമായിട്ടായിരുന്നു നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ‘എല്ലാം ഞാൻ, ഞാൻ’ എന്നു മാത്രമായിരുന്നു പ്രചരണത്തിലെ മോഡിയുടെ ഉദ്ഘോഷണം. കേന്ദ്ര സർക്കാർ പരസ്യങ്ങള്‍ പോലും, അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ അത് ആവർത്തിച്ചാവർത്തിച്ച് ‘മോഡി ഗ്യാരന്റി’ എന്ന തലവാചകത്തോടെ വന്നു കൊണ്ടേയിരുന്നു.
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ‘മോഡി ഗ്യാരന്റി’ പറഞ്ഞു നടന്ന നരേന്ദ്ര മോഡി രണ്ടാംഘട്ടം മുതൽ വംശവിദ്വേഷത്തിന്റേയും വർഗീയ ധ്രുവീകരണത്തിന്റെയും ഒരിക്കലും പൊറുക്കാനാവാത്ത കറുത്ത കാർഡ് പുറത്തെടുത്തു. മുസ്ലിങ്ങൾ കടന്നുകയറ്റക്കാർ, അധിനിവേശക്കാർ, പെറ്റുപെരുകുന്നവർ രാജ്യദ്രോഹികൾ… അവരെ ഒറ്റപ്പെടുത്തണം എന്നായി പ്രഖ്യാപനം. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഇന്ത്യൻ ജനതയുടെ സ്വപ്നമായിരുന്നുവെന്നും അത് യാഥാർത്ഥ്യമാക്കിയത് ബിജെപിയാണെന്നും തെരഞ്ഞെടുപ്പ് റാലിയിൽ ആവർത്തിച്ച മോഡി ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും ആക്രോശിച്ചു.
അയോധ്യയിലെ രാമൻ വിഹരിച്ച മണ്ണിൽ, രാമക്ഷേത്രം നിർമ്മിച്ച മണ്ണിൽ, ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി ജനവിധിയിൽ മൂക്കുകുത്തി വീണു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തുകൊണ്ട്, താഴികക്കുടങ്ങളെ മൺതരികളാക്കികൊണ്ട് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിൽ ഉയിർത്തെഴുന്നേല്പിന് ബിജെപി ആയുധമാക്കിയത് രാമനെയും അയോധ്യയെയുമായിരുന്നു. എൽ കെ അഡ്വാനിയുടെ രഥയാത്ര, എത്രയോ വർഗീയ സംഘർഷങ്ങൾ, കലാപങ്ങൾ, രക്തപ്പുഴകൾ… സരയൂ നദിയിൽ മുങ്ങിത്താഴ്ന്ന രാമനെ രാഷ്ട്രീയ ആയുധമാക്കിയാണ് സംഘപരിവാരം രാഷ്ട്രീയാധികാര സിംഹാസനത്തിലേറിയത്.
ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ സമഗ്രാധിപത്യം പുലർത്തിയിരുന്ന ബിജെപി സഖ്യം ഇത്തവണ കാൽവഴുതി വീണു. 2019ൽ 63 സീറ്റുകൾ നേടിയിരുന്നവര്‍, രാമനും അയോധ്യയും തുണയ്ക്കാതിരുന്ന ഈ തെരഞ്ഞെടുപ്പിൽ 36 സീറ്റുകളിലേക്ക് കൂപ്പുകുത്തി. രാജസ്ഥാനിലും ഹരിയാനയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും സംഘപരിവാര ഫാസിസ്റ്റ് അജണ്ടകൾക്ക് കനത്ത തിരിച്ചടിയേറ്റു. ഉത്തർപ്രദേശിലും ഹരിയാനയിലും പഞ്ചാബിലും രാജസ്ഥാനിലുമുണ്ടായ ജനകീയരോഷം കർഷക പ്രതിഷേധത്തിന്റെ കൂടി ഭാഗമായിരുന്നു. കർഷകമാരണ നിയമങ്ങൾക്കെതിരായി കർഷകർ നടത്തിയ മഹാ പ്രക്ഷോഭത്തിൽ നൂറു­കണക്കിന് പേര്‍ ധീരരക്തസാക്ഷിത്വം വരിച്ചു. കൊടുംശൈത്യത്തിലും കൊടുംവേനലിലും കുത്തക ബൂർഷ്വാശക്തികൾക്കെതിരായി, അവരുടെ ഒത്താശക്കാരായ കേന്ദ്ര ഭരണകൂടത്തിനെതിരായി പൊരുതി മരിച്ചവരെ പരിഗണിക്കുവാൻ പോലും നരേന്ദ്ര മോഡി ഭരണകൂടം സന്നദ്ധമായിരുന്നില്ല.
