
വളരെ രസകരമായൊരു ഒത്തുകൂടലില്‍ എത്തിപ്പെട്ടതിന്റെ അനുഭവമാവട്ടെ ഇത്തവണ. സാധാരണ ലഭിക്കാത്ത ഒരവസരമായി അതെനിക്ക് തോന്നി. നിരവധി സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ചില കൂട്ടായ്മകള്‍ ഏറെക്കാലം ഓര്‍മ്മിക്കാവുന്നതാവും. ഔപചാരികതയോ, കര്‍ശന ചട്ടക്കൂടുകളോ ഇല്ലാത്ത ഇടകലരലുകള്‍ ആശ്വാസമാവുന്നു. അങ്ങനെ ഒരവസരം എനിക്കുണ്ടായത് ‘അബ്ക’ (എകെബിആര്‍എഫിന്റെ സാംസ്കാരിക വിഭാഗം) ഒരുക്കിയ ഒരു സംഘം ചേരലില്‍ അതിഥിയായെത്തിയതായിരുന്നു. ജോലിയില്‍ നിന്ന് പിരിഞ്ഞ ബാങ്ക് ഉദ്യോഗസ്ഥരുടെ സാംസ്കാരിക ജിഹ്വയാണ് ‘അബ്ക’.
പരിപാടി നടന്നത് ധോണിയിലെ ‘ലീഡ്’ കോളജ് ഓഡിറ്റോറിയത്തില്‍. ചുറ്റും മനോഹരമായ പ്രകൃതിയുടെ ദൂരങ്ങളോളമെത്തുന്ന പരപ്പ്. ‘തൊമ്മി’ എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന കോളജ് നടത്തിപ്പുകാരന്‍ ഡോ. തോമസ്. രണ്ട് ദിവസത്തെ താമസം, ഭക്ഷണം അവിടെ ഒരുക്കിയിരുന്നു. പങ്കെടുക്കുന്നവര്‍ എകെബിഇഎഫിന്റെ മുന്‍കാല ധീരരായ അംഗങ്ങള്‍. രണ്ടാം ദിവസം രാവിലെ ‘സര്‍ഗസഞ്ചാര വഴിയില്‍ — ഒരു മുഖാമുഖം’ എന്ന സെഷനിലായിരുന്നു എന്റെ മേല്‍ശാന്തി. സാധാരണ ക്ലാസിന്, യുവവിദ്യാര്‍ത്ഥികളുടെ ഇടയില്‍ പോയി ശീലമുള്ള എനിക്ക്, ഒരുനിര പ്രായം കൂടിയവരുടെ സദസ് പുതുമയായി തോന്നി.
ഏതാണ്ട് എല്ലാവരും എനിക്ക് പരിചയമുള്ളവര്‍. 1991ന്റെ ആദ്യകാലത്ത് ആഗോളീകരണ നയങ്ങള്‍ നരസിംഹറാവു — മന്‍മോഹന്‍ ടീം നടപ്പിലാക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ പൊതുവിജ്ഞാനമണ്ഡലത്തെ ഒരുക്കിനിര്‍ത്തേണ്ടതുണ്ടായിരുന്നു. ഏറെ അപകടസാധ്യതയുള്ള ഒരു രാഷ്ട്രീയ – സാമ്പത്തിക തീരുമാനം, എതിര്‍ക്കപ്പെടാതെ പോയാല്‍ അതുണ്ടാക്കാവുന്ന ദൂരവ്യാപകമായ ഫലങ്ങള്‍ എങ്ങനെ സമൂഹമനസിലെത്തിക്കുമെന്ന് ചിന്തിച്ച കാലം. അതിനായി വ്യാപകമായ പഠനങ്ങള്‍ നടത്തി. ഈ നയം നടപ്പിലാക്കിയാല്‍ എല്ലാ വൈജ്ഞാനിക സഞ്ചയവും സ്വകാര്യവല്‍ക്കൃതമാകും. ജലം, മണ്ണ്, വായു, മരുന്ന് എന്തിന് മനുഷ്യന്റെ ബുദ്ധിപോലും കുത്തകകളുടേതാവും. ഇതിനെതിരെ ഒരു ഡിബേറ്റ് അത്യാവശ്യമായിരുന്നു. ഞാനന്ന് വിക്ടോറിയ കോളജിലെ ധനശാസ്ത്രം പ്രൊഫസറായിരുന്നു. ഇതില്‍ പങ്കാളിയാവുക എന്നത് എന്റെ ധൈഷണിക ബാധ്യതയായി തോന്നി. ക്ലാസ് മുറികള്‍ മാത്രമായാല്‍ പോര. പിന്നെന്തുചെയ്യും. ഒരു വ്യാപകമായ വേദി വേണം. അപ്പോഴാണ് എകെബിഇഎഫിന്റെ ചെറുപ്പക്കാര്‍ വന്നെത്തിയത്.
