
രാമൻ ഒരു പ്രകാരത്തിലും അച്ഛന്റെ വാക്ക് നടപ്പാക്കുന്നതിൽ നിന്ന് ലവലേശം പിന്തിരിയാൻ തയ്യാറല്ലെന്ന് ബോധ്യമായപ്പോൾ, കാട്ടിൽ വച്ച് അഭിഷേകം നടത്തി അയോധ്യയുടെ ഭരണം ഭരതന്റെ ചുമലിൽ വയ്ക്കാൻ അതിശക്തമായ സമർദങ്ങളുണ്ടായി. പക്ഷേ തീരുമാനമെടുത്താൽ അതിൽ നിന്ന് പിൻവാങ്ങുന്ന ശീലം രാമന് മാത്രമല്ല, ഭരതനും ഇല്ലായിരുന്നു. അതിനാൽത്തന്നെ രാമൻ അഭിഷേകത്തിനു തയ്യാറില്ല എന്നിരിക്കെ, താനും അഭിഷേകത്തിനു തയ്യാറല്ല എന്ന നിലപാട് ഭരതനെടുത്തു. ഇതോടെ രാജ്യം രാജാവില്ലാത്ത അവസ്ഥയിൽ എത്തിയേക്കുമോ എന്ന ഭീതി സർവത്ര ഉണ്ടായി.
രാമൻ അഭിഷിക്തനായി അയോധ്യയിലേക്ക് വരുവാൻ തയ്യാറാകുന്നതുവരെ ദർഭപ്പുല്ല് വിരിച്ച് ഉപവാസം കിടക്കും എന്ന് ഭരതൻ പ്രതിജ്ഞ ചെയ്തു. രാമന്റെ അനുമതിയില്ലാതെ ആരും തനിക്ക് ദർഭപ്പുല്ല് കൊണ്ടുവന്ന് തരില്ലെന്നു ബോധ്യമായപ്പോൾ, അദ്ദേഹം സ്വയം ദർഭപ്പുല്ല് ശേഖരിച്ച് ഉപവാസ പ്രതിജ്ഞ നിറവേറ്റാൻ കിടന്നു. ഈ അവസരത്തിൽ രാമൻ ഉള്ളലിവോടെ ഭരതനെ പിടിച്ചെഴുന്നേല്പിച്ചു ചെയ്യുന്ന സാരോപദേശങ്ങൾ ഏറെ വിചാരമധുരവും വൈകാരികപ്പൊലിമയും ഉള്ളതാണ്.
രാമൻ പറയുന്നു;
“ആഗതാ ത്വാമിയം ബുദ്ധിഃ സ്വജാ വൈനയികീ ച യാ
ഭൃശമുത്സഹസേ താത രക്ഷിതും പൃഥ്വീമപി = അല്ലയോ ഭരതാ, ഭവാന് സഹജമായ ബുദ്ധിശക്തിയുണ്ട്. വേണ്ടുന്ന ശിക്ഷണം കൊണ്ട് സിദ്ധിച്ച ശക്തിയും ഉണ്ട്. ഭൂമിയെ പരിപാലിക്കാൻ നീ പൂർണമായും ശക്തനാണ്” (അയോധ്യാകാണ്ഡംഃ സർഗം 112; ശ്ലോകം 16). തുടർന്ന് രാമൻ തന്റെ നിലപാട് പറയുന്നു; ”ചന്ദ്രൻ ശ്രീയെ വെടിയാം. ഹിമവാൻ ഹിമത്തെ ത്യജിക്കാം. സാഗരം തീരത്തെ അതിവർത്തിക്കാം. പക്ഷേ ഞാൻ പിതാവിനോടു ചെയ്ത പ്രതിജ്ഞ വെടിയുകയില്ല” (സർഗം 112; ശ്ലോകം18). എന്നുവച്ചാൽ ഭരതൻ നാടുവാഴാൻ പ്രാപ്തനാണെന്നതിനാൽ നാടുവാഴണം; രാമൻ കാട്ടിൽ കഴിഞ്ഞ് പിതാവിന്റെ വാക്ക് നടപ്പാക്കും. പക്ഷേ ഇത്തരം ഉപദേശം കൊണ്ടല്ല ഭരതൻ മയപ്പെടുന്നതെന്നും വാല്മീകി രാമായണം പറയുന്നുണ്ട്.
രാവണാദി രാക്ഷസ നിഗ്രഹത്തിന് ഭരതൻ പ്രാപ്തനല്ല; അതിന് രാമനെക്കൊണ്ടേ പറ്റൂ. അതിനായി രാമൻ കാട്ടിൽ കഴിയണം. നാട് അനാഥമാവാതിരിക്കാൻ ഭരതൻ നാടും വാഴണം. അതിനാൽ ദേവഗണങ്ങൾ ഒരു അശരീരിവാക്യം പുറപ്പെടുവിച്ചു — ”കൈകേയിക്ക് കടപ്പെട്ടവനല്ലാതെ മരിച്ചതിനാലാണ് ദശരഥൻ സ്വർഗം പൂകിയത്. ഈ രാമൻ പിതാവിന്റെ കടം വീട്ടിയവനായി തീരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” (സർഗം 112; ശ്ലോകം 6). ഈ അശരീരിവാക്യമാണ് ഭരതനെ നാട് കാക്കാം എന്ന നിലയിലേക്ക് പരുവപ്പെടുത്തുന്നത്.
ഭരതൻ പരുവപ്പെട്ടപ്പോൾ രാമൻ ശാസന ആത്മാവായിരിക്കുന്ന ഒരു പ്രധാന സാരോപദേശം ഭരതന് നൽകുന്നുണ്ട്. ”കാമം കൊണ്ടോ ലോഭം കൊണ്ടോ ചെയ്തതാണെങ്കിലും ഭവാന്റെ അമ്മ ഭവാനായി ചെയ്തതിനെപ്പറ്റി ഭവാൻ വെറുപ്പോടെ കരുതരുത്. മാതാവിനോട് ഉത്തമ പുത്രൻ പെരുമാറുംവിധം തന്നെ എപ്പോഴും പെരുമാറുക” (സര്‍ഗം 112; ശ്ലോകം 19). ‘എടീ കുലാന്തകേ രാമൻ എന്നെ മാതൃഘാതകൻ എന്നു കരുതി വെറുക്കാൻ ഇടവരില്ലെന്നുറപ്പുണ്ടായിരുന്നെങ്കിൽ, ഞാൻ ഭവതിയെ കൊന്നേനെ’ എന്ന് കേകയത്തു നിന്ന് അയോധ്യയിലെത്തി, കാര്യങ്ങളറിഞ്ഞപ്പോൾ പറഞ്ഞ ഭരതനോട് ഈ വിധം രാമൻ അനുശാസന ചെയ്യാത്ത പക്ഷം, ഭരതൻ കൈകേയിയെ എപ്പോഴും അറപ്പോടെയും വെറുപ്പോടെയും അകറ്റിനിർത്തി പെരുമാറി അപമാനിക്കും എന്ന് തീർച്ച. അങ്ങനെ പെറ്റമ്മയെ അപമാനിക്കുന്ന നില ഭരതന് ഉണ്ടാവരുതെന്ന ജാഗ്രത രാമനുണ്ടായിരുന്നു. തന്നെ ദ്രോഹിച്ചവരോടും അത്യന്തം സ്നേഹാദരങ്ങൾ പുലർത്താനുള്ള രാമന്റെ മനോഭാവത്തിന് പരിഗണനീയമായ ചില സൗശീല്യങ്ങൾ ഉണ്ട്. ഏതു വിഗ്രഹ ഭഞ്ജനാത്മക വിമർശനബുദ്ധിയും ഇത്തരം ഗുണങ്ങൾ കാണാതെ പോവരുത്.
അങ്ങനെ ഭരതൻ നാടുവാഴാൻ തീരുമാനിക്കുന്നു. പക്ഷേ സിംഹാസനത്തിൽ ഇരിക്കാതെ നാടുവാണ ഒരേയൊരു ധർമ്മരാജാവായി ഭരതൻ മാറുകയാണ്. തന്റെ സ‌്നേഹഭാജനവും ആദർശമാതൃകയുമായ ശ്രീരാമൻ ചവിട്ടിയ മെതിയടിയെ സ്വശിരസിലേന്തി, അയോധ്യയുടെ രാജസിംഹാസനത്തിൽ കുടിയിരുത്തി, ഒരു രാമപാദുക പരിപാലകനായി സ്വയം കരുതിക്കൊണ്ടാണ് ഭരതൻ രാജ്യപാലനം സ്തുത്യർഹമായി പതിനാലുവർഷം നടത്തുന്നത്. നാം വീട്ടിനകത്തേക്കു കയറ്റാതെ പുറത്ത് ഊരിവയ്ക്കുന്ന മെതിയടിക്ക് രാജസിംഹാസനത്തിൽ ഇടം നൽകിയ ആദ്യത്തെ ഭരണാധികാരിയാണ് ഭരതൻ — ഒരു പക്ഷേ അവസാനത്തെ ഭരണാധികാരിയുമാകാം. ഇത് ചെരിപ്പിന്റെ മഹത്വമല്ല, അതു ധരിച്ച രാമന്റെ മഹത്വമാണെന്ന് പറയാം. മഹത്വത്തെ യഥോചിതം മാനിക്കാനാകുന്നതും മഹത്വമാണ്.
നല്ല കൃതി എഴുതുവാൻ കഴിയുന്ന കവിയുടെ മഹത്വം പോലെ തന്നെ മാനനീയമാണ് നല്ല കൃതി വായിച്ച് ആസ്വദിച്ചാദരിക്കാൻ തയ്യാറാകുന്ന സഹൃദയന്റെ മഹത്വവും. ഇതുപോലെ രാമന്റെ മഹത്വത്തോളം പ്രധാനമാണ് രാമമഹത്വം മാനിക്കുന്ന ഭരതന്റെ മഹത്വവും. സഹൃദയരില്ലാത്ത ലോകത്ത് ഒരു കവിത്വവും വിലയുള്ളതാവില്ല. പന്നിക്കു മുന്നിൽ വിതറപ്പെട്ട മുത്തു മണികളെപ്പോലെയാവും സഹൃദയരല്ലാത്തവരുടെ മുന്നിലെ മഹാകാവ്യങ്ങൾ. ഇതുപോലെ ഭരതമാനസം ഇല്ലാത്ത ലോകത്ത് രാമമാഹാത്മ്യവും വിലയുള്ളതാവില്ല. രാമനെ അറിയാൻ നാം ഭരതരാകണം.
സീതയോ ലക്ഷ്മണനോ ഹനുമാനോ ആയാൽപ്പോലും ഭരതനോളം രാമനെ മനസിലാകില്ല. കാരണം ആരെയും വഴിതെറ്റിക്കുന്ന വശ്യപ്രലോഭനമായ അധികാര സിംഹാസനം കയ്യെത്തും ദൂരത്ത് വന്നിരിക്കെയാണ് ഭരതൻ ആ സിംഹാസനത്തിൽ, രാമൻ ചവിട്ടി നിന്ന ഒരു മെതിയടിയെ കുടിയിരുത്തി, മുഴുവൻ രാജ്യത്തെയും ഒരു താപസന്റെ നിഷ്ഠയോടെ പരിപാലിച്ചത്. ഭരതനിൽ ഭക്തനായ രാജർഷിയുടെ തപോവീര്യങ്ങളെല്ലാമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.