15 November 2024, Friday
KSFE Galaxy Chits Banner 2

വായനയും ചോദ്യങ്ങളും

വാക്ക്
അജിത് കൊളാടി
May 21, 2023 4:45 am

നാം ജീവിക്കുന്ന ലോകം ബലവാന്മാരുടെയും കൗശലക്കാരുടെയും വിജയങ്ങളുടെയും അരങ്ങാണ്. അവിടെ പൊരുതി ജയിക്കുവാൻ കഴിവുള്ളവരാണോ നിങ്ങൾ? ആരാണ് തന്റെ ദൗർഭാഗ്യങ്ങൾക്ക് ഉത്തരവാദി എന്ന് പലരും സ്വയം ചോദിക്കുന്നു. നേരിന്റെ വഴിയിലും സൗമ്യതയുടെ വഴിയിലും ആർക്കും രക്ഷപ്പെടാനാകില്ലേ? ആരോ പിറകിൽ നിന്ന് കുത്താൻ തയ്യാറെടുത്തു പതിയിരിക്കുന്നു എന്ന ഭീതി പലർക്കുമുണ്ട്. ലോകം കീഴ്മേൽ മറിയുന്ന അവസ്ഥയിൽ മനുഷ്യർ ചെന്നുപെട്ടിരിക്കുന്നു. ഒരാൾ വീണുപോകുമ്പോൾ അത് അയാളുടെ മാത്രം കഴിവുകേടായി തള്ളുന്ന സമൂഹം. സർവാധികാരത്തിനു മുന്നിൽ മുട്ടുകുത്തുന്ന മനുഷ്യരുടെ എണ്ണം വർധിക്കുന്നു. സർവ മേഖലകളിലും അധികാരത്തിന്റെ സ്വഭാവം വേറെയാകുന്നില്ല. ഏത് അധികാരവും പുസ്തകത്തെ സംശയത്തോടെയാണ് നോക്കുക. ഭരണകൂടം മാത്രമല്ല, സംഘടിത പ്രസ്ഥാനങ്ങളും സമുദായങ്ങളും പ്രത്യയശാസ്ത്ര മുറവിളികൂട്ടുന്നവരുമടക്കം പുസ്തകങ്ങള്‍ക്ക് ശത്രുവിന്റെ മുഖം നല്‍കുന്നു. ഇഷ്ടപ്പെട്ടത് എഴുതാനും വായിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന കാലമാണിത്. ജനാധിപത്യ പ്രസ്ഥാനങ്ങൾ എന്നവകാശപ്പെടുന്നവയിലുള്ള സ്വേച്ഛാധികാര വാസനകൾ പോലും പുസ്തകത്തെ ശത്രുവായി കാണുന്നു. സ്വേച്ഛാധികാരം വായനയ്ക്ക് എതിരാണ്. ചോദ്യങ്ങൾ ഏകാധിപതികൾ ഇഷ്ടപ്പെടുന്നില്ല. കൂടുതൽ വിജ്ഞാനം ആർജിക്കുമ്പോൾ ചോദ്യങ്ങളും കൂടും. അധർമ്മത്തിനും അനീതിക്കും അസഹിഷ്ണുതയ്ക്കും അസമത്വത്തിനും സ്വജനപക്ഷപാതത്തിനും എതിരെ ചോദ്യങ്ങൾ ഉയരും. പക്ഷെ ഏകാധിപതികൾ മറുപടി പറയില്ല. പകരം ചോദ്യം ചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യും. വായനയില്‍ നിന്ന് ആഹ്ലാദവും മാനസിക ആരോഗ്യവും ലഭിക്കുന്നു. മനസിനെ സംസ്കരിച്ച് ഉദാത്തമാക്കുന്ന ഗ്രന്ഥങ്ങൾ വായിക്കാനാണ് ശ്രദ്ധിക്കേണ്ടത്. പുസ്തകങ്ങൾ ദുർമുഖം കാണിക്കാതെ നമ്മെ സമീപിക്കുന്നു. നമ്മുടെ സമയവും സൗകര്യവും നോക്കി, നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാരാകുന്നു. നല്ല മിത്രങ്ങളെക്കിട്ടാന്‍ നമ്മുടെയും അവരുടെയും സമയം ഒത്തുവരണം. എന്നാൽ പുസ്തകങ്ങളെ മിത്രങ്ങളാക്കാൻ നമ്മുടെ സൗകര്യവും സമയവും മതി. വായനയിലൂടെ ചിന്ത വളരും. സർഗാത്മക ചിന്ത വളർന്നാൽ ലോകത്തെ ഒന്നായി കാണാനാകും. മനുഷ്യനെ കാണാൻ പറ്റും. ചിന്ത വളരുമ്പോൾ ചോദ്യം ചെയ്യാൻ ധൈര്യം കൂടും. ലോകത്തിലെ സർവാധിപത്യ പ്രക്രിയയെ പലരും ചോദ്യം ചെയ്തു. തത്വചിന്തകൾ ലോകത്തെ മാറ്റിമറിച്ചു.