ആശ്വാസവും ഒപ്പംതന്നെ സംശയവുമായി. താല്‍ക്കാലിക ആവേശമടങ്ങിയാല്‍ ഇവര്‍ പിന്‍വാങ്ങുമോ? അതിനാവശ്യമായ അര്‍പ്പണ മനോഭാവം ഇവര്‍ക്കുണ്ടാവുമോ? ബാങ്കുദ്യോഗസ്ഥര്‍ പൊതുവെ അവരുടെ പരിമിത മണ്ഡലങ്ങളില്‍ ഒതുങ്ങിക്കഴിയുന്നവരാണെന്ന പൊതുധാരണയുമുണ്ടായിരുന്നു. എന്തായാലും പരീക്ഷിച്ചുനോക്കാമെന്ന് തീരുമാനിച്ചു. അവര്‍ നിരന്തരം ബന്ധപ്പെട്ടപ്പോള്‍ സംശയം തീര്‍ന്നു. തുടക്കം തൃശൂരിലായിരുന്നു. നിറഞ്ഞ സൗഹൃദം. തെറ്റായ ദേശീയ നയത്തില്‍ രോഷം. ഒരു ‘യുദ്ധം’ ആവാമെന്ന നിശ്ചയം. ക്രമേണ സൗഹൃദവും കൂട്ടായ ശ്രമങ്ങളും നടന്നു. ഒരുപക്ഷെ, ഈ പ്രശ്നം ആദ്യം ഏറ്റെടുത്തത് ഇവരായിരുന്നു. ദൃഢമായ സംഘാടകത്വം ഈ സന്ദേശം കേരളം മുഴുവനുമെത്തിച്ചു. അക്കാലത്ത് ഈ സംഘടനയോട് ചേര്‍ത്ത് എത്ര തവണ കേരളം മുഴുവന്‍ ചുറ്റി എന്നറിയില്ല. എകെബിഇഎഫ് ഒരു തൊഴിലാളി പ്രസ്ഥാനമെന്നതിനെക്കാള്‍ വിശാലമായ സാമൂഹിക കാഴ്ചപ്പാടുള്ള സംഘടനയായി. ക്രമേണ ഒട്ടേറെ പൊതുപ്രവര്‍ത്തകരും അക്കാദമിക്കുകളും ഈ രംഗത്തെത്തിയത് വന്‍ നേട്ടമായിരുന്നു. അന്നത്തെ പോരാളികളാണ് രണ്ടുനാള്‍ ഒരു ‘സഹവാസ’ത്തിനായി ഇവിടെ എത്തിയിരിക്കുന്നത്. പ്രായം മുഖത്തുകാണാമായിരുന്നെങ്കിലും അവരൊക്കെ മുഖത്ത് പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു. അന്ന് ചെറുപ്പക്കാരനായിരുന്ന എനിക്കും പ്രായമായി. പക്ഷെ, അവര്‍ പലരും അടുത്തുവന്ന് പഴയ കഥ പറഞ്ഞപ്പോള്‍ പ്രായം കുറഞ്ഞപോലെ തോന്നി. തലേന്ന് രാവിലെ പ്രശസ്ത എഴുത്തുകാരനായ ആഷാ മേനോനായിരുന്നു സഹവാസം ഉദ്ഘാടനം ചെയ്തിരുന്നത്. അദ്ദേഹവും ‘പൂര്‍വാശ്രമ’ത്തില്‍ ബാങ്കുദ്യോഗസ്ഥനായിരുന്നു. ‘അബ്ക’ രക്ഷാധികാരികളായ കെ മുരളീധരന്‍, എ രാമകൃഷ്ണന്‍, ഇ ജോണ്‍ ജോസഫ്, വില്‍സണ്‍ ജോണ്‍, രാമകൃഷ്ണന്‍ കണ്ണോം തുടങ്ങി ഒട്ടേറെ പേര്‍ സജീവ നേതൃത്വം നല്‍കി. പ്രകൃതിദര്‍ശനം, യോഗ, രചനാസംവാദം, ചിരിയോഗ തുടങ്ങി രണ്ടു ദിവസം ‘പാക്ക്ഡ്’ പരിപാടികളായിരുന്നു. പ്രായംമറന്ന് അവര്‍ ഒത്തുചേരുന്നതു കാണാന്‍ രസം തോന്നി. എനിക്ക് അവരോട് പറയാനുണ്ടായിരുന്നത് പ്രായം മറന്ന് സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനെക്കുറിച്ചായിരുന്നു. പുതിയ കാലഘട്ടത്തില്‍ വാര്‍ധക്യം ഒറ്റപ്പെടലിലെത്തുന്ന അനുഭവമുണ്ട്. വിദ്യാസമ്പന്നരായ കുട്ടികളെ ഇവിടെ മാന്യമായ ജോലി നല്‍കി നിലനിര്‍ത്താനാവാതെ വന്നതോടെ അവര്‍ പുതിയ പ്രതീക്ഷകളുമായി രാജ്യം വിടുന്നു. അവരെ അവിടെ എത്തിച്ചവര്‍ ഒറ്റപ്പെടുന്നു. ഇത് ഒരു തരത്തിലും ഒഴിവാക്കാനാവാത്തതായും അവിടെ വന്നവരുടെ ഒക്കെ അനുഭവമതായിരുന്നു.