ഉത്തർപ്രദേശിൽ നരേന്ദ്ര മോഡിയും ആദിത്യനാഥും അമിത്ഷായും ആർത്തലച്ചുയർത്തിയ വർഗീയ ഫാസിസ്റ്റ് കാർഡ് കൊടുങ്കാറ്റിൽ പറന്നുപോയി. ഇന്ത്യ മതനിരപേക്ഷതയുടെയും ഭരണഘടനാ സംരക്ഷണത്തിന്റെയും മണ്ണാണ് എന്ന് ജനങ്ങൾ ആവർത്തിച്ചുറപ്പിച്ചു. എങ്കിലും കോൺഗ്രസ് പുനർചിന്തനത്തിന് വിധേയമാവേണ്ട ഘട്ടം കൂടിയാണിത്. അരുണാചൽപ്രദേശ് ഉദാഹരണം. ഒരു കാവിക്കൊടി പോലും പാറാതിരുന്ന മണ്ണിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കാലുമാറി ബിജെപിയിൽ ചേക്കേറി. ഇപ്പോൾ 10 സീറ്റിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 60 സീറ്റിൽ 46ലും അവര്‍ ജയിച്ചു.
അസമിൽ, മധ്യപ്രദേശിൽ, ഗോവയിൽ, മണിപ്പൂരിൽ കോൺഗ്രസിന്റെ കാലുമാറ്റ രാഷ്ട്രീയം നാം അനവരതം കണ്ടുകൊണ്ടേയിരിക്കുന്നു. മൃദുഹിന്ദുത്വ വർഗീയ നയമാണ് കോൺഗ്രസിനെ നയിക്കുന്നത്. ഇത് കേരളത്തിലും പ്രകടമാണ്. തൃശൂരിലെ ബിജെപി വിജയത്തിൽ ഇത് പ്രത്യക്ഷമായി. 2019ലെ യുഡിഎഫ് വോട്ട് വിഹിതത്തിൽ നിന്ന് ഒരുലക്ഷത്തോളം വോട്ട് കുറഞ്ഞു. ഈ വോട്ട് ഒഴുകിയെത്തിയത് ബിജെപി കൂടാരത്തിലല്ലാതെ മറ്റെവിടെ? ഇടതുപക്ഷത്തിന് പതിനാറായിരത്തിലേറെ വോട്ട് വർധിച്ചു. യുഡിഎഫ് ബിജെപിക്കു വേണ്ടി വോട്ട് ചോർത്തി. തിരുവനന്തപുരത്തും കഥ തഥൈവ. മുമ്പ് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ഹിന്ദുത്വ വർഗീയതയുമായി കൈകോർത്തവർ ഇത്തവണയും അതാവർത്തിച്ചു.
കോൺഗ്രസും ബിജെപിയും ഹിന്ദുത്വ വർഗീയതയുടെ കാര്യത്തിൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ആവർത്തിച്ചു തെളിയിക്കുന്നതാണ് തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ ഉൾപ്പെടെയുള്ള മണ്ഡല ഫലങ്ങൾ. തുലാസിൽ തൂങ്ങുന്ന നരേന്ദ്ര മോഡി അധികാരത്തിലെത്തിയാൽ ഓന്ത് നിറം മാറുന്ന പോലെ നിറം മാറുന്ന നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും കടിഞ്ഞാണിലായിരിക്കും അധികാരം.
“എന്തിനെന്നെ വിളിച്ചൂ? വീണ്ടുമീ
മന്ത്രകോടിയുടുപ്പിച്ചൂ?
കണ്ണുനീരിനാൽ തോരണം ചാർത്തുമീ
കതിർമണ്ഡപത്തിൽ നിന്നുരുകാനോ?” ഈവിധം വിലപിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ഏകഛത്രാധിപതിയാകാൻ കൊതിച്ച നരേന്ദ്ര മോഡി, ചരിത്രം സാക്ഷിയാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.