ഇത് കൂടി വായിക്കൂ: ഇങ്ങേരാരാ ചേരന്‍ചെങ്കുട്ടുവനോ!


പക്ഷെ പലഘട്ടത്തിലും ചോദ്യം ചെയ്തവർ ഒറ്റപ്പെട്ടു. ചിലർ തുറുങ്കലിടയ്ക്കപ്പെട്ടു. ചിലരെ വിഷം കൊടുത്തു കൊന്നു. മറ്റു ചിലരെ തീയിലിട്ടു, കുരിശിലേറ്റി. ചിലരെ വെടിയുണ്ടയ്ക്കിരയാക്കി. എന്നാലും അവർ ചോദിച്ച ചോദ്യങ്ങൾ ഇന്നും എന്നും നിലനിൽക്കും. യഹൂദർക്കെതിരെ നാസികൾ നടപ്പിലാക്കിയ ക്രൂരതകൾക്കു സമാനമായിരുന്നു അർമേനിയൻ വംശജർക്കെതിരെ നടന്ന ക്രൂരതയും. ഒന്നാം ലോകമഹായുദ്ധ കാലത്ത് യുവതുർക്കികൾ നടത്തിയ ശുദ്ധീകരണ പ്രക്രിയ അർമേനിയൻ വംശജരുടെ കൂട്ടക്കൊലയിൽ കലാശിച്ചു. 20-ാം നൂറ്റാണ്ടിലെ ഭയാനകമായ വംശഹത്യയുടെ പരമ്പരയ്ക്ക് തുർക്കിയിലെ ഭരണകൂടമായിരുന്നു തുടക്കമിട്ടത്. സമ്പൂർണമായ ഭരണകൂടശക്തി ഉപയോഗിച്ച് ആസൂത്രിതമായി നടത്തിയ വംശഹത്യ പിന്നീട് സംഭവിച്ച എല്ലാ ഭരണകൂട വംശഹത്യകളുടെയും ഉദ്ഘാടനമായി. ഓട്ടോമൻ ഭരണകൂടം ഭയാനകമായ ക്രൂരത കാട്ടി. ചോദ്യം ചോദിച്ചതിന്റെ പരിണിത ഫലമാണ് വംശഹത്യകൾ. അർമേനിയൻ വംശജരുടെ കൂട്ടക്കൊലയെ കുറിച്ച് വിശ്രുത തുർക്കി സാഹിത്യകാരൻ ഓർഹൻ പാമുക്ക് സംസാരിച്ചു. അതുമൂലം സ്വന്തം നാട്ടിൽ അദ്ദേഹം വിമർശിക്കപ്പെട്ടു. ഭരണകൂടത്തിന്റെയും പൗരോഹിത്യത്തിന്റെയും കടുത്ത യാഥാസ്ഥിതികത്വത്തെ ചോദ്യം ചെയ്ത സോക്രട്ടീസിനെ വിഷം കൊടുത്ത് കൊന്നു. ജൂതന്മാരുടെ വംശഹത്യയെ ചോദ്യം ചെയ്തവരെ കോൺസെൻട്രേഷൻ ക്യാമ്പിൽ മൃഗീയ മർദനത്തിനിരയാക്കി വധിച്ചു. ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്, ഓട്ടം ഓഫ് ദ പാട്രിയാർക്കിലൂടെ ഭീകരമായ ഏകാധിപത്യത്തെ ചോദ്യം ചെയ്തു. ജോർജ് ഓർവെലും പുസ്തകങ്ങളിലൂടെ സർവാധിപത്യ ഫാസിസത്തെ ധീരമായി ചോദ്യം ചെയ്തു, ക്രൂരമായി പരിഹസിച്ചു. മലയാളത്തിൽ എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരും പൂന്താനവും കുമരനാശാനും വള്ളത്തോളും ഉള്ളൂരും മറ്റു പലരും അനീതിയെ, ദുഷിച്ചു നാറിയ സാമൂഹ്യവ്യവസ്ഥയെ നിരന്തരം ചോദ്യം ചെയ്തു. പാമുക്ക് അന്നാട്ടിലെ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരനായിരുന്നെങ്കിലും, ദേശാഭിമാനം എന്ന മിഥ്യയെ ചോദ്യം ചെയ്തപ്പോൾ കടുത്ത എതിർപ്പുയർന്നു. ഭരണകൂടം വിചാരണയ്ക്കൊരുങ്ങി. മുഖ്യധാരാ മാധ്യമങ്ങൾ അദ്ദേഹത്തെ ദേശദ്രോഹിയായി ചിത്രീകരിച്ചു. ഗ്രന്ഥാലയങ്ങളില്‍ നിന്ന് പാമുക്കിന്റെ പുസ്തകങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടു. ഇന്നത്തെ ഇന്ത്യയിലും ഭരണകൂടത്തിനെതിരെ എഴുതുന്നവരെ ദേശദ്രോഹിയായി ചിത്രീകരിക്കുന്നു. “ചിന്തിക്കൽ എത്ര ആഹ്ലാദകരമാണ്” എന്നായിരുന്നു ബ്രെഹ്തിന്റെ ശുഭാപ്തി വിശ്വാസം. മാക്സിം ഗോർക്കി പറഞ്ഞു “ആൾക്കൂട്ടം കാണുകയും കേൾക്കുകയും മാത്രമെ ചെയ്യുന്നുള്ളൂ.