ഇക്കാലത്ത് പലരും ഉറക്കെ സംസാരിക്കാന്‍ പോലും പറ്റാത്തവരായി. വീട്ടില്‍ ആരുമില്ല. ആരോട് ഒച്ചയുയര്‍ത്തി സംസാരിക്കും. ചിരിക്കാനുള്ള സന്ദര്‍ഭങ്ങള്‍ കുറവ്. അധികസമയവും മൊബൈല്‍ ഫോണില്‍, ഭക്ഷണവും അത്യാവശ്യത്തിനു മാത്രമാവുന്നു. വാര്‍ധക്യത്തില്‍ ഒറ്റപ്പെടുക എന്നത് ശാപമാണെന്ന് ഈയിടെ പ്രശസ്തയായൊരു മലയാളി എഴുത്തുകാരി എഴുതിക്കണ്ടു. ശരിയാണ്, അതെങ്ങനെ മാറ്റിയെടുക്കും. വാര്‍ധക്യത്തെ വെറും വിശ്രമത്തിനല്ലാതെ സര്‍ഗാത്മകമായി എങ്ങനെ മാറ്റാം. എങ്ങനെ ആഹ്ലാദിക്കാം. ഇനിയുള്ള കാലം എങ്ങനെ സന്തോഷകരമാക്കാം. നമ്മുടെ അവസാന സമയം വരെ. ‘സഹവാസ’ങ്ങളുടെ ഇനിയുള്ള എഡിഷനുകള്‍ അതാവണം. ഒരുകാലത്ത് നടത്തിയ സമരങ്ങള്‍ മറ്റൊരു രൂപത്തില്‍ പുറത്തെടുക്കൂ. ഒഴിവുസമയങ്ങളില്‍ നിങ്ങള്‍ പരസ്പരം ഫോണ്‍ ചെയ്യു. ഒരാള്‍ക്കു വയ്യായ്ക വന്നാല്‍ പോയിക്കാണൂ. നിര്‍ലോഭം തമാശകള്‍ പറയൂ. പുറത്തിറങ്ങി സമ്പര്‍ക്കങ്ങള്‍ പുലര്‍ത്തു. നല്ല ഭക്ഷണം കഴിച്ചോളൂ. അപ്പോള്‍ കൊഴിഞ്ഞുപോയെന്നു പറയുന്ന ഊര്‍ജം തിരിച്ചുവരും. വായിക്കുന്നതും ഓര്‍മ്മക്ഷയം വരുന്നത് തടയും. ഞാനവിടെ ചെന്നപ്പോള്‍ ക്യാമ്പംഗങ്ങളില്‍ പലരും, അവരവരുടെ സൃഷ്ടികള്‍ പുസ്തകമാക്കിക്കൊണ്ടുവന്നു തന്നു. ജീവിതത്തിന് ഇങ്ങനെയൊരു പരഭാഗം ഉണ്ടെന്നറിയുന്നത് ആശ്വാസകരമാണ്. മിക്കവരും ജീവിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇനി ജീവിക്കണം. ഇനിയും വൈകിയാല്‍ നേരം കിട്ടില്ല. ഇവിടെ നിന്നുപോകുമ്പോള്‍ ഇവിടെ ഉണ്ടായിരുന്നു എന്നതിന് ചിലതൊക്കെ വേണ്ടേ. വരും തലമുറകളുടേത് മറ്റൊരു ലോകമാണ്. ഈ ലോകത്തിലെ നമ്മുടെ ബാക്കിഭാഗം എത്ര കുറവുണ്ടായാലും നമുക്ക് ‘ആടി‘ത്തീര്‍ക്കാം. ഇത്തരം ‘സഹവാസ’ങ്ങള്‍ അപ്പോള്‍ അര്‍ത്ഥപൂര്‍ണമാവുന്നു. കൂട്ടായ്മ കഴിഞ്ഞ് ഗിരീഷ് കുമാറിന്റെ കാറില്‍ മടങ്ങുമ്പോള്‍ സംസാരം ഈ വഴിക്കാണ് തുടര്‍ന്നത്. ഒരുപക്ഷെ എന്റെയും കഥ തന്നെയാണല്ലോ ഇതൊക്കെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.