ഇത് കൂടി വായിക്കൂ: നാണം കെടുത്തരുത് രാജ്യത്തെ | Janayugom Editorial


വൈകാരികാനുഭൂതികളെ ചിന്തകളായി മാറ്റാൻ അതിനു കഴിയുന്നില്ല. അതിന്റെ ആത്മാവും ഹൃദയവും മരിച്ചു പോയിരിക്കുന്നു”. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ദൈവത്തെ വെല്ലുവിളിച്ച, ഇബ്‍ലിസ് എന്ന മാലാഖശ്രേഷ്ഠനെ തത്സമയം കരിച്ചുകളയാമായിരുന്നിട്ടും അങ്ങനെ ചെയ്യാതെ, അനന്തകാലത്തോളം സ്വന്തം പ്രചരണം നിർവഹിക്കാന്‍ സമ്പൂർണ ആവിഷ്കാര “സ്വാതന്ത്ര്യം” നൽകിയ ദൈവത്തിന്റെ പേരിലാണ് മതതീവ്രവാദികളും ഭരണകൂടവും, സ്വപ്നങ്ങളുടെയും ഭാവനകളുടെയും നിറപ്പകിട്ടുള്ള ലോകം നിർമ്മിക്കുകയും അതിലൂടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നവരെ ഇടിച്ചു വീഴ്ത്തുകയും ചെയ്യുന്നത്. ജനകീയ സമരങ്ങളെ സാധ്യമാക്കുന്ന ആശയങ്ങൾ തന്നെ പരാജയപ്പെടുമ്പോഴാണ് നാം പരിഭ്രാന്തരാകേണ്ടത്. നിരന്തരം നടക്കുന്ന ആശയസമരങ്ങളാണ്, ഏകപക്ഷീയമായി നിലനിൽക്കുന്ന ആശയങ്ങളല്ല മനുഷ്യ ജീവിതത്തെ മഹത്വപ്പെടുത്തുന്നത്. ഫാസിസ്റ്റുകളുടെ ചിന്താദാരിദ്ര്യം അവരെ മനുഷ്യ വിരുദ്ധരാക്കുന്നു. അവരുടെ മനസ് വികസിക്കില്ല. കാരണം വിജ്ഞാനത്തിന്റെ വെളിച്ചം അവയിലേക്ക് പ്രവേശിക്കാതിരിക്കാൻ വാതിലുകൾ കൊട്ടിയടയ്ക്കുന്നു. പുതിയ ചിന്തകളെ അവർ സ്വീകരിക്കില്ല. മനുഷ്യൻ ജീവിതത്തെ അടിമുടി ആശയനിർഭരമാക്കുകയും സംവാദങ്ങൾക്ക് അവധി കൊടുക്കാതിരിക്കുകയും, സമരോത്മകവും സർഗാത്മകവുമാവുകയും ചെയ്യുകയെന്നതാണ് പരിവർത്തനത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായത്. വായന അനേകായിരം വാതിലുകൾ തുറക്കുന്ന വിപ്ലവ പ്രവർത്തനമാണ്. ഇന്ന് സമൂഹത്തിലും പ്രസ്ഥാനങ്ങളിലും പലരും വായനയിൽ താല്പര്യമില്ലാത്തവർ. അതുകൊണ്ടുതന്നെ നവീന ആശയങ്ങൾ ഉടലെടുക്കുന്നില്ല. ഫാസിസത്തിന് വികാരത്തിന് തീപിടിപ്പിക്കുന്ന വാക്കുകളെയല്ലാതെ വിചാരത്തിന് ഗാംഭീര്യം നൽകുന്ന ഒന്നിനെയും ഉൾക്കൊള്ളാൻ കഴിയില്ല. ഹിറ്റ്ലർ എഴുത്തുകാരെ ആശയങ്ങളുടെ തണുത്ത ലോകത്തിൽ പ്രതിഷ്ഠിച്ചതും പ്രഭാഷകരെ തീ തുപ്പുന്ന വെറും പ്രചാരകർ മാത്രമായി ചുരുക്കിയതും നാം കണ്ടു.


ഇത് കൂടി വായിക്കൂ: സഹ്യന്റെ മക്കള്‍


വായനയെ പരിമിതമായ അർത്ഥത്തിലേക്ക് വെട്ടിച്ചുരുക്കരുത്. മനുഷ്യരുടെ ചങ്കിടിപ്പിന്റെ താളവും അവരുടെ കണ്ണീരിന്റെ ഉപ്പും തിരിച്ചറിയാൻ വായനയ്ക്ക് കഴിയും. നല്ല വായനക്കാർ നല്ല നേതാക്കൾ ആകണമെന്നില്ല. എന്നാൽ നല്ല നേതാക്കളെല്ലാം നല്ല വായനക്കാർ കൂടിയായിരുന്നു. അത് നാടിനും നാട്ടുകാർക്കും നല്ലതാണ്. അതാണ് ആവശ്യം. വിശുദ്ധ പുസ്തകങ്ങൾക്ക് പകരം ചെക്ക് പുസ്തകം മാത്രം കാണുന്നവരുടെ ലോകത്താണ് നാം ജീവിക്കുന്നത്. അതിനെ പ്രതിരോധിക്കുക. വായിക്കുക, ചോദ്യങ്ങൾ ചോദിